കേരളത്തില്‍ ബസ്ചാര്‍ജ്‌വര്‍ദ്ധന ഉന്നയിക്കുമ്പോഴെല്ലാം ബസുടമകള്‍ സ്ഥിരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍നിരക്ക് കുറയ്ക്കണമെന്നത്. ആ അവസരങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിസംഘടനകളും ഇതിനെ എതിര്‍ക്കാറുമുണ്ട്.
ഇത്തവണ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ രണ്ടു രൂപ കണ്‍സഷന്‍ കൊടുക്കുന്നതു നാണക്കേടാണെന്നു വിദ്യാര്‍ത്ഥികള്‍തന്നെ പറയുന്നുവെന്നാണ് സംസ്ഥാനഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന കണ്‍സഷന്‍ അവരുടെ അവകാശമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കണക്കെടുത്താല്‍ കണ്‍സഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറവാണെന്നു കാണാനാകും. ഒട്ടേറെ കുട്ടികളെ വീട്ടിലെ വാഹനങ്ങളിലാണു സ്‌കൂളുകളില്‍ എത്തിക്കുന്നത്. ഇതോടൊപ്പം സ്‌കൂള്‍ ബസുകളും സ്ഥിരം ടാക്‌സികളും ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍പോലും വിദ്യാര്‍ത്ഥികള്‍ക്കായി ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇങ്ങനെയൊക്കെ യാത്ര ചെയ്യാന്‍ നിര്‍വ്വാഹമില്ലാത്ത വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നത്.
പരീക്ഷാസന്ദര്‍ഭങ്ങളില്‍ ഒഴികെ മറ്റു ദിവസങ്ങളില്‍ രാവിലെ എട്ടിനും പത്തിനുമിടയിലും വൈകിട്ടു മൂന്നരയ്ക്കും നാലരയ്ക്കുമിടയിലും ഉള്ള സമയങ്ങളിലാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ബസുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടും വളരെ കുറഞ്ഞ ദൂരത്തില്‍ രണ്ടു നേരമാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നത്. ദീര്‍ഘദൂരത്തില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്.
ഓര്‍ഡിനറി ബസ്സുകളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനവും ടൗണ്‍ സര്‍വീസുകളില്‍ 50 ശതമാനവും മാത്രമേ ആളുകള്‍ക്കു നിന്നുകൊണ്ടു യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. എന്നാല്‍, എല്ലാ ബസുകളിലും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് നിത്യകാഴ്ചയാണ്. വിദ്യാര്‍ത്ഥികളെ കയറ്റിയതിന്റെ പേരില്‍ എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍പ്പോലും നിയമവിരുദ്ധമായ ഈ നടപടിയിലൂടെ അതിലും എത്രയോ നേടിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തതായി അറിയാനും സാധിച്ചിട്ടില്ല.
കണ്‍സഷന്‍ എന്ന വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാന്‍ പാടുള്ളതല്ല. ബസുടമകളുടെ വാദത്തിന്റെ പൊള്ളത്തരം ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ കണക്കെടുത്താല്‍ കണ്ടെത്താനാകും. പൊതുഖജനാവില്‍നിന്നു കോടികള്‍ കെഎസ്ആര്‍ടിസിക്കു മാസാമാസം നല്‍കുന്നുണ്ട്. സ്വകാര്യബസുകള്‍ സര്‍ക്കാരിനു നികുതി നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ നികുതിയില്‍ ഇളവു നല്‍കുകയാണ് വേണ്ടത്.
ഇതു സംബന്ധിച്ചു ഗതാഗതമന്ത്രിക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തിലെ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി അധ്യയനദിവസങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ടു നേരം 30 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കുക.
2. ഡിഗ്രി മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കു മിനിമം ചാര്‍ജില്‍ പകുതിയും അതിനു മുകളില്‍ 75 ശതമാനവും കണ്‍സഷന്‍ അനുവദിക്കണം.
3. ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളിലും ഇതേ മാനദണ്ഡത്തില്‍ സ്‌കൂള്‍-കോളജ് ഐ ഡി കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ ലഭ്യമാക്കണം.
4. റഗുലര്‍ - പാരലല്‍ വിദ്യാര്‍ത്ഥി വേര്‍തിരിവ് ഇല്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കാന്‍ നടപടിയെടുക്കുകയും വേണം.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്യം പറയുമ്പോള്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു, ഐസ്‌ക്രീം തിന്നുന്നു തുടങ്ങിയ വാദങ്ങള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ബസ് ചാര്‍ജ് വര്‍ദ്ധന നടപ്പാക്കുമ്പോള്‍ എല്ലാ ബസുടമകള്‍ക്കും ബാധകമാണല്ലോ. അല്ലാതെ ഒരു ബസ് മാത്രമുള്ളവര്‍ക്കു മാത്രമല്ലല്ലോ ചാര്‍ജുവര്‍ദ്ധന നടപ്പാക്കുന്നത്. അതിനാല്‍ ആ വാദം തികച്ചും ബാലിശമാണ്. ബസ് കണ്‍സഷന്‍ എന്നത് വിദ്യാര്‍ത്ഥിസമൂഹത്തിനാകെ അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്, അതു നിഷേധിക്കരുത്.