പാലാ: കെ.സി.ബി.സി.യുടെ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച കോര്‍പറേറ്റ് ആയി പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് രൂപതയിലെ സ്‌കൂള്‍ വിദ്യാഭ്യാസപ്രസ്ഥാനത്തിന് ഈ നേട്ടമുണ്ടാക്കാന്‍ കാരണമായതെന്ന് കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പറഞ്ഞു.
ദുരിതമേഖലയായ കൂട്ടിക്കലില്‍ അധ്യാപകസമൂഹം കൈത്താങ്ങായതും കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് സൗജന്യമായി വാങ്ങി നല്കിയതും വീട് ഇല്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കിയതും കോര്‍പറേറ്റിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
പൊതുജനസഹകരണത്തോടെ 13 സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനും 83 സ്‌കൂളുകള്‍ പുതുക്കിപ്പണിയുന്നതിനും സാധിച്ചു. കുട്ടികള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ വിതരണം, സിവില്‍ സര്‍വീസ് പരിശീലനം, എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനു നിവേദനം, ഗാന്ധിജയന്തി പ്രസംഗമത്സരം, മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാലയെ പുനഃസൃഷ്ടിക്കാന്‍ പരിശ്രമിച്ച ഡോ. തോമസ് മൂലയില്‍ അച്ചനും ഭാഷാവിദഗ്ധസമിതിയംഗം ചാക്കോ സി. പൊരിയത്തിനും ആദരം, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കും അനുമോദനം, ലഹരിവിരുദ്ധദിനസന്ദേശം, വിദ്യാഭ്യാസ മേഖലയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും കൈവരിച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയും കോര്‍പറേറ്റിലെ മികച്ച അധ്യാപകര്‍ക്ക് ആദരം, സാമൂഹികവിഷയങ്ങളിലെ പ്രതികരണം എന്നിവയെല്ലാമാണ് പാലാ കോര്‍പറേറ്റിനെ അവാര്‍ഡിനര്‍ഹമാക്കിയത്.
മികച്ച അധ്യാപകന്‍, ലഹരിവിരുദ്ധ സ്‌കൂള്‍, പ്രബന്ധരചന, കവിതാരചന എന്നീ ഇനങ്ങളിലും രൂപത മുന്‍പന്തിയില്‍ എത്തി. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
കോര്‍പറേറ്റിനു ലഭിച്ച മറ്റു സമ്മാനങ്ങള്‍: മികച്ച അധ്യാപകന്‍ (യു.പി. വിഭാഗം) - റോയി ജെ. കല്ലറങ്ങാട്ട് (സെന്റ് ജോര്‍ജ് എല്‍.പി.എസ്. അറക്കുളം). പ്രബന്ധരചന: ഷിനു ആനത്താരയ്ക്കല്‍-ഒന്നാം സ്ഥാനം (സെന്റ് മേരീസ് എച്ച്.എസ്.എസ്. അറക്കുളം), കവിതാരചന: ലിന്റമോള്‍ ആന്റണി - രണ്ടാം സ്ഥാനം (സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്. കടനാട്), ലഹരിവിരുദ്ധവിദ്യാലയം: ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, ചെമ്മലമറ്റം (3-ാം സ്ഥാനം)