ഉത്തര, വിസ്മയ, അര്‍ച്ചന, സുചിത്രമാരെയും ഇനിയും പുറംലോകം അറിയാത്തതും അറിയിക്കാത്തതുമായ മറ്റനേകം പേരെയുംപോല ഇപ്പോഴിതാ ആലുവയില്‍നിന്നു മൊഫിയ; സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന നിയമവിദ്യാര്‍ത്ഥിനി. ഭര്‍ത്തൃപീഡനം സഹിക്കവയ്യാതെ നീതിതേടി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും അപമാനിതയായി മടങ്ങേണ്ടിവന്നു അവള്‍ക്ക്, ഒടുവില്‍ ജീവിതത്തില്‍നിന്നുതന്നെ.
ഗാര്‍ഹിക, സ്ത്രീധനപീഡനങ്ങള്‍ക്കെതിരേ ശിക്ഷാനടപടികള്‍ കര്‍ക്കശമാക്കിയെന്ന് ഓരോ ദാരുണസംഭവത്തിനുശേഷവും സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറയുമ്പോഴും, ജീവനൊടുക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും പട്ടികയില്‍ പുതിയ പേരുകള്‍ എഴുതിച്ചേര്‍ക്കേണ്ടിവരുന്നതില്‍ സാംസ്‌കാരികകേരളം ലജ്ജിക്കുകതന്നെ വേണം. നിയമവും പോലീസും വനിതാകമ്മീഷനും എന്നുവേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ശക്തമാണ്. പക്ഷേ, ഗുണഫലങ്ങള്‍ പ്രായോഗികമായി ജനങ്ങളിലേക്ക് എത്തുന്നില്ല എന്നാണ് വര്‍ത്തമാനകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീധനപരാതികള്‍ വര്‍ദ്ധിച്ചപ്പോഴാണ് സ്ത്രീധനനിരോധനചട്ടങ്ങളില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന്, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ത്രീധനം തടയാനുള്ള ഓഫീസര്‍മാരെ നിശ്ചയിച്ച് വനിതാ ശിശുക്ഷേമസമിതി ഉത്തരവിറക്കി. വനിതാ ശിശുവികസനവകുപ്പു ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു. നിയമവും ഓഫീസര്‍മാരുമുണ്ട്, കടലാസില്‍ എല്ലാം ഭദ്രം; സ്ത്രീകള്‍ക്കു ഭദ്രതയില്ലെന്നു മാത്രം.
1961 മേയ് ഒന്നിനാണ് ഇന്ത്യയില്‍ സ്ത്രീധനനിരോധനനിയമം പ്രാബല്യത്തിലാകുന്നത്. വിവാഹത്തിനു തൊട്ടുമുമ്പോ ശേഷമോ വസ്തുവകകള്‍, സ്ഥലം, പണം തുടങ്ങിയവ സ്ത്രീധനമായി നല്കുന്നത് നിയമംമൂലം നിരോധിച്ചു. ഈ നിയമം എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. സ്ത്രീകള്‍ക്കു കൂടുതല്‍ സംരക്ഷണം നല്കാന്‍ 1985 ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 498 എ. എന്ന വകുപ്പുകൂടി നിലവില്‍വന്നു. സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിച്ചാല്‍ മൂന്നു കൊല്ലംവരെ തടവും പിഴയുമാണു ശിക്ഷ. സ്ത്രീധനപീഡനമരണത്തിന് ഏഴുകൊല്ലം തടവാണു ശിക്ഷ. സ്വന്തം വീട്ടില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പീഡനങ്ങള്‍ തടയാനുള്ള ഗാര്‍ഹികപീഡനനിരോധനനിയമവും 2006 മുതല്‍ ശക്തമാണ്. നിയമവും സുരക്ഷയും ബോധവത്കരണവും ഇത്രമാത്രം ശക്തമായിട്ടും, സ്ത്രീകള്‍ ഏറ്റവുമധികം കൊല്ലപ്പെടുകയും പീഡനത്തിരയാവുകയും ചെയ്യുന്നത് വീട്ടകങ്ങളിലാണെന്ന യാഥാര്‍ത്ഥ്യം നമ്മെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു!
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താല്‍ സര്‍വകലാശാലാബിരുദം തിരിച്ചെടുക്കുന്ന നിയമം കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈയിടെ പറഞ്ഞത് കേരളം സഗൗരവം ശ്രദ്ധിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ നിരവധി നിയമപരിരക്ഷകള്‍ രാജ്യത്തുണ്ടായിട്ടും സ്ത്രീധനപീഡനങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിരുദസര്‍ട്ടിഫിക്കറ്റ് നല്കുന്നതിനുമുമ്പായി സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും ഇതു തെറ്റിച്ചാല്‍ നടപടിയെടുക്കണമെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ പറഞ്ഞത് പൊതുസമൂഹം മനസ്സിരുത്തി വിലയിരുത്തേണ്ടതാണെന്നു തോന്നുന്നു. ഗാര്‍ഹിക, സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആലുവാ സ്വദേശി മൊഫിയ പര്‍വീണിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുക്കത്തില്‍, സ്ത്രീധനത്തിന്റെ പേരില്‍ നമ്മുടെ കുടുംബങ്ങളിലരങ്ങേറുന്ന അതിക്രമങ്ങള്‍ക്കറുതി വരുത്താന്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം ഉണരണം. ലിംഗസമത്വവും സ്ത്രീശക്തീകരണവും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന ഇക്കാലത്ത് എന്തേ വിദ്യാഭ്യാസകേരളം അതു ഗൗരവമായെടുക്കാതെ പോകുന്നു? ആണ്‍കുട്ടിയോടൊപ്പം തുല്യവ്യക്തിത്വവും അന്തസ്സും അഭിപ്രായസ്വാതന്ത്ര്യവുമുള്ള വ്യക്തിയാണു പെണ്‍കുട്ടിയെന്ന യാഥാര്‍ത്ഥ്യം കുടുംബവും പൊതുസമൂഹവും അംഗീകരിക്കണമെന്നു പറയുമ്പോഴും, ഇത്തരത്തിലുള്ള പ്രബോധനങ്ങളും തിരിച്ചറിവുകളും കൊടുക്കാന്‍ നമ്മുടെ സര്‍വകലാശാല സിലബസുകളിലെങ്കിലും മതിയായ പ്രാധാന്യത്തോടെ ഇടം കണ്ടെത്തേണ്ടത് കാലം ആവശ്യപ്പെടുന്ന സുകൃതമാണ്. പെണ്‍മക്കളെ കച്ചവടച്ചരക്കാക്കാതിരിക്കാനും അപ്രകാരമുള്ള കരാറുകള്‍ വിവാഹാലോചനയുടെ തുടക്കത്തില്‍ത്തന്നെ അവസാനിപ്പിക്കാനും മാതാപിതാക്കള്‍ ആര്‍ജവമുള്ളവരാകണം. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ഇച്ഛിക്കുകയോ പോലുമില്ലെന്നും, സ്ത്രീയാണ് യഥാര്‍ത്ഥ ധനമെന്നു കരുതുമെന്നും ആധുനികവിദ്യാഭ്യാസവും വിവരവുമുള്ള ചുണക്കുട്ടികളായ നമ്മുടെ യുവാക്കന്മാര്‍ ഉറച്ച തീരുമാനമെടുത്താല്‍ അതു മാറ്റത്തിന്റെ വലിയൊരു തുടക്കമാകും.