എല്ലാവരെയും സ്‌നേഹിക്കുക, ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുക, ഭൂമിയെയും ആകാശത്തെയും സമുദ്രത്തെയും എല്ലാം സ്‌നേഹിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സര്‍വ്വപ്രധാനമെന്ന് ഞാന്‍ കരുതുന്നു. സ്‌നേഹമാണ് ഏറ്റവും വലിയ മന്ത്രം. എഴുത്തുതന്നെയും ഒരു സ്‌നേഹപ്രകടനമാണ്. ഞാന്‍ എഴുതുന്നത് എന്റെ മനസ്സിന്റെ സന്തോഷത്തിനുതന്നെയാണ്. പ്രസിദ്ധീകരിക്കുന്നത് എന്റെ മനസ്സിന്റെ സന്തോഷം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണമെന്നുള്ള രാഗബദ്ധമായ ഹൃദയവികാരംകൊണ്ടാണ്.
ഗ്രാമത്തിന്റെ വിശുദ്ധി ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച ഒരു കര്‍ഷകപുത്രന്റെ ഹൃദയരാഗങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണലിപികളാല്‍ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
പ്രതിസന്ധികളില്‍ തളരാതെ, തമോമയമാകാത്ത മനസ്സുമായി, തന്റെ പേരിനൊപ്പം നാടിനെയും ചേര്‍ത്തുവച്ച് അക്ഷരമുറ്റത്തു ചേക്കേറിയ പൊടിമീശക്കാരനായ കോളജധ്യാപകന്‍ കാലക്രമേണ സാഹിത്യത്തറവാട്ടിലെ കരുത്തനായ കാരണവരായി മാറി. നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ വിരാജിക്കുകയാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍. തന്റെ എല്ലാ രചനകളിലും കൃത്യമായ കാലബോധവും സൗന്ദര്യവും സൃഷ്ടിച്ച അദ്ദേഹം ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവിലാണ്.
അമ്പത്തിനാലോളം പുരസ്‌കാരധന്യമായ കൃതികള്‍ സാഹിത്യലോകത്തിനു സംഭാവന നല്‍കിയ ഈ അക്ഷരോപാസകന്‍ ഉള്‍ക്കടല്‍, യമനം, എന്റെ നീലാകാശം എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ്. ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി, സാക്ഷരതാസമിതി ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ടണ്ട്.
ഓരോ പ്രഭാതവും പുനര്‍ജനിയാണ്. സ്വപ്‌നങ്ങള്‍ നല്‍കുന്നതാണ്. അതാണ് തന്റെ ജീവനരഹസ്യമെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ലാളിത്യവും
ചിന്തകളില്‍ ഔന്നത്യവും പുലര്‍ത്തുന്ന ഡോ. ജോര്‍ജ് ഓണക്കൂര്‍ മക്കളോടൊപ്പം ദുബായ് നഗരത്തിലിരുന്ന് ആത്മചരിതത്തിന്റെ ഹൃദയരാഗങ്ങള്‍ മീട്ടുകയാണ്. പതിവുപോലെ നിഷ്‌കളങ്കമായ ചിരിയോടെ ഇമ്പമാര്‍ന്ന ആ സ്വരം ദീപനാളത്തിനായി മീനച്ചിലാറിന്റെ തീരത്തേക്ക് ഒഴുകിയെത്തി.
? ഒരു ആത്മകഥ എഴുതണമെന്നു തോന്നാനുള്ള കാരണമെന്തായിരുന്നു?
സാഹിത്യകൃതിയാണ് എഴുത്തുകാരന്റെ ആശയപ്രകാശനോപാധി. കഥയായാലും നോവലായാലും യാത്രാവിവരണമായാലും അതിലൂടെയെല്ലാം സംസാരിക്കുന്നത് ഞാനെന്ന എഴുത്തുകാരന്‍തന്നെയാണ്. കാലത്തോട് അല്ലെങ്കില്‍ ജീവിതപരിസരങ്ങളോടു പ്രതികരിച്ചുകൊണ്ട് എഴുതുമ്പോള്‍ ചിലപ്പോള്‍ ആത്മകഥയുടെ ആവശ്യം ഇല്ലെന്ന് പെട്ടെന്നു തോന്നാം. പക്ഷേ, മറ്റു കൃതികളിലൂടെ ഞാന്‍ വെളിപ്പെടുത്തിയ ആശയങ്ങളും ദര്‍ശനങ്ങളും എങ്ങനെ എന്റെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഞാന്‍ ജീവിച്ച കാലം, ദേശം, സമരം ചെയ്ത വേദികള്‍, എന്റെ നിലപാടുകള്‍ എല്ലാം ഒന്നു ക്രോഡീകരിച്ച് കാലത്തിനുവേണ്ടി സമര്‍പ്പിക്കേണ്ടത് ആവശ്യമാണന്നു തോന്നിയതുകൊണ്ടാണ് ആത്മകഥ എഴുതിയത്.
