സന്തോഷവും സംതൃപ്തിയും വളരുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. അതിന്റെ അഭാവം രോഗാതുരമായ ഒരന്തരീക്ഷത്തിന്റെ പ്രകടമായ ലക്ഷണവുമാണ്. ചിരിക്കാന്‍ മറന്നുപോയവരുടെയും യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് അറിഞ്ഞുകൂടാത്തവരുടെയും കൂട്ടത്തിലാണോ നാം ജീവിക്കുന്നത് എന്നുപോലും ചിലപ്പോള്‍ ചിന്തിച്ചുപോകുന്നു. കാരണം, അത്രയേറെ ഗൗരവപ്രകൃതിക്കാരും വിഷാദരോഗികളും അഥവാ അത്തരം ഭാവം നടിക്കുന്നവരുമൊക്കെയായി നാം മാറിക്കഴിഞ്ഞു.
എന്താണു സന്തോഷം? സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നവര്‍ ആരാണ്? അതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്? സന്തോഷപ്രദമായ രാജ്യങ്ങളേതാണ്? എന്നിത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഐക്യരാഷ്ട്രസഭയുടെ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള 'വേള്‍ഡ് ഹാപ്പിനസ് ഡേ റിപ്പോര്‍ട്ട്.' എല്ലാ വര്‍ഷവും മാര്‍ച്ച് 20 നാണ് യു.എന്‍. അന്താരാഷ്ട്രസന്തോഷദിനമായി ആചരിക്കുന്നത്.
2022 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടുപ്രകാരം ഫിന്‍ലന്‍ഡ് സന്തോഷസൂചികയില്‍ ഒന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഈ കിരീടം നിലനിര്‍ത്തുന്നത്. ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍.
ലോകത്തിലെ ഏറ്റവും അസന്തുഷ്ടരാജ്യം അഫ്ഗാനിസ്ഥാനാണെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലെത്തുംമുമ്പേ ഇതാണു സ്ഥിതിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ 136-ാം റാങ്കില്‍ വളരെ പിറകിലാണെന്ന കാര്യം നമ്മെ ലജ്ജിപ്പിക്കുന്നു! മാത്രമല്ല, അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇന്ത്യയെക്കാള്‍ മുന്‍പന്തിയിലാണ് (103-ാം റാങ്ക്) എന്നുകൂടി കേള്‍ക്കുമ്പോള്‍ ആത്മവിമര്‍ശനത്തിന്റെ ഗൃഹപാഠങ്ങള്‍ അടിയന്തരസ്വഭാവത്തോടെ ചെയ്തുതീര്‍ക്കണമെന്ന അവശ്യബോധത്തിലേക്കെത്തും നമ്മള്‍.
പ്രധാനമായും ആറു ഘടകങ്ങളെയാണ് രാജ്യങ്ങളുടെ സന്തോഷനിര്‍ണയത്തിനാധാരമാക്കിയത്. ഒരു രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനം, സാമ്പത്തികസ്ഥിതി, സാമൂഹികസുരക്ഷാസംവിധാനങ്ങള്‍, ആയുര്‍ദൈര്‍ഘ്യം, അഴിമതിരാഹിത്യം, ജീവിതസ്വാതന്ത്ര്യം എന്നിവയാണവ. ഒരു രാജ്യത്തെ ഏതൊരു പൗരനും അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമത്വവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് യഥാര്‍ത്ഥസന്തോഷത്തിനു വിലയിട്ടതെന്നാണ് യുഎന്നിന്റെ പൊതുവിലയിരുത്തല്‍.
ഏതായാലും, രാജ്യം 136-ാം റാങ്കില്‍ വളരെ പിന്നിലായി നില്ക്കുമ്പോഴും 'തിളങ്ങുന്ന ഇന്ത്യ'യെക്കുറിച്ചാണ് നാം വല്ലാതെ വാചാലരാവുന്നത്. തിളക്കമുള്ള ഇന്ത്യയെക്കുറിച്ച് ഊറ്റംകൊള്ളുമ്പോഴും ഇളക്കം സംഭവിച്ചതെവിടെയെന്ന് ആരായേണ്ടത് വികസനമാഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസത്തിന്റെയും ആതുരശുശ്രൂഷയുടെയും സാമൂഹികോത്തരവാദിത്വത്തിന്റെയും മറ്റും കാര്യത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ത്തന്നെ നിലയുറപ്പിച്ചിട്ടുള്ള കേരളത്തിന്റെ സന്തോഷങ്ങള്‍ തിരയേണ്ടതും വിലയിരുത്തേണ്ടതും അതിന്റെ ആദ്യപടിയായി നില്ക്കുന്നു.
2022 ലെ കണക്കുപ്രകാരം, കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. പൊതുകടം നാലുലക്ഷം കോടിയോളമാണ്. ആളോഹരികടം ഒരു ലക്ഷത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷികവരുമാനത്തിന്റെ 18.35 ശതമാനവും പലിശയ്ക്കു മാത്രമായി വേണ്ടിവരും. ശമ്പളത്തിനും പെന്‍ഷനും 58.46 ശതമാനവും. സന്തോഷസൂചികയില്‍ നമ്മുടെ കേരളത്തിന്റെ 'സ്ഥാനം' എത്രയെന്നറിയാന്‍ അധികം ആലോചിക്കേണ്ടതില്ലല്ലോ.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം, കുറ്റകൃത്യനിരക്കില്‍ കേരളം രാജ്യത്ത് നാലാംസ്ഥാനത്താണ്. ജനപ്രതിനിധികള്‍പോലും ക്രിമിനല്‍കേസുകളില്‍ പ്രതിയാക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍പ്പോലും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും സാംക്രമികരോഗംപോലെ പെറ്റുപെരുകുമ്പോള്‍ സന്തോഷമല്ല, സങ്കടപ്പെരുമഴയാണ് ഇവിടെ പെയ്തിറങ്ങുന്നതെന്നു പറയാതെ തരമില്ല.
മയക്കുമരുന്നുകച്ചവടവും അതിന്റെ തണലില്‍ മതതീവ്രവാദവും തഴച്ചുവളരുന്ന സംസ്ഥാനമാണു കേരളം. ലഹരിയുപയോഗത്തില്‍ പഞ്ചാബു കഴിഞ്ഞാല്‍ കേരളമാണ് മുന്‍നിരയിലുള്ളത്. പ്രതിവര്‍ഷം ആയിരക്കണക്കിനു കോടി രൂപയുടെ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നത് സന്തോഷത്തിന്റേതല്ല, മഹാസങ്കടത്തിന്റെ റേറ്റിങ്ങാണ് വെളിപ്പെടുത്തുന്നത്. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും കൂപ്പുകുത്തിയതില്‍ വില്ലന്‍ ലഹരിമാഫിയയാണ്. പോക്‌സോ കേസുകളും സ്ത്രീ-സ്ത്രീധനപീഡനക്കേസുകളും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്.
സ്വാഭാവികമായ സന്തോഷവും സമാധാനവും സംതൃപ്തിയും ഭരണം നടത്തേണ്ടിടത്ത് കൃത്രിമച്ചിരികളും ആക്കിച്ചിരികളും അതിന്റെ വകഭേദങ്ങളും മനുഷ്യന് 'ആശ്വാസം' പകരുന്ന കാലമാണിത്. സോഷ്യല്‍മീഡിയായിലും ടി.വി. പരിപാടികളിലും നാം തിരയുന്നത് യഥാര്‍ത്ഥസന്തോഷമാണോ അതോ കൃത്രിമച്ചിരികളാണോ? അവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത് പൊട്ടിച്ചിരികളാണെങ്കിലും നഷ്ടപ്പെട്ടുപോയ ഏതോ വസന്തകാലത്തെ തിരിച്ചുപിടിക്കാനുള്ള അശ്രാന്തപരിശ്രമം അവിടെയുമുണ്ടെന്നുറപ്പാണ്. അവതാരകരും അന്തിച്ചര്‍ച്ചക്കാരും വച്ചുവിളമ്പുന്ന സുഖവിരുന്നുകള്‍ക്കു പകരം മുഖംമൂടിയില്ലാത്ത സ്വര്‍ഗീയാനന്ദം ഇനി എന്നാണ് നമ്മള്‍ തിരഞ്ഞുതുടങ്ങുന്നത്?