ലണ്ടനിലെ മാര്‍ക്കറ്റിലെ ശുദ്ധീകരിച്ച പെട്രോളിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി ഇവിടെ വില നിര്‍ണയിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുക. നമ്മുടെ എണ്ണക്കമ്പനികള്‍ തമ്മില്‍ മത്സരിക്കട്ടെ. ഓരോ കമ്പനിയുടെയും റിഫൈനറിയുടെ വലുപ്പം, അവിടുത്തെ ടെക്‌നോളജിയുടെ കാര്യക്ഷമത, യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനക്ഷമത, മാനേജര്‍മാരുടെ മിടുക്ക്, തൊഴിലാളികളുടെ കഴിവും ആത്മാര്‍ത്ഥതയും, അഴിമതി, ധൂര്‍ത്ത് മുതലായവ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വലിയ മുന്നേറ്റമുണ്ടാക്കും.
പെട്രോള്‍/ഡീസല്‍ വില എങ്ങനെ കുറച്ചുകൊണ്ടുവരാന്‍ കഴിയും? കേരളമെങ്ങും ചൂടുപിടിച്ച ചര്‍ച്ചകളുടെ വിഷയമാണിത്. കേന്ദ്ര, സംസ്ഥാന നികുതിനിരക്കുകളെപ്പറ്റിയാണ് എല്ലാവരും പറയുന്നത്. ക്രൂഡോയിലിന് 140 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 70 രൂപയ്ക്ക് പെട്രോള്‍ വാങ്ങിയ നമ്മള്‍, ഇന്ന് ക്രൂഡോയിലിന്റെ വില പകുതിയായി നില്‍ക്കുമ്പോള്‍ പെട്രോള്‍ വാങ്ങുന്നത് 103 രൂപയ്ക്ക്! നികുതിനിരക്കുകള്‍ കുറയണം; ഒരു സംശയവുമില്ല.
പക്ഷേ, കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറയ്ക്കാതെതന്നെ നയപരമായ ചില തീരുമാനങ്ങളെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില ലിറ്ററിന് 30 രൂപയെങ്കിലും കുറയ്ക്കാന്‍ കഴിയും. അതിനുപുറമേ നികുതിയുടെ കാര്യത്തില്‍ ചെറിയ കുറവു വരുത്താന്‍ കേന്ദ്രം മനസ്സുവച്ചാല്‍ ലിറ്ററിന് 50 രൂപയെങ്കിലും വില കുറയ്ക്കാന്‍ സാധിക്കും. അതു ജനങ്ങള്‍ക്കു വലിയ ആശ്വാസം പകരും. കൊവിഡിന്റെ പീഡനം കഴിഞ്ഞ് മെല്ലെ ഉയര്‍ത്തെണീല്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് അതു വലിയ ഉത്തേജനമരുന്നായി ഭവിക്കുകയും ചെയ്യും. ഈ
വിലക്കുറവ് എങ്ങനെ നേടിയെടുക്കാന്‍ കഴിയും?
ഓരോ ദിവസവും പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികളെ ഏല്പിച്ചിരിക്കുകയാണല്ലോ. അവര്‍ എണ്ണവില ഓരോ ദിവസവും എങ്ങനെ നിര്‍ണയിക്കുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ കിട്ടുന്ന വിവരം ഇതാണ്: അടിസ്ഥാനവില 40 രൂപ, കേന്ദ്രനികുതി 35 രൂപ, ഡീലര്‍ കമ്മീഷന്‍ 03.88 രൂപ, ആകെ തുക 78.88 രൂപ. ഈ തുകയിന്മേല്‍ സംസ്ഥാനത്തിന്റെ നികുതി 25 രൂപ, ആകെ 103.88 രൂപ.
ഇവിടെ അടിസ്ഥാനവിലയെന്നു പറയുന്നത്
ക്രൂഡിന്റെ വില, അത് റിഫൈനറിയില്‍ എത്തിക്കാനുള്ള ചെലവ്, ശുദ്ധീകരണച്ചെലവ്, മാര്‍ക്കറ്റിങ്
വിഭാഗത്തിന്റെ ചെലവുകളും ലാഭവും ഉള്‍പ്പെടുന്ന വിലയായിരിക്കും എന്നാണു നാം കരുതുന്നത്. പക്ഷേ, ഈ അടിസ്ഥാനവില അവര്‍ കണക്കാക്കുന്നത് ഇങ്ങനെയല്ല.
