ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപനം. ലോകത്താകമാനമുള്ള മനുഷ്യകുലം ഇന്നു നേരിടുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അഭിമുഖീകരിക്കാനുള്ള ഏതാനും നടപടികള്‍ക്കു തുടക്കം കുറിച്ചതൊഴിച്ചാല്‍, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും ദുരന്തങ്ങളും കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, ഫലപ്രദമായ തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ലോകനേതാക്കള്‍ ഗ്ലാസ്‌ഗോ വിട്ടു.
ഇരുനൂറു രാജ്യങ്ങളില്‍നിന്നുള്ള 25000 പ്രതിനിധികള്‍, നൂറ്റിയിരുപതോളം രാജ്യങ്ങളിലെ തലവന്മാര്‍, കാലാവസ്ഥാശാസ്ത്രജ്ഞര്‍ തുടങ്ങിയവരടങ്ങിയ പൗരപ്രമുഖര്‍ കാലാവസ്ഥാവ്യതിയാനമെന്ന നിര്‍ണായകവിഷയത്തെ അഭിസംബോധന ചെയ്തപ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നുകേട്ട നാളുകളായിരുന്നു ഈ പതിമ്മൂന്നു ദിനങ്ങള്‍. കാലാവസ്ഥാവ്യതിയാനത്തിന്റെ നേരിട്ടുള്ള ഇരയെന്നു വിശേഷിപ്പിക്കാന്‍ തക്ക ദുരന്തങ്ങളേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയും, പ്രത്യേകിച്ച് കേരളവും പ്രതീക്ഷയോടെ കാത്തിരുന്ന ദിനങ്ങള്‍ക്കാണ് ആശകളും ആശങ്കകളും ബാക്കിവച്ച് തിരശ്ശീല വീണത്.
കല്‍ക്കരി ഉപയോഗം കുറച്ചുകൊണ്ടുവരിക, ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുക, ദരിദ്രരാജ്യങ്ങള്‍ക്കു സാമ്പത്തികസഹായം നല്കുക തുടങ്ങിയവയാണ് ഗ്ലാസ്‌ഗോ ഉച്ചകോടിയിലെടുത്ത പ്രധാന തീരുമാനങ്ങള്‍. 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍വച്ച് പൊതുസമ്മതിയിലെത്താന്‍ സാധിക്കാതിരുന്ന കാലാവസ്ഥാവ്യതിയാനമുള്‍പ്പെടെയുള്ള പല വിഷയങ്ങളിലും അന്തിമ തീരുമാനത്തിലെത്തുക കോപ് 26 ന്റെ പ്രധാന അജന്‍ഡയായിരുന്നു. ആ നിലയില്‍ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസ് കടക്കാതെ പിടിച്ചുനിര്‍ത്താന്‍ ഇനിയുള്ള പത്തുവര്‍ഷം കരുത്തുറ്റ നയതീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് അംഗരാജ്യങ്ങളുടെയിടയില്‍ ധാരണയായതു വിജയംതന്നെയാണ്. എങ്കിലും, ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ചില പ്രധാന നിര്‍ദേശങ്ങള്‍ക്ക് ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ തീരുമാനമാകാതെ പോയതിനെ വിമര്‍ശനബുദ്ധ്യാ കാണുന്ന നിരീക്ഷകരുമുണ്ട്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം 2030 നുമുമ്പ് പകുതിയായി കുറയ്ക്കുക, സമ്പന്നരാജ്യങ്ങള്‍ പതിനായിരം കോടി ഡോളര്‍ സഹായം പാവപ്പെട്ട രാജ്യങ്ങള്‍ക്കു നല്കുക തുടങ്ങിയവയായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍.
കാര്‍ബണ്‍ പുറന്തള്ളലില്‍ ''നെറ്റ് സീറോ'' (പുറന്തള്ളലും ഒഴിവാക്കലും തുല്യമാക്കല്‍) ലക്ഷ്യത്തിലെത്താനുള്ള സമയപരിധിയായി 2050 നിശ്ചയിക്കാന്‍ കൂടുതല്‍ രാജ്യങ്ങളെ പ്രതിബദ്ധരാക്കിയെന്നത് ഗ്ലാസ്‌ഗോയുടെ വിജയമായി കണക്കാക്കാവുന്നതാണ്. മാത്രമല്ല, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ഇരുപതോളം രാഷ്ട്രങ്ങള്‍ 2022 ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ക്കു സാമ്പത്തികസഹായം നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ പൊതുധാരണയിലെത്തിയെന്നതും നിര്‍ണായകമാണ്. ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, പോളണ്ട്, യുക്രൈന്‍ എന്നിങ്ങനെ 25 രാജ്യങ്ങള്‍ കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജപദ്ധതികളില്‍നിന്ന് പത്തിരുപതുവര്‍ഷത്തിനകം പിന്‍വാങ്ങും. വിനാശകാരിയായ ഹരിതഗൃഹവാതകങ്ങളില്‍ രണ്ടാം സ്ഥാനത്തുനില്ക്കുന്ന മീഥെയ്‌നിന്റെ പുറന്തള്ളലില്‍ 2030 ഓടെ മുപ്പതുശതമാനം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും പത്തുവര്‍ഷംകൊണ്ട് നശിപ്പിച്ച പച്ചപ്പെല്ലാം തിരിച്ചുപിടിക്കാനാവുമെന്ന പ്രഖ്യാപനം നടത്താനുമായത് സ്വാഗതാര്‍ഹമാണ്.
2070 ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയിലെത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്‌ഗോയില്‍ നല്കിയ ഉറപ്പ്. ഇതിനുപുറമേ, 2030 ഓടെ ഇന്ത്യയുടെ ഫോസിലിതര ഊര്‍ജോത്പാദനത്തില്‍ അമ്പതുശതമാനം വര്‍ദ്ധന സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത ഒമ്പതുവര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് ഗിഗാവാട്ട് വൈദ്യുതിയുത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍.
ലോകത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ നാല്പതു ശതമാനവും കല്‍ക്കരി ഉപയോഗത്തില്‍നിന്നാണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ അളവു കൂടുന്നതാണ് ആഗോളതാപനത്തിനു മുഖ്യകാരണമെങ്കിലും കല്‍ക്കരിയടക്കമുള്ള പരമ്പരാഗത ഊര്‍ജങ്ങളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങള്‍ക്കു കഴിയില്ല. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെയാണ് സമ്പന്നരാജ്യങ്ങള്‍ വ്യവസായവളര്‍ച്ച നേടിയത്. അവര്‍ ഇപ്പോള്‍ മറ്റ് ഊര്‍ജസ്രോതസ്സുകളിലേക്കു ചുവടു മാറ്റുകയാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇതിനു കൂടുതല്‍ സമയം ആവശ്യമാണ്. ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ വെളിച്ചത്തില്‍ സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി തുടങ്ങിയ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള ഊര്‍ജിതശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകണം. ആഗോളതാപന-കാലാവസ്ഥാവ്യതിയാനവിപത്തുകളില്‍നിന്നു നമ്മുടെ പൊതുഭവനമായ ഭൂമിയെ രക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളിലൂടെയും സാമ്പത്തികസഹായമുള്‍പ്പെടെയുള്ള പരസ്പര സഹകരണത്തിലൂടെയും എല്ലാ രാജ്യങ്ങള്‍ക്കും സാധിക്കട്ടെ.