''സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ഒരു വിശുദ്ധീകരണപ്രക്രിയയ്ക്കു വിധേയമാകേണ്ടതുണ്ട്.''
2018 ഏപ്രില്‍ ഒമ്പതിനു പുറപ്പെടുവിച്ച ''ഗൗദാത്തേ എത് എക്‌സുള്‍ദാത്തേ'' (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍) എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഗൗരവത്തോടെ ഓര്‍മിപ്പിച്ചതാണിത്.
''മാധ്യമങ്ങളെ പ്രപഞ്ചവിധാതാവിന്റെ ആസൂത്രണപരിപാടികള്‍ക്കു വിരുദ്ധമായ വിധത്തിലോ തങ്ങളുടെ തന്നെ നാശത്തിനു വഴിതെളിക്കത്തക്ക രീതിയിലോ ഉപയോഗിക്കാമെന്നുള്ള പരമാര്‍ത്ഥം സഭ നല്ലവണ്ണമറിയുന്നുണ്ട്'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളെ സംബന്ധിക്കുന്ന ഡിക്രി, ആമുഖം - ഖണ്ഡിക 2) എന്ന ദീര്‍ഘവീക്ഷണമുള്ള ഓര്‍മപ്പെടുത്തലും ഇതിനോടു ചേര്‍ത്തുവായിക്കണം.
മാധ്യമങ്ങള്‍ മനുഷ്യന്റെ ചിന്തയെ, ജീവിതക്രമത്തെ, ബന്ധങ്ങളെ, ബോധതലങ്ങളെ എല്ലാം സ്വാധീ
നിക്കുന്ന അതുല്യശക്തിയായി മാറിക്കഴിഞ്ഞിരി
ക്കുന്നു. ആശയവിനിമയങ്ങളുടെ വേഗത്തിനു പുതിയ താളവും ഭാവവും കൈവരുന്നു. അകലങ്ങളിലെ അറിവും വിനോദവും ഒരു മൗസ് ക്ലിക്ക് വേഗത്തില്‍ കണ്‍മുമ്പിലെത്തുന്നു. ആശയവിനിമയസംസ്‌കാരം അനുദിനം, അനുനിമിഷം പുതിയ ഉയരങ്ങളിലേക്കു കുതിച്ചുപായുന്നു.
അനന്തമീ നേട്ടങ്ങള്‍
അറിവന്വേഷണങ്ങളുടെ പാതയില്‍ മാധ്യമങ്ങള്‍ സമ്മാനിച്ചിട്ടുള്ള നേട്ടങ്ങള്‍ എത്രയോ വലുതാണ്! ഡിജിറ്റല്‍ പഠനത്തിന്റെ അനന്തസാധ്യതകളെ ലോകം അധികമായി തിരിച്ചറിഞ്ഞ ഘട്ടംകൂടിയാണു കൊവിഡ് കാലം. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ടെലിവിഷനുമെല്ലാം ക്ലാസ്മുറിക്കും അധ്യാപകര്‍ക്കും ഭാഗികമായെങ്കിലും
ബദലായി മാറി; സുരക്ഷിതപഠനത്തിന്റെ ഓണ്‍ലൈന്‍ കാലം.
മാധ്യമങ്ങളുടെ നേട്ടങ്ങളിലെ തിളക്കങ്ങള്‍ ആഘോഷിക്കുമ്പോഴും അതു വരച്ചിടുന്ന പാതകളില്‍ സഞ്ചരിക്കുന്നവരായി മനുഷ്യന്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യവും പ്രസക്തമാകുന്നു. അവിടെയാണു മാധ്യമങ്ങള്‍ നമ്മുടെ കൈകളിലോ നമ്മള്‍ മാധ്യമങ്ങളുടെ കൈകളിലോ എന്ന അനിവാര്യമായ ചോദ്യം ഉയരുന്നത്. അവിടെയാണ് ഇന്നലെകള്‍ പകര്‍ന്നുനല്‍കിയ നന്മകള്‍ക്കു ശോഭ മങ്ങിയോ എന്ന വേവലാതി ഉയരുന്നത്..!