ഇതു നിര്‍ണയിക്കുന്നത് ലണ്ടനിലെയും ടോക്കിയോവിലെയും വിപണികളില്‍ ശുദ്ധീകരിക്കപ്പെട്ട
പെട്രോളിന്റെ വില്പനവില, അതു വാങ്ങി ഇന്‍ഡ്യയിലെത്തിക്കാനുള്ള കപ്പല്‍ക്കൂലി, ഇന്‍ഡ്യന്‍ തുറമുഖത്തെ ചെലവുകള്‍, ഇറക്കുമതിച്ചുങ്കം, തുറമുഖത്തുനിന്നു റിഫൈനറിയില്‍ എത്തിക്കാനുള്ള ചാര്‍ജ്, ഇവയെല്ലാംകൂടി കണക്കുകൂട്ടി ലഭിക്കുന്ന വിലയാണ്. Trade Parity Price (TPP) എന്നു പറയുന്ന ഈ വിലയാണ്, നമ്മുടെ എണ്ണക്കമ്പനികളുടെ കണക്കിലെ ''അടിസ്ഥാനവില''.
യുക്തിഹീനമായ ഈ നടപടിക്രമം ഉപേക്ഷിച്ചിട്ട് ഓരോ കമ്പനിയും അവരവരുടെ യഥാര്‍ത്ഥ ഉത്പാദനച്ചെലവു കണക്കാക്കി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ഉത്പാദനച്ചെലവു കുറച്ചുകൊïുവരാന്‍ ശ്രമിക്കുകയും അതനുസരിച്ച് അടിസ്ഥാനവില നിര്‍ണയിക്കുകയുമാണു വേണ്ടത്. ഇന്ന് പെട്രോള്‍ വില നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഐ.ഒ.സി. (ഇന്‍ഡ്യന്‍ ഓയില്‍), ബി.പി.സി.എല്‍.,
(ഭാരത് പെട്രോളിയം), എച്ച്.പി.സി.എല്‍. (ഹിന്ദുസ്ഥാന്‍ പെട്രോളിയം) എന്നീ പൊതുമേഖലക്കമ്പനികളാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും സുതാര്യതയില്ല. വളരെ ഉയര്‍ന്ന ശമ്പളനിലവാരവും മറ്റനേകം സൗകര്യങ്ങളും സൗജന്യങ്ങളുമാണ് ജീവനക്കാരും മുകള്‍ത്തട്ടിലെ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും നേടിയെടുത്തിട്ടുള്ളത്. വളരെയധികം ധൂര്‍ത്തും കെടുകാര്യസ്ഥതയും ക്രമക്കേടുകളും അഴിമതിയും അവിടെയുണ്ട്. പല കാര്യങ്ങളിലും മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്ന 'യേസ്-മെന്‍' ആണ് മുകളിലുള്ള മിക്കവരും. ഇവരുടെ ചെലവു കുറയ്ക്കാനോ, കാര്യക്ഷമത ഉയര്‍ത്താനോ, ധൂര്‍ത്ത് ഒഴിവാക്കാനോ അവരുടെമേല്‍ യാതൊരു സമ്മര്‍ദവും ഇന്നില്ല. ഈ മൂന്നു കമ്പനികളുംകൂടി യോജിച്ച് അവരുടെ എല്ലാ പോരായ്മകളും പുറത്തുവരാത്ത രീതിയില്‍ ഉയര്‍ന്ന വില നിശ്ചയിച്ച് അതു പ്രഖ്യാപിക്കുന്നു. അതിന്റെ പുറത്ത് കേന്ദ്ര, സംസ്ഥാന നികുതികള്‍കൂടിയാകുമ്പോള്‍ നാം പെട്രോളിന് 100 രൂപയ്ക്കുമേല്‍ വിലക്കെടുത്തു വാങ്ങേണ്ടിവരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതോടെ, സര്‍വസാധനങ്ങളുടെയും സേവനങ്ങ
ളുടെയും വില ഉയരുന്നു. സാധാരണക്കാരന്റെ കുടുംബബജറ്റിന്റെ താളം തെറ്റുന്നു. സമ്പദ്ഘടനയും നിശ്ചലാവസ്ഥയിലാകുന്നു. ഈ ദയനീയാവസ്ഥയ്ക്കു മാറ്റം വരാന്‍ ആദ്യം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാര്‍ അതിന്റെ നയം മാറ്റുകയാണ്.
