•  Published From Palai
  •  Contact Us
  •  Previous Issues
  •  10 Jul 2025
  •  ദീപം 58
  •  നാളം 18
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

മിന്നലാട്ടം

  • അഡ്വ. എ.റ്റി. തോമസ് വാളനാട്ട്
  • 25 November , 2021

രാജപ്പന്‍പിള്ള കോഴിയിറച്ചി വാങ്ങാന്‍ വന്നതാണ്. അദ്ദേഹം കോഴിയിറച്ചിയെന്നല്ല, ജീവനുള്ള ഒന്നിനെയും കൊന്നുഭക്ഷിക്കുന്നയാളല്ല; തികഞ്ഞ സസ്യാഹാരി. ഇതുപക്ഷേ, കൊച്ചുമക്കളെപ്രതി വന്നതാണ്. മകനും കുടുംബവും രണ്ടു ദിവസത്തെ ലീവിനു വന്നിട്ടുണ്ട്, ചെന്നൈയില്‍നിന്ന്. മുത്തച്ഛനും കൊച്ചുമക്കളെന്നുവച്ചാല്‍ ജീവനാ. ''അവരുടെകൂടെ ആന കളിക്കുന്നതും സാറ്റു കളിക്കുന്നതുമൊക്കെക്കണ്ടാല്‍ മുത്തച്ഛനും കൊച്ചുമക്കള്‍ക്കുമൊരേ പ്രായമാണെന്നേ തോന്നൂ'' എന്നാണ് മുത്തശ്ശി പറയുന്നത്.
ഒരു ജീവിയെയും കൊന്നുഭക്ഷിക്കുന്നത്  ഇഷ്ടമല്ലെങ്കില്‍പ്പോലും അദ്ദേഹം കോഴിക്കടയിലേക്കു വന്നിരിക്കുകയാണ്. വന്നില്ലെങ്കില്‍ ഈ ലോഹ്യമൊന്നുമുണ്ടായിരിക്കുകയില്ല എന്നതു തന്നെ കാര്യം. തങ്ങളുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ പിച്ചുകയും മാന്തുകയും ചെയ്യും. മുത്തച്ഛനെ പുഷ്പുള്‍ ട്രെയിനാക്കി മാറ്റാനും അവര്‍ക്കറിയാം. മകന്റെ മക്കളില്‍ മൂത്തതു പെണ്ണ്. അവള്‍ക്കു ആറു വയസ്സേ ആയിട്ടുള്ളൂ. ഇളയവനാണു വിരുതന്‍. അവന് നാലു വയസ്സ്. ''മുത്തച്ഛാ എനിക്കു ലെഗ്പീസ് മുറിക്കാതെ വാങ്ങിക്കൊണ്ടുവരണേ'' എന്നു പ്രത്യേകം പറഞ്ഞാണു വിട്ടിരിക്കുന്നത്. ഫ്‌ളൂട്ട് വായിക്കുന്നതുപോലയാണ് അവന്‍ കോഴിയുടെ ലെഗ്പീസ് കടിച്ചുപറിക്കുന്നതെന്ന് അദ്ദേഹം വാത്സല്യത്തോടെ പറയും. പക്ഷേ, ഒരു ജീവിയെ ചൂണ്ടിക്കാണിച്ചുകൊടുത്ത് കഴുത്തറത്ത് കൊല്ലിച്ച്... ഓര്‍ക്കുന്നതുതന്നെ പ്രയാസമാ.
മുമ്പില്‍ നിന്നയാള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് കോഴിക്കടയിലെ ജീവനക്കാരന്‍ ഒരു കോഴിയെ പിടിച്ചു കഴുത്തറത്ത് വീപ്പയിലേക്കിട്ടു. രാജപ്പന്‍പിള്ള ഒരു ഞെട്ടലോടെ മുഖം തിരിച്ചുപിടിച്ചു. വീപ്പയില്‍നിന്ന് ആദ്യം ചിറകടിയുടെ ശബ്ദവും പിന്നാലെ കോഴിക്കാലുകളുടെ ദീനമായ ശബ്ദവും കേട്ടു. കോഴിയുടെ വേര്‍പെട്ട കഴുത്തില്‍നിന്നു ചോര ചീറ്റുന്നത് അദ്ദേഹം ഭാവനയില്‍ കണ്ടു. ഒരു ദേഹവും ദേഹിയും വേര്‍പിരിയുന്ന ദാരുണരംഗം നേരില്‍ക്കണ്ട് ഭയാക്രാന്തനായി നില്ക്കുന്ന പിള്ളയെ ആ ജീവനക്കാരന്‍ വിസ്മയത്തോടെ നോക്കി, 'ഇയാളേതു നാട്ടുകാരനാ' എന്ന ഭാവത്തില്‍. ''ഏതാ വേണ്ടത്? വേഗം പറയുക'' അയാള്‍ ബംഗാളിച്ചുവയുള്ള മലയാളത്തില്‍ ചോദിച്ചു. ചോദ്യംകേട്ട് ഝടിതിയില്‍ ഇഹലോകത്തേക്കു തിരിച്ചുവന്നു നേരേ മുന്നില്‍ക്കണ്ട ഒരു കോഴിയെ ചൂണ്ടി ''ഇതു മതി'' എന്നു പറഞ്ഞൊപ്പിച്ചു. കോഴിയെ കൊല്ലാന്‍ പിടിച്ചപ്പോള്‍, എല്ലാം മനസ്സിലായതുപോലെ അതൊരു ആര്‍ത്തനാദം മുഴക്കി. പറന്നു രക്ഷപ്പെടാന്‍ നോക്കിയ കോഴിയെ  അയാള്‍ നിഷ്‌കരുണം അമര്‍ത്തിപ്പിടിച്ച്, കഴുത്തറത്ത് വീപ്പയിലേക്കിട്ടു. പട, പട കാലടിശബ്ദം നിലച്ചതോടെ ചോരയില്‍ കുളിച്ചു നിശ്ചലമായിക്കിടന്ന കോഴിയുടെ ജഡമെടുത്ത് തൊലി പൊളിച്ചു പീസ് പീസാക്കി മുറിക്കുന്നതുകണ്ടപ്പോള്‍ ആ കഷണങ്ങള്‍ക്കു ജീവനുള്ളതുപോലെ രാജപ്പന്‍ പിള്ളയ്ക്കു തോന്നി. കോഴിയുടെ പ്രാണന്‍ പോയിരുന്നോ ആവോ? ''ഇയാള്‍ ഒരു മനുഷ്യന്‍ തന്നെയോ?'' എന്ന ഭാവത്തില്‍ രാജപ്പന്‍പിള്ള അയാളെ നോക്കിയതിന്റെ അര്‍ത്ഥം ബംഗാളിക്കു ശരിക്കും മനസ്സിലായി. പിന്നില്‍ നിന്നയാള്‍ക്കുവേണ്ടി മറ്റൊരു കോഴിയുടെ കഴുത്തുമുറിച്ച് വീപ്പയിലിട്ടാണ് അതിനുള്ള നിശ്ശബ്ദമറുപടി നല്‍കിയത്. സ്വന്തം കഴുത്തില്‍ കത്തി വയ്ക്കുന്നതുപോലെ തോന്നി പിള്ളയ്ക്ക്.
രാജപ്പന്‍പിള്ള ധൈര്യം സംഭരിച്ചു. ഒരു കോഴിയെ കൊല്ലുന്നതിന്റെ അടുത്തുനില്ക്കാനുള്ള ധൈര്യംപോലും തനിക്കില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ അല്പം അപകര്‍ഷതാബോധമുളവാക്കി. തന്റെ കൊച്ചുമക്കളെ പറഞ്ഞുവിട്ടിരുന്നെങ്കില്‍ അവര്‍ ഒരു സംഘര്‍ഷവും കൂടാതെ കോഴിയിറച്ചിയും വാങ്ങി വരുമായിരുന്നു. തന്നെക്കൊണ്ട് അതിനുപോലും കൊള്ളില്ലെങ്കില്‍!
കുറ്റബോധവും അപകര്‍ഷതാബോധവും അദ്ദേഹത്തെ മാറി മാറി വേട്ടയാടി. ഒരു പ്രാണിയെപ്പോലും ഹിംസിക്കരുത് എന്നതാണല്ലോ തന്റെ സിദ്ധാന്തം. തൊട്ടടുത്തനിമിഷം അദ്ദേഹം ചിന്തിച്ചു. പാമ്പിനു തവളയെ വിഴുങ്ങാം, കുറുക്കനു കോഴിയെത്തിന്നാം, പുലിക്കാണെങ്കില്‍ മാനിന്റെ കൊരവള്ളി മുറിച്ച് ചോര കുടിക്കാം, സിംഹത്തിനു മാനിനെയും മ്ലാവിനെയും കൊന്നുതിന്നാം. എങ്കില്‍പ്പിന്നെ മനുഷ്യന്‍ ഒരു കോഴിയെ കൊന്നുതിന്നുന്നതിലെന്താ തെറ്റ്'' (എന്നാലും എനിക്കു വേണ്ട കേട്ടോ. അദ്ദേഹംപോലുമറിയാതെ ആത്മഗതം കുതിച്ചുകയറി ഗോളടിച്ചു.) ഹിംസയും അഹിംസയും അനുകൂലമായും പ്രതികൂലമായും അദ്ദേഹത്തിന്റെ അന്തരംഗത്തിന്റെ അടച്ചിട്ട കോടതിമുറിക്കുള്ളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ പറത്തി വാദപ്രതിവാദം നടത്തി. രാജപ്പന്‍പിള്ള ഒരു കാര്യം തീര്‍ച്ചയാക്കി. ബാലിശമായ ഈ അഹിംസാസിദ്ധാന്തത്തിന്റെ മുമ്പിലൊന്നും താനിനി മുട്ടുമടക്കില്ല. പിടിക്കുന്ന പാമ്പിനെയും കുറുക്കനെയും സിംഹത്തെയുമൊക്കെ മനസ്സില്‍ കണ്ടു. തൊട്ടടുത്തു നിമിഷം കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തു.
പീസാക്കിയ കോഴിക്കഷണങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലേക്കു വാരിയിട്ട് പേപ്പറില്‍ പൊതിഞ്ഞ് പിന്നെയും മറ്റൊരു പ്ലാസ്റ്റിക് കവറിലിട്ട് രാജപ്പന്‍പിള്ളയുടെ കൈയില്‍ വച്ചുകൊടുത്തു. ജീവനക്കാരന്‍ കാല്‍ക്കുലേറ്ററില്‍ കണക്കു കൂട്ടിപ്പറഞ്ഞു. ''രണ്ടര കിലോ 275 രൂപാ.'' കാശ് എണ്ണിക്കൊടുത്തിട്ട് കോഴിയിറച്ചിയുമായി പിള്ള നടന്നു.
വീട്ടിലേക്കുള്ള വഴിയിലുടനീളം കുറ്റബോധം രാജപ്പന്‍പിള്ളയെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ആരെയും ശ്രദ്ധിക്കാതെ വേഗം നടന്നു. തന്റെ മാനസികസംഘര്‍ഷം ഏതു കൊച്ചുകുട്ടിക്കും വായിച്ചെടുക്കാമെന്ന് അദ്ദേഹത്തിനു തോന്നി. 'മുഖം മനസ്സിന്റെ കണ്ണാടിയാണെ'ന്നു  പറയുന്നത് എത്ര ശരിയാണ്.
മുത്തച്ഛന്റെ കൈയിലെ പ്ലാസ്റ്റിക് കവര്‍ കണ്ടപ്പോള്‍ കൊച്ചുമക്കള്‍ക്കു സന്തോഷമായി. അദ്ദഹത്തിന്റെ സഹധര്‍മിണി കണ്ടപാടേ ചോദിച്ചു: ''അയ്യോ ഇതെന്താ വല്ലാണ്ടിരിക്കുന്നത്?''
കൊച്ചുമകള്‍ പറഞ്ഞു: ''മുത്തശ്ശീ, മുത്തച്ഛന്റെ മുഖം കണ്ടാലിപ്പോള്‍ കുറുക്കനെപ്പോലെയുണ്ട്.''
കൊച്ചുമകന്‍ പറഞ്ഞു: ''കടുവായെപ്പോലെയുണ്ട്.'' ''നമ്മള്‍ പുലികളി കാണാന്‍ തൃശൂരു പോയില്ലേ, അവിടെ കണ്ട പുലിയുടെ മുഖത്തേക്കു നോക്കുന്നതുപോലെയുണ്ട്.'' ഒന്നും മിണ്ടാതെ രാജപ്പന്‍പിള്ള ചാരുകസേരയിലേക്കു ചാഞ്ഞു. അദ്ദേഹം വിചാരിച്ചു. ശരിയായിരിക്കാം, തന്റെ അന്തരംഗസ്പന്ദനങ്ങള്‍ മനോമുകുരത്തില്‍ പ്രതിബിംബിച്ചിട്ടുണ്ടായിരിക്കും. കുറുക്കനും കടുവയും പുലിയുമൊക്കെ തന്റെ മനോവനത്തിലൂടെ മിന്നലാട്ടം നടത്തിയിരുന്നല്ലോ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)