രക്തപ്പുഴകളില്‍ അഭിരമിക്കാന്‍ ഇഷ്ടപ്പെടുന്ന ഭീകരതയുടെ വക്താക്കള്‍ സമൂഹത്തിനു സമ്മാനിക്കുക വേദനകളുടെ ചോര കിനിയുന്ന മുറിവുകളാണ്. മിസൈലുകളും ബോംബുകളും കൊലക്കത്തികളും പക തീര്‍ക്കുമ്പോള്‍ ചുറ്റിലുമുയരുക ആര്‍ത്തനാദങ്ങളാണ്. യുദ്ധക്കൊതിയും വര്‍ഗീയഭ്രാന്തും മതവിദ്വേഷവും രാഷ്ട്രീയമാത്സര്യങ്ങളും ചോരപ്പുഴകളൊഴുക്കുമ്പോള്‍ ശാന്തിമന്ത്രങ്ങള്‍ക്കായി എവിടെയാണു തേടേണ്ടത്, നാടു മാത്രമല്ല രാജ്യവും ലോകവുമെല്ലാം.
കൊറോണ ഭീതിയൊഴിയുംമുമ്പേ യുദ്ധഭീതിയിലാണു ലോകം, മിസൈലുകളുടെ പ്രഹരത്തില്‍ ''ദൈവത്തിന്റെ സ്വന്തം നാട്ടി''ലാകട്ടെ രാഷ്ട്രീയക്കൊലപാതകങ്ങളും കൂട്ടയാത്മഹത്യകളും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു. രാഷ്ട്രീയഭ്രാന്ത് തലയ്ക്കു പിടിച്ചാല്‍ ആളുകള്‍ എത്രമാത്രം അക്രമാസക്തരാകുമെന്നു തലശേരിയില്‍ ഫെബ്രുവരി 21 ന് പുലര്‍ച്ചെയുണ്ടായ ഹരിദാസിന്റെ കൊലപാതകം കാണിച്ചുതരുന്നു. ജോലി കഴിഞ്ഞുവന്ന ഹരിദാസിനെ വീടിനു മുന്നില്‍ വെട്ടിവീഴ്ത്തിയത് ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിക്കുന്നു. നിരപരാധികളുടെയും നിഷ്‌കളങ്കരുടെയും ചുടുചോര കുടിച്ചു കലിപൂണ്ടു നില്‍ക്കുകയാണ് ഇന്നാട്ടിലെ ചില മനുഷ്യജന്മങ്ങള്‍. നിസ്സാരതര്‍ക്കങ്ങളുടെ പേരില്‍ ജീവനെടുക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം വിട്ട് സംയമനത്തിന്റെ നാളുകളിലേക്കു കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇനിയെന്നാണു മടങ്ങുക. ഒരു പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെട്ടാല്‍ പകരം മറ്റൊരു പാര്‍ട്ടിയിലെ ആള്‍കൂടി കൊല്ലപ്പെട്ടാലേ രാഷ്ട്രീയപകപോക്കല്‍ പൂര്‍ണമാകൂ എന്നു ചിന്തിക്കാന്‍ മാത്രം വിവേകമില്ലാത്തവരായിരിക്കുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍. മുന്‍കൊലപാതകവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാത്തവരാണ് പലപ്പോഴും രാഷ്ട്രീയപകയില്‍ എരിഞ്ഞടങ്ങുന്നത്. അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധി നല്‍
കുന്ന മുന്നറിയിപ്പ് രാഷ്ട്രീയപകയുടെയും മതവിദ്വേഷത്തിന്റെയും പ്രഘോഷകര്‍ക്കു പാഠമാകേണ്ടതാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ വിധി. നീണ്ടകാലം കാത്തിരിക്കേണ്ടിവന്നെങ്കിലും 56 നിരപരാധികളെ നിഷ്‌കരുണം കൊന്നുകളഞ്ഞ ക്രൂരതയ്ക്കു ശക്തമായ താക്കീതുതന്നെയാണ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി.വധശിക്ഷ വിധിച്ച 38 പേരില്‍ മൂന്നു മലയാളിയുവാക്കളും ഉള്‍പ്പെടുന്നു വെന്നത് കേരളസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഇത്രയധികം പേര്‍ക്ക് ഒരുമിച്ചു വധശിക്ഷ വിധിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസാണിത്. മരണംവരെ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട പതിനൊന്നു പ്രതികളിലുമുണ്ട് മൂന്നു മലയാളികള്‍. തീവ്രവാദത്തെയും ഭീകരതയെയും പോറ്റി വളര്‍ത്തുന്ന, അത്തരം ഭീകരസംഘടനകളില്‍ അംഗത്വമെടുക്കാന്‍ നാടു വിടുന്ന പെണ്‍കുട്ടികളടക്കമുള്ളവരുടെ കഥകള്‍ ഇന്ന് നമ്മുടെ നാടിനു പുതുമയല്ലാതായിരിക്കുന്നു. കൂടുതല്‍ കരുതല്‍ ആവശ്യമുള്ള കാലം. ഇത്തരം കേസുകളില്‍ അറിഞ്ഞോ അറിയാതെയോ അകപ്പെടാതിരിക്കാന്‍വേണ്ട ജാഗ്രത എല്ലാവര്‍ക്കും ഉണ്ടായേ പറ്റൂ എന്ന് ഈ വിധി മുന്നറിയിപ്പു നല്‍കുന്നു.
2008 ജൂലൈ 26 ന് അഹമ്മദാബാദ് നഗരത്തിലെ 14 സ്ഥലങ്ങളിലായി 21 സ്ഫോടനങ്ങളാണു നടന്നത്. ജനജീവിതം തിരക്കിലായിരുന്ന മണിക്കൂറുകളില്‍ വാഹനങ്ങളില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ 56 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 240 ഓളം പേര്‍ക്കു പരിക്കേറ്റു. വൈകുന്നേരം 6.45 ഓടെ ആരംഭിച്ച സ്ഫോടനങ്ങള്‍ ഒരു മണിക്കൂറിലേറെ നഗരത്തെ പിടിച്ചുകുലുക്കി. ''ജിഹാദിനു തുടക്കം, ഗുജറാത്തിനോടുള്ള പ്രതികാരം'' എന്ന തലക്കെട്ടുമായി 'അഹമ്മദാബാദില്‍ സ്ഫോടനം നടക്കാന്‍ പോവുന്നു. തടയാമെങ്കില്‍ തടയൂ.' എന്നൊരു ഇ മെയില്‍ സന്ദേശം ഗുജറാത്തിലെ ടി വി ചാനലുകളുടെ ഓഫീസുകളില്‍ അന്നേദിവസം എത്തിയിരുന്നു. ഇ മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യസ്ഫോടനം നടന്നു. തിരക്കേറിയ ഓള്‍ഡ് സിറ്റിയിലടക്കം നടന്ന സ്ഫോടനപരമ്പരയില്‍ നഗരം രക്തപ്പുഴയായി. പരിക്കേറ്റവര്‍ക്കു രക്തം നല്‍കുന്നതിനായി നിരവധി പേര്‍ ആശുപത്രികളില്‍ എത്തിയിരുന്നു. ഇതേ ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായത് നിരപരാധികളായ ഏറെ ജീവനുകള്‍ നഷ്ടമാക്കി.
ഗുജറാത്ത് ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട 2002 ലെ ഗുജറാത്ത് കലാപങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ പരക്കെ വേട്ടയാടപ്പെട്ടതിനു പ്രതികാരമെന്നോണമാണ് നിരോധിത തീവ്രവാദി സംഘടന സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. 'സിമി'യുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരാണ് പ്രതികളെല്ലാവരും. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തിരുന്നു. അന്വേഷണങ്ങളില്‍ 77 പേര്‍ അറസ്റ്റിലായി. വിചാരണയ്‌ക്കൊടുവില്‍ 28 പേരെ കോടതി കുറ്റവിമുക്തരാക്കി. ഒരാള്‍ നേരത്തേ മാപ്പുസാക്ഷിയായിരുന്നു.
അധികാരിവര്‍ഗങ്ങളോടു പ്രതികാരവാഞ്ഛ വച്ചു പുലര്‍ത്തുന്ന ഭീകരര്‍ നിരപരാധികളെ കൊന്നു പകരം വീട്ടുകയാണ്. നിഷ്‌കളങ്കരക്തം ചിന്തിയാല്‍ തങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടുമെന്നു ചിന്തിക്കാന്‍മാത്രം ബുദ്ധിമോശം തീവ്രവാദപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാവുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്തുകൊണ്ടെന്നറിയില്ല. അടുത്ത കാലത്ത് ഇത്തരം ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാവുന്നതിലേറെ പേരും വിദ്യാസമ്പന്നരാണ് എന്നതാണു ഞെട്ടിക്കുന്ന വസ്തുത.