രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു വന്‍ശക്തിരാഷ്ട്രം നടത്തിയ ഏറ്റവും വലിയ സൈനികനടപടിക്കു ലോകം സാക്ഷിയായി.
ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്കു സൈനികശേഷിയില്‍ ഏറ്റവും ദുര്‍ബലരാജ്യങ്ങളിലൊന്നായ യുക്രെയ്‌നെ ചവിട്ടിയരയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയാകും.
1991 ല്‍ സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാക്കപ്പെട്ടശേഷം സ്വാതന്ത്ര്യം നേടിയ അയല്‍രാജ്യങ്ങളെല്ലാം യുക്രെയ്‌ന്റെ പതനത്തോടെ ഭീതിയിലാണ്. റഷ്യയെ പഴയകാല സോവിയറ്റു യൂണിയന്റെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണ് യുക്രെയ്‌ന്റെമേലുള്ള റഷ്യന്‍ അധിനിവേശം. കരിങ്കടല്‍തീരത്തെ തന്ത്രപ്രധാനമായ ക്രീമിയ ഉപദ്വീപ് 2014 ല്‍ യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത സൈനികനടപടിയായിരുന്നു ആദ്യത്തേത്. റഷ്യന്‍ അനുകൂലികളുടെ പിന്തുണയോടെ ക്രീമിയയെറഷ്യയോടു ചേര്‍ക്കുകയായിരുന്നു. അന്നത്തെ ഏറ്റുമുട്ടലുകളില്‍ 14,000 പേര്‍ക്കാണു ജീവഹാനി നേരിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച തുട
ക്കമിട്ട യുക്രെയ്ന്‍ അധിനിവേശം അവസാനിക്കുമ്പോഴേക്കും മരണസംഖ്യ പതിന്മടങ്ങു വര്‍ധിക്കാനാണു സാധ്യത.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്ലാനിങ്ങിന്റെയും കണക്കുകൂട്ടലുകളുടെയും ഒടുവിലാണ് യുക്രെയ്‌ന്റെ മേലുള്ള കടന്നുകയറ്റമെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. വടക്ക് സഖ്യരാഷ്ട്രമായ ബെലാറൂഡിലും കിഴക്ക്/തെക്ക് അതിര്‍ത്തികളില്‍ കരയിലും കടലിലുമായി ഒന്നര ലക്ഷത്തോളം സൈനികരെ സര്‍വസജ്ജരാക്കി നിര്‍ത്തുകയും പരിശീലനം നല്കുകയും ചെയ്തു. ബെലാറൂഡിലെ ബറാനോവിച്ചി സൈനികത്താവളത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ടെത്തി പരിശീലനപരിപാടികള്‍ നിരീക്ഷിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അണ്വായുധങ്ങള്‍ ഘടിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും കൃത്യതയില്‍ സംതൃപ്തരായിട്ടാണ് പുടിനും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും മോസ്‌കോയിലേക്കു മടങ്ങിയത്.
യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യയ്ക്കു പദ്ധതിയില്ലെന്നും തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിച്ചാല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂവെന്നും പുടിനും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും സേനാവൃത്തങ്ങളും പ്രസ്താവനകളിറക്കുമ്പോള്‍ സംഘര്‍ഷം ഒഴിവാകുമെന്നു കരുതിയിരുന്നു. നാറ്റോ അംഗത്വം വേണമെന്ന പിടിവാശിയൊന്നും തനിക്കില്ലെന്നും ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കുപോലുമെടുക്കാന്‍ റഷ്യ തയ്യാറായതുമില്ല. ഹംഗേറിയന്‍ പ്രസിഡന്റ് വിക്ടര്‍ ഒര്‍ബാന്‍, ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍ഡ് എന്നിവര്‍ മോസ്കോയിലെത്തി പുടിനുമായി നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം സേനകളെ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം റഷ്യയില്‍നിന്നുണ്ടായത് ഭയാശങ്കകള്‍ അകറ്റുകയും ചെയ്തു. എന്നാല്‍, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പ്രവചിച്ചിരുന്നതുപോലെതന്നെ ഒടുവില്‍ സംഭവിച്ചു; ഫെബ്രുവരി 16 എന്നുള്ളത് ഒരാഴ്ചയ്ക്കുശേഷം 24-ാം തീയതി ആയി എന്നുമാത്രം. അപ്രധാനമേഖലകളില്‍നിന്നു സേനകളെ പിന്‍വലിച്ച് പുനര്‍വിന്യസിക്കുകയും കൂടുതല്‍ കരുത്തോടെ പ്രഹരിക്കാനുള്ള പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുകയുമായിരുന്നു തന്ത്രം. യുക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ വിന്യസിച്ചിരിക്കുന്ന സൈനികരില്‍ 50 ശതമാനവും ആക്രമണനിലയി
ലാണെന്നും യുക്രെയ്‌നെ ആക്രമിക്കുന്ന പക്ഷം റഷ്യയ്‌ക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിനു മുന്നോടിയായി റഷ്യന്‍ അനുകൂലവിമതര്‍ 2014 മുതല്‍ കയ്യടക്കി വച്ചിരിക്കുന്ന റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലുള്ള ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളെ രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളായി റഷ്യ പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ അനുമതി നേടിയെടുത്ത പുടിന്‍, പുതിയ രണ്ടു രാജ്യങ്ങളിലും സൈന്യത്തെ വിന്യസിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഡോണറ്റ്‌സ്‌കില്‍നിന്നും ലുഹാന്‍സ്‌കില്‍ നിന്നും യുക്രെയ്ന്‍ സൈന്യത്തിനു നേരേ ഷെല്ലാക്രമണം നടത്തുന്ന വിമതരോടു വെടിനിറുത്താനും അനുരഞ്ജനചര്‍ച്ചയ്ക്കിരിക്കാനും സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറില്ലായിരുന്നു. റഷ്യ അംഗീകരിച്ച രണ്ടു സ്വതന്ത്രരാജ്യങ്ങളും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു 'സമാധാനസേന'യെ അയയ്ക്കുകയാണെന്ന പുടിന്റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ടാങ്കുകളും കവചിതവാഹനങ്ങളുമായി സൈന്യം യുക്രെയ്‌നില്‍ പ്രവേശിച്ചത്. സ്വതന്ത്രരാജ്യപ്രഖ്യാപനവും സൈന്യത്തിന്റെ കടന്നുകയറ്റവും 2014 ലെയും 2015 ലെയും 'മിന്‍സ്‌ക് സമാധാന ഉടമ്പടി'യുടെ ലംഘനമാണെന്ന് യുക്രെയ്ന്‍ പ്രതികരിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഒപ്പുവച്ച കരാറിലൂടെ ഡോണറ്റ്‌സ്‌കിക്കും ലുഹാന്‍സ്‌കിക്കും പ്രത്യേക പദവി നല്‍കിയിരുന്നെങ്കിലും റഷ്യന്‍ വിമതര്‍ പൂര്‍ണമായും തൃപ്തരായിരുന്നില്ല. സ്വതന്ത്രരാജ്യപ്രഖ്യാപനത്തിനുശേഷം ഡോണ്‍ബാസ് പ്രവിശ്യയിലേക്കു യുക്രെയിന്റെ ആക്രമണം ഉണ്ടാകുമെന്നു വ്യാജവാര്‍ത്തകള്‍ റഷ്യന്‍ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചതോടെ റഷ്യയിലേക്കുള്ള വിമതരുടെ പലായനവും തുടങ്ങി. ഒരു ലക്ഷത്തോളം പേര്‍ റഷ്യയിലെത്തിക്കഴിഞ്ഞതായാണു റിപ്പോര്‍ട്ട്.
