ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യൂറോപ്പിലെ ആദ്യത്തെ യുദ്ധമാണ് യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം. അതു ലോകത്തിനു പല വെല്ലുവിളികള്‍ ഉയര്‍ത്തുന്നുമുണ്ട്. ലോകം സാര്‍വത്രികമായിഅംഗീകരിച്ച ധാര്‍മികാധികാരത്തിന്റെ ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പാ, ആ വെല്ലുവിളികളെ നേരിടാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിവസംതന്നെ അദ്ദേഹം റഷ്യന്‍ എംബസിയിലേക്കു പോയി. ആ സന്ദര്‍ശനം ഉറപ്പായും യുദ്ധത്തിനെതിരേ ശക്തമായ സന്ദേശം നല്‍കി.
മാര്‍ച്ച് 6 ന്, തന്റെ പ്രതിവാരപ്രസംഗത്തില്‍ മാര്‍പാപ്പ കൂടുതല്‍ കൃത്യമായി പറഞ്ഞു: ''യുക്രെയ്‌നില്‍ രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍ ഒഴുകുന്നു. ഇതു കേവലം ഒരു സൈനികനടപടിയല്ല; മറിച്ച്, മരണവും നാശവും ദുരിതവും വിതയ്ക്കുന്ന ഒരു യുദ്ധമാണ്.''
ഇവിടെ ആക്രമണകാരി ഒരു ആണവശക്തിയാണ് എന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്ന ആദ്യത്തെ വസ്തുത. ലോകസമാധാനത്തിനുവേണ്ടിയുള്ള ഏതൊരു നടപടി സ്വീകരിക്കുന്നതും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഉത്തരവിടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ പ്രേരിപ്പിച്ചേക്കാവുന്ന സാധ്യതയ്ക്കെതിരേ വേണം. റഷ്യയുടെ ഹൈപ്പര്‍സോണിക് ആണവമിസൈലുകള്‍ ലോകത്തിന് ഒരു യഥാര്‍ത്ഥഭീഷണിയാണെന്ന് റഷ്യന്‍ അനലിസ്റ്റ് ഫിയോണ ഹില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിേവശത്തിലൂടെ,വംശീയ - ദേശീയതയുടെ വര്‍ദ്ധിച്ചുവരുന്ന വെറുപ്പ് സമാധാനപരവും ഏകീകൃതവുമായ യൂറോപ്പിന്റെ കാഴ്ചപ്പാടിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ വത്തിക്കാന്‍ ഇത്രയും കാലം സമാധാനത്തിനായി പരിശ്രമിച്ചു എന്നതു കണക്കിലെടുക്കണം. സമാധാനത്തിനായുള്ള യുക്തികള്‍ എല്ലാ സ്വാര്‍ത്ഥ താത്പര്യകണക്കുകൂട്ടലുകളെയും ആയുധോപയോഗം നല്‍കുന്ന ഉറപ്പുകളെയുംകാള്‍ ശക്തമാണ്.
നവലിബറലിസവും അതിന്റെ ദുഷിച്ച ഫലങ്ങളും, വരുമാന അസമത്വം, പരിസ്ഥിതിത്തകര്‍ച്ച എന്നിവയെയും പാപ്പാ അപലപിക്കുന്നു. ലോകനേതാക്കള്‍ക്കിടയിലും വിവിധ തരത്തിലുള്ള മതനേതാക്കള്‍ക്കിടയിലും ഫ്രാന്‍സിസ് പാപ്പ അതുല്യനായി നില്‍ക്കുന്നത് അതുകൊണ്ടുതന്നെയാണ്. ലോകജനസംഖ്യയുടെ ആറിലൊന്നു വരുന്ന 1.3 ബില്യണ്‍ ജനങ്ങളുടെ ആത്മീയനേതാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാസഭയുടെ ദീര്‍ഘകാല യാഥാസ്ഥിതിക പ്രതിച്ഛായ മാറ്റുകയെന്നത് അദ്ദേഹം തന്റെ വ്യക്തിപരമായ ദൗത്യമാക്കി മാറ്റിയിരിക്കുന്നു.vയുക്രെയ്‌നിനെതിരായ ആക്രമണത്തിന്റെ ബാക്കിപത്രങ്ങള്‍ ലോകത്തില്‍ മാര്‍പാപ്പയുടെ ധാര്‍മികശബ്ദം കൂടുതല്‍ അനിവാര്യമാക്കുന്നു. ഇപ്പോള്‍, എല്ലാ ദിവസവും, കീവിലെയും, ഖാര്‍കീവിലെയും അപ്പാര്‍ട്ട്‌മെന്റുകളില്‍ റഷ്യന്‍ ബോംബുകള്‍ പതിക്കുന്ന വീഡിയോകള്‍ ലോകമെമ്പാടുമുള്ള ടെലിവിഷനുകളില്‍ എത്തുന്നു. പരിശുദ്ധ പിതാവ് തുടര്‍ച്ചയായി യുക്രെയ്‌നിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു.
