•  18 Apr 2024
  •  ദീപം 57
  •  നാളം 6
യാത്ര

പ്രകൃതിമനോഹരിയായ ലക്ഷദ്വീപ്

റബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ ലക്കാഡിവ് കടല്‍ഭാഗത്ത് ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ മുപ്പത്താറോളം ദ്വീപുകളുള്ള പവിഴപ്പുറ്റ് ദ്വീപസമൂഹമാണ് ലക്ഷദ്വീപ് എന്നറിയപ്പെടുന്നത്. ഇതില്‍ പതിനൊന്നു ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ്. പതിനൊന്നു ജനവാസദ്വീപുകളില്‍ ഇന്ത്യാക്കാര്‍ക്ക് കല്‍പേനി, മിനിക്കോയി, അഗത്തി, ബംഗാരു, കില്‍ത്താന്‍, കവരത്തി എന്നീ 6 ദ്വീപുകളില്‍ മാത്രമേ സഞ്ചാരാനുമതിയുള്ളൂ. വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നീ ദ്വീപുകളില്‍ യാത്രചെയ്യാം. ദ്വീപില്‍ ബംഗാരു ഒഴികെയുള്ള ദ്വീപുകള്‍ മദ്യനിരോധനമേഖലയാണ്. ദ്വീപുകളിലേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും കേരളത്തില്‍നിന്നാണ് കൊണ്ടുപോകുന്നത്. കൊച്ചിയില്‍നിന്നു മിനിക്കോയിലേക്ക് 220 നോട്ടിക്കല്‍ മൈലാണ് ദൂരം (407 കിലോ മീറ്റര്‍). മിനിക്കോയി കവരത്തി 250 കിലോമീറ്റര്‍ ദൂരവും, കല്‍പേനി-മിനിക്കോയി 210 കിലോ മീറ്ററും, കൊച്ചി - കവരത്തി 407 കിലോമീറ്റര്‍ ദൂരവുമുണ്ട്.
എഴുന്നൂറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം.വി. കരവത്തി എന്ന കപ്പല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ  എറണാകുളം വാര്‍ഫില്‍നിന്നു പുറപ്പെട്ട് 18 മണിക്കൂര്‍കൊണ്ട് രാവിലെ ഏഴു മണിയോടെ ദ്വീപിനടുത്തെത്തും. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യവും കപ്പലിലുണ്ട്. വൈകുന്നേരംവരെയുള്ള യാത്രയില്‍ കടലിലെ വിവിധ കാഴ്ചകളാസ്വദിക്കാം. നോക്കെത്താദൂരത്തില്‍ വിശാലമായി പരന്നുകിടക്കുന്ന കടല്‍ ഒരതിശയം തന്നെ. കപ്പല്‍ നീങ്ങുന്തോറും വെള്ളത്തിനു നിറവ്യത്യാസം വരുന്നതായിക്കാണാം. ഡോള്‍ഫിന്‍ മത്സ്യങ്ങള്‍  ഉയര്‍ന്നു പൊങ്ങിച്ചാടുന്ന കാഴ്ച എത്ര സമയം വരെയും നമ്മള്‍ നോക്കിനില്‍ക്കും. കൂറെദൂരം പറക്കാന്‍ ശേഷിയുള്ള ഫ്‌ളൈയിംഗ് ഫിഷ് എന്ന മത്സ്യവും ഒരു പ്രത്യേക കാഴ്ചയാണ്. ചിലപ്പോള്‍ കപ്പലിനൊപ്പം ഇവ പറക്കുന്നതു കാണാം. വെള്ളം നിറച്ച വൃത്താകാരമായ ഒരു പരന്ന പാത്രത്തിലെ ചെറിയ കരടുപോലെ കപ്പല്‍ നീങ്ങുമ്പോള്‍ അങ്ങകലെ ആകാശവും ഭൂമിയും തൊട്ടുനില്‍ക്കുന്ന ചക്രവാളരേഖ അതിമനോഹരമായ ഒരു കാഴ്ചതന്നെ. സൂര്യാസ്തമയം വേറിട്ട ഒരു കാഴ്ചയാണ്.  സന്ധ്യാസമയത്തെ ഈ  ആകാശനിറക്കൂട്ടുകളുടെ മദ്ധ്യത്തില്‍ തീനിറത്തില്‍ സൂര്യന്‍ സാവധാനം കടലിലേക്കു താണിറങ്ങുന്ന കാഴ്ച അവിസ്മരണീയമാണ്.
കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടതിനുശേഷം  ബോട്ടുകളിലാണ് യാത്രക്കാരെ ദ്വീപിലെത്തിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ബ്രിട്ടീഷുകാരോടു വാങ്ങിയ ടിപ്പുസുല്‍ത്താന്‍ എന്ന കപ്പലില്‍ കൊച്ചിയില്‍നിന്നു ലക്ഷദ്വീപിലേക്കു ഞങ്ങള്‍ പോയിരുന്നു. അതും പുറംകടലില്‍ നിര്‍ത്തിയശേഷം ചെറിയ ബോട്ടുകള്‍ കപ്പലിന്റെ അടുത്തു ചേര്‍ത്തു നിര്‍ത്തി യാത്രക്കാര്‍ ഓരോരുത്തരായി പത്തടി മുകളില്‍നിന്നു ബോട്ടിലേക്കു ചാടുകയായിരുന്നു. ഇതല്പം റിസ്‌കുള്ള ഒരു ചടങ്ങാണ്. താഴെ സെക്യൂരിറ്റി ഗാര്‍ഡുകളും, വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്താന്‍ സ്‌കൂബാക്കാരുമുണ്ട്. പലര്‍ക്കും ചാടാന്‍ ഭയമായിരുന്നു. അഞ്ചു വര്‍ഷംമുമ്പ് ഗുജറാത്തില്‍നിന്നു വിനോദയാത്ര പോയ ഒരു കുടുംബത്തിലെ 22 വയസ്സുള്ള ഒരു യുവതി ചാട്ടത്തില്‍ വെള്ളത്തില്‍ വീണു മരണമടഞ്ഞിട്ടുണ്ട്. എല്ലാവിധ സെക്യൂരിറ്റിസേനയുണ്ടായിട്ടും അവരെ  രക്ഷിക്കാനായില്ല.
ദ്വീപിലെത്തിയശേഷം നമ്മള്‍ സുരക്ഷിതരായി എത്തിയവിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.  പിന്നീട് ഞങ്ങള്‍ കാഴ്ചകള്‍ കാണാനിറങ്ങി. വളരെ നല്ലവരായ ദ്വീപുനിവാസികള്‍ അപരിചിതരായ നമ്മെ സന്തോഷത്തോടെ സ്വീകരിച്ചു ഭക്ഷണം കഴിക്കാനുമൊക്കെ ക്ഷണിക്കും. അവരുമായി കൂടുതലടുത്താല്‍ മീന്‍പിടിക്കുന്നത് കാണാന്‍ നമ്മെ കൊണ്ടുപോകും. ഭാഷ മലയാളവും ഹിന്ദിയുമാണ്. പ്രായമായ സ്ത്രീകള്‍പോലും സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ധരിക്കാറുണ്ട്. മിനിക്കോയി ദ്വീപില്‍ കൂടുതലും മാഹി എന്ന ഭാഷയാണ് സംസാരിക്കുന്നത്. ദ്വീപില്‍ നിറയെ തെങ്ങുകളാണ്. ഇടയ്ക്കിടെ ശിഖരങ്ങളുള്ള തെങ്ങുകള്‍ കാണാം. അഞ്ചു കവരകളുള്ള ഒരു തെങ്ങ് ഞങ്ങള്‍ കണ്ടു. യാത്രാസൗകര്യം കുറവാണ്. കൂടുതലും ബൈക്കുകളും ഓട്ടോയുമാണ്. കടല്‍ജീവികളെപ്പറ്റിയുള്ള ഒരു വലിയ അക്വേറിയവും, മ്യൂസിയവും മിനിക്കോയി ദ്വീപില്‍ ഗവണ്‍മെന്റ് വകയായുണ്ട്. 18 അടി വരെ താഴ്ചയിലുള്ള കടലിന്റെ അടിഭാഗം ബോട്ടിന്റെ അടിഭാഗത്തുള്ള ഗ്ലാസ് വിന്‍ഡോയിലൂടെ നന്നായി കാണാം.  അനേകനിറത്തിലും തരത്തിലും ഡിസൈനുകളിലുമുള്ള മത്സ്യങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്ന കാഴ്ച ഒരനുഭവംതന്നെ. ഡിസ്‌കവറി ചാനലിനെ വെല്ലുന്ന തരത്തില്‍ ഇവ നമുക്ക് നേരില്‍ കണ്ടാസ്വദിക്കാം. കൂടാതെ, കടലിനടിയിലെ അണ്ടര്‍ വാട്ടര്‍ ഡൈവിങ് ഒരു മഹാദ്ഭുതമായി തോന്നും. ധൈര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാം. വാട്ടര്‍ സൈക്കിള്‍, വാട്ടര്‍ സ്‌കൂട്ടര്‍, സ്‌കൂബാഡൈവിങ്, വിന്‍ഡ്‌സര്‍ഫിങ്, സ്‌നോര്‍കലിങ്, കയാക്കിങ്, കനോയിങ്, വാട്ടര്‍ സ്‌കീമിങ് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. തീരങ്ങളില്‍ കുട്ടികള്‍ക്കു നീന്തിക്കളിച്ചുല്ലസിക്കാം. ഓളപ്പരപ്പില്‍ തെന്നിനീങ്ങുന്ന ചെറുവള്ളങ്ങളും കുറവല്ല.  
വെള്ളത്തിന്റെ നിറം നമ്മള്‍ ശരിക്കും കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഇവിടുത്തെ ജലം കണ്ടാല്‍ നമുക്കത് ബോധ്യപ്പെടും. എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ജലം എത്ര കണ്ടാലും നമ്മള്‍ നോക്കിനില്‍ക്കും. ആഴം കുറഞ്ഞ പവിഴപ്പുറ്റ് സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കണമെന്നു നമുക്കു തോന്നും. എന്നാലത് കുറ്റകരമാണ്. കൂട്ടമായി നില്‍ക്കുന്ന ഇവ കാഴ്ചയില്‍ അതിമനോഹരമാണ്. എവിടെ നോക്കിയാലും തെങ്ങും കടലും മാത്രമാണ് കാണാനുള്ളത്. തേങ്ങാബിസിനസും, മീന്‍പിടിത്തവുമാണ് ദ്വീപുനിവാസികളുടെ പ്രധാന ജോലി. ഇവിടുത്തെ കരിക്കിനും പ്രിയമേറെയുണ്ട്. കപ്പലുകള്‍ക്ക് ദിശതെറ്റാതെ സിഗ്നല്‍ നല്‍കുന്നതിനുവേണ്ടി 1885ല്‍ ബ്രിട്ടനില്‍നിന്ന് ഇഷ്ടിക ഇറക്കുമതി ചെയ്ത് 157 അടി ഉയരത്തില്‍ ഒരു ലൈറ്റ്ഹൗസ് മിനിക്കോയില്‍ സ്ഥാപിച്ചിട്ടുണ്ട്. 216 ഗോവണിപ്പടികള്‍ കയറിയാല്‍ മുകളിലെത്താം. 74 കിലോമീറ്റര്‍ അകലെനിന്ന് ഇതിന്റെ വെളിച്ചം കപ്പലുകള്‍ക്കു സിഗ്നല്‍ നല്‍കുന്നു.
