ആഗോള കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് ''പ്രെഡിക്കാത്തേ എവാഞ്ചലിയും'' (Praedicate Evangelium) അഥവാ സുവിശേഷപ്രഘോഷണം എന്ന പുത്തന്‍ ഭരണരേഖയിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പ ലക്ഷ്യമിട്ടിരിക്കുന്നത്. ലാറ്റിന്‍ സഭയോടൊപ്പം സ്വയാധികാരസഭകളിലും ഈ മാറ്റങ്ങളുടെ സ്വാധീനമുണ്ടാകും. സ്വയാധികാരസഭകളില്‍ ഇതു പ്രധാനമായും വിശ്വാസം,വിശുദ്ധരുടെ നാമകരണം, നിയമവ്യാഖ്യാനം, അപ്പസ്‌തോലിക് കോടതികള്‍ എന്നിവയുടെ കാര്യങ്ങളിലാണ്. പൗരസ്ത്യസഭകളുടെ ഇതരവിഷയങ്ങളുമായി ബന്ധപ്പെടുന്ന ഡികാസ്റ്ററി വേറെയുമുണ്ട്. അതേസമയം, സഭാഭരണത്തിന്റെ വിവിധ തലങ്ങളിലും വേദികളിലും അല്മായപങ്കാളിത്തം ഉറപ്പുവരുത്തുന്ന മാര്‍പാപ്പായുടെ ഉള്‍ക്കാഴ്ചകളും ദീര്‍ഘവീക്ഷണവും വ്യക്തിസഭകള്‍ക്കും ഒരു ചൂണ്ടുപലകയാണ്. സഭയില്‍ നിലവിലുള്ള ഉപദേശകസമിതിറോളുകളില്‍നിന്ന് അല്മായസമൂഹത്തെ ഉയര്‍ത്തി ക്രിയാത്മക ഇടപെടലുകള്‍ക്കു തുറവുള്ള സമീപനമുണ്ടാകണമെന്ന മുന്നറിയിപ്പായും റോമിലെ ഭരണപരിഷ്‌കാരങ്ങളെ സ്വയംഭരണാധികാരസഭകളും കാണേണ്ടിയിരിക്കുന്നു.
ഭരണപരിഷ്‌കാരങ്ങള്‍
ആഗോള കത്തോലിക്കാസഭയുടെ ഭരണം നിയന്ത്രിക്കുന്നത് റോമന്‍ കൂരിയയാണ്. കൂരിയായുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി പൊളിച്ചെഴുത്തിനാണ് ഫ്രാന്‍സീസ് പാപ്പ 2022 മാര്‍ച്ച് 19ന് 'പ്രെഡിക്കാത്തേ എവാഞ്ചലിയും' (സുവിശേഷം പ്രസംഗിക്കുക) എന്ന വിളംബരമിറക്കിയിരിക്കുന്നത്. 2022 ജൂണ്‍ 5 പന്തക്കുസ്താദിനത്തില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. ഫ്രാന്‍സീസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ ഏഴാം വാര്‍ഷികദിനവും വി. യൗസേപ്പിന്റെ തിരുനാളുമായ മാര്‍ച്ച് 19 എന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. 1988 ജൂണ്‍ 28 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിളംബരം ചെയ്തു നടപ്പാക്കിയ 'പാസ്റ്റര്‍ ബോനുസ്' (നല്ല ഇടയന്‍) വിളംബരം ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും. നല്ല ഇടയന്‍ എന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷനില്‍നിന്ന് 'സുവിശേഷം പ്രസംഗിക്കുക' എന്ന ഭരണവ്യവസ്ഥയിലേക്കുള്ള മാറ്റം ആധുനിക സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ സഭാപിതാക്കന്മാര്‍ക്കും വൈദികര്‍ക്കുമൊപ്പം അല്മായവിശ്വാസിസമൂഹത്തിനു കൂടുതല്‍ പങ്കാളിത്തവും പ്രാധാന്യവും നല്‍കുന്നതാണ്.
