ജനസേവനത്തിന് ഒരു കസേരയില്‍ ഒന്നിരിക്കാനുള്ള അവസരത്തിനുവേണ്ടി പാര്‍ട്ടികളുടെയും പാര്‍ട്ടിയംഗങ്ങളുടെയും അധികാരം പങ്കുവയ്ക്കല്‍, നാടിനെ നാറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ത്രിതലപഞ്ചായത്തു സംവിധാനത്തില്‍ ഒരു ഭരണസമിതിയുടെ അഞ്ചു വര്‍ഷക്കാലത്തു നടക്കുന്ന മുഴുവന്‍ സമയ പ്രക്രിയ പാര്‍ട്ടിപ്രതിനിധികള്‍ തമ്മിലും കുടുംബാംഗങ്ങള്‍ തമ്മിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും നടക്കുന്ന അധികാരം പങ്കുവയ്ക്കലാണ്. വോട്ടുചെയ്യുന്ന പൗരന്മാരെ വിഡ്ഢികളാക്കുന്ന അറുതറ കച്ചവടമാണിത്.
നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെല്ലാം ഈ മുതലെടുപ്പിനുള്ള അവസരങ്ങള്‍ മാത്രമാക്കി മാറ്റുകയാണ്. ഈ പങ്കുവയ്ക്കല്‍ എത്ര വലിയ വിഷയമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു!
മൂന്നു മാസക്കാലത്തെ ജില്ലാ പഞ്ചായത്തു പ്രസിഡണ്ടുസ്ഥാനത്തിനുവേണ്ടി നാലു പതിറ്റാണ്ടു വളര്‍ന്ന ഒരു മുന്നണിപ്രസ്ഥാനത്തെ തകര്‍ക്കാന്‍ മുതിരണമെങ്കില്‍ ഈ സ്ഥാനങ്ങള്‍ നല്‍കുന്ന വമ്പന്‍ ആകര്‍ഷണം എത്രയെന്നു മനസ്സിലാക്കുക. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയാടിസ്ഥാനത്തില്‍ ഭരണസ്ഥാനങ്ങളിലിരിക്കുന്ന ആരുംതന്നെ മാന്യരല്ലെന്നു കരുതേണ്ടിവരുന്നതില്‍ സങ്കടമുണ്ട്. അവരെയൊന്നും സജ്ജനങ്ങള്‍ക്കു ബഹുമാനിക്കാന്‍ കഴിയില്ല.
കൊറോണയെക്കാള്‍ നാടിനാപത്ത് ഇന്നത്തെ ഈ നേതൃസമൂഹമാണ്. ഈ നാടിനൊരു രക്ഷ ആരു തരും?
കാന്താരിമുളക് അരയ്ക്കൂ, ശൈലീരോഗങ്ങള്‍ അകറ്റൂ
65 വയസ്സിന്റെ നിരോധനത്തിനുശേഷം ചന്തയ്ക്കു പോക്കു കുറച്ചു. വീട്ടിലുള്ള അതുമിതും പറിച്ചു കറിവയ്പു തുടങ്ങി, കൂട്ടത്തില്‍ അവഗണിച്ചിട്ടിരുന്ന മുറ്റത്തെ കാന്താരിമുളകു പറിച്ചു പച്ചക്കറിത്തോരനും ചമ്മന്തിയുമൊക്കെ ഉണ്ടാക്കിത്തുടങ്ങി. വ്യത്യാസം ബോധ്യപ്പെട്ടു, ഇനി പറയാതിരിക്കാന്‍ വയ്യ. കറികള്‍ക്കും ചമ്മന്തിക്കും വീട്ടുമുറ്റത്തെ നാടന്‍ പച്ചക്കാന്താരിമുളകു പാകത്തിനു ചേര്‍ത്ത് അരപ്പുണ്ടാക്കിയാല്‍ എന്തു സ്വാദ്! ഒന്ന് ഉപയോഗിച്ചുനോക്കുക. ചെണ്ടന്‍കപ്പയ്ക്കും ഉണക്കുകപ്പ വാട്ടിയതിനും കാന്താരിക്കൂട്ടിനെക്കാള്‍ നല്ല കറി എന്തിരിക്കുന്നു, അല്ലേ! മാത്രമോ, കാന്താരിമുളകിന്റെ ഔഷധഗുണങ്ങള്‍ എത്ര വലുത്!
തിരുവനന്തപുരത്തു മ്യൂസിയത്തിന്റെ മെയിന്‍ഗേറ്റിനു മുമ്പില്‍ പണ്ട്, അതിരാവിലെ ഒരു പച്ചിലക്കൂട്ടു ജൂസ് കിട്ടുമായിരുന്നു ഇപ്പോഴുണ്ടോ, ആവോ! അതിലെ പ്രധാനഘടകം പച്ചക്കാന്താരിമുളകായിരുന്നു. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നു പോകുമ്പോള്‍ പച്ചക്കാന്താരി പറിച്ചുകൊണ്ടുപോയി ആ നല്ല മനുഷ്യനു ഞാന്‍ വെറുതേ കൊടുക്കുമായിരുന്നു.
അരനൂറ്റാണ്ടുമുമ്പുവരെ വീട്ടുവളപ്പില്‍ പടുമുളയായി എന്തു മാത്രം കാന്താരിച്ചീനികള്‍ തഴച്ചുവളര്‍ന്നു, നിറയെ മുളകുമായി നില്‍ക്കുമായിരുന്നു. അന്നു നാട്ടിന്‍പുറങ്ങളില്‍ ഏതു പറമ്പിലും നാടന്‍ചീനികള്‍ ധാരാളമുണ്ടായിരുന്നു. കൂടാതെ കൊമ്പന്‍ ചീനിയിനങ്ങള്‍ ചെറിയ തോതില്‍ കൃഷിയുമുണ്ടായിരുന്നു.
ഈ കൊവിഡുകാലത്തു കാന്താരിയിലേക്കൊന്നു മടങ്ങി നോക്കാം. രണ്ടു കാന്താരിച്ചീനി മുറ്റത്തു പിടിപ്പിക്കാന്‍ ആര്‍ക്കാണു കഴിയാത്തത്! നല്ല മൂത്ത കാന്താരിമുളകു പറിച്ചു ഫ്രഷായി കറികള്‍ക്കും കപ്പ - ചക്ക പുഴുക്കുകള്‍ക്കും മാങ്ങാച്ചമ്മന്തിക്കും പിന്നെ മത്തിവറുക്കാനും ഉപയോഗിച്ചുനോക്കൂ. സ്വാദ് ഇരട്ടി കിട്ടുന്നതു കൂടാതെ വലിയ ഔഷധമേന്മയും ലഭിക്കും. കൊറോണ പോലും മാറി നിന്നേക്കും.
ട്രഷറി നിക്ഷേപങ്ങള്‍ പത്രപ്പരസ്യം വേണം
വിവിധ കാരണങ്ങളാല്‍, അവകാശികള്‍ ആരെന്നറിയാത്ത കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ ട്രഷറികളിലും ബാങ്കുകളിലുമുണ്ട്.
ലഭ്യമായ വിലാസങ്ങളില്‍ കത്തുകളയച്ചിട്ട്, ആരും അവകാശപ്പെട്ടു വരുന്നില്ലെങ്കില്‍ ഈ ട്രഷറിനിക്ഷേപങ്ങള്‍ കണ്ടുകെട്ടി സര്‍ക്കാര്‍ എടുക്കുമെന്ന് ഒരു വാര്‍ത്ത കണ്ടു. ഇങ്ങനെ കത്തുകള്‍ അയച്ചു സമാധാനിച്ചിട്ടു കണ്ടുകെട്ടുന്നതു ശരിയല്ല.
ഈ കത്തുകളെക്കുറിച്ച് അറിവു ലഭിക്കാത്ത യഥാര്‍ത്ഥ അവകാശികള്‍ ഉണ്ടാവാം. നിക്ഷേപങ്ങളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകില്ല. പിന്നെ അവര്‍ എങ്ങനെ അറിയും, അവകാശപ്പെടും? അതിന് ഇത്തരം നിക്ഷേപങ്ങളുടെ പൂര്‍ണവിവരങ്ങളുള്ള പത്രപ്പരസ്യങ്ങള്‍തന്നെ വേണം..