മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തലേന്ന്, അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ നടന്നത് ചരിത്രത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്തത്ര നിന്ദ്യവും ക്രൂരവുമായ അഴിമതിക്കൊള്ളയാണ്. എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസില്‍വച്ചുതന്നെ കൈക്കൂലിക്കേസില്‍ ഒരു ജീവനക്കാരിയെ അറസ്റ്റുചെയ്തത് കേരളത്തിന്റെ ധാര്‍മികമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. അതേസമയം, ചാനല്‍അന്തിച്ചര്‍ച്ചകളിലോ പത്രാധിപപ്പുറങ്ങളിലോ മതിയായ ഗൗരവത്തോടെ ഇതു വാര്‍ത്തയായില്ല. അത്രമാത്രം അഴിമതിയുടെ ദുര്‍ഭൂതങ്ങള്‍ അരങ്ങൊഴിയാനാവാത്തവിധം കേരളമണ്ണില്‍ വേരുറച്ചുകഴിഞ്ഞിരിക്കുന്നുവെന്നു വ്യക്തം.
എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള ഒരു കോളജില്‍നിന്ന് എം.ബി.എ. വിദ്യാര്‍ത്ഥിനിക്ക് മാര്‍ക്കുലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്കുന്നതിനാണ് സര്‍വകലാശാല ജീവനക്കാരി ഒന്നരലക്ഷംരൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിനി പരീക്ഷയില്‍ തോറ്റുപോയെന്നും, പറഞ്ഞ പണം നല്കിയാല്‍ ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് തരാമെന്നും വിശ്വസിപ്പിച്ചാണ് 1.25 ലക്ഷം രൂപാ വാങ്ങിയത്. അഴിമതിക്കാരി അറസ്റ്റുവരിച്ച് അഴിയെണ്ണിത്തുടങ്ങി. എത്ര നാളെണ്ണുമെന്നറിയില്ലെങ്കിലും, ഇത്അവര്‍ക്ക് ആത്മപരിശോധനയ്ക്കും, സര്‍വകലാശാലയുടെ ഭരണസംവിധാനത്തിന് പൊതുശുദ്ധീകരണത്തിനും പ്രേരകമാകട്ടെ എന്നാശിക്കാം.
രാജ്യത്ത് അഴിമതി ചിതല്‍പോലെ പടരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 30 ന്, ഈ വര്‍ഷത്തെ പ്രഥമ മന്‍ കി ബാത്തില്‍ പറഞ്ഞുതീരുംമുമ്പേയാണ്, ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അഴിമതിയുടെ കറ പുരണ്ട വാര്‍ത്ത കേള്‍ക്കേണ്ടിവന്നത്. 2047 നുമുമ്പ് അഴിമതിരഹിതയിന്ത്യ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന ഒരു പെണ്‍കുട്ടിയുടെ കത്തിനു പ്രധാനമന്ത്രി മറുപടി കൊടുത്തപ്പോള്‍, ഇവിടെ നമ്മുടെ കൊച്ചുകേരളത്തില്‍, സത്യധര്‍മാദികള്‍ പരിശീലിപ്പിക്കുന്ന കേന്ദ്രകലാലയമെന്നു നാം ധരിച്ചുവച്ചിരിക്കുന്ന സര്‍വകലാശാലയില്‍ ഒരു പെണ്‍കുട്ടി അഴിമതിപ്പിശാചിന്റെ കരാളഹസ്തങ്ങളില്‍ ഇരയാകേണ്ടിവന്നു. അത്രമാത്രം ഈ നാട് നശിച്ചുകൊണ്ടിരിക്കുകയാണ്. നാടിനു വഴിവിളക്കുകളാവേണ്ട വിദ്യാഭ്യാസവിചക്ഷണന്മാരും മതാചാര്യന്മാരും സാംസ്‌കാരികനായകരുമൊക്കെ ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു പ്രതികരിക്കാതിരിക്കുമ്പോള്‍ നമ്മുടെ പാവം വിദ്യാര്‍ത്ഥിസമൂഹം അമ്പരന്നുപോകുന്നു! പ്രകാശം പകരേണ്ട കലാലയാങ്കണങ്ങള്‍ വിഷവിദ്യകൊണ്ട് ഇരുട്ടുകോട്ട കെട്ടിയുയര്‍ത്തുമ്പോള്‍ പിന്നെ ഒരു തലമുറയാകെ പിഴച്ചുപോകുന്നതിന് ആരെയാണു നാം പഴിക്കേണ്ടത്?
കേരളത്തിലെ സര്‍വകലാശാലകളുടെ രാഷ്ട്രീയവത്കരണത്തിന്റെ ദുരന്തഫലമായാണ് അഴിമതിയും സ്വജനപക്ഷപാതവും സാംക്രമികരോഗംപോലെ പടരുന്നത്. വൈസ്ചാന്‍സലറും അക്കാദമിക് വിദഗ്ധരും വെറും നോക്കുകുത്തികളാവുകയും, രാഷ്ട്രീയക്കാരായ സിന്‍ഡിക്കേറ്റംഗങ്ങളും ജീവനക്കാരും യൂണിയനുകളും ഭരണം കൈയാളുകയും ചെയ്താല്‍ അവിടം അഴിമതിയുടെ കൂത്തരങ്ങായില്ലെങ്കിലേ അദ്ഭുതമുള്ളൂ. പിന്‍വാതില്‍ നിയമനങ്ങളുടെയും കെടുകാര്യസ്ഥതയുടെയുംപേരില്‍ പഴി കേള്‍ക്കാത്തതായി കേരളത്തില്‍ ഏതു സര്‍വകലാശാലയാണുള്ളത്? പാര്‍ട്ടിക്കാരുടെ പാര്‍ശ്വവര്‍ത്തികളായി പിന്‍വാതിലിലൂടെ കടന്നുകൂടുന്ന അനര്‍ഹരും അയോഗ്യരുമാണ് പിന്നീടു പലപ്പോഴും സര്‍വകലാശാലകളെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്.
കൈക്കൂലി വാങ്ങിയതിന് അറസ്റ്റു ചെയ്യപ്പെട്ട ജീവനക്കാരിയും പിന്‍വാതിലിലൂടെ അതിവേഗനിയമനം ലഭിച്ചയാളാണെന്നാണ് ആരോപണം. പ്യൂണ്‍ തസ്തികയില്‍നിന്ന് അസിസ്റ്റന്റ് തസ്തികയിലെത്തിയത് ഏഴു വര്‍ഷത്തിനുള്ളിലാണത്രേ. കാലിക്കട്ട് സര്‍വകലാശാലയിലും ബിരുദസര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ത്ഥിനിയില്‍നിന്ന് ജീവനക്കാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം വാര്‍ത്തപ്പുറങ്ങളില്‍ ഒരേ സമയമെത്തുമ്പോള്‍ സര്‍വകലാശാലകളില്‍ കൈക്കൂലിക്കേസുകള്‍ തഴച്ചുവളരുന്നുവെന്നതിന്റെ നേര്‍ച്ചിത്രമാണല്ലോ മറയില്ലാതെ പുറത്തുവരുന്നത്.
സര്‍വകലാശാലകളിലെ കൈക്കൂലിക്കേസുകള്‍ മിക്കതും കൂട്ടുകച്ചവടമാണെന്നതാണ് മറ്റൊരു ലജ്ജാകരമായ വസ്തുത. എം.ജിയിലേത്, ജീവനക്കാരി ഒറ്റയ്ക്ക് ഒന്നരലക്ഷം ചോദിച്ചുവാങ്ങിയതല്ല, മറ്റു പലര്‍ക്കും പങ്കിടാനുള്ളതാണെന്നു ജീവനക്കാരിയും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള ഫോണ്‍സംഭാഷണം തെളിവായുണ്ട്. ഇത്തരത്തില്‍, തോറ്റവരെ ജയിപ്പിച്ചും പരീക്ഷാഫലം തിരുത്തിയും പരിചയവും പ്രാവീണ്യവുമുള്ള ഉദ്യോഗസ്ഥമാഫിയ സര്‍വകലാശാലകളില്‍ വിലസുന്നുണ്ടെന്നു പകല്‍പോലെ വ്യക്തം. ലക്ഷങ്ങള്‍ മുടക്കാനുണ്ടെങ്കില്‍ ഡോക്ടറേറ്റിനു തീസിസെഴുതിക്കൊടുക്കാന്‍ പറ്റിയ 'മിടുക്കന്മാരും' യൂണിവേഴ്‌സിറ്റി ചുറ്റിപ്പറ്റി തഴച്ചുവളരുന്നുണ്ടെന്നു പറഞ്ഞുകേള്‍ക്കുന്നു. ഇപ്രകാരമുള്ള അഴിമതിക്കഥകളെല്ലാം സാക്ഷരതയിലും സാംസ്‌കാരികതയിലും പ്രബുദ്ധരെന്നു സ്വയം അഭിമാനിക്കുന്ന മലയാളനാട്ടിലാണെന്നത് തീര്‍ത്തും ലജ്ജാകരമെന്നേ പറയേണ്ടൂ!
എന്തായാലും, മാര്‍ക്ക്‌ലിസ്റ്റും ബിരുദസര്‍ട്ടിഫിക്കറ്റും കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ കൈക്കൂലി കൊടുക്കേണ്ട പ്രാകൃതനിലപാട് ഇനി ഒരു സര്‍വകലാശാലയിലും ഉണ്ടാവാന്‍ പാടില്ല. കൃത്യസമയത്തു പരീക്ഷ നടത്തുകയും വേഗം ഫലം പ്രഖ്യാപിക്കുകയും ചെയ്യുന്ന നല്ല നടപടികള്‍ സര്‍വകലാശാലയില്‍നിന്നുണ്ടായേ പറ്റൂ. അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ എന്നന്നേക്കുമായി ഇല്ലാതാക്കി സര്‍വകലാശാലകളെ ശുദ്ധീകരിക്കാന്‍ നാടു ഭരിക്കുന്ന സര്‍ക്കാരിനു ചുമതയില്ലേ? അമിതമായ രാഷ്ട്രീയവത്കരണത്തെ നിയന്ത്രിച്ചു നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കുമാവില്ല. എല്ലാ നിയമനവും നിയമാനുസൃതലിസ്റ്റില്‍നിന്നു നീതിപൂര്‍വം നടത്തുമ്പോള്‍ യോഗ്യതയുള്ളവര്‍ക്ക് അംഗീകാരമാവും. സര്‍വകലാശാലകള്‍ കുറെ രാഷ്ട്രീയത്തൊഴിലാളികളുടെ അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള മത്സരക്കളമാവാതെ, വിശുദ്ധമായ ഭാവി ലക്ഷ്യംവയ്ക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പ്രബുദ്ധതയിലേക്കുയര്‍ത്താനുള്ള വിദ്യാക്ഷേത്രങ്ങളാണെന്ന സത്യം ഓരോ ജീവനക്കാരനും ജീവനക്കാരിയും ഓര്‍ത്തിരുന്നെങ്കില്‍!