ഡികാസ്റ്ററികള്‍
നിലവില്‍ ഭരണവകുപ്പുകള്‍ 'കോണ്‍ഗ്രിഗേഷനുകള്‍' എന്ന പേരിലാണറിയപ്പെടുന്നത്. എന്നാല്‍ പുതിയവ 'ഡികാസ്റ്ററികള്‍' (കാര്യാലയം) എന്നറിയപ്പെടും. റോമന്‍ കൂരിയായിലെ വിവിധ കാര്യാലയങ്ങള്‍ കോണ്‍ഗ്രിഗേഷന്‍ എന്ന പേരിലാണ് 16-ാം നൂറ്റാണ്ടുമുതല്‍ അറിയപ്പെട്ടിരുന്നത്. കൂടാതെ, നിലവിലുണ്ടായിരുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലുകളും പുതിയ ഭരണപരിഷ്‌കാരത്തില്‍ ഇല്ലാതായി. അങ്ങനെ മൂന്നു വിഭാഗങ്ങളോടുകൂടിയ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ തുടര്‍ച്ച ഇനിമുതല്‍ കോണ്‍ഗ്രിഗേഷനുകളല്ല ഡികാസ്റ്ററികളായിരിക്കും. നിലവിലുണ്ടായിരുന്ന ഒന്‍പത് കോണ്‍ഗ്രിഗേഷനുകളും പൊന്തിഫിക്കല്‍ കൗണ്‍സിലുകളും ഫ്രാന്‍സീസ് പാപ്പാ അധികാരമേറ്റതിനുശേഷം സൃഷ്ടിച്ച വിവിധ വകുപ്പുകളും കൂട്ടിച്ചേര്‍ത്ത് താഴെപ്പറയുന്ന ആകെ 16 ഡികാസ്റ്ററികളാണ് ആഗോള കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രത്തിലുള്ളത്. 1) സുവിശേഷവത്കരണം 2)വിശ്വാസപ്രബോധനം 3) ജീവകാരുണ്യപ്രവര്‍ത്തനം 4) പൗരസ്ത്യസഭകള്‍ 5) ദൈവാരാധനയും കൂദാശകളുടെ അച്ചടക്കവും 6) വിശുദ്ധരുടെ നാമകരണം, 7) മെത്രാന്മാര്‍ 8) വൈദിക ശുശ്രൂഷികള്‍ 9) സമര്‍പ്പിതജീവിതം 10) അല്മായര്‍, കുടുംബം, ജീവന്‍ 11) എക്യുമെനിസം 12) ഇതര മതസംവാദം 13) സാംസ്‌കാരികം-വിദ്യാഭ്യാസം 14) മനുഷ്യന്റെ സമഗ്രവികസനം 15) നിയമവ്യാഖ്യാനം 16) സമ്പര്‍ക്കമാധ്യമങ്ങള്‍.
'സുവിശേഷം പ്രസംഗിക്കുക'
'സുവിശേഷം പ്രസംഗിക്കുക' അഥവാ 'ദൈവവചനം പ്രഘോഷിക്കുക' എന്ന പുതിയ ഭരണരേഖ ആധുനികകാലഘട്ടത്തിന്റെ മാറ്റങ്ങളും ഉള്‍ക്കാഴ്ചകളും നിറഞ്ഞതാണ്. സഭയുടെ ഇന്നിന്റെ ദൗത്യവും ഉത്തരവാദിത്വങ്ങളും ഈ ഭരണരേഖ വിളിച്ചറിയിക്കുന്നതും ആഗോള കത്തോലിക്കാസഭയുടെ ഭാഗമായ വ്യക്തിസഭകള്‍ക്കു പ്രവര്‍ത്തനമാറ്റങ്ങള്‍ക്കു പ്രചോദനവും പ്രേരണയുമേകുന്നതുമാണ്. സുവിശേഷവത്കരണത്തിന്റെ പുത്തന്‍ തലങ്ങളിലേക്കു വിശ്വാസിസമൂഹത്തിന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം സുവിശേഷത്തിന്റെ പങ്കുവയ്ക്കല്‍, ഉത്തരവാദിത്വം സഭാപിതാക്കന്മാര്‍ക്കും വൈദിക - സന്ന്യസ്തര്‍ക്കും മാത്രമല്ല അല്മായ വിശ്വാസിസമൂഹത്തിന്റെയും പരമപ്രധാനമായ കടമയും ദൗത്യവുമാണെന്ന് ഫ്രാന്‍സീസ് പാപ്പാ പുതിയ ഭരണപരിഷ്‌കാരങ്ങളിലൂടെ അടിവരയിട്ട് ആവര്‍ത്തിക്കുന്നു. സുവിശേഷപ്രഘോഷണത്തിനാണ് പുതിയ മാറ്റങ്ങളില്‍ ഏറ്റവും പ്രഥമസ്ഥാനം മാര്‍പാപ്പ നല്‍കുന്നത്. വിശ്വാസപ്രബോധനത്തിനും അതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണനയും നല്‍കുന്നു.