നിസ്സാരമല്ല ഈ കണക്കുകള്‍
ഇന്റര്‍നെറ്റിന്റെ കടന്നുവരവും ആധിപത്യവും മുഖ്യധാരാമാധ്യമങ്ങള്‍ക്കൊപ്പമോ അതിലധികമോ സ്വാധീനം ചെലുത്തുന്ന ശക്തികളായി സാമൂഹികമാധ്യമങ്ങളെ മാറ്റിയിട്ടുണ്ട്.
2020 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 71.878 കോടി (ഏകദേശം 54.29 ശതമാനം) ജനങ്ങള്‍ സജീവ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ്. 2007 ല്‍ ഇന്ത്യയില്‍ നാലു ശതമാനം പേര്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്.
എല്ലാം വാര്‍ത്ത, എല്ലാവരും ലേഖകര്‍
ടെലിവിഷനിലെ ബ്രേക്കിങ് ന്യൂസുകള്‍ക്കും പത്രത്തിലെ ആറു കോളം തലക്കെട്ടുകള്‍ക്കുംമുമ്പേ, വാര്‍ത്ത മൊബൈല്‍ സ്‌ക്രീനുകളിലേക്കെത്തിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ മത്സരിക്കുന്നു. ഓരോരുത്തരും വാര്‍ത്താലേഖകരും അവതാരകരും വിതരണക്കാരുമെല്ലാമാകുന്ന സ്ഥിതി.
വാര്‍ത്തകളുടെയും അറിവുകളുടെയും വിശാലമായ രംഗത്തെ വിദഗ്ധര്‍ 'ബിഗ് ഡേറ്റാ' എന്നു വിളിക്കുന്നു. മത്സരവും സെന്‍സേഷണലിസത്തിനായുള്ള പരക്കംപാച്ചിലും മാധ്യമങ്ങളുടെ നിലനില്പിന്റെ പ്രശ്‌നമായപ്പോള്‍, മൂല്യനിരാസം ഒരു പ്രശ്‌നമേയല്ലെന്നു കരുതുകയും അതനുസരിച്ചു മാധ്യമമണ്ഡലങ്ങളില്‍ നിറഞ്ഞാടുകയും ചെയ്യുന്ന ചെറുതും വലുതുമായ മാധ്യമബിംബങ്ങളെ പരക്കെക്കാണാം.
വൈറല്‍ ലഹരി
സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും തരംഗമാകാനുമുള്ള ലഹരി തലയ്ക്കുപിടിച്ചവരും മാധ്യമരംഗത്തെ മൂല്യങ്ങള്‍ക്കു വെല്ലുവിളിയാകുന്നുണ്ട്. നിലനില്‍ക്കുന്ന മൂല്യാധിഷ്ഠിത അടിത്തറകളെയും സംവിധാനങ്ങളെയും അസ്ഥാനങ്ങളിലും അനാവശ്യമായും വിമര്‍ശിക്കുകയാണ് അതിനുള്ള വഴിയായി
അവരേറെയും തിരഞ്ഞെടുക്കുക. അടുത്ത കാലത്തു
സഭയും വിശ്വാസവും വിശ്വാസികളും ഇത്തരം വൈറല്‍
ലഹരി ബാധിച്ചവരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയരായിട്ടുണ്ട്.
വെര്‍ബല്‍ വയലന്‍സ്
സമാന്തരമായ ആത്മഭാഷണം (പാരലല്‍ മോണോ
ലോഗ്) എന്നാണു സോഷ്യല്‍ മീഡിയയിലെ ശബ്ദ
ങ്ങളെ ഫ്രാന്‍സിസ് പാപ്പാ (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍) വിളിക്കുന്നത്. പരസ്പരം ശ്രവിക്കാത്ത തന്നോടുതന്നെയുള്ള സംസാരം.
സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ ആക്ഷേപിക്കുന്നതും വര്‍ഗീയവിദ്വേഷം പരത്തുന്നതും വര്‍ധിച്ചുവരുന്നു. സ്വകാര്യതയുടെ ലംഘനം, വെറുപ്പും വിദ്വേഷവും നിറയുന്ന സൈബര്‍ ആക്രമണങ്ങള്‍, ജ്ഞാനത്തിന്റെ അഭാവം നിഴലിക്കുന്ന അറിവ് എന്നിവയെല്ലാം മാധ്യമ അപഭ്രംശങ്ങളായി പാപ്പാ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയിലെ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം (വെര്‍ബല്‍ വയലന്‍സ്) അവസാ
നിപ്പിക്കണമെന്നും പാപ്പാ ചാക്രികലേഖനത്തില്‍ ഓര്‍
മിപ്പിക്കുന്നുണ്ട്.