ബഹളങ്ങളൊന്നുമില്ലാത്ത വളരെ ശാന്തമായ ഈ സ്ഥലം വിശ്രമത്തിന് ഏറ്റവും പറ്റിയതാണ്. കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ തുരുത്തുകളില്‍ കൂട്ടമായി നില്‍ക്കുന്ന തെങ്ങുകളും അവയെ തലോടുന്ന തിരമാലകളും ദ്വീപിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. താമസസൗകര്യത്തിന് ഇവിടെ പലതരം വീടുകളും ലഭിക്കും. 2011 ലെ കണക്കനുസരിച്ച് ലക്ഷദ്വീപിലെ ജനസംഖ്യ 66000 ആണ്. നല്ലൊരു ശതമാനം ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. വെള്ളി പൊതുഅവധിദിവസവും ശനി, ഞായര്‍ ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസവുമാണ്.
കൊച്ചിയില്‍നിന്നു കല്‍പേനി, മിനിക്കോയി, കവരത്തി എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസത്തെ ടൂര്‍ പ്രോഗ്രാമുണ്ട്. എം.വി. കവരത്തി എന്ന കപ്പലില്‍  രാവിലത്തെ ഭക്ഷണശേഷം ഓരോ ദ്വീപും സന്ദര്‍ശിച്ച് വൈകുന്നേരം കപ്പലില്‍ തിരിച്ചെത്തും. അഞ്ചു ദിവസത്തെ സ്‌പോര്‍ട്ട് പാക്കേജിന് 17000 മുതല്‍ 30000 വരെ രൂപ  ചെലവുവരും, കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നു മാത്രമേ കപ്പല്‍ സൗകര്യമുള്ളൂ. എം.വി. കവരത്തി, എംവി. ഭരത് സീമ, എം.വി. സീഷിപ്പ്, അറേബ്യന്‍ സീ ഷിപ്പ്, ടിപ്പുസുല്‍ത്താന്‍ എന്നീ കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ ആറുദിവസം അഗത്തിയിലേക്ക് എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസുണ്ട്. അവിടെനിന്ന് ഹെലികോപ്റ്ററില്‍ കവരത്തിക്കു പോകാം.
ദ്വീപുകള്‍ ഇന്ത്യയുടെ സ്വന്തമാണെങ്കിലും ഇവിടെ പ്രവേശിക്കുവാന്‍ ചില കടമ്പകളുണ്ട്. പാസ്‌പോര്‍ട്ട് ആവശ്യമില്ലെങ്കിലും എറണാകുളം ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍നിന്ന് പെര്‍മിറ്റ് എടുക്കണം. ഇതിന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധം. അതത് പോലീസ്‌സ്റ്റേഷനില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ രണ്ടു മാസത്തെ കാത്തിരിപ്പിനുശേഷമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ചിലപ്പോള്‍ കിട്ടിയില്ലെന്നും വരും. ദ്വീപിലുള്ള ആരെയെങ്കിലും സ്‌പോണ്‍സറായി കിട്ടിയാല്‍ അധികം ചെലവില്ലാതെ എളുപ്പത്തില്‍ കാര്യം സാധിക്കാം. ഇല്ലെങ്കില്‍ ഏതെങ്കിലും ട്രാവല്‍ ഏജന്റുമായി ബന്ധപ്പെടുക. ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളാണ് യാത്രയ്ക്കു നല്ലത്. ഇന്ത്യയോട്  ഏറ്റവും അടുത്തുകിടക്കുന്ന പ്രകൃതിമനോഹരിയായ ലക്ഷദ്വീപിലേക്ക് ഒരു യാത്ര പോയാല്‍ അതൊരു പ്രത്യേക അനുഭവമായിരിക്കും.

 

Login log record inserted successfully!