മാര്‍ച്ച് 10 ലക്കം ദീപനാളത്തില്‍ നിഷ ആന്റണി എഴുതിയ ''ചാവുമണം'' കാലോചിതമായി. മനോനില തെറ്റിയ സമ്പന്നനായ ഒരു ഇന്ത്യന്‍ പൗരന്റെ പ്രതിനിധികളാണ് വട്ടപ്പാറ ബെഞ്ചമിയും മാര്‍ട്ടിയും.
ആധുനികമനുഷ്യന്റെ സ്വാര്‍ത്ഥത വല്ലാത്ത ബന്ധനമാണല്ലോ. രവീന്ദ്രനാഥ ടാഗോര്‍ ഗീതാഞ്ജലിയില്‍ പറയുന്നതുപോലെ, ''രാജകുമാരന്റെ വേഷമിട്ട കുട്ടി. രത്‌നം പതിപ്പിച്ച കണ്ഠാഭരണങ്ങളുമായി കളിക്കാനിറങ്ങുന്നു. പക്ഷേ, അവനു കളികളില്‍ മുഴുകാന്‍ കഴിയുന്നില്ല. അവന്റെ രാജവേഷം അവനു ചലനസ്വാതന്ത്ര്യംപോലും നിഷേധിക്കുന്നു. വസ്ത്രങ്ങളുടഞ്ഞുപോകുന്നു. അതില്‍ പൊടിപിടിക്കില്ലേ? കറ പുരളില്ലേ? അവന്‍ മാറിനില്ക്കുന്നു. അവന് അനങ്ങാന്‍പോലും ഭയമാകുന്നു.''
ഇന്ന് ഇന്ത്യയുടെ ഭൂരിഭാഗം സമ്പത്തും ചെറിയ ന്യൂനപക്ഷമായ സമ്പന്നര്‍ കൈവശപ്പെടുത്തിയിരിക്കുകയാണല്ലോ. ഭാവിയില്‍ തങ്ങളുടെ സമ്പന്നഗോപുരങ്ങളില്‍ കയറി പ്രപഞ്ചഗോളങ്ങളെ സ്വന്തമാക്കാമെന്നുള്ള മിഥ്യാധാരണയല്ലേ ഇതിന്റെ ഭാഷ്യം.
ഇതേ ലക്കത്തിലെ 'നക്ഷത്രശോഭയുള്ള വാക്കുകള്‍' എന്ന ജിന്‍സ് കാവാലിയുടെ ലേഖനവും നല്ലൊരു വായനാനുഭവം നല്കിയെന്നു പറയട്ടെ. ആണ്ടോടാണ്ടു വൃക്ഷങ്ങള്‍ ഇലകൊഴിച്ചു പുത്തനിലകള്‍ ചൂടുന്നതുപോലെ എഴുത്തുകാരും തങ്ങളുടെ സര്‍ഗവൃക്ഷങ്ങളില്‍ പുത്തന്‍ വാക്കിലകള്‍ തുന്നിച്ചേര്‍ക്കുകയും നിരന്തരോപയോഗത്താല്‍ നിറം മങ്ങിയവയെ അടര്‍ത്തിമാറ്റുകയും ചെയ്യേണ്ടതാണ്.
ഉലാവ് എച്ച് ഹേഗ് തന്റെ കാവ്യജീവിതത്തെ വിലയിരുത്തിക്കൊണ്ട് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''താനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളൂ. മുകളില്‍ വരാന്‍ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.'' നമ്മുടെ എഴുത്തുകാരും ഇത് അനുകരിച്ചാല്‍ ശോഭയേറും.
ജിന്‍സ് കാവാലിക്കും നിഷ ആന്റണിക്കും അഭിനന്ദനങ്ങള്‍.
ജോസ് കൂട്ടുമ്മല്‍ കടനാട്