സാക്ഷരകേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ നഗരഗ്രാമഭേദമെന്യേ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറക്കെപ്പറയുമ്പോഴും, ചേരിപ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമുള്ള പാവപ്പെട്ട മനുഷ്യര്‍ക്ക് വിദ്യാഭ്യാസസാംസ്‌കാരികമുന്നേറ്റത്തിനുള്ള അവസരങ്ങള്‍ പല കാരണങ്ങളാല്‍ നിഷേധിക്കപ്പെടുന്ന പ്രവണത കാലങ്ങളായി കണ്ടുവരുന്നതാണ്. സംസ്ഥാനത്തെ ആദിവാസിമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യങ്ങള്‍ ഒരുക്കുന്നതിലും, മറ്റു കുട്ടികളോടൊപ്പം തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കുന്നതിനും നമ്മുടെ ഭരണവര്‍ഗം കാണിക്കുന്ന നിസ്സംഗതയും നിസ്സാരവത്കരണവും പ്രതിഷേധാര്‍ഹമാണ്.
കൊവിഡുകാലത്തെ ലോക്ഡൗണിനുശേഷം സ്‌കൂളുകള്‍ ഏറെക്കുറെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ആദിവാസിക്കുട്ടികളില്‍ പലരും സ്‌കൂളുകളിലെത്തുന്നില്ലെന്നും അതിനവര്‍ വിമുഖരാണെന്നുമുള്ള ദയനീയസത്യം വിദ്യാഭ്യാസകേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. വയനാടുജില്ലയില്‍മാത്രം 4428 ആദിവാസിവിദ്യാര്‍ത്ഥികളാണ് നവംബര്‍ ഒന്നിനുശേഷം ഒരു ദിവസംപോലും സ്‌കൂളിലെത്താത്തത്. ഇതില്‍ പകുതിയോളം പെണ്‍കുട്ടികളാണ്. കുടുംബത്തിന്റെ സാമ്പത്തികഞെരുക്കംമൂലം തോട്ടങ്ങളിലും മറ്റു തൊഴിലിടങ്ങളിലും പോയി പണിയെടുക്കാന്‍ പാവം കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ബാലവേല നിരോധനനിയമമൊന്നും അവര്‍ക്കു ബാധകമല്ലതന്നെ. കുട്ടികളുടെ ഭാവിവിദ്യാഭ്യാസമോ അവരുടെ സുരക്ഷിതത്വമോ ഒന്നും രക്ഷിതാക്കളും ഗൗരവമായി കാണുന്നില്ല. അന്നന്നത്തെ ആഹാരം മാത്രം തേടുന്ന പട്ടിണിപ്പാവങ്ങള്‍ക്കു ഭാവിയെക്കുറിച്ചോര്‍ക്കാന്‍ എവിടെ നേരം? എന്തു പ്രസക്തി? ഇത്തരത്തില്‍ വികസനം വിദൂരസ്ഥമായിരിക്കുന്ന ദേശവും മനുഷ്യരും.
സംസ്ഥാനത്തെ ആദിവാസിമേഖലയിലെ ആളൊഴിഞ്ഞ സ്‌കൂളുകളെക്കുറിച്ചു നമ്മുടെ വിദ്യാഭ്യാസവകുപ്പോ അവിടെയുള്ള അധ്യാപകരോ കാര്യഗൗരവമായി ചിന്തിക്കുണ്ടെന്നു തോന്നുന്നില്ല. കുട്ടികളുടെ ഭാവി ഇരുളടയരുതെന്നും അവരുടെ ഉന്നതസ്വപ്നങ്ങള്‍ പൊലിഞ്ഞുപോകരുതെന്നും മാതാപിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും നിര്‍ബന്ധമുണ്ടായേ പറ്റൂ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് ഊര്‍ജിതമായി പരിശ്രമിച്ചാല്‍ നമ്മുടെ കുട്ടികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കാനാവും. അതിനായി വ്യത്യസ്തങ്ങളായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനുമാകും.
സ്‌കൂള്‍വിദ്യാഭ്യാസം മാത്രമല്ല, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികളില്‍ 31.5 ശതമാനം പേരും ആദിവാസി-ദളിത്‌വിഭാഗത്തില്‍പ്പെട്ടവരാണ്. കലാലയവിദ്യാര്‍ത്ഥികള്‍, കൊവിഡുകാലത്ത് ഏര്‍പ്പെടുത്തിയ ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ നീക്കാത്തതാണ് തിരികെയെത്താനുള്ള തടസ്സമായിപ്പറയുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ പരിമിതികള്‍മൂലം ക്ലാസ്സുകള്‍ അറ്റന്‍ഡു ചെയ്യാനോ അസൈന്‍മെന്റുകളും പ്രോജക്ട് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാനോ കഴിയാത്തതിന്റെ പേരില്‍ പഠനത്തോടു വൈമുഖ്യം ഉണ്ടാവുകയും പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തവരുണ്ട്. മിക്ക കോഴ്‌സുകള്‍ക്കുമുള്ള അപേക്ഷയും പ്രവേശനഫീസുമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയായപ്പോള്‍ അവ സമയത്തു നടത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും സാങ്കേതികപരിജ്ഞാനക്കുറവും പിന്തുണയില്ലായ്മയും തുടങ്ങി പല കാരണങ്ങള്‍ വിദ്യാര്‍ത്ഥികളെ തുടര്‍പഠനത്തില്‍നിന്നകറ്റുന്നുവെന്നു വേണം കരുതാന്‍.
ആദിവാസിസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതികളും വകുപ്പുകളും നേരത്തെതന്നെ ഉണ്ടെങ്കിലും, സ്‌കൂള്‍തലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെയുള്ള ആദിവാസിവിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ട്. കാലങ്ങളായി അവഗണന അനുഭവിക്കുന്ന അരികുജീവിതങ്ങള്‍ക്കു കൊവിഡ് പ്രതിസന്ധിയിലും ഉന്നതവിജയം കൊയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ടാവണം. പഠിച്ചു ജോലി നേടി ഉയരങ്ങളിലെത്താനുള്ള ഒരു കുട്ടിയുടെ സ്വപ്നംപോലും കണ്ണീരാകരുത്. ആദിവാസിക്കുടിലുകളിലെ കുട്ടികളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്നിരിക്കേ, അവര്‍ക്കു മെച്ചപ്പെട്ട പഠനസൗകര്യവും സംവിധാനങ്ങളുമൊരുക്കാന്‍ സര്‍ക്കാരും സമൂഹവും പ്രതിജ്ഞാബദ്ധരായേ പറ്റൂ.