ഫെബ്രുവരി 24-ാം തീയതി വ്യാഴാഴ്ച നേരം പുലരുംമുമ്പ് മൂന്നു ദിക്കുകളിലുംനിന്ന് ഒരേ സമയം തുടങ്ങിയ ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത വിറ
ങ്ങലിച്ചു നിന്നു. രാജ്യാതിര്‍ത്തികടന്ന് ഉള്ളിലേക്ക് ഇരച്ചുകയറിയ പതിനായിരക്കണക്കിനു റഷ്യന്‍ സൈനികര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വകവരുത്തി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. നിസ്സഹായരായ സ്ത്രീകളുടെയും കുട്ടികളുടെയും വിലാപമാണെവിടെയും. ബെലാറൂഡില്‍നിന്നും റഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന യുദ്ധക്കപ്പലുകളില്‍നിന്നു തൊടുത്തുവിട്ട മിസൈലുകള്‍ തലസ്ഥാനമായ കീവിലും കാര്‍കീവ്, മഡോസ, മരിയാപോള്‍, സുമി, ലുട്‌സ്‌ക് തുടങ്ങിയ നഗരങ്ങളിലും സര്‍വനാശം വിതച്ചു. നഗരങ്ങള്‍ക്കുമുകളില്‍ പറന്നെത്തിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വിമാനത്താവളങ്ങളും പൊതുനിരത്തുകളും പാലങ്ങളും ബോംബിട്ടു തകര്‍ത്തു. സൈനികകേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യം വയ്ക്കൂ എന്നു വീമ്പിളക്കിയ ശത്രുസൈന്യം പാര്‍പ്പിടസമൂഹങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും നേരേ മിസൈല്‍ വര്‍ഷിച്ചു.
റഷ്യയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാഷ്ട്രത്തലവന്മാര്‍ക്കു നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. നൂറുകണക്കിന് ആണവായുധങ്ങള്‍ കൈവശമുള്ള ഏറ്റവും വലിയ സൈനികശക്തികളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. നേരിട്ടുള്ള ഒരേറ്റുമുട്ടലിനു മുതിര്‍ന്നാല്‍ അത് വലിയ ഒരു യുദ്ധത്തിലേക്കാവും കൊണ്ടുചെന്നെത്തിക്കുക. യുക്രെയ്‌ന്റെ പരമാധികാരത്തെ അട്ടിമറിച്ച റഷ്യയുടെ കടന്നുകയറ്റത്തെ അപലപിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു: ''മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നടപ്പാക്കിയത്. യുക്രെയ്‌നെ കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടക്കില്ല. എന്തുവിലകൊടുത്തും യുക്രെയ്‌നെ സംരക്ഷിക്കും. യു.എസും സഖ്യകക്ഷികളും നിസ്സഹായരായ യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമാണ്.''
യുക്രെയ്‌ന്റെ പരമാധികാരത്തെ അട്ടിമറിച്ച റഷ്യയുടെ കടന്നുകയറ്റത്തെ അപലപിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു: ''മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നടപ്പാക്കിയത്. യുക്രെയ്‌നെ കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടക്കില്ല. എന്തുവിലകൊടുത്തും യുക്രെയ്‌നെ സംരക്ഷിക്കും. യു.എസും സഖ്യകക്ഷികളും നിസ്സഹായരായ യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമാണ്.''
യുക്രെയ്‌നിലെ സമീപകാലസംഭവവികാസങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രതികരണം. നിക്ഷിപ്തതാത്പര്യങ്ങള്‍ സമാധാനത്തിനു വിലങ്ങുതടിയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രെയ്‌നിലെ കത്തോലിക്കാസഭ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രാദേശികസഭയാണ്. രാജ്യത്തെ 70% ജനങ്ങളും ക്രൈസ്തവരുമാണ്. വത്തിക്കാനിലെ യുക്രെയ്ന്‍ എംബസിയിലെത്തിയ ഫ്രാന്‍സിസ് പാപ്പാ യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും ശ്രദ്ധേയമായി. ഒരു മാര്‍പാപ്പാ ഏതെങ്കിലുമൊരു എംബസി സന്ദര്‍ശിക്കുന്നത് ലോകചരിത്രത്തില്‍ ആദ്യമാണ്.
സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാപ്രതിസന്ധിയാണു ലോകം അഭിമുഖീകരിക്കുന്നതെന്നായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്. നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌ടോള്‍ ടെന്‍ബര്‍ഗും യു.കെ. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തിരാഷ്ട്രങ്ങളിലെ നേതാക്കളുമെല്ലാം റഷ്യന്‍ ആക്രമണത്തെ നിശിതമായ ഭാഷയില്‍ അപലപിച്ചെങ്കിലും നേരിട്ടുള്ള ഒരു യുദ്ധത്തിനു മുതിരാതെ മാറിനില്ക്കാനാണു താത്പര്യപ്പെട്ടത്. യു.എസ്. ഉള്‍പ്പെടെയുള്ള നാറ്റോസഖ്യത്തോടും സഹായാഭ്യര്‍ത്ഥന നടത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരാശനായെങ്കിലും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അന്താരാഷ്ട്രസമൂഹം ഞങ്ങളെ കൈവെടിഞ്ഞെങ്കിലും ഞങ്ങള്‍ ഭഗ്നാശരല്ല. ഞങ്ങള്‍ ഒറ്റയ്ക്കുനിന്നു പോരാടും, റഷ്യയെ തോല്പിക്കുകയും ചെയ്യും. എന്നെയും എന്റെ കുടുംബത്തെയുമാണ് പുടിന്‍ ലക്ഷ്യമിടുന്നത്. ജീവന്‍ വെടിയുംവരെ ഞാന്‍ കീവില്‍ത്തന്നെ തുടരും.'' 18 നൂം 60 നും ഇടയ്ക്കു പ്രായമുള്ളവരെല്ലാം യുദ്ധരംഗത്തേക്കിറങ്ങാന്‍ ആഹ്വാനം ചെയ്ത സെലെന്‍സ്‌കി, ഗ്രനേഡുകളും യന്ത്രത്തോക്കുകളും അത്യാവശ്യപരിശീലനവും നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. പെട്രോള്‍ബോംബുകളുണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്കുനേരേ പ്രയോഗിക്കാനുള്ള പ്രായോഗികജ്ഞാനവും ജനങ്ങള്‍ക്കു നല്‍കി. സായുധരായ ജനങ്ങള്‍ സൈന്യത്തോടു ചേര്‍ന്നു പൊരുതാനിറങ്ങിയപ്പോള്‍ റഷ്യന്‍പടയുടെ മുന്നേറ്റത്തിന്റെ ഗതിവേഗം കുറഞ്ഞതായാണ് വാര്‍ത്തകള്‍. കീവിലെ ജനങ്ങളോടൊപ്പം ബങ്കറില്‍ കഴിയുന്ന സെലെന്‍സ്‌കി സുരക്ഷിതനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യരണ്ടു ദിവസങ്ങളില്‍ നാറ്റോ സൈന്യം യുദ്ധത്തിനിറങ്ങിയില്ലെങ്കിലും മൂന്നാം ദിവസംമുതല്‍ അംഗരാജ്യങ്ങളായ പോളണ്ടിലേക്കും റൊമാനിയയിലേക്കും ലാത്‌വിയയിലേക്കും ആയുധങ്ങളെത്തിച്ചു തുടങ്ങിയത് മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള വഴി തുറക്കുമെന്നു നിരീക്ഷിക്കുന്നവരുണ്ട്. യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും അംഗത്വം നേടുന്നതിനുള്ള യുക്രെയ്ന്‍ ജനതയുടെയും സെലെന്‍സ്‌കിയുടെയും ആഗ്രഹം തടയാനുള്ള പുടിന്റെ നിലപാട് വലിയൊരു യുദ്ധമായി മാറുമെന്ന് ദോഷൈകദൃക്കുകള്‍പോലും കരുതിയിട്ടുണ്ടാവില്ല. തന്റെ രാജ്യത്തിന്റെ അതിര്‍ത്തിക്കടുത്തുള്ള നാറ്റോയുടെ സൈനികസാന്നിധ്യമാണ് പുടിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, യുക്രെയ്‌ന് നാറ്റോ അംഗത്വം നേടാനുള്ള അവകാശമുണ്ടെന്നും ആ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും നാറ്റോ നിലപാടെടുക്കുന്നു. സോവിയറ്റ് യൂണിയനോടൊപ്പം വാര്‍സോ സഖ്യത്തില്‍ അംഗങ്ങളായിരുന്ന രാജ്യങ്ങള്‍ നാറ്റോയില്‍ അംഗമായി ചേരരുതെന്ന ധാരണയുടെ ലംഘനമാണ് യുക്രെയ്‌ന്റെ നടപടിയെന്നാണ് പുടിന്റെ ആരോപണം.
ചേരിതിരിഞ്ഞുള്ള സാമ്രാജ്യത്വമോഹങ്ങളാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നു വ്യക്തമാണ്. യുക്രെയ്‌നെ കീഴടക്കിയാല്‍ കരിങ്കടല്‍ മുഴുവന്‍ സ്വന്തമായി കൈവശപ്പെടുത്താമെന്നും മെഡിറ്ററേനിയന്‍ കടലിലേക്ക് സുഗമമായ ഒരു സമുദ്രപാത തുറക്കാമെന്നുമുള്ള വ്യാമോഹവും പുടിനുണ്ട്. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ക്രീമിയ പിടിച്ചെടുത്തപ്പോഴുള്ള സ്വപ്നമാണത്. 'ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ലെങ്കില്‍ ആദ്യത്തെ അടി നമ്മുടേതായിരിക്കണം' എന്നു 2015 ല്‍ പുടിന്‍ പറഞ്ഞിട്ടുണ്ടെന്നു ചരിത്രം. കരിങ്കടല്‍ പ്രധാനമായും അതിരിടുന്ന തുര്‍ക്കിയും റൊമേനിയയും ഇപ്പോള്‍ നാറ്റോ സഖ്യത്തില്‍ തുടരുന്നതോ അംഗത്വം സ്വീകരിക്കുന്നതോ പുടിന് ഉള്‍ക്കൊള്ളാനാവില്ല. യുക്രെയ്‌നുശേഷം പുടിന്റെ ലക്ഷ്യം ജോര്‍ജിയയായിരിക്കുമെന്നു നിരീക്ഷിച്ചവരുണ്ട്.
ജൂഡോയില്‍ സമര്‍ത്ഥനും നിയമബിരുദധാരിയുമായ വ്‌ളാഡിമിര്‍ പുടിന്‍ 23-ാം വയസ്സില്‍ റഷ്യന്‍ രഹസ്യാന്വേഷണവിഭാഗമായ കെ.ജി.ബി.യില്‍ ചേര്‍ന്ന് ലഫ്. കേണല്‍ പദവിവരെ ഉയര്‍ന്നവ്യക്തിയാണ്. സെന്റ് പീറ്റേഴസ് ബര്‍ഗില്‍ ഡെപ്യൂട്ടി മേയറായി പൊതുജീവിതം ആരംഭിച്ച പുടിന്‍, സോവിയറ്റുകാലത്തെ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍സിന്റെ ഉപദേഷ്ടാവും 1999 ല്‍ പ്രധാനമന്ത്രിയുമായി. 2000 ല്‍ നാലാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം കൊണ്ടുവന്ന ഭരണഘടനാഭേദഗതിയിലൂടെ ആജീവനാന്തം അധികാരക്കസേരയില്‍ തുടരാനും പുടിനു കഴിയും.
സാമ്പത്തികഞെരുക്കവും മഹാമാരികളും ലോകത്തെ വരിഞ്ഞുമുറുക്കുന്ന അവസരത്തില്‍ ദുര്‍ബലമായ ഒരു രാജ്യത്തിന്റെമേല്‍ ഒരു വന്‍ശക്തിരാഷ്ട്രം ആക്രമണം അഴിച്ചുവിട്ടത് അങ്ങേയറ്റം അപലപനീയമാണ്. രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂഡ് അതിര്‍ത്തിയില്‍ സമാധാനചര്‍ച്ചകള്‍ക്കു തുടക്കമിട്ടു എന്ന വാര്‍ത്ത ആശ്വാസം പകരുന്നതാണ്. എല്ലാം ശുഭമായി പര്യവസാനിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കാനല്ലേ കഴിയൂ.