? താങ്കളുടെ പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ വ്യത്യസ്തത പുലര്‍ത്താറുണ്ട്. ഹൃദയരാഗങ്ങള്‍ ആകര്‍ഷണീയമായ പേരാണല്ലോ?
ഹൃദയരാഗം എന്നു പറയുമ്പോള്‍ ഹൃദയത്തിലെ സംഗീതമെന്നും ഹൃദയത്തിലെ സ്‌നേഹമെന്നും ഞാന്‍ അര്‍ത്ഥം കല്പിക്കുന്നുണ്ട്.
രാഗം സംഗീതവുമായി ബന്ധപ്പെട്ടതാെണന്നു നമുക്കറിയാം. ഏത് അവസ്ഥയെയും, നമ്മുടെ ജീവിതത്തില്‍ നേരിടുന്ന കര്‍ക്കശമായ അനുഭവങ്ങളെപ്പോലും, സംഗീതമയമാക്കുക അല്ലെങ്കില്‍ അതില്‍ ലയിച്ചു മറ്റുള്ളവരെയും അതിലേക്കു ലയിപ്പിച്ചുചേര്‍ക്കുക എന്നതാണല്ലോ സംഗീതത്തിന്റെ പ്രമാണം. പ്രകൃതിയോടലിഞ്ഞ്, ജീവിതത്തെ സ്‌നേഹിച്ചു മുന്നോട്ടുപോകുക. ഒട്ടേറെ ദുരനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. വിപരീതസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും ആരോടും അധികമായി രോഷംകൊണ്ടിട്ടില്ല. എന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന് ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, എതിര്‍ത്തിട്ടുണ്ട്, പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതൊക്കെ ശരി. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ല, എന്നോടു മോശമായി പെരുമാറിയവരോടു പോലും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവും. അതു മനസ്സിലാക്കാനുള്ള ഒരു ശ്രമം തീര്‍ച്ചയായി ഞാന്‍ നടത്തിയിട്ടുണ്ട് എന്നാണ് എന്റെ എളിയ അഭിമാനം. ഹൃദയരാഗം എന്നു പേരിടുമ്പോള്‍ നാം കടന്നുപോകുന്ന ജീവിതാനുഭവങ്ങളെ സാന്ദ്രീകരിച്ച്, ഹൃദയത്തിന്റെ വീണയില്‍ മീട്ടുന്ന സംഗീതമാക്കി രൂപാന്തരപ്പെടുത്തിയെടുക്കുക എന്നാണര്‍ത്ഥമാക്കിയത്. എങ്കിലേ മറ്റുള്ളവര്‍ക്ക് അത് ആസ്വാദ്യമാവുകയുള്ളൂ. നമുക്കുണ്ടായ ദുഃഖാനുഭവങ്ങളെ അല്ലെങ്കില്‍ നാം കടന്നുപോകുന്ന വിപരീതസന്ധികളെ മറ്റുള്ളവര്‍ക്കും സ്വീകാര്യമാകത്തക്കവിധത്തില്‍ സ്‌നേഹസാന്ദ്രമാക്കി അവതരിപ്പിക്കുക.
രാഗം എന്നതിന് സ്‌നേഹം, അനുരാഗം എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. എല്ലാവരെയും സ്‌നേഹിക്കുക, ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുക, ഭൂമിയെയും ആകാശത്തെയും സമുദ്രത്തെയും എല്ലാം സ്‌നേഹിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സര്‍വ്വപ്രധാനമെന്ന് ഞാന്‍ കരുതുന്നു. സ്‌നേഹമാണ് ഏറ്റവും വലിയ മന്ത്രം. എഴുത്തുതന്നെയും ഒരു സ്‌നേഹപ്രകടനമാണ്. ഞാന്‍ എഴുതുന്നത് എന്റെ മനസ്സിന്റെ സന്തോഷത്തിനുതന്നെയാണ്. പ്രസിദ്ധീകരിക്കുന്നത് എന്റെ മനസ്സിന്റെ സന്തോഷം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണമെന്നുള്ള രാഗബദ്ധമായ ഹൃദയവികാരംകൊണ്ടാണ്. പൂര്‍ണമായി സ്‌നേഹിക്കുക ആ സ്‌നേഹത്തില്‍ ഹൃദയത്തിന്റെ സന്തോഷം തേടുക എന്നുള്ളതാണ് എഴുതാനുള്ള കാരണം.
? ജീവിതദര്‍ശനത്തിന്റെ സദ്ഗുരു ആരെന്നു ചോദിച്ചാല്‍ ആരുടെ പേരാവും പറയുക?
എന്റെ ജീവിതദര്‍ശനം സ്‌നേഹമാണ്. എന്നെ നയിച്ച സദ്ഗുരു ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ക്രിസ്തുദേവന്‍. യേശുദേവന്റെ ദര്‍ശനം സ്‌നേഹംതന്നെയാണ്. തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നാണ് ആ സദ്ഗുരു നമ്മെ പഠിപ്പിച്ച മന്ത്രം. പാപിനിയായ സ്ത്രീയോടു നീ സമാധാനത്തോടെ പോവുക എന്നാണ് അവിടുന്ന് അനുശാസിച്ചത്. കുരിശില്‍ക്കിടന്നു പിടയുമ്പോഴും, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല, അവരോടു ക്ഷമിക്കണമേ എന്നാണ് യേശു പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്. ക്ഷമ, കരുണ, മാപ്പുനല്‍കല്‍ ഇതൊക്കെ സ്‌നേഹത്തിന്റെ പല ഭാവങ്ങളാണ്. സ്‌നേഹമാണു പ്രധാനം. എല്ലാവരെയും സ്‌നേഹിക്കുക. നമ്മുടെ ദര്‍ശനം അതാണ്. തീര്‍ച്ചയായും നമ്മുടെ ദര്‍ശനത്തില്‍ അലിഞ്ഞുചേര്‍ന്ന ആദ്യത്തെ സംസ്‌കാരം മറ്റുള്ളവരെ സ്‌നേഹിക്കുക എന്നതുതന്നെയാണ്. തന്റെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടു സ്‌നേഹത്തിന്റെ വലിയ പ്രകാശനം നിര്‍വഹിച്ച സദ്ഗുരുവാണ് യേശുദേവന്‍.
മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി തന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടായാലും പ്രവര്‍ത്തിക്കുക, പ്രയത്‌നിക്കുക എന്നുള്ളത് ഒരു സാധാരണ വിപ്ലവകാരി ചെയ്യുന്ന കാര്യമാണ്. പക്ഷേ, അതിനും എത്രയോ അപ്പുറമാണ് ദൈവപുത്രനായ യേശുദേവന്‍ സ്വന്തം ജീവിതംതന്നെ മനുഷ്യരക്ഷയ്ക്കായി ബലിയര്‍പ്പിച്ചു എന്നത്.
? ഓണക്കൂര്‍ ഗ്രാമത്തിന്റെ സംസ്‌കാരം ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. ആ ഒരു ഗൃഹാതുരത്വം രചനകളില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.
എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്ത് പിറവത്തിനും കൂത്താട്ടുകുളത്തിനും ഇടയിലുള്ള ഓണക്കൂര്‍ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ഓണക്കൂര്‍ കൃഷിക്കാരുടെ ഒരു ഗ്രാമമമാണ്. അയല്‍ദേശമായ പിറവവും അതുപോലെതന്നെ. പിറവത്ത് രണ്ടു ദൈവാലയങ്ങള്‍ അടുത്തടുത്തു സ്ഥിതി ചെയ്യുന്നുണ്ട്. ഒന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദൈവാലയം, മറ്റൊന്ന് ശ്രീപാര്‍വതിയുടെ പ്രതിഷ്ഠയുള്ള ദേവാലയം. ഇവിടെ കന്യാകാമറിയവും, ശ്രീപാര്‍വതിയും സഹോദരിമാരെപ്പോലെ ചേര്‍ന്നിരിക്കുന്നുവെന്നു ഗ്രാമീണര്‍ പറയാറുണ്ട്. മാതൃത്വത്തിന്റെ മഹത്തായ രണ്ടു നാമങ്ങള്‍ സമന്വയിച്ച് ഒരു സംസ്‌കാരമായി മാറുന്നു..
അവിടെ ജാതിയില്ല. നമുക്കു വിശ്വാസങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ നാം ഉയര്‍ത്തുന്ന ചില മൂല്യസങ്കല്പനങ്ങള്‍ ഉണ്ട്. പക്ഷേ, ജാതി എന്നത് എന്റെ ഗ്രാമത്തില്‍ ഉണ്ടായിട്ടില്ല. തൊട്ടടുത്താണ് വെളിയനാട് ഗ്രാമം. ചരിത്രത്തില്‍ പതിയേണ്ട ഒരു ഗ്രാമമാണ് അത്. അവിടെയാണ് ശ്രീശങ്കരന്റെ 'അമ്മാത്ത്', അമ്മയുടെ ഇല്ലം. മേല്‍പ്പാഴൂര്‍ ഇല്ലത്തെ ആര്യാംബയുടെ പുത്രനായി ശ്രീശങ്കരന്‍ ജനിച്ചത് ഇവിടെയാണ്. ചരിത്രത്തില്‍ നാമെല്ലാം പഠിക്കുന്നതും പഠിപ്പിക്കുന്നതും ശ്രീശങ്കരന്‍ കാലടിയില്‍ ജനിച്ചുവെന്നാണ്. അതിനുകാരണം ശങ്കരന്റെ അച്ഛനായ കാക്കശ്ശേരി മനയിലെ ശിവഗുരുവിന്റെ ഇല്ലം കാലടിയിലാണ് എന്നതാണ്. വെളിയനാട്, പിറവം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രാദേശികഭൂമികയുണ്ട്. ഒരു പ്രത്യേകസംസ്‌കാരം അല്ലെങ്കില്‍ ദര്‍ശനം അതിനുണ്ട്. ശങ്കരന്‍ പഠിപ്പിച്ചത് അദ്വൈതമാണ്. അതുകൊണ്ടാണ് തൊട്ടടുത്തുള്ള തലയോലപ്പറമ്പ് എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്നാണെന്ന് 'ബാല്യകാലസഖി'യില്‍ മജീദിനെക്കൊണ്ടു പറയിക്കുന്നത്. ഗ്രാമഭൂമികയുടെ സംസ്‌കാരമതാണ്. എല്ലാം ഒന്നാണ്, രണ്ടല്ല.
അതുപോലെയാണ് ഓണക്കൂറിനു കിഴക്കുഭാഗത്തുള്ള കൂത്താട്ടുകുളം എന്ന ഗ്രാമം. അതിനെ 'രക്തസാക്ഷികളുടെ നാട്' എന്നാണ് മഹാനായ എ. കെ. ഗോപാലന്‍ വിശേഷിപ്പിച്ചത്. പല ഘട്ടങ്ങളില്‍ അധികാരം പുലര്‍ത്തിയ സ്വേച്ഛാധിപതികളായ ഭരണാധികാരികളെ എതിര്‍ക്കുന്നതിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നാലു രക്തസാക്ഷികള്‍ കൂത്താട്ടുകുളത്തുണ്ട്. ഒരു സമൂഹത്തിനു വേണ്ടി, കഷ്ടപ്പെടുന്ന മനുഷ്യരുടെ അവകാശസംരക്ഷണത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍. ഈ കുത്താട്ടുകുളവും പിറവവും അതിന്റെ സംസ്‌കാരവുമൊക്കെ എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ 'ഇല്ലം' എന്ന നോവലില്‍ കാലത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി, നന്മയ്ക്കുവേണ്ടി സമരം ചെയ്ത് ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളെക്കുറിച്ചാണ് പറയുന്നത്. നോവല്‍ സമര്‍പ്പിച്ചിരിക്കുന്നതും രക്തസാക്ഷികള്‍ക്കുതന്നെയാണ്. അപ്പോള്‍ ഈയൊരു സമര്‍പ്പണം, ആത്മത്യാഗം എന്നുപറയുന്നത് ഓരോ ഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. തന്നെക്കാള്‍ പ്രാധാന്യം തന്നോടൊപ്പം ജീവിക്കുന്ന മനുഷ്യര്‍ക്കാണെന്നും അവര്‍ക്കുവേണ്ടിയുള്ളതാണ് ജീവിതമെന്നും മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ് ജീവിതം ധന്യമായിത്തീരുന്നതെന്നും എന്റെ ഗ്രാമത്തിന്റെ പാഠങ്ങളില്‍നിന്ന് ഞാന്‍ ഉള്‍ക്കൊണ്ടതാണ്.
രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