അതിരില്ലാത്ത സ്‌ക്രീന്‍ ടൈം!
പുതുതലമുറ മുമ്പെന്നത്തെക്കാളും സ്മാര്‍ട്ട്
ഫോണും ഇന്റര്‍നെറ്റും അധികമായോ അമിതമായോ ഉപയോഗിക്കുന്ന കാലമാണിത്. അനിവാര്യമായെത്തിയ ഓണ്‍ലൈന്‍ പഠനവും അതിന്റെ കാരണങ്ങളുടെ പട്ടികയിലുണ്ട്. പഠനത്തിനപ്പുറം വിനോദോപാധിയായി ഇതിനെ കാണുന്നവരും ഏറെ.
ഫോണും നോക്കിയിരിക്കാതെ പോയി പഠിക്കെടാ എന്ന് ഇന്നലെകളില്‍ പറഞ്ഞ മാതാപിതാക്കള്‍ക്കു ഫോണ്‍ നോക്കി പഠിക്കൂ മോനേ! എന്നു സവിനയം പറയേണ്ടിവരുന്നുണ്ട്. ടിവിയും മൊബൈല്‍ഫോണും ഉപയോഗിക്കുന്നതിന്റെ പേരില്‍ കുട്ടികളെ ശകാരിച്ചുപോന്ന രക്ഷിതാക്കളും അധ്യാപകരും ഇപ്പോള്‍ അവ ഉപയോഗിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ട്.
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കുമുമ്പില്‍ കൗമാരം തളച്ചിടപ്പെട്ട കാലംകൂടിയായി ലോക്ഡൗണ്‍. സ്മാര്‍ട്ട്‌ഫോണ്‍ പല കുട്ടികള്‍ക്കും ശരീരത്തിന്റെ ഭാഗംപോലെയായി മാറിക്കഴിഞ്ഞു എന്നാണ്, ഈ മേഖലയില്‍ കൗണ്‍സലിങ് സേവനം ലഭ്യമാക്കുന്നവര്‍ പറയുന്നത്. കൈയില്‍ ഫോണില്ലാതെ പറ്റാത്ത സ്ഥിതി!
ഗെയിം വെറും ഗെയിമല്ല!
2017 ല്‍ സൗത്ത് കൊറിയയിലെ ബ്ലൂ ഹോള്‍ കമ്പനി വികസിപ്പിച്ചെടുത്തതാണ് പ്ലെയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് എന്ന പബ്ജി ഗെയിം. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗെയിമാണിതെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും ഇതു നമ്മുടെ കൗമാര, യൗവനങ്ങള്‍ കളിച്ചുകൊണ്ടേയിരിക്കുന്നു.
പബ്ജി പോലുള്ളത് മള്‍ട്ടി പ്ലയര്‍ ഓണ്‍ലൈന്‍ ഷൂട്ടര്‍ ഗെയിമുകളാണ്. കൗമാരക്കാരില്‍ ആരാണിതു കളിക്കാത്തത് എന്ന അന്വേഷണമാകും എളുപ്പും. പബ്ജി ഗെയിമിന്റെ ഉറവിടമായ കൊറിയ ഇപ്പോള്‍ അതു കളിക്കുന്നവരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ്. ഒരു ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു എന്നുകൂടി അറിയുക...