അല്മായശക്തീകരണം
കത്തോലിക്കാസഭയിലെ അല്മായസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ 2013 ല്‍ തന്നെ മാര്‍പാപ്പ ആരംഭിച്ചിരുന്നു. കാഴ്ചക്കാരും കേള്‍വിക്കാരും സംഭാവന നല്‍കുന്നവരും എന്നതിനപ്പുറം സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ശില്പികള്‍ എന്നതുകൂടാതെ ആത്മീയതലങ്ങളോടൊപ്പം ഭൗതികലോകത്തു വ്യാപരിക്കുന്ന വ്യക്തികള്‍ എന്ന നിലയിലും സുവിശേഷപ്രഘോഷണത്തിന്റെയും ക്രൈസ്തവസാക്ഷ്യത്തിന്റെയും സര്‍വോപരി രക്ഷാകരപദ്ധതിയുടെയും മുഖ്യപങ്കാളികളും സാക്ഷ്യങ്ങളുമാണ് അല്മായരെന്ന് ഫ്രാന്‍സീസ് പാപ്പാ വിവിധ വേദികളില്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. 2013 നുശേഷം നടന്ന സഭാസിനഡുകളിലും മാര്‍പാപ്പായുടെ പ്രബോധനങ്ങളിലും അല്മായശക്തീകരണം ലക്ഷ്യംവച്ചുള്ള പ്രഖ്യാപനങ്ങളും ഒട്ടേറെ നടപടികളുമുണ്ടായി. 2013 മാര്‍ച്ച് 13 ന് ഫ്രാന്‍സീസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇതുവരെ രണ്ട് സാധാരണ സിനഡുകളാണു നടന്നത്. 2015 ഒക്‌ടോബര്‍ 4 മുതല്‍ 25 വരെ കുടുംബത്തെക്കുറിച്ചും 2018 ഒക്‌ടോബര്‍ 3 മുതല്‍ 28 വരെ യുവജനങ്ങളെക്കുറിച്ചും നടന്ന സിനഡുകള്‍ അല്മായകേന്ദ്രീകൃതമായിരുന്നു. അല്മായസമൂഹത്തിനു സഭയിലുള്ള പ്രാധാന്യം ഏറെ ഉയര്‍ത്തിക്കാട്ടുന്ന ഈ സമീപനമാണ് പുതിയ ഭരണരേഖയിലും വെളിപ്പെടുത്തുന്നത്. മാര്‍പാപ്പാ ലക്ഷ്യം വയ്ക്കുന്ന മൂന്നാമത് സിനഡായ സിനഡാത്മകസഭയാകട്ടെ ദൈവജനത്തെയൊന്നാകെ ഉള്‍ക്കൊള്ളുന്നതുമാണ്.
അല്മായ ഭരണപങ്കാളിത്തമെങ്ങനെ?
സഭാഭരണത്തിന്റെ മുഖ്യവകുപ്പുകളായ 16 ഡികാസ്റ്ററികളുടെയും തലപ്പത്ത് ഏതൊരു വിശ്വാസിക്കും എത്തിച്ചേരാമെന്ന തുറന്ന സമീപനം അല്മായസമൂഹത്തിനു സഭാഭരണത്തില്‍ വാതിലുകള്‍ തുറക്കുന്നതിനോടൊപ്പം, സഭയെന്നാല്‍ മെത്രാന്മാരുടെയും വൈദിക സന്ന്യസ്തരുടെയും മാത്രമല്ല അല്മായരുമുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്റെയൊന്നാകെയാണെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിക്കുന്നു. അതതു വിഷയങ്ങളില്‍ പ്രഗല്ഭരായിരിക്കണമെന്ന നിബന്ധനയും ഏറെ നല്ലതാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്ന, അറിവും പഠനവും നേതൃത്വപാടവവും വിശ്വാസതീക്ഷ്ണതയുമുള്ള വനിതകള്‍ ഉള്‍പ്പെടെ ഏതു കത്തോലിക്കാവിശ്വാസിക്കും ആഗോള കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രത്തിലെ വിവിധ ഭരണവകുപ്പുകളുടെ നേതൃത്വവും ഏറ്റെടുക്കാനാവും. നിലവില്‍ പ്രധാനമായും കര്‍ദിനാള്‍മാരാണ് ഈ വകുപ്പുകളുടെ തലപ്പത്ത്.
ഇതിനോടകം അല്മായ മതാധ്യാപകരുടെ ശുശ്രൂഷയുടെ സ്ഥാപനവും സ്ത്രീകള്‍ക്കു വായനാശുശ്രൂഷകരും അള്‍ത്താര ശുശ്രൂഷകരുമാകാനുള്ള അവസരവും തുറന്നുകൊടുത്തത് സഭയിലെ ചില പുത്തന്‍ ചുവടുവയ്പ്പുകളാണ്. വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമുയര്‍ന്നപ്പോള്‍ മാര്‍പാപ്പ 2020 ഓഗസ്റ്റില്‍ ഇതിനു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയത് ആറു സ്ത്രീകളെയാണ്. മെത്രാന്‍ സിനഡിന്റെ വോട്ടവകാശമുള്ള സെക്രട്ടറിയായി സിസ്റ്റര്‍ നത്താലി ബെക്കാര്‍ട്ടിനെ നിയമിച്ചതും മാറ്റങ്ങളുടെ തുടക്കമാണ്. ഇതിന്റെ തുടര്‍ച്ചയായി സഭയുടെ ഭരണതലങ്ങളില്‍ അല്മായ പങ്കാളിത്തവും കൂട്ടായ്മയും സുവിശേഷവത്കരണവും വിശ്വാസപ്രഘോഷണവും ശക്തിപ്പെടുത്തുന്ന ഭരണപരിഷ്‌കാരങ്ങളും.