അഞ്ചു സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, കോണ്‍ഗ്രസ് കലഹിച്ചു ഭരിക്കുന്ന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ജനവിധി അറിയാന്‍ കാത്തിരിക്കുന്നത്. രണ്ടാം തവണയും ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ എത്തിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച യുപിയിലെ തിരഞ്ഞെടുപ്പുതന്നെയാകും ഇതില്‍ രാജ്യം ഉറ്റുനോക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ കേന്ദ്രപ്രകടനത്തിന്റെ വിലയിരുത്തല്‍തന്നെയാകും ജനവിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. പഞ്ചാബിലാകട്ടെ കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങളും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ കൊഴിഞ്ഞു പോക്കും ആം ആദ്മി പാര്‍ട്ടിയുടെ കുതിച്ചുകയറ്റവുമൊക്കെ ഇത്തവണ ഇതുവരെയില്ലാത്ത വിധത്തിലുള്ള ഒരു തിരഞ്ഞെടുപ്പുപോരാട്ടത്തിനു കളമൊരുക്കും.
ഗോവയും മണിപ്പൂരും ഒഴികെ മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിനെ ഒരുപോലെ ബാധിക്കുന്ന ഒരു പൊതുകാര്യമുണ്ട്: കര്‍ഷകസമരം. പഞ്ചാബിലെ ജനവിധിയില്‍ കര്‍ഷകസമരത്തിന്റെ വിജയം നിര്‍ണായകസ്വാധീനം ചെലുത്തും. ഉത്തര്‍പ്രദേശിനെയും ഉത്തരാഖണ്ഡിനെയും കര്‍ഷക സമരം സ്വാധീനിക്കും. ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തെ മുന്നില്‍ നിന്നു നയിച്ച നേതാക്കളില്‍ പലരും പഞ്ചാബിലും യുപിയിലും പുതിയ രാഷ്ട്രീയകക്ഷികള്‍തന്നെ ഉണ്ടാക്കി മത്സരരംഗത്തേക്കിറങ്ങുകയാണ്. ഭാരതീയ കിസാന്‍ യൂണിയന്റെ വിവിധ ഘടകങ്ങള്‍ തിരഞ്ഞെടുപ്പിനെയും ബിജെപിയെയും ഏതു രീതിയിലാണു നേരിടുകയെന്നു കണ്ടുതന്നെ അറിയണം. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് നേരത്തേ ബിജെപി അനുഭാവിയായിരുന്നു. തങ്ങളുടെ വോട്ടുകൂടി നേടിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതെന്നും അക്കാര്യത്തില്‍ തെറ്റു പറ്റിപ്പോയെന്നും ടികായത്ത് അടക്കമുള്ള നേതാക്കള്‍ കര്‍ഷകസമരത്തിനിടെ പരസ്യപ്രസ്താവന നടത്തിയിരുന്നു.
ഒരു വര്‍ഷത്തോളം കര്‍ഷകരുടെ ആവശ്യങ്ങളോടു നിരന്തരം മുഖം തിരിച്ചുനിന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചതുതന്നെ യുപി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ഒപ്പംനിന്ന് ബിജെപിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കര്‍ഷകനേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ബിജെപി ഭയക്കുകതന്നെ ചെയ്തു എന്നു നിസ്സംശയം പറയാം. ബംഗാള്‍മാതൃകയില്‍ യുപിയില്‍ കര്‍ഷകര്‍ തിരഞ്ഞെടുപ്പുകാലത്ത് ഒരു ബിജെപി വിരുദ്ധ പ്രചാരണത്തിനിറങ്ങിയാല്‍ പ്രതിരോധിച്ചുനില്‍ക്കാന്‍ മാത്രം ശക്തി ബിജെപിക്കുണ്ടോ എന്നു സംശയിക്കണം.
അതുപോലെതന്നെയാണു പഞ്ചാബിലെ കാര്യവും. കാര്‍ഷികനിയമങ്ങള്‍ പാസാക്കിയതിന്റെ തൊട്ടു പിന്നാലെ ബിജെപി സഖ്യവും കേന്ദ്രമന്ത്രിസ്ഥാനവും ഉപേക്ഷിച്ചുപോയ അകാലിദളും ബിജെപിയുടെ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. പഞ്ചാബില്‍നിന്ന് സഖ്യപോരാട്ടത്തില്‍ ഒരു നീക്കമല്ലാതെ കാര്യമായൊന്നും ബിജെപിക്കു പ്രതീക്ഷിക്കാനില്ല. തിരഞ്ഞെടുപ്പുപോരാട്ടം പ്രധാനമായും കോണ്‍ഗ്രസും ശിരോമണി അകാലിദളും പിന്നെ ഒരു വശത്തുനിന്ന് ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ്. ആം ആദ്മി പാര്‍ട്ടി ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസിനു വലിയ വെല്ലുവിളി ഉയര്‍ത്തുകതന്നെ ചെയ്യും. ലോക്സഭ എംപി ഭഗവന്ത് മാനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളിലാകട്ടെ തമ്മിലടി തീര്‍ന്ന സമയവുമില്ല. നവജ്യോത് സിങ് സിദ്ദു നിരന്തരം പരിധി വിട്ടു കളിക്കുന്ന കളികളും ചരണ്‍ ജീത് ചന്നി സര്‍ക്കാരിനുള്ളിലെ അസ്വസ്ഥതകളും കോണ്‍ഗ്രസിന്റെ തലവേദനകളാണ്.
അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിറോസ്പൂരിലേക്കുള്ള യാത്രാമധ്യേ ഭട്ടിന്‍ഡയിലെ ഫ്‌ളൈ ഓവറില്‍ വച്ചുണ്ടായ സുരക്ഷാവീഴ്ച പഞ്ചാബിലും ഉത്തര്‍പ്രദേശിലും ബിജെപി പ്രധാന തിരഞ്ഞെടുപ്പുപ്രചാരണ ആയുധമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്‍ഷികനിയമങ്ങളുടെ പേരിലുണ്ടായ പ്രതിച്ഛായാനഷ്ടം ഈ സംഭവത്തിലൂടെ മറികടക്കാനുള്ള തന്ത്രംതന്നെയാണ് ബിജെപി പയറ്റുന്നത്. പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നൊരു ആരോപണം കര്‍ഷകരുടെ നേരേ തിരിച്ചുവിട്ടാല്‍ കര്‍ഷകസമരം ചൂണ്ടിയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിമാരെ മാറ്റിയുള്ള പരീക്ഷണത്തിനു പിന്നാലെയാണു തിരഞ്ഞെടുപ്പു നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഇടര്‍ച്ചകള്‍ മുതലെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളില്‍ ഇനിയും പരിഹാരം കണ്ടെത്താനാകാത്ത നേതൃപ്രശ്നങ്ങളുണ്ട്.
മണിപ്പൂരില്‍ പക്ഷേ, ഇത്തവണ ബിജെപിക്കു വലിയ വെല്ലുവിളികളുണ്ട്. അയല്‍സംസ്ഥാനമായ നാഗാലാന്‍ഡില്‍ 14 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച സംഭവം ബിജെപിക്കു തിരിച്ചടിയാകും. അതോടൊപ്പം ബിജെപിയുടെ സഖ്യകക്ഷികള്‍തന്നെ അഫ്സ്പ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെയും പ്രധാന തിരഞ്ഞെടുപ്പു പ്രചാരണവിഷയം അഫ്‌സ്പ വിരോധംതന്നെയാണ്.
തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അല്പമെങ്കിലും പ്രതീക്ഷയുള്ളത് പഞ്ചാബില്‍ മാത്രമാണെന്നു വ്യക്തമാണ്. ഗോവയിലോ 15 വര്‍ഷം അധികാരത്തിലിരുന്ന മണിപ്പൂരിലോ പാര്‍ട്ടിക്ക് അട്ടിമറി മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു സാധ്യതയും നിലവിലില്ല. യുപിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് തിഞ്ഞെടുപ്പുനീക്കങ്ങള്‍. ഇവിടെ കോണ്‍ഗ്രസിന്റെ പ്രചാരണമുഖവും പ്രിയങ്കതന്നെയാണ്. നിലവില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനു വലിയ ആഭ്യന്തരകലഹങ്ങള്‍ ഇല്ലാത്ത ഒരു സംസ്ഥാനം യുപിയാണ്. പക്ഷേ, അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുന്നത് ബുദ്ധിയാകില്ല. പ്രിയങ്കയുടെയും രാഹുലിന്റെയും തിരഞ്ഞെടുപ്പുറാലികള്‍ക്കോ പ്രചാരണങ്ങള്‍ക്കോ തടിച്ചു കൂടുന്ന ആളുകള്‍ വോട്ടു നല്‍കാന്‍ മനസ്സു വയ്ക്കുന്നില്ല എന്നത് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്.
ബിജെപിയെ എതിരിടാന്‍ പ്രധാനമായും മൃദുഹിന്ദുത്വംതന്നെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന അടവ്. ജയ്പൂരില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു, ഹിന്ദുത്വ പരാമര്‍ശം ഇതിന്റെ ഒരു ഭാഗം മാത്രമായിരുന്നു. അയോധ്യാ ക്ഷേത്രനിര്‍മാണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബിജെപി യുപിയില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വാരണാസി സന്ദര്‍ശിച്ചും ഗംഗയില്‍ മുങ്ങിയും തങ്ങളും ഒട്ടുംതന്നെ പിന്നിലല്ലെന്നു കാണിച്ചാണ് കോണ്‍ഗ്രസും കുതിക്കുന്നത്.