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്കുമുമ്പിലെ ഗെയിമുകളോടുള്ള ആസക്തിയെ ഗെയിമിങ് ഡിസോര്‍ഡര്‍ എന്നാണു ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നത്. ഇതു ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണെന്നും ഡബ്ല്യുഎച്ച്ഒ 2018 ല്‍ പ്രഖ്യാപിച്ചു. സ്‌ക്രീനുകളില്‍ (മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, സിനിമ) ഹിംസാത്മകമായ ദൃശ്യങ്ങള്‍ കാണുന്ന കുട്ടികളുടെ സ്വഭാവത്തില്‍ ആക്രമണോത്സുകത പ്രകടമാണെന്ന് അമേരിക്കന്‍ പീഡിയാട്രിക് അസോസിയേഷന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒപ്പമുണ്ടാകാം
മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും അധ്യാപകരുമടങ്ങുന്ന ഒരു ലോകമാണ് ഒന്നിനു പകരം മറ്റൊന്ന് എന്ന തരത്തില്‍ ആശ്വാസം പകരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ഈ പകരങ്ങളില്‍ അനിശ്ചിതത്വമുണ്ടായി.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും പഠനത്തിനുമായി ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുമ്പോള്‍, കരുതല്‍ വേണമെന്നു ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി (സിഇആര്‍ടി) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അധികമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ കുട്ടികള്‍ സൈബര്‍ ലോകത്തെ തെറ്റായ ഉള്ളടക്കത്തിലേക്കെത്താനും സൈബര്‍ ക്രിമിനലുകളുടെ അടുത്തെത്താനും സൈബര്‍ ബുള്ളിയിങ്ങിനു വിധേയരാവാനും സാധ്യതയുണ്ടെന്നും സിഇആര്‍ടി നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സജീവശ്രദ്ധ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഉണ്ടാകണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
മാധ്യമസാക്ഷരത, ജാഗ്രത
കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥമായ 'യുക്യാറ്റി' ല്‍ ഓര്‍മിപ്പിക്കുന്നത് ഇങ്ങനെ: 'തങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് അനേകര്‍, പ്രത്യേകിച്ചു കുട്ടികള്‍, വിചാരിക്കുന്നു. വിനോദത്തിന്റെ പേരില്‍ അക്രമം മഹത്ത്വീകരിച്ചു കാണിച്ചാല്‍, സമൂഹവിരുദ്ധമായ പെരുമാറ്റം അംഗീകരിച്ചാല്‍, ഉത്തരവാദിത്വമുള്ള മീഡിയ പ്രവര്‍ത്തകരെ സംബന്ധിച്ച് അതു പാപമാണ്. അതിനു വിരാമമിടാന്‍ കടപ്പെട്ട പരിശോധകരായ മേലധികാരികളെ സംബന്ധിച്ചും അതു പാപമാണ്. (ഖണ്ഡിക 460).
മാധ്യമലോകത്തെ സത്യങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും നിക്ഷിപ്ത അജണ്ടകളുമെല്ലാം നിറഞ്ഞ വിവര, വിനോദങ്ങളുടെ മലവെള്ളപ്പാച്ചിലിനെ പൂര്‍ണതോതില്‍ തടഞ്ഞു നിര്‍ത്തുക എളുപ്പമല്ല. സെന്‍സറിങ്ങുകള്‍ക്കും നിയമങ്ങള്‍ക്കും മേലെ ആവിഷ്‌കാരസ്വാതന്ത്ര്യം പ്രതിഷ്ഠിക്കപ്പെടുന്ന കാലത്ത്, മാധ്യമങ്ങളുടെ ഉപയോഗത്തിലും പങ്കുവയ്ക്കലിലും വിവേചനം പാലിക്കുക എന്നതു തന്നെയാണു ഫലപ്രദം.
മാധ്യമങ്ങള്‍ പ്രശ്‌നമല്ല, സാധ്യതയാണെന്ന തിരിച്ചറിവും മാധ്യമസാക്ഷരതയുടെ ഭാഗമാണ്. സാധ്യതകളെ എത്രമേല്‍ ക്രിയാത്മകമായി നാം ഉപയോഗപ്പെടുത്തുന്നു എന്നതാണു പ്രധാനം.
മാധ്യമലോകത്തെ വ്യാജനിര്‍മിതികളെയും അപനിര്‍മിതികളെയും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കണം. വിദ്യാഭ്യാസപ്രക്രിയയുടെ കരിക്കുലത്തില്‍ മാധ്യമസാക്ഷരതയുടെ വശങ്ങള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായി പഠിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകണം.
ക്രിസ്തീയമൂല്യങ്ങളുടെ വിനിമയത്തിലും ബോധനത്തിലും അടിസ്ഥാനപരിശീലനക്കളരികളാവേണ്ടതു കുടുംബങ്ങളാണ്. മാധ്യമങ്ങളുടെ ഉപയോഗം കഴിയുന്നത്ര ഒരുമിച്ചിരുന്നാകാനും അതേക്കുറിച്ചു ക്രിയാത്മകമായ തുറന്ന സംഭാഷണങ്ങള്‍ നടത്താനും കുടുംബങ്ങള്‍ വേദിയാകട്ടെ.