ലണ്ടനിലെ മാര്‍ക്കറ്റിലെ ശുദ്ധീകരിച്ച പെട്രോളിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി നമ്മുടെ വില നിര്‍ണയിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുക. നമ്മുടെ എണ്ണക്കമ്പനികള്‍ തമ്മില്‍ മത്സരിക്കട്ടെ. ഓരോ കമ്പനിയുടെയും റിഫൈനറിയുടെ വലുപ്പം, അവിടുത്തെ ടെക്‌നോളജിയുടെ
കാര്യക്ഷമത, യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനക്ഷമത, മാനേജര്‍മാരുടെ മിടുക്ക്, തൊഴിലാളികളുടെ കഴിവും ആത്മാര്‍ത്ഥതയും, അഴിമതി, ധൂര്‍ത്ത് മുതലായവ ഒഴിവാക്കല്‍... ഇങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വലിയ മുന്നേറ്റമുണ്ടാക്കും. ഈ മത്സരത്തിന്റെ ഫലമായി അടിസ്ഥാനവില അഞ്ചു രൂപവീതമെങ്കിലും കുറയ്ക്കാന്‍ കഴിയും.
രാജ്യമെങ്ങുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് ഡീലര്‍മാര്‍ അനുവദിച്ചിരിക്കുന്ന കമ്മീഷന്‍, ലിറ്ററൊന്നിന് 3 രൂപ 88 പൈസയാണ്. ഇവര്‍ തമ്മില്‍ മത്സരിക്കാന്‍ അനുവദിക്കുക. ഇന്ന് നിശ്ചയിച്ചിരിക്കുന്ന കമ്മീഷനില്‍ ഒരു രൂപയെങ്കിലും മത്സരംമൂലം കുറച്ചുകൊണ്ടുവരാന്‍ കഴിയും. അങ്ങനെ 5+1 = 6 രൂപ അടിസ്ഥാനവിലയില്‍ കുറവുണ്ടായാല്‍ നികുതിയിനത്തില്‍ 9 രൂപ കുറഞ്ഞുകിട്ടും. അതായത്, പെട്രോള്‍/ഡീസല്‍ വില, ലിറ്റര്‍ ഒന്നിന് 15 രൂപ വീതം കുറഞ്ഞുകിട്ടും. എല്ലാ കമ്പനികളുംകൂടി ഒരു കുത്തകപോലെ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സ്ഥിതി മാറ്റി, പരസ്പരം മത്സരം ഉറപ്പുവരുത്തുന്നതുകൊണ്ടു മാത്രമുണ്ടാകുന്ന വിലക്കുറവാണിത്.
നയംമാറ്റം ആവശ്യമായ മറ്റൊരു വിഷയത്തിലേക്ക് ഇനി കടക്കാം. ഇന്‍ഡ്യയ്ക്കാവശ്യമായ ക്രൂഡോയിലിന്റെ 80 ശതമാനവും നാം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാണെങ്കിലും നമുക്ക് വളരെയധികം എണ്ണ ശുദ്ധീകരിച്ച് പെട്രോളും ഡീസലും ഏവിയേഷന്‍ സ്പിരിറ്റും (വിമാനങ്ങളുടെ ഇന്ധനം), ബിറ്റുമിനും, മെഴുകും മറ്റും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ലോകനിലവാരത്തിലുള്ള റിഫൈനറികളുണ്ട്. അപ്പോള്‍ പെട്രോളും മറ്റുല്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ നമുക്കു കഴിയുന്നു. നമ്മുടെ ശുദ്ധീകരിച്ച പെട്രോള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ മൊത്തം ഉത്പാദനത്തിന്റെ മൂന്നിലൊന്ന് നമ്മള്‍ കയറ്റുമതി ചെയ്യുന്നു. ഇന്‍ഡ്യ ഇന്ന് ലോകത്തില്‍ ഏറ്റവും അധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. അതുപോലെതന്നെ, എറ്റവുമധികം പെട്രോള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ഈ കയറ്റുമതി നടക്കുന്നത് ശരാശരി 30 രൂപയ്ക്ക്. കയറ്റുമതിയായതുകൊണ്ട് അതിന്മേല്‍ സര്‍ക്കാരിനു നികുതിവരുമാനം ഒട്ടും ലഭിക്കുന്നില്ല. ഇന്ന് നമുക്ക് ഒരു വന്‍ വിദേശനാണ്യനിക്ഷേപമുണ്ട് (650 ബില്ല്യന്‍ ഡോളര്‍). ഈ സാഹചര്യത്തില്‍ നമ്മുടെ പെട്രോള്‍ കയറ്റുമതി നേര്‍പകുതിയായി ചുരുക്കി അത് ആഭ്യന്തരമാര്‍ക്കറ്റില്‍ വില്ക്കാന്‍ നിര്‍ദേശിക്കുക. അതിന്മേല്‍ ലഭിക്കുന്ന നികുതി വരുമാനംകൂടി കണക്കിലെടുക്കുമ്പോള്‍ നമ്മുടെ പെട്രോള്‍ വിപണിയില്‍ ലിറ്ററൊന്നിന് 15 രൂപ വിലക്കുറവു നല്കാന്‍ കഴിയും. അപ്പോള്‍ നികുതിത്തുകയില്‍ കുറവ് വരാതെ വെറും നയംമാറ്റംകൊണ്ട് മാത്രം 15+15= 30 രൂപയുടെ വിലക്കുറവ് ഉണ്ടാക്കാന്‍ കഴിയും.
