ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുപ്രചാരണവേളയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തിയ അബദ്ധജടിലമായ കേരളവിരുദ്ധപ്രസംഗം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേരളം, കശ്മീര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ ഉത്തര്‍പ്രദേശ് ആകാതിരിക്കാന്‍ വോട്ടു ചെയ്യുമ്പോള്‍ സമ്മതിദായകര്‍ ശ്രദ്ധിക്കണമെന്നായിരുന്നു യോഗിയുടെ വിവാദപ്രസ്താവന. സാമൂഹികസുരക്ഷാമേഖലകള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ നേട്ടങ്ങള്‍ മറച്ചുവച്ചുകൊണ്ട് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ആദ്യമായിട്ടല്ല ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പുസമയത്ത് കേരളത്തില്‍ എത്തിയ നരേന്ദ്രമോദി കേരളത്തെ സൊമാലിയയുമായി സാമ്യപ്പെടുത്തി നട
ത്തിയ പ്രസംഗം വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.
കേരളത്തിനെതിരേയുള്ള യോഗിയുടെ പ്രസ്താവനയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയരുന്നത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശിശുമരണ നിരക്ക്, പോഷകാഹാരനിലവാരം, ഭരണനൈപുണ്യം, അഴിമതി, മനുഷ്യവിഭവശേഷി വികസനം,
ക്രമസമാധാനനിലവാരം തുടങ്ങിയ വിവിധ സൂചകങ്ങള്‍ വച്ചുകൊണ്ടു പരിശോധിക്കുമ്പോള്‍ താരതമ്യത്തിനുപോലും ഇടയില്ലാത്തവിധം കേരളത്തെ മോശമാക്കാനും ഉത്തര്‍പ്രദേശിനെ മഹത്ത്വവത്കരിക്കാനുമുള്ള യോഗിയുടെ വിവാദപരാമര്‍ശം അദ്ദേഹത്തിനു നേരേതന്നെ തിരിച്ചടിക്കുന്ന കാഴ്ചയാണു കാണുന്നത്.
യോഗിയുടെ സ്വന്തം പാര്‍ട്ടിയായ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍തന്നെ തയ്യാറാക്കുന്ന വികസനസൂചികകളില്‍ എല്ലാ രംഗത്തും മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം എന്നത് മറച്ചുവച്ചുകൊണ്ടാണ് മലയാളനാടിനെ മനഃപൂര്‍വം ഇകഴ്ത്തിക്കാട്ടുന്ന പ്രസ്താവനയുമായി യോഗി രംഗത്തുവന്നിരിക്കുന്നത്. പുറത്തുവരുന്ന വികസനസൂചികകളില്‍ എല്ലാ രംഗത്തും ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോളാണ് കേരളത്തെ താറടിക്കാനും അപമാനിക്കാനുമുള്ള ആസൂത്രിതശ്രമം യോഗി ആദിത്യനാഥ് നടത്തിയിരിക്കുന്നത്. നീതി ആയോഗിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കണക്കുകള്‍പ്രകാരം, മനുഷ്യവികസനസൂചികകളില്‍ മിക്കതിലും കേരളം ഒന്നാമതും ഉത്തര്‍ പ്രദേശ് ഏറെ പിന്നിലുമാണ്. കഴിഞ്ഞ വര്‍ഷം നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിരവികസനലക്ഷ്യസൂചികയിലെ 15 വിഷയങ്ങളില്‍ 13 എണ്ണത്തിലും യുപി കേരളത്തിന് ഒരുപാടു
പിന്നിലാണ്. ഏറ്റവുമൊടുവില്‍ നീതി ആയോഗ് പുറത്തുവിട്ട കേവല ദാരിദ്ര്യസൂചികയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കേരളം നില്‍ക്കുമ്പോള്‍ യോഗിയുടെ യുപിയാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം അതിദരിദ്രരുള്ള സംസ്ഥാനം.