വ്യക്തതയോടെ ഒരു ധാര്‍മികദര്‍ശനം പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാപ്തനാണെന്നു നമുക്കറിയാം. തന്റെ ഒമ്പതു വര്‍ഷത്തെ മാര്‍പാപ്പ പദവിയിലുടനീളം, ലോകമെമ്പാടുമുള്ള നിരവധി സംഘട്ടനങ്ങളെക്കുറിച്ച് അദ്ദേഹം വിലപിച്ചിട്ടുണ്ട്. നാം ''മൂന്നാം ലോകമഹായുദ്ധം'' നേരിടുന്നുവെന്ന് പല തവണ മാര്‍പാപ്പ നമ്മെ ഓര്‍മിപ്പിച്ചു. മ്യാന്‍മര്‍, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗതസര്‍ക്കാരുകളെയും മാര്‍പാപ്പാ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വിമര്‍ശനങ്ങള്‍ നമ്മുടെ ധാര്‍മികനിഘണ്ടുവില്‍ പ്രവേശിച്ചുകഴിഞ്ഞു. 'വലിച്ചെറിയുന്ന സംസ്‌കാരം', 'ഉദാസീനത യുടെ ആഗോളീകരണം' 'ഒഴിവാക്കലിന്റെ സമ്പദ്വ്യവസ്ഥ' എന്നീ പദങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള ദൈവശാസ്ത്രജ്ഞരും ധാര്‍മികവാദികളും ഉപയോഗിക്കുന്നു. യുദ്ധപ്രതിസന്ധിയെ നയതന്ത്രപരിഹാരത്തിലൂടെ മറികടക്കാനുള്ള വത്തിക്കാന്‍ ശ്രമങ്ങളുടെ വ്യാപ്തി നമുക്കറിയില്ല. വത്തിക്കാന്‍ ഈ സംഘര്‍ഷത്തിനിടയില്‍ മധ്യസ്ഥനായി സ്വയം മുന്നോട്ടു വരികയും മാനുഷികതയുടെ ഇടനാഴികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
യുക്രെയ്ന്‍ എന്ന രക്തരൂഷിതരാജ്യത്ത് മനുഷ്യത്വപരമായ സഹായത്തിന്റെ ആവശ്യകത മണിക്കൂറുകള്‍ കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, 'യുദ്ധം ഭ്രാന്താണ്, ദയവായി നിര്‍ത്തുക' എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു. സമാധാനചര്‍ച്ചകള്‍ക്കുള്ള നമ്മുടെ അവസാനപ്രതീക്ഷയായിരിക്കാം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ ഇടപെടല്‍ അര്‍ത്ഥമാക്കുന്നത്.
യുക്രെയ്‌നിലെ പ്രതിസന്ധിക്ക് അഹിംസാത്മകമായ പരിഹാരം തേടുന്നതു തുടരേണ്ടതും അതേസമയം ആക്രമണം തടയാനുള്ള ശ്രമവും പ്രധാനമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇടപെടല്‍, യുക്രെയ്നിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളും വിനാശകരമായ യുദ്ധപ്രത്യാഘാതങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്നുതന്നെ ലോകം കരുതുന്നു.