കൃഷിയുടെയും കര്‍ഷകരുടെയും അന്തകനിയമങ്ങളെന്ന് ആക്ഷേപങ്ങളേറ്റുവാങ്ങിയ, കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ പാവകളാക്കുന്ന വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കര്‍ഷകസമൂഹം നടത്തിയ ഐതിഹാസികപോരാട്ടത്തിനു ചരിത്രവിജയം. മഞ്ഞും വെയിലും മഴയും കൊവിഡും തീര്‍ത്ത പ്രതിസന്ധികളെ വകവയ്ക്കാതെ തെരുവില്‍ക്കിടന്നു പോരാടുന്ന കര്‍ഷകസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മുട്ടുകുത്തേണ്ടിവന്നത്, അധികാരത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് എതിര്‍പ്പുകളെ അടിച്ചമര്‍ത്തി ഭരിക്കാമെന്നഹങ്കരിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ്.
2020 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ വിവാദനിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകസംഘടനകളുടെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുമായി ഉന്നതതലചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങാനില്ലെന്ന സര്‍ക്കാരിന്റെ പിടിവാശിക്കുമുന്നില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. സമരക്കാരില്‍ എഴുനൂറ്റമ്പതിലേറെപ്പേര്‍ പല സന്ദര്‍ഭങ്ങളിലായി മരിച്ചുവീണപ്പോഴും, പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴും, സമരത്തില്‍നിന്നു പിന്മാറില്ലെന്നു കര്‍ഷകര്‍ തീരുമാനിച്ചതാണ് സ്വതന്ത്രേന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വിജയത്തിലേക്കു നയിച്ചതെന്നതു ശ്രദ്ധേയമാണ്.
നേരത്തേ, നിയമങ്ങള്‍ നടപ്പാക്കുന്നത് താത്കാലികമായി മാറ്റിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായിരുന്നില്ല. വൈകിയെങ്കിലും കര്‍ഷകവികാരം മനസ്സിലാക്കി, പുതിയ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായത് സ്വാഗതാര്‍ഹമാണ്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഗുരുനാനാക്ക് ജയന്തിദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
വന്നെങ്കിലും കര്‍ഷകര്‍ സമരം തുടരുകയാണ്.
പാര്‍ലമെന്റില്‍ നിയമം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ടിക്കായത്ത് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ കാര്‍ഷികനിയമങ്ങള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുക്കാനാണ് പുതിയ നിയമങ്ങളെന്ന വ്യാപകവിമര്‍ശനങ്ങള്‍ക്കിടെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.
കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വില്പനയെ സംബന്ധിച്ചും, കരാര്‍ കൃഷി നടത്തുന്നതിനെ സംബന്ധിച്ചുമുള്ള രണ്ടു പുതിയ ബില്ലുകളും (കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക ശക്തീകരണസംരക്ഷണ ബില്‍) ഇവയിലുള്‍പ്പെടുന്നുണ്ട്.
നിലവിലുള്ള അവശ്യസാധന സംരക്ഷണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഒരു ഭേദഗതി ബില്ലുമാണ് ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ലോക്സഭ 2020 സെപ്റ്റംബര്‍ 17 നും രാജ്യസഭ 20 നും ചര്‍ച്ച കൂടാതെ പാസ്സാക്കിയത്. 26 ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് പൊതുവേയും ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും കര്‍ഷകരോഷത്തിനിടയാക്കി പ്രസ്തുത നിയമങ്ങള്‍.