ഒരു വന്‍തുകയാണ് ഇന്ന് പെട്രോള്‍/ഡീസല്‍ നികുതിയായി കേന്ദ്ര ഖജനാവിലെത്തുന്നത്. കൊവിഡിന്റെ അരിഷ്ടതകള്‍ കഴിഞ്ഞ് മെല്ലെ തലയുയര്‍ത്തുന്ന ബിസിനസ്സുകള്‍ക്ക് ഉയര്‍ന്ന പെട്രോള്‍/ഡീസല്‍ വില വലിയ പ്രതിബന്ധമാണു സൃഷ്ടിച്ചിരിക്കുന്നത്. ആ സാഹചര്യത്തില്‍ കേന്ദ്രം തീര്‍ച്ചയായും ന്യായമായ ഒരു നികുതിയിളവ് നല്‍കേണ്ടതാവശ്യം. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ പരാജയം ഒരു ചുവരെഴുത്തായി കരുതി, ജാഗ്രതാപൂര്‍വം നടപടിയെടുക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ കാല്‍ച്ചുവട്ടില്‍നിന്ന് അവരറിയാതെ മണ്ണൊലിച്ചു പോവുകതന്നെ ചെയ്യും. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദയനീയമായ പ്രകടനംകണ്ട് ഉത്സാഹപൂര്‍വം മൂഢസ്വര്‍ഗത്തില്‍ കഴിഞ്ഞാല്‍ ബി.ജി.പിയെ വലിയ അപകടം ഗ്രസിക്കുകതന്നെ ചെയ്യും. മുമ്പ് ഭൂരിപക്ഷത്തോടെ വിജയിച്ച ബംഗാള്‍ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച പണം നഷ്ടമാകുന്നതുകണ്ടപ്പോള്‍ നികുതിയില്‍ അഞ്ചു രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതുകൊണ്ട് ഒന്നുമായില്ല. ദീര്‍ഘവീക്ഷണമുള്ള സാമ്പത്തികവിദഗ്ധര്‍ പറയുന്നത് കേന്ദ്രനികുതി 20 രൂപ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരും എന്നാണ്. ജനങ്ങളുടെ ബുദ്ധിമുട്ടും ഒരു വലിയ പരിധിവരെ കുറയ്ക്കാന്‍ കഴിയും. നയം മാറ്റംകൊണ്ടുവന്ന് നികുതി നഷ്ടമില്ലാതെ, ലിറ്ററിന് വില 30 രൂപവരെ കുറവു വരുത്താന്‍ കഴിയും. നികുതിയില്‍ 20 രൂപ കുറവു വരുത്താന്‍ തീരുമാനിച്ചാല്‍, 20 രൂപകൂടി വിലക്കുറവ് അനുഭവപ്പെടും. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്കാശ്വാസം പകരുകയും ചെയ്യും. ഉത്പാദന, സേവന സംരംഭങ്ങള്‍ വളരുന്നതോടൊപ്പം കുറവുവരുത്തിയ നികുതിത്തുക വീണ്ടെടുക്കാനും സര്‍ക്കാരിനു കഴിയും. ജനവികാസം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍!