കാലാവസ്ഥാവ്യതിയാനവും മഴക്കെടുതികളും പ്രാതികൂല്യങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാനകാലത്ത്, മണ്ണില്‍ വിയര്‍പ്പൊഴുക്കി അന്നത്തിനായി കാത്തിരിക്കുന്ന കര്‍ഷകമക്കള്‍, വന്യജീവികളുടെ ആക്രമണംകൂടിയാകുമ്പോള്‍ തീര്‍ത്തും നിസ്സഹായരാവുകയാണ്. നാളുകള്‍ക്കുമുമ്പുവരെ വനാതിര്‍ത്തികളില്‍ മാത്രമായിരുന്നു കാട്ടുമൃഗങ്ങളുടെ ശല്യമെങ്കില്‍, ഇപ്പോള്‍ വനത്തിലെ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാത്തതുമൂലമാകാം, ഇവ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സംസ്ഥാനത്തുടനീളം ഈ വര്‍ഷം 64 പേര്‍ കൊല്ലപ്പെട്ടതായാണു കര്‍ഷകസംഘടനകള്‍ ഉയര്‍ത്തിക്കാട്ടിയ കണക്ക്. അതേസമയം, വനംവകുപ്പിന്റെ ഔദ്യോഗികകണക്കുപ്രകാരം 52 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം മരണം കാട്ടാനയുടെ ആക്രമണത്താലാണ് - 25. പാമ്പുകടിയേറ്റ് 22 പേര്‍ മരിച്ചു. കാട്ടുപന്നി, കാട്ടുപോത്ത്, മയില്‍ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്താല്‍ മരിച്ചവരും പരിക്കേറ്റവരും വേറേയുമുണ്ട്. സംസ്ഥാനത്തുടനീളം മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും കണ്ണുതുറക്കാതെ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പെരുമാറുന്നത് വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
വന്യജീവിശല്യം രൂക്ഷമായ സാഹചര്യത്തിലാണ് കേരള വനംവകുപ്പ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിരേഖയുമായി കേന്ദ്രത്തെ സമീപിച്ചത്. ഇതിനായി 620 കോടിയുടെ പ്രത്യേക സാമ്പത്തികസഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പദ്ധതിനിര്‍വഹണത്തിനുള്ള തുകയുടെ അറുപതു ശതമാനം കേന്ദ്രവും നാല്പതു ശതമാനം സംസ്ഥാനവും വഹിക്കുന്ന വിധത്തിലാണ് ശുപാര്‍ശ. ഇക്കാര്യങ്ങളെല്ലാം പറഞ്ഞു കേന്ദ്രസര്‍ക്കാരിനു പലതവണ കത്തുകളയച്ചെങ്കിലും അനുകൂലനടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനം നേരിട്ട് ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു തയ്യാറായത്.
ജനവാസമേഖലയില്‍ ശല്യം ചെയ്യുന്ന കാട്ടുപന്നിയെ വന്യജീവിസംരക്ഷണനിയമത്തിലെ 62-ാം വകുപ്പനുസരിച്ച് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളവും വനംമന്ത്രിയും ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍, വനം വകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും അവയെ കൊല്ലാനും അവയുടെ മാംസം ഉപയോഗിക്കാനും കഴിയും. കാട്ടുപന്നികളുടെ ജഡം മറവുചെയ്യാന്‍ വനംവകുപ്പിന്റെ അനുമതി തേടേണ്ടതില്ല. നിലവില്‍ കാക്കകള്‍, വവ്വാലുകള്‍, എലികള്‍ എന്നിവ മാത്രമാണ് കേരളത്തില്‍ ക്ഷുദ്രജീവിപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.
വന്യജീവിമൂലമുള്ള കൃഷിനാശം കൂടുതലും വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. വായ്പയെടുത്ത് ഇറക്കിയ കൃഷി വിളവെടുപ്പിനു പാകമാകുമ്പോള്‍ വന്യജീവികള്‍ നശിപ്പിച്ച് ഒടുക്കം കടബാധ്യതയില്‍പ്പെട്ട് ജീവിതംതന്നെ ഒടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്ന വാര്‍ത്തകളും തള്ളിക്കളയാനാവില്ല.
വന്യജീവി ആക്രമണങ്ങള്‍ കൂടിയതോടെ, നഷ്ടപരിഹാര അപേക്ഷകളും കൂടി. 2009-10 വര്‍ഷത്തില്‍ 2922 അപേക്ഷകളാണു വനംവകുപ്പിനു ലഭിച്ചതെങ്കില്‍, ഈ വര്‍ഷം ഇതുവരെ 10,095 അപേക്ഷകളാണു കിട്ടിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവുമധികം നഷ്ടപരിഹാരം നല്‍കിയത് വയനാട് ജില്ലയിലാണ്-13.91 കോടി രൂപ. രണ്ടാമത് പാലക്കാടാണ്- 4.87 കോടി രൂപ. മൂന്നാമത് മലപ്പുറവും - 2.99 കോടിയാണ്. 14 ജില്ലകളിലായി ആകെ 30.87 കോടിയാണ് കൃഷിനാശത്തിനു നഷ്ടപരിഹാരമായി ആകെ നല്‍കിയത്.
കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണം രൂക്ഷമായതോടെ കൃഷിഭൂമിയില്‍നിന്നു വിട്ടുനില്‍ക്കുന്ന കര്‍ഷകരുടെ ആശങ്കകളകറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കര്‍ഷകര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനോ പ്രതിരോധനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും കര്‍ഷരോടു കാണിക്കുന്ന അനീതിതന്നെയാണ്. വന്യമൃഗങ്ങളെ സ്വന്തം നിലയില്‍ തുരത്താന്‍ കര്‍ഷകര്‍ക്ക് റബര്‍ ബുള്ളറ്റുകള്‍ നല്കാനുള്ള നിര്‍ദേശം വനംവകുപ്പിന്റെ പരിഗണനയിലുണ്ടെങ്കിലും ഒരു നടപടിയുമായിട്ടില്ല. വന്യജീവികള്‍ക്കു വനത്തില്‍ത്തന്നെ ഫലപ്രദമായ ആവാസവ്യവസ്ഥ ഒരുക്കാത്തതാണ് അവ നാട്ടിലേക്കു വരാന്‍ കാരണം.
വന്യമൃഗങ്ങള്‍ക്ക് കര്‍ഷകരെക്കാള്‍ വില കല്പിക്കുന്ന നയം, അതു സര്‍ക്കാരുകളുടെയും വനംവകുപ്പിന്റെയുമെന്നല്ല ആരുടെ ഭാഗത്തുനിന്നുണ്ടായാലും നിരുത്തരവാദിത്വപരമാണ്. കൃഷിയിടം കര്‍ഷകന്റെ ഹൃദയഭൂമിയാണ്. കൃഷി ജീവിതോപാധി എന്ന നിലയ്ക്കപ്പുറം കര്‍ഷകന്റെ ജീവിതത്തോടു ചേര്‍ന്നു നില്ക്കുന്ന ഒരു സംസ്‌കാരമാണ്. സ്വന്തം മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നത് കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനയായി കാണുന്ന ശീലമുള്ളവരാണ് കര്‍ഷകര്‍. അങ്ങനെയുള്ള കര്‍ഷകരുടെ നീണ്ടനാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമിടയില്‍, അതും കാലാവസ്ഥാവ്യതിയാനങ്ങള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ഇക്കാലത്ത്, വന്യജീവികളുടെ ആക്രമണംകൂടിയാകുമ്പോള്‍ ഭയാശങ്കയിലെത്തുന്ന അന്നദാതാക്കളുടെ രക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകതന്നെ വേണം.