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷംമുമ്പ് ആരംഭിച്ച സമരം ലോകം മുഴുവനും പിന്തുണച്ച സമരമായി മുന്നേറിയപ്പോഴും മോദിക്കു കുലുക്കമില്ലായിരുന്നു. അന്താരാഷ്ട്രമാധ്യമങ്ങള്‍ കര്‍ഷകസമരത്തിന്റെ ചൂടും ചൂരും ലോകത്തെ അറിയിച്ചു. സെലിബ്രിറ്റികളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ കര്‍ഷകസമരം നിറഞ്ഞു. എന്നാല്‍, കര്‍ഷകര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണ്, മാവോവാദികളാണ് എന്നൊക്കെ ആക്ഷേപിച്ച് സമരത്തെ അടിച്ചമര്‍ത്താനായിരുന്നു മോദിസര്‍ക്കാരിന്റെ ശ്രമം. ഏറ്റവുമൊടുവില്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരോട് പ്രധാനമന്ത്രി മാപ്പു പറയുമ്പോള്‍, വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന നേതാവിന് മണ്ണില്‍ പണിയെടുക്കുന്ന ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായി അത്. പ്രക്ഷോഭങ്ങളോടും എതിര്‍പ്പുകളോടും മുഖംതിരിച്ചുനിന്നുമാത്രം ശീലിച്ച ചരിത്രമുള്ള മോദി, 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നേരിട്ട ഏറ്റവും വലിയ നയപരമായ പരാജയമാണ് കര്‍ഷകസമരവും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കലുമെന്നാണ് രാഷ്ട്രീയവിലയിരുത്തല്‍. കര്‍ഷകര്‍ക്കു സ്വാധീനമുള്ള ഉത്തര്‍പ്രദേശിലും പഞ്ചാബിലും അടുത്തവര്‍ഷം നിയമസഭാതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ, ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് രാഷ്ട്രീയതീരുമാനത്തില്‍ കുറഞ്ഞതൊന്നുമല്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. സര്‍ക്കാരിന്റെ സദുദ്ദേശ്യം ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ പോയതില്‍ മനസ്താപം പ്രകടിപ്പിച്ച്, കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്ന നേതാവിനു വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെങ്കില്‍പ്പോലും എടുത്ത തീരുമാനത്തില്‍നിന്ന് ആദ്യ മായി പിന്‍മാറേണ്ടിവരുമ്പോള്‍ മോദി എന്ന നെഞ്ചുറപ്പുള്ള നേതാവിന്റെ പരാജയത്തിലേക്കുള്ള ആദ്യചുവടുകള്‍തന്നെയാണിത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷികമേഖലയാണെന്ന് അധികാരികള്‍ പ്രസംഗിക്കുന്നതിനപ്പുറം കൃഷിയെയും കര്‍ഷകരെയും ആരും ഗൗനിക്കാറില്ലെന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, 2020 സെപ്തംബറില്‍ പാസ്സാക്കിയ മൂന്നു കാര്‍ഷികനിയമങ്ങളും കര്‍ഷകനുള്ള മരണവാറണ്ടായാണ് രാജ്യത്തെ കര്‍ഷകസമൂഹം കണ്ടത്. പിന്നാലെ അവര്‍ പ്രക്ഷോഭത്തിനിറങ്ങി, സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ സമരമുഖത്തേക്ക് ഒഴുകിയെത്തി. കൃഷിക്കാര്‍ക്ക് പുരോഗമനപരമായ നിയമങ്ങളാണു കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുമ്പോഴും കേന്ദ്രഭരണം നടത്തുന്ന ദേശീയജനാധിപത്യ സഖ്യത്തിനൊപ്പം നിന്നിരുന്ന അകാലിദള്‍പോലുള്ള നിരവധി പ്രാദേശികപ്പാര്‍ട്ടികള്‍ മുന്നണി വിട്ടുപോരാനും എന്‍.ഡി.എയ്ക്ക് എതിരായി അണിനിരക്കാനും തയ്യാറായത് സമരത്തിന് ഇന്ധനം പകര്‍ന്നു. സമരം തുടങ്ങിയശേഷം പലഘട്ടത്തിലും സുപ്രീംകോടതി നടത്തിയ ഇടപെടലുകളുടെ അര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊണ്ടില്ല.
2020 നവംബറില്‍ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ മാര്‍ച്ചോടെയാണ് കര്‍ഷകസമരത്തിനു തുടക്കംകുറിച്ചത്. ഹരിയാന സര്‍ക്കാറും പൊലീസും ബാരിക്കേഡുകള്‍ നിരത്തി തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ നിരനിരയായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുംപോലും റോഡുകളില്‍ ടെന്റുകള്‍ കെട്ടി താമസമാക്കി. കേന്ദ്രസര്‍ക്കാരിനെതിരേ സിംഘുവിലും തിക്രിയിലും ഗാസിപൂരിലും തമ്പടിച്ചു നടത്തിയ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ സമരവേദികളിലെത്തി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളുടെ പിന്നില്‍ കോര്‍ത്ത ട്രോളിയില്‍ സമരമുഖത്തു നിറഞ്ഞു. എത്ര കാലം കഴിഞ്ഞാലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന് അവര്‍ പലവട്ടം മുന്നറിയിപ്പു നല്‍കി.
കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്ന് ഗ്രേറ്റ ത്യുന്‍ബെര്‍ഗിനെയടക്കം കേസില്‍പ്പെടുത്തുകയും ടൂള്‍കിറ്റ് കേസുണ്ടാക്കി നിരപരാധികളായ ഒട്ടേറെപ്പേരെ ഉപദ്രവിക്കുകയും ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ റിപ്പബ്ലിക്ദിനത്തില്‍ നൂറുകണക്കിന് ട്രാക്റ്ററുകള്‍ ഇരമ്പിയെത്തിയ ട്രാക്ടര്‍ മാര്‍ച്ചും സംഘര്‍ഷവും ചെറിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും സമരം മുന്നേറുകതന്നെ ചെയ്തു. പ്രക്ഷോഭകരുടെ നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് ഗാസിപൂര്‍ സമരം ദുര്‍ബലമാക്കാന്‍ ശ്രമിച്ചത് സമരവീര്യം ഇരട്ടിയാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കപ്പെട്ടു. വെയിലിലും മഞ്ഞിലും മഴയിലുമെല്ലാം സമരവീര്യം കെടാതെ സോഫ, കിടക്ക, ടിവി, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്മുതല്‍ യൂറോപ്യന്‍ ക്ലോസറ്റ്വരെ സജ്ജീകരിച്ചൊരുക്കിയ ട്രാക്ടറുകള്‍ കര്‍ഷകര്‍ക്കു താങ്ങായി.
ഒരുമാസംമുമ്പ്, യുപിയിലെ ലഖിംപുരില്‍ സമാധാനപരമായി പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ, സമരത്തെ നിരന്തരം എതിര്‍ത്തുകൊണ്ടിരുന്ന കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാലു കര്‍ഷകരെ കൊന്നതോടെ ജനരോഷം ആളിപ്പടര്‍ന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേര്‍കൂടി കൊല്ലപ്പെട്ടു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചതിനെത്തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
തിരിച്ചടികള്‍ക്കും ആക്ഷേപങ്ങള്‍ക്കുമൊപ്പം മഞ്ഞും മഴയും വെയിലും കൊവിഡും വകവയ്ക്കാതെ കര്‍ഷകര്‍ തുടര്‍ച്ചയായി സമരം നടത്തിയിട്ടും ഒത്തുതീര്‍പ്പിന്റെ സൂചനകളൊന്നും കാണാനായിരുന്നില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കി. കര്‍ഷകശക്തീകരണത്തിനെന്ന പേരില്‍ പാസാക്കിയ നിയമങ്ങള്‍ റിലയന്‍സ്, പെപ്‌സികോ തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്കു പരവതാനി വിരിച്ചു നല്‍കാനാണെന്നും ഇവ കര്‍ഷകരെ അടിയാന്മാരാക്കുകയാണു ചെയ്യുകയെന്നും വിമര്‍ശനങ്ങളേറെയാണ്. ഈ നിയമം നടപ്പായാല്‍ കര്‍ഷകര്‍, ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ക്ഷീരകര്‍ഷകര്‍, കോഴിക്കര്‍ഷകര്‍ തുടങ്ങിയവരെല്ലാം ദോഷകരമായി ബാധിക്കുമെന്നും ആക്ഷേപങ്ങളുണ്ട്.
ഗാന്ധിയന്‍രീതിയിലുള്ള അഹിംസാത്മകരാഷ്ട്രീയശൈലി ഉപയോഗപ്പെടുത്തി ജനാധിപത്യപരവും സമാധാനപരവുമായി മുന്നേറിയ സമരം ഒടുവില്‍ വിജയത്തിലെത്തുമ്പോള്‍ അതു ജനത്തെ പരിഗണിക്കാതെ നയങ്ങള്‍ നടപ്പാക്കുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കു പിന്നില്‍ നാനൂറ്റമ്പതോളം കര്‍ഷകസംഘടനകള്‍ പങ്കാളിത്തം വഹിക്കുന്ന സമരം കര്‍ഷക ഐക്യത്തിനും കാരണമായി.
ഇന്ത്യയിലെ ഏറ്റവും പ്രധാന ദേശീയ രാഷ്ട്രീയപ്രശ്നമായി കര്‍ഷകപ്രശ്നത്തെ മാറ്റിയെടുക്കാന്‍ ഈ സമരത്തിനായി. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന വിപുലമായ കര്‍ഷകപ്രക്ഷോഭത്തെ ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണു നോക്കിക്കാണുന്നത്.
ഒരു വര്‍ഷത്തോളമായി തെരുവില്‍ അന്തിയുറങ്ങി മണ്ണിന്റെ മക്കള്‍ നടത്തിയ പ്രതിഷേധം വിജയത്തിലെത്തുമ്പോള്‍ അധികാരവഴികള്‍ക്കൊരു മുന്നറിയിപ്പായി അതു ചരിത്രത്തില്‍ എഴുതപ്പെടും.