താരതമ്യങ്ങള്‍പോലും സാധ്യമല്ലാത്തകേരളവും യുപിയും നീതി ആയോഗ് ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ സാമൂഹികസുരക്ഷാ, ഭരണമേഖലകള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള ചില താരതമ്യങ്ങളും ശ്രദ്ധിക്കുക. രാജ്യാന്തരതലത്തില്‍പ്പോലും ശ്രദ്ധിക്കത്തക്കവിധം നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയില്‍ (ടൗേെമശിമയഹല ഉല്‌ലഹീുാലി േകിറലഃ) 2018 മുതല്‍ തുടര്‍ച്ചയായി രാജ്യത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ സംസ്ഥാനമാണ് കേരളം. മുന്‍വര്‍ഷത്തെ സ്‌കോറില്‍നിന്ന് അഞ്ച് പോയിന്റുകൂടി കൂട്ടി 100 ല്‍ 75 പോയിന്റോടെയാണ് 2020-2021 ല്‍ കേരളം വീണ്ടും ഒന്നാമതായത്. വ്യവസായവികസനം, ദാരിദ്ര്യനിര്‍മാര്‍ജനം, മികച്ച ആരോഗ്യവും ക്ഷേമവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗപദവി സമത്വം എന്നീ മേഖലകളിലെ മിന്നുന്ന പ്രകടനമാണ് കേരളത്തെ വീണ്ടും മുന്നിലെത്തിച്ചത്. ഹിമാചല്‍പ്രദേശും തമിഴ്‌നാടും 74 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. 52 പോയിന്റുമായി ബീഹാറാണ് ഏറ്റവും പിന്നില്‍. ജാര്‍ഖണ്ഡ് (56), അസം (57), യോഗിയുടെ ഉത്തര്‍പ്രദേശ് (60) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്.
2018 ല്‍ നീതി ആയോഗിന്റെ ആദ്യസൂചികയില്‍ ഒന്നാം സ്ഥാനം നേടിയ കേരളം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തികഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 115 വികസനസൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹികലക്ഷ്യങ്ങള്‍ എത്രമാത്രം കൈവരിച്ചു എന്നു കണക്കാക്കുന്ന ഈ സൂചികയില്‍ 100 ല്‍ 69 പോയിന്റായിരുന്നു കേരളം 2018 ല്‍ നേടിയത്. എന്നാല്‍, ഇത്തവണ അത് 75 പോയിന്റായി ഉയര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായി ഒരു പുരോഗതിയും കൈവരിക്കാന്‍ ഉത്തര്‍ പ്രദേശിനു കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സൂചികപ്രകാരം കേരളം മുന്നിലാണ്. കേരളത്തില്‍ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തില്‍ 70 ശതമാനമാണ് ദേശീയ ശരാശരി. ഉത്തര്‍പ്രദേശില്‍ 36.4 ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയ സൗകര്യം ഉള്ളത്. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലും (75.3 വയസ്സ്), ശിശുമരണനിരക്ക് ഏറ്റവും കുറവും (ആയിരത്തില്‍ 4.4) കേരളത്തിലാണ്. ഇക്കാര്യങ്ങളിലൊക്കെ വളരെ ദയനീയമാണ് ഉത്തര്‍പ്രദേശിന്റെ അവസ്ഥ.
നീതി ആയോഗ് രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത സുസ്ഥിരവികസനസൂചിക തയ്യാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായും, ഇന്ത്യയിലെ വിവിധ യു എന്‍ ഏജന്‍സികള്‍, കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വഹണമന്ത്രാലയം (Ministry of Statistics and Programme Implementation),, മറ്റു പ്രധാന കേന്ദ്രമന്ത്രാലയങ്ങള്‍ തുടങ്ങിയവയുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസനലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്. സുസ്ഥിരവികസനം ലക്ഷ്യം വച്ച് ഐക്യരാഷ്ട്രസംഘടനയുടെ 2015 സെപ്തംബറില്‍ ചേര്‍ന്ന 193 അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് വികസനവും ജനക്ഷേമവും വിലയിരുത്താനുള്ള സൂചികകള്‍ക്കു രൂപം നല്കിയത്. 2018 മുതലാണ് ഇന്ത്യയില്‍ സുസ്ഥിരവികസനസൂചിക പ്രസിദ്ധീകരിച്ചുതുടങ്ങിയത്. രാജ്യത്തിന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ വിലയിരുത്താനുള്ള പ്രാഥമികസൂചികയാണിത്. രാജ്യാന്തരനിലവാരത്തിലേക്ക് എത്തുന്നതില്‍ രാജ്യം നേടുന്ന പുരോഗതി വിലയിരുത്തുന്ന സൂചിക ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയാണു തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്രമാനദണ്ഡങ്ങളോടുപോലും കിടപിടിക്കുന്ന സാമൂഹികസുരക്ഷാസംവിധാനമാണ് കേരളത്തിലുള്ളത്. യു പിയിലേത് ഏറ്റവും പിന്നിലും.
അടുത്തതായി നീതി ആയോഗിന്റെതന്നെ ഏറ്റവും പുതിയ ബഹുമേഖല ദാരിദ്ര്യസൂചിക (എംപിഐ) റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയില്‍ 0.71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍. ബിഹാര്‍ (51.91), ജാര്‍ഖണ്ഡ് (42.16), ഉത്തര്‍പ്രദേശ് (37.79) സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ പരിശോധിച്ചാണ് നീതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആരോഗ്യരംഗത്ത് കേരളത്തിന്റെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ആരോഗ്യമേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നീതി ആയോഗ് സൂചികയില്‍ തുടര്‍ച്ചയായ നാലാം തവണയും കേരളമാണ് ഒന്നാമതെത്തിയത്. നൂറില്‍ 82.20 സ്‌കോര്‍ നേടിയാണ് 2019-20 വര്‍ഷത്തെ സൂചികയില്‍ കേരളത്തിന്റെ നേട്ടം. സ്‌കോര്‍ 30.57 മാത്രം ലഭിച്ച യോഗിയുടെ ഉത്തര്‍പ്രദേശാണ് ഇവിടെയും ഏറ്റവും പിന്നില്‍. 19 വലിയ സംസ്ഥാനങ്ങള്‍, എട്ട് ചെറിയ സംസ്ഥാനങ്ങള്‍, ഏഴു കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് സൂചിക. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിനു ലഭിച്ച സ്‌കോറിന്റെ 2.7 മടങ്ങ് കേരളം നേടി എന്നത് ഏറെ ശ്രദ്ധേയവും അഭിമാനകരവുമാണ്.
കൂടാതെ, 2021-22 ലെ നീതി ആയോഗിന്റെ പ്രഥമ നഗരസുസ്ഥിരവികസനലക്ഷ്യ (എസ്ഡിജി) സൂചികയില്‍ (2021-22) നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തിയത് തിരുവനന്തപുരവും കൊച്ചിയുമാണ്. സൂചികയിലെ ആദ്യ പത്തു നഗരങ്ങളില്‍ യു.പിയില്‍നിന്ന് ഒരു നഗരംപോലും ഉള്‍പ്പെട്ടില്ല എന്നതു ശ്രദ്ധേയമാണ്. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെയും 46 വികസനലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ് തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. ദാരിദ്ര്യനിര്‍മാര്‍ജനം, ജീവിതനിലവാരം, പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതോടൊപ്പം പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പ്രസിദ്ധീകരിച്ച 2021 ലെ പൊതുകാര്യസൂചിക (പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് - പിഎഐ 2021) പ്രകാരം, ഇന്ത്യയിലെ വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് കേരളമാണ്. 1.618 പി എഐ സ്‌കോറുമായി കേരളം ഏറ്റവും മുന്നിലെത്തിയപ്പോള്‍ മൈനസ് 1.418 പി എ ഐ സ്‌കോറുമായി ഏറ്റവും പിന്നില്‍ പതിനെട്ടാം സ്ഥാനമാണ് ഉത്തര്‍പ്രദേശിനുള്ളത്.
അമര്‍ത്യാ സെന്‍ കണ്ട കേരളം
ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യാ സെന്‍ ഒരിക്കല്‍ പറഞ്ഞു: ''ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്.'' 'കേരള വികസനമാതൃകയുടെ' വലിയ ആരാധകനായ അമര്‍ത്യാ സെന്‍ നിരവധി അന്താരാഷ്ട്രവേദികളിലുള്‍പ്പെടെ നടത്തിയ പ്രഭാഷണങ്ങളിലും എഴുതിയ പ്രശസ്ത ഗ്രന്ഥങ്ങളിലും കേരളത്തിന്റെ മികവും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കോട്ടങ്ങളും തെളിവുകള്‍ സഹിതം എടുത്തുകാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹികവികസനത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, ഉടമാവകാശരീതികള്‍, സാമൂഹിക വര്‍ഗീകരണം, ലിംഗബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ''ഇന്ത്യ - സാമ്പത്തികവികസനവും സാമൂഹികാവസരവും'' എന്ന പുസ്തകത്തില്‍ കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ വിശദമായ താരതമ്യപഠനം അമര്‍ത്യാ സെന്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ഈ രംഗത്തെ വളര്‍ച്ചയെ വികസിത-വികസ്വരരാഷ്ട്രങ്ങളുമായും തുലനം ചെയ്ത് പുസ്തകത്തില്‍ അമര്‍ത്യാ സെന്‍ പരിശോധിക്കുന്നുണ്ട്. കേരള വികസനമാതൃകയുടെ വലിയ വക്താവായ അമര്‍ത്യാ സെന്‍ കേരളം കൈവരിച്ച നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങള്‍ വളരെ പിന്നാക്കാവസ്ഥയിലാണ് എന്നാണു സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
വസ്തുതകള്‍ ഇതായിരിക്കേ, സത്യത്തെ തമസ്‌കരിക്കാനും കേരളം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്താനുമുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമങ്ങള്‍ സ്വന്തം വീഴ്ചകളും ഭരണപരാജയങ്ങളും മൂടിവയ്ക്കാനുള്ള രാഷ്ട്രീയാഭ്യാസമായി കരുതേണ്ടിയിരിക്കുന്നു.