സര്‍വജീവജാലങ്ങള്‍ക്കും സ്രഷ്ടാവായ ദൈവം കരുണാമയനാണ്. തന്റെ സൃഷ്ടികളില്‍ ഒന്നുപോലും നാശഗര്‍ത്തത്തില്‍ പതിക്കരുതെന്ന് ദൈവം ഇച്ഛിക്കുന്നു. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥത നിമിത്തമോ വ്യാമോഹങ്ങളില്‍ അകപ്പെട്ടോ നേര്‍പഥത്തില്‍നിന്നു വ്യതിചലിക്കുന്ന സൃഷ്ടിയെ സത്യത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ പിതാവായ ദൈവം ശ്രദ്ധിക്കുന്നു. അതിന്റെ പൂര്‍ണശോഭയാണ് മനുഷ്യനായി അവതരിച്ച സ്വന്തം പുത്രന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നത്. രണ്ടായിരം വര്‍ഷംമുമ്പ് ബേത്‌ലഹേമില്‍ ഒരു ശിശു പിറന്നു. കൊട്ടാരങ്ങളിലല്ല, പ്രഭുമന്ദിരങ്ങളിലല്ല, മറിച്ച്, കാലികളെ പാര്‍പ്പിക്കുന്ന ഒരു തൊഴുത്തില്‍, പുല്‍ത്തൊട്ടിയിലാണ് ആ ശിശു പിറന്നത്. ആ ജനനം ലോകത്തോടു വിളിച്ചറിയിച്ചത്, ഭൂമിയില്‍ സന്മനസ്സുള്ള എല്ലാവര്‍ക്കും സമാധാനം എന്നാണ്. സകല മനുഷ്യര്‍ക്കും നന്മയുടെ സദ്വാര്‍ത്തയായിരുന്നു അത്.
ബേത്‌ലഹേംകുന്നിന്റെ താഴ്‌വരയില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന പാവം ഇടയന്മാര്‍ക്ക് ഒരു സ്വര്‍ഗീയഗാനമായി ആ ജീവന്റെ രഹസ്യം ഒഴുകിവന്നു. അവരുടെ ഹൃദയങ്ങളെ അതു കുളിര്‍പ്പിച്ചു. ''ഇതാ മനുഷ്യരക്ഷയ്ക്കായി ഒരു ശിശു പിറന്നിരിക്കുന്നു.'' ദൈവത്തിന്റെ അനന്തമായ അനുഗ്രഹത്തെ അടയാളപ്പെടുത്തുന്ന ജന്മം. ആട്ടിടയന്മാര്‍ ശിശുവിനെ ചെന്നുകണ്ട് വന്ദിച്ചുവെന്ന് പുരാവൃത്തം.
പിന്നീടുള്ള മുപ്പത്തിമൂന്നുവര്‍ഷം ആ ശിശു വളര്‍ന്ന് സത്യത്തിന്റെ പഥത്തില്‍ സഞ്ചരിച്ചു. നീതിയുടെ സൂര്യനായിരുന്നു അവിടന്ന്. തെറ്റുകളുടെ കറകള്‍ മായ്ച്ചുകളയാനും പാപത്തിന്റെ അധികാരം അവസാനിപ്പിക്കാനും നീതിയുടെ സത്യവെളിച്ചം എങ്ങും പ്രഭാമയമാക്കാനും അവിടുന്ന് സ്വജീവിതം സമര്‍പ്പിച്ചു. ഇല്ലായ്മകളുടെ നടുവില്‍, വേദനിക്കുന്നവര്‍ക്കിടയില്‍ അവന്‍ ആശ്വാസത്തിന്റെ സ്പര്‍ശമായി. വിളക്കുകള്‍ അണഞ്ഞുപോയ മനുഷ്യഹൃദയങ്ങളില്‍ അവന്‍ നീതിയുടെ സൂര്യോദയമായി. രോഗികളെ സുഖപ്പെടുത്തി, പീഡിതരെ ആശ്വസിപ്പിച്ചു, പാപികള്‍ക്കു മോചനം നല്കി, മരിച്ചവരെ ഉയിര്‍പ്പിച്ചു. ഇങ്ങനെ നന്മയും നീതിയും മാത്രം അനുഭവവേദ്യമാക്കി ഭൂമിയില്‍ കഴിഞ്ഞ അവന്റെ വാക്കുകള്‍ ശ്രവിച്ച് അശരണരും രോഗികളും സമൂഹത്തില്‍ ഭ്രഷ്ടരാക്കപ്പെട്ടവരും അവന്റെയൊപ്പം കൂടി.
പാപികളെ വിധിക്കാന്‍ വെമ്പല്‍ കൂട്ടിയവരോട് ഈശോ ശക്തമായ ഭാഷയില്‍ പറഞ്ഞു: നിങ്ങളുടെ കല്ലുകള്‍ താഴെയിടുക. ആരെയും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വാക്കുകളാല്‍ത്തന്നെ നിങ്ങള്‍ വിധിക്കപ്പെടും. ആര്‍ക്കെങ്കിലുമെതിരേ ആയുധമെടുത്താല്‍ അതേ ആയുധം നിങ്ങളുടെ അന്ത്യത്തിനു നിമിത്തമാകും. ദൈവഭയത്തില്‍ ജീവിക്കുക. നക്ഷത്രങ്ങളുടെ പ്രകാശം വീണ താഴ്‌വരകളിലൂടെ സഞ്ചരിക്കുക. വെളിച്ചത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഒരിക്കലും കാലുകള്‍ ഇടറുകയില്ല. ചുങ്കക്കാരും പാപികളും സമൂഹത്തിലെ പാവപ്പെട്ട സര്‍വജനങ്ങളും അവന്റെ പിന്നാലെ ചെന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ അവന്‍ പോറ്റി. അവന്റെ ശബ്ദംകേട്ട് മരണം ലജ്ജിച്ചു പിന്മാറി. മരിച്ചു മൂന്നുനാള്‍ കഴിഞ്ഞിട്ടും അഴുകാതിരുന്ന ലാസറിന്റെ ജഡം ആ ശബ്ദംകേട്ട് എഴുന്നേറ്റുവന്നു.സകല ജനത്തിനും നീതിയുടെയും രക്ഷയുടെയും ഉയിര്‍ത്തെഴുന്നേല്പിന്റെ തന്നെയും ശബ്ദവും വെളിച്ചവും പകര്‍ന്ന ദൈവപുത്രന്റെ സ്വരം അധികാരത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ ആസ്വദിച്ചുകഴിഞ്ഞവര്‍ക്ക് അസ്വസ്ഥത വളര്‍ത്തി. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനെക്കാള്‍ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവാലയം കള്ളന്മാരുടെ ഗുഹയാക്കരുതെന്നും അവിടെ നാണയമാറ്റം നടത്തി ധനം സമ്പാദിക്കരുതെന്നും അവിടന്നു കല്പിച്ചു. അധികാരത്തിന്റെ, അധികാരികളുടെ മേശകള്‍ അവന്‍ മറിച്ചിട്ടു. സാമൂഹികവിരുദ്ധരെയും ജനദ്രോഹികളെയും ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കി. എന്റെ പിതാവിന്റെ ഭവനം കള്ളന്മാരുടെ ഗുഹയാക്കരുതെന്ന് അവന്‍ യഹൂദപുരോഹിതപ്പരിഷയുടെ മുഖത്തുനോക്കിപ്പറഞ്ഞു.സൂനഹദോസുകള്‍ ഒരുമിച്ചു ശബ്ദിച്ചു: ഇവന്‍ അപകടകാരിയാണ് ഇവനെ അഴിച്ചുവിടുന്നത് അപകടമാണ്. തങ്ങളുടെ അസ്തിത്വത്തിന്റെ കടയ്ക്കലാണ് അവന്‍ മഴു വച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു മനുഷ്യന്‍ ഒരു സമൂഹത്തിനുവേണ്ടി മരിക്കുന്നതു നല്ലതാണെന്ന് ആ കള്ളക്കൂട്ടങ്ങള്‍ ഗൂഢാലോചന നടത്തി. അവന്റെമേല്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി റോമന്‍ ഗവര്‍ണറുടെ മുമ്പില്‍ ഹാജരാക്കി. അങ്ങനെ ചരിത്രത്തില്‍ ഒരു ദുഃഖവെള്ളിയാഴ്ച ഉണ്ടായി. മരക്കുരിശില്‍ മൂന്നാണികളില്‍ തറയ്ക്കപ്പെട്ടു ആ പുണ്യജീവിതം.
ഈ ക്രൂശാരോഹണസമയത്ത് സൂര്യന്‍ പെട്ടെന്നു മറഞ്ഞു. ഭൂമി അന്ധകാരത്തില്‍ ലയിച്ചു. ആകാശത്തിനു വെളിച്ചം നഷ്ടപ്പെട്ടു. ഇരുട്ടില്‍ മറഞ്ഞുപോയ നീതിയുടെ സൂര്യന്‍, ഇരുട്ടില്‍ മരിക്കുന്നില്ല. ജീവനിലേക്ക് ഉയിര്‍ക്കുകതന്നെ വേണം എന്നു തിരുവചനം. അതില്‍ വിശ്വസിച്ച് ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ ഞായറാഴ്ച, നേരം നന്നായി പുലരുംമുമ്പ്, അവന്റെ അനുയായികളായ ഏതാനും സ്ത്രീകള്‍ അവനെ സംസ്‌കരിച്ച കല്ലറയുടെ മുന്നിലെത്തി. ഏതോ അജ്ഞാതന്റെ ഉടമസ്ഥതയിലുള്ള കല്ലറയിലാണ് അവന്‍ ദുഃഖവെള്ളിയാഴ്ച സംസ്‌കരിക്കപ്പെട്ടത്. അതിന്റെ മുന്നില്‍ ഒരു വലിയ കല്ല് ഉരുട്ടിവച്ച് യൂദപുരോഹിതന്മാര്‍ മുദ്രവച്ചിരുന്നു. ആ കല്ല് ആരു തള്ളിമാറ്റുമെന്ന് അവന്റെ അനുയായികള്‍ സന്ദേഹിച്ചു. പക്ഷേ, അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കല്ലറയുടെ മുന്നില്‍നിന്ന് കല്ല് മാറ്റപ്പെട്ടിരിക്കുന്നു. കല്ലറയിലേക്കു നോക്കിയപ്പോള്‍ അത് ശൂന്യമാണെന്നു കണ്ടു. വെള്ളിയാഴ്ച സംസ്‌കരിക്കപ്പെട്ടവന്റെ ജഡം അവിടെയുണ്ടായിരുന്നില്ല. അവനെ പൊതിഞ്ഞിരുന്ന വസ്ത്രങ്ങള്‍ ഒരു ഭാഗത്തു ചുരുട്ടിവച്ചിരുന്നു. തങ്ങളുടെ ഗുരുവിന് എന്തു സംഭവിച്ചുവെന്നു സംഭ്രമിച്ച് സ്ത്രീകള്‍ വിലപിച്ചു. ആ വിലാപസ്വരംകേട്ട് വെളിച്ചത്തിന്റെ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു പുരുഷന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ അവരോടു പറഞ്ഞു: ''നിങ്ങള്‍ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്തിന്? അവന്‍ ഇവിടെയില്ല. ജീവിച്ചിരുന്നപ്പോള്‍ അരുള്‍ ചെയ്തപ്രകാരം അവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ലോകത്തിനു മുഴുവന്‍ നന്മ ചെയ്യാന്‍ അവതരിച്ചവന്‍ മരണത്തിലൂടെ നിത്യതയിലേക്കു പ്രവേശിച്ചിരിക്കുന്നു. നക്ഷത്രശോഭ പ്രകാശിപ്പിച്ചുകൊണ്ട് അവന്‍ സകല മനുഷ്യര്‍ക്കും രക്ഷയുടെ പാത കാട്ടിക്കൊടുക്കും. നിങ്ങള്‍ വേഗത്തില്‍ പുറപ്പെട്ട് നിങ്ങളുടെ സഹോദരന്മാരോടു പറയുക: ഇതാ ദൈവപുത്രന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്റെ ജീവിതസന്ദേശം അനുസരിച്ച് നിങ്ങള്‍ നന്മയുടെ വഴികളില്‍ സഞ്ചരിക്കുക. അവന്‍ മരണത്തെ ജയിച്ച് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു. നിങ്ങളും ആ വഴി പിന്തുടരുക. ഇത് ഉയിര്‍പ്പുതിരുനാളിന്റെ അര്‍ത്ഥവും ആഴമേറിയ സന്ദേശവുമാണ്. നിത്യജീവന്റെ മഹത്തായ സന്ദേശം. ഉയിര്‍പ്പ് പ്രകാശമാണ്. നിത്യജീവനാണ്. മരണത്തിന്റെ അധികാരത്തെ എന്നേക്കുമായി നിഷ്‌കാസനം ചെയ്യുന്ന ദൈവികമായ രക്ഷയുടെ അടയാളമാണ്. മരണമല്ല; മരണത്തെ ജയിക്കുന്ന ജീവിതമാണ് യേശുവിന്റെ ഉയിര്‍പ്പു നല്കുന്ന സന്ദേശവും അനുഗ്രഹവും. അതുകൊണ്ട് ദുഃഖവെള്ളിയാഴ്ച ദുഃഖിക്കുന്നവര്‍ ഞായറാഴ്ച സന്തോഷിക്കും. പ്രത്യാശയോടുകൂടി ദൈവപുത്രന്റെ ജീവിതസന്ദേശം പ്രാപിക്കാന്‍, അതിലൂടെ ജീവിതയാത്ര തുടരാന്‍ പ്രതിജ്ഞാബദ്ധരാവുക മാത്രമാണ് നമ്മുടെ കര്‍ത്തവ്യം.
ക്രിസ്തുവിന്റെ ജനനം മാനവരാശിക്കു പുതിയ പ്രതീക്ഷയും സന്തോഷവും വാഗ്ദാനം ചെയ്തുവെങ്കില്‍, ഉയിര്‍പ്പ് അതിന്റെ പൂര്‍ണതയില്‍ മഹാസന്തോഷത്തിന്റെയും പ്രത്യാശയുടെയും നിത്യജീവനിലേക്കുള്ള യാത്രയുടെയും മഹത്തായ അടയാളമായി, ആകാശത്തില്‍ തെളിയുന്ന നക്ഷത്രശോഭയോടെ ഹൃദയത്തില്‍ അനുഭവവേദ്യമാക്കിക്കൊണ്ടിരിക്കുന്നു.