മനുഷ്യനു സമൂഹത്തില്‍നിന്നു വേറിട്ടൊരു ജീവിതമില്ല. അവന്റെ ജീവിതം ഭദ്രവും സുഖപ്രദവുമാകുന്നത് സമൂഹത്തിന്റെ സുസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ സുസ്ഥിതിയാകട്ടെ, അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സര്‍വവിധക്ഷേമം ഉറപ്പുവരുത്തുന്നതിലുമാണ്. ഇങ്ങനെയുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണ
ത്തില്‍ തനതായ പങ്കുവഹിക്കുന്ന മേഖലയാണ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനരംഗം. ആധുനിക സമൂഹം വളര്‍ത്തിയെടുക്കുന്ന സംസ്‌കാരത്തിന്റെ മുഖമുദ്ര നിശ്ചയിക്കുന്നത് മാധ്യമങ്ങളാണെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. മാനുഷികപരിഗണനകളും സാമൂഹികനിയമസംഹിതകളും നീതിസങ്കല്പങ്ങളുമെല്ലാം വിമര്‍ശനവിധേയമാകുന്നു. എന്നാല്‍, ആധുനികകാലഘട്ടത്തിലെ മാധ്യമസംസ്‌കാരത്തിനു ധാര്‍മികതയുടെ സ്പര്‍ശം നഷ്ടമാകുന്നുവോ? അവിടെ മനുഷ്യബന്ധങ്ങളും ജീവിതസാഹചര്യങ്ങളും സാമൂഹിക - രാഷ്ട്രീയ
വ്യവസ്ഥിതികളും വിലപേശലിനു വിധേയമാകുന്നുവോ?
സോഷ്യല്‍ മീഡിയ : സൃഷ്ടിയും സംഹാരവും
വിദ്യാഭ്യാസമേഖലയിലും സമ്പര്‍ക്കസാധ്യതകളിലും ആശയാഭിപ്രായവിനിമയമേഖലകളിലും സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് ആധുനികജനതയ്ക്കു തള്ളിക്കളയാനാവില്ല. ആശയാധിഷ്ഠിത കൂട്ടായ്മ
കളും ആദര്‍ശാധിഷ്ഠിത ബഹുജനമുന്നേറ്റങ്ങളും എല്ലാം ഒരു പരിധിവരെ രൂപവത്കരിക്കുന്നതും ത്വരിതപ്പെടുത്തുന്നതും ഈ മാധ്യമങ്ങള്‍തന്നെ. പലവിധ
സാമൂഹികനന്മകള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ കരുത്തേകുന്നു. രക്തദാനം, അവയവദാനം, മദ്യവര്‍ജനം, പുനരധിവാസക്രമീകരണങ്ങള്‍ എന്നീ വലിയ സാമൂഹികനന്മകള്‍ക്കു പ്രോത്സാഹനമായി സോഷ്യല്‍ മീഡിയ നിലകൊള്ളുന്നു. സാമൂഹിക - സാംസ്‌കാരിക പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും തനതായ രീതിയില്‍ ജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ അത്യന്താപേക്ഷിതമാണ്. പാവപ്പെട്ടവന്റെ വിശപ്പു മാറ്റാനും ചൂഷിതനു സ്വാതന്ത്ര്യം നല്‍കാനും അഭയമില്ലാത്തവര്‍ക്കു അഭയമേകാനും നീതി നിഷേധിക്കപ്പെട്ടവര്‍ക്കു നീതിയാകാനുംസാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ഉപകരിക്കുന്നു.
വളര്‍ത്താന്‍ മാത്രമല്ല സംഹരിക്കാനും കെല്പുള്ളതാണ് സോഷ്യല്‍ മീഡിയ. പലപ്പോഴും വിവേകമില്ലാത്ത ബുദ്ധിയാണ് സോഷ്യല്‍ മീഡിയ എന്നു പറയാം. മാനുഷികബന്ധങ്ങളെ വളര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സോഷ്യല്‍ മീഡിയതന്നെ ബന്ധങ്ങളെ കൊന്നൊടുക്കുന്നുമുണ്ട്. തെറ്റായ വ്യക്തി
വിവരങ്ങളും തെറ്റായ ചിത്രങ്ങളും നല്‍കി നേരിട്ടുള്ളതും നേരായതുമായ ബന്ധങ്ങള്‍ക്കുപകരം
ഡിജിറ്റല്‍ ബന്ധങ്ങളെ വളര്‍ത്തി സമൂഹത്തില്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നത് നാമറിയാതെപോകുന്നു.
ഇന്റര്‍നെറ്റിന്റെയോ മറ്റു മാധ്യമങ്ങളുടെയോ നന്മകളെ സാമൂഹിക - സാംസ്‌കാരികപരിവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കേണ്ട മനുഷ്യന്‍ അവയെ ദുരുപയോഗിക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ മലിനതയെല്ലാം അവയിലൂടെ പുറത്തുവരികയാണ്. വ്യക്തിഹത്യയ്ക്കായും മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇവിടെയാണ് യഥാര്‍ത്ഥ പ്രണയത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും വിശ്വാസ്യതയും നന്മയും നഷ്ടപ്പെടുന്നത്. അശ്ലീലത്തിന്റെ കൂത്തരങ്ങായി അവ മാറുന്നതും ഇതുകൊണ്ടുതന്നെ. അവസാനം സംഭവിക്കുന്നതോ പരിശുദ്ധമായ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും തത്ഫലമായി ഉണ്ടാകുന്ന അസമാധാനവും അരക്ഷിതാവസ്ഥയും. സമ്പര്‍ക്കമാധ്യമങ്ങള്‍ സത്തയും നന്മയും ലക്ഷ്യവും നഷ്ടപ്പെട്ട് വെറും കോര്‍പ്പറേറ്റ് മാധ്യമങ്ങളായി അധഃപതിക്കുന്നു. മനുഷ്യനന്മയും മൂല്യങ്ങളും ബന്ധങ്ങളും പൊതുനന്മയും എല്ലാം ലാഭനഷ്ടങ്ങള്‍ നിശ്ചയിക്കുന്ന വില്പനച്ചരക്കുകളാകുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങളെയും ലൗ ജിഹാദ്, നാര്‍ക്കോ ടെററിസം തുടങ്ങിയ അതിഭീകരവും നിന്ദ്യവുമായ സാമൂഹികദുരന്തങ്ങളെയും ന്യായീകരിക്കുന്ന കാപാലികതയെ വളര്‍ത്തുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെ. മതതീവ്രവാദത്തെ ന്യായീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് ഉപയോഗിക്കുന്നത് ഇന്നു പതിവായിരിക്കുന്നു. സംഘടിത ക്രൂരതകളെയും കുറ്റകൃത്യങ്ങളെയും 'ഒതുക്കിത്തീര്‍ക്കു'കയും എതിരാളി എന്നു കരുതുന്നവരുടെയിടയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍പോലും സാമാന്യവത്കരിക്കുകയും പര്‍വതീകരിക്കുകയും ചെയ്യുമ്പോള്‍ അവ മാര്‍ഗം മറന്ന മാധ്യമങ്ങളായി അധഃപതിക്കുകയാണ്.
അടിമത്തത്തിന്റെ ഭീകരത
സ്വന്തം മനഃസാക്ഷിയനുസരിച്ചും കുടുംബജീവിതപശ്ചാത്തലങ്ങളുടെ സ്വാധീനമനുസരിച്ചും സ്വഭാവം രൂപവത്കരിക്കേണ്ട മനുഷ്യന്‍ സമ്പര്‍ക്കമാധ്യമങ്ങളുടെ അടിമത്തത്തിലേക്കു മാറുമ്പോള്‍ അതു പലപ്പോഴും സ്വഭാവവൈകൃതങ്ങളിലും വഴിതെറ്റിയ ജീവിതശൈലിയിലും കൊണ്ടെത്തിക്കുന്നു. ഠവല അാലൃശരമി ജ്യെരവീഹീഴശരമഹ അീൈരശമശേീി ന്റെ പഠനമനുസരിച്ച് (2015) 38 ശതമാനത്തോളം യുവജനസമൂഹം മാധ്യമജനിത അസ്വസ്ഥതകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഉറപ്പിച്ചുപറയുന്നു.
ലൈംഗികോത്തേജനജനകമായ ചിത്രങ്ങളും സന്ദേശവും വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ അയയ്ക്കുകയും തിരികെ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത വളരെ ശക്തമാണ്, പ്രത്യേകിച്ച് യുവജനതയുടെ ഇടയില്‍. മറ്റൊരു പ്രതിഭാസമാണ് ഫേസ്ബുക്ക് ഡിപ്രഷന്‍. ഏറെ സമയം ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന്റെ ഫലമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന വൈകാരികവ്യതിചലനമാണിത്.
നമുക്കു മുന്നില്‍കോര്‍പ്പറേറ്റ് ഭീമന്മാര്‍
ആഗോളീകരണവും കോര്‍പ്പറേറ്റ് ശൈലിയും കാവിവത്കരണവും ഇസ്ലാമിക അധിനി
വേശവും ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യധാരാശീലങ്ങളായി മാറിയിരിക്കുന്നുവെന്നു സംശയിക്കാന്‍ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മാധ്യമപ്രവര്‍ത്തകരുടെ കൂത്താട്ടങ്ങളും ൈപ്രം ടൈം അലര്‍ച്ചകളും അന്തിച്ചര്‍ച്ചകളുടെ കൊലവിളികളും കിരാതമായ ഭരണശൈലികളുടെയും ലാഭക്കൊതിപൂണ്ട കച്ചവടക്കണ്ണുകളുടെയും അട്ടഹാസങ്ങളായിമാറുന്നു. അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും അബദ്ധങ്ങളെയും സത്യങ്ങളായി അവതരിപ്പിക്കുന്ന ഒരു ചാനല്‍സംസ്‌കാരവും ഇവിടെ ഉയര്‍ന്നുവന്നിരിക്കുന്നു.
ആര്‍ഷഭാരതസംസ്‌കാരം മനുഷ്യന്റെ ജീവനെയും ജീവിതസാഹചര്യങ്ങളെയും ദൈവികമായ തന്മയില്‍ കാണാനാണ് നമ്മെ പഠിപ്പിക്കുന്നത്. അവിടെ
ജനിയും മൃതിയും രതിയും എല്ലാം ദൈവികതയുടെ മാനത്തിലാണു ദര്‍ശിക്കാനാവുന്നത്. ആ തന്മ ഇന്ന് മാധ്യമാതിപ്രസരത്തില്‍ നഷ്ടമാകുന്നുവോ എന്ന് ഉറക്കെച്ചിന്തിക്കേണ്ടിയിരിക്കുന്നു.
അതിക്രൂരവും നിന്ദ്യവുമായ മാര്‍ഗങ്ങളിലൂടെ മാധ്യമഭീമന്മാര്‍ തങ്ങളുടെ 'ശരി'കള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഭരണവര്‍ഗത്തിന്റെ പിണിയാളുകളായി മാധ്യമപ്രവര്‍ത്തകര്‍ മാറുമ്പോള്‍ ഫാസിസ്റ്റ് ശൈലികളുടെ തേര്‍വാഴ്ചയ്ക്കു മാധ്യമങ്ങള്‍ വഴിയൊരുക്കുകയാണ്. സൈദ്ധാന്തിക അട്ടിമറിക്കും അസഹിഷ്ണുതയ്ക്കുംപോലും മാധ്യമങ്ങള്‍ കാരണമാകുന്നു.
മാധ്യമരാഷ്ട്രീയത്തിന്റെ അപചയങ്ങള്‍
2015 ജനുവരി 16 ന് എഴുത്തുകാരന്‍ എന്ന നിലയിലുള്ള തന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തിന്റെ രംഗത്തുനിന്നു വിടവാങ്ങിയത് സാംസ്‌കാരികഭാരതത്തിലെ ഒരു ദുരന്തമായിരുന്നു. ജാതിവ്യവസ്ഥയുടെയും സാമൂഹികാസമത്വങ്ങളുടെയും തിന്മകള്‍ക്കെതിരേ നിലപാടെടുത്തതിനാലാണ് പെരുമാള്‍ മുരുകനെതിരേ ഒരുകൂട്ടം സംഹാരതാണ്ഡവമാടിയത്.
എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ ഗുപ്തകാലംമുതല്‍ ഭീകരമായി നടന്നുവരുന്ന സാമൂഹ്യകൊള്ളയുടെയും ജാതികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെയും ചരിത്രം വെളിച്ചത്തുകൊണ്ടുവരാന്‍ തെലുങ്കാനയിലെ എഴുത്തുകാരനായ കാഞ്ച ഇളയ്യ, 'പോസ്റ്റ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകത്തിലൂടെ ശ്രമിച്ചപ്പോള്‍ ജനാധിപത്യമര്യാദകള്‍പോലും പാലിക്കാതെ അദ്ദേഹത്തിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തുവന്നു. എഴുത്തുകാരനെ തൂക്കിക്കൊല്ലണം എന്നുവരെ ചില മാധ്യമങ്ങള്‍ അലറിവിളിച്ചു.
ദാബോല്‍ക്കറും ഗുല്‍ബര്‍ഗിയും രോഹിത് വെമുലയുമൊക്കെ പുതിയ ആശയവിപ്ലവത്തിന്റെ വക്താക്കളായി ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ക്കെതിരേയും ഭരണവര്‍ഗത്തിന്റെ മാധ്യമവാളുകള്‍ കൊലവിളി ഉയര്‍ത്തുകയുണ്ടായി. എന്താണ് ഇവിടെ നടക്കുന്നത്? ചില അപചയങ്ങളെ നോക്കാം.
എ. മാധ്യമങ്ങള്‍ തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുന്നു.
ബി. രാഷ്ട്രീയത്തിന്റെ വളര്‍ന്നുവരുന്ന കാപട്യവും പക്ഷപാതവും അഴിമതിയും മാധ്യമങ്ങളെയും ഭരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
സി. ലാഭക്കൊതി മാധ്യമങ്ങളുടെ വിശ്വാസ്യതയെ നശിപ്പിച്ചിരിക്കുന്നു.
ഡി. മാധ്യമങ്ങള്‍ പരസ്യക്കച്ചവടത്തിനുള്ള മാര്‍ഗങ്ങളായി അധഃപതിച്ചിരിക്കുന്നു.
ഇ. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യബോധത്തെ അപചയം ബാധിച്ച മാധ്യമങ്ങള്‍ കളങ്കിതമാക്കുന്നു.
പുതുതലമുറ ചിറകുവിരിച്ചു പറക്കേണ്ട കാലത്ത് നന്മയുടെയും വളര്‍ച്ചയുടെയും സമഗ്രജീവിതത്തിന്റെയും സാധ്യതകളുടെ അനന്തവിഹായസ്സ് തുറന്നുകൊടുക്കേണ്ടത് മാധ്യമങ്ങളാണ്. കുടുംബവ്യവസ്ഥിതിയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും സമൂഹവളര്‍ച്ചയില്‍ ക്രിയാത്മകപങ്കു വഹിക്കുവാനും മാധ്യമങ്ങള്‍ തയ്യാറാകണം. മാധ്യമങ്ങളും സാമൂഹികസമ്പര്‍ക്ക ഉപാധികളും ലക്ഷ്യങ്ങള്‍ അല്ല; മറിച്ച്, ജീവിതത്തെ സമഗ്രമാക്കുന്നതിനുള്ള മാര്‍ഗങ്ങളാണെന്ന ചിന്ത നമ്മെ ഭരിക്കട്ടെ.
മൂല്യങ്ങളുടെ തകിടംമറിച്ചില്‍
സത്യസന്ധതയുടെയും കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരമായ സങ്കല്പങ്ങള്‍ മാധ്യമങ്ങള്‍ തിരുത്തിയെഴുതുന്നു. സഹകരണത്തെക്കാള്‍ മത്സരത്തിനും സഹവര്‍ത്തിത്വത്തെക്കാള്‍ സംഘര്‍ഷത്തിനും ഊന്നല്‍ കൊടുത്ത് അവതരിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലയിലും മത്സരത്തിന്റെ അതിപ്രസരം കാണാം. വ്യൂവര്‍ഷിപ്പും ആകര്‍ഷണങ്ങളും ലക്ഷ്യങ്ങളാകുമ്പോള്‍ സേവനത്തിന്റെയും സഹകരണത്തിന്റെയും സത്യപ്രഘോഷണത്തിന്റെയും സുന്ദരമനോഭാവങ്ങള്‍ മാധ്യമലോകത്തിന് അന്യമാകുന്നു.
ആര്‍ത്തിയുടെ സംസ്‌കാരം
ഉപഭോക്തൃസംസ്‌കാരത്തിന്റെ അടയാളങ്ങളായ ആര്‍ത്തിയും അത്യാര്‍ത്തിയും മാധ്യമലോകത്തെയും ഗ്രസിച്ചിരിക്കുന്നു. മാധ്യമലോകത്തെ വ്യവസായവത്കരണത്തിന്റെയും സാങ്കേതികവളര്‍ച്ചയുടെയും നന്മകള്‍ നമുക്കു തള്ളിക്കളയാനാകില്ല. അതോടൊപ്പം, ഉയര്‍ന്നുവരുന്ന ആര്‍ത്തിയും അത്യാര്‍ത്