കൊച്ചി: ആഗോള വാണിജ്യമേഖലയെ അടിമുടി ഉലച്ച കൊവിഡ് പ്രതിസന്ധിക്കു പിന്നാലെ റഷ്യ - യുക്രെയ്ന്‍ യുദ്ധംകൂടിയായപ്പോള്‍ ന്യൂസ് പ്രിന്റിനു വന്‍ വിലക്കയറ്റം. ഒരു വര്‍ഷത്തിനിടെ വില ഇരട്ടിയില്‍ ഏറെയായി; ലഭ്യത തീര്‍ത്തും കുറഞ്ഞു. ടണ്ണിനു 450 ഡോളറായിരുന്നത് ഇപ്പോള്‍ 950 ഡോളറോളമായി.
ഇന്ത്യയില്‍ ആവശ്യമായ പത്രക്കടലാസിന്റെ 45% ഇറക്കുമതി ചെയ്യുന്നതു റഷ്യയില്‍നിന്നാണ്. റഷ്യയ്‌ക്കെതിരേ യു.എസും യൂറോപ്യന്‍രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍നിന്നുള്ള ഇറക്കുമതി നിലച്ചു. ഉപരോധംമൂലം റഷ്യന്‍ ഇന്ധനം വാങ്ങാന്‍ കഴിയാതെവന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ പേപ്പര്‍ മില്ലുകളിലെ ഉത്പാദനവും പ്രതിസന്ധിയിലായി. യൂറോപ്പില്‍ പല നിര്‍മാതാക്കളും പത്രക്കടലാസിനു പകരം മറ്റു പേപ്പര്‍ അധിഷ്ഠിത ഉത്പന്നങ്ങളിലേക്കു ചുവടുവയ്ക്കുന്നതും ലഭ്യത കുറയ്ക്കുന്നു. പത്രക്കടലാസിന്റെ 5% കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്നു ന്യൂസ് പേപ്പര്‍ വ്യവസായമേഖല കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കടുത്ത അനിശ്ചിതത്വം
ഉപരോധം പിന്‍വലിക്കാതെ റഷ്യയില്‍നിന്ന് ഇറക്കുമതി സാധ്യമല്ല. യുദ്ധവും അനുബന്ധ പ്രത്യാഘാതങ്ങളും എത്രകാലം തുടരുമെന്നതില്‍ കടുത്ത അനിശ്ചിതത്വവും ആശങ്കയുമാണു നിലനില്‍ക്കുന്നത്. രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്, ആഗോളതലത്തില്‍ ചരക്കുനീക്കം പലവട്ടം തടസ്സപ്പെട്ടിരുന്നു. തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കുന്നതുമൂലം കണ്ടെയ്‌നര്‍ ലഭ്യത പ്രതിസന്ധിയിലായിരുന്നു. വിതരണശൃംഖലകളില്‍ സമ്മര്‍ദമേറിയതോടെ ഷിപ്പിങ് കമ്പനികള്‍ കടത്തുകൂലി നാലും അഞ്ചും ഇരട്ടിയായി വര്‍ധിപ്പിച്ചു. ന്യൂസ് പ്രിന്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചെലവു ഗണ്യമായി ഉയര്‍ന്നു. കൊവിഡ്ഭീതി കുറഞ്ഞെങ്കിലും വിതരണശൃംഖല ഇപ്പോഴും പഴയ സ്ഥിതിയില്‍ ആയിട്ടില്ല. ചൈനയില്‍ ഇപ്പോഴും കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്നു വമ്പന്‍ തുറമുഖങ്ങള്‍പോലും അടച്ചിടുന്ന സ്ഥിതിയുണ്ട്.
ആഭ്യന്തരോത്പാദനം പ്രതിസന്ധിയില്‍
മുമ്പ് 25 ലക്ഷം ടണ്‍ ആയിരുന്നു ഇന്ത്യയുടെ വാര്‍ഷികോപയോഗം. ആഭ്യന്തരോത്പാദനം 10 ലക്ഷം ടണ്ണും ഇറക്കുമതി 15 ലക്ഷം ടണ്ണും. പക്ഷേ, ഇപ്പോള്‍ ഉപയോഗം 10 ലക്ഷം ടണ്ണിലേറെ മാത്രം. ആനുപാതികമായി ഇറക്കുമതി കുറഞ്ഞതോടെ വിദേശകമ്പനികള്‍ക്ക് ഇന്ത്യ പഴയതുപോലെ ആകര്‍ഷകവിപണിയല്ല. യൂറോപ്പിലെ പ്രധാന ഉത്പാദകരായ ഫിന്‍ലന്‍ഡിലെ പ്രമുഖ കമ്പനിയായ 'യുപിഎം' ജീവനക്കാരുടെ സമരംമൂലം ഉത്പാദനം നടത്താനാകാത്ത സ്ഥിതിയിലാണ്. കാനഡയാണ് ഇപ്പോള്‍ ആശ്രയം. എന്നാല്‍, അവരുടെ പ്രഥമ പരിഗണന യുഎസിനും യൂറോപ്പിനുമാണ്.
ഇന്ത്യയില്‍ പാഴ്ക്കടലാസ് പുനഃസംസ്‌കരിച്ചു പത്രക്കടലാസ് നിര്‍മിക്കുന്നതു ഗണ്യമായി കുറഞ്ഞു. പാഴ്ക്കടലാസ് ലഭ്യത കുറഞ്ഞതും പാക്കേജിങ് ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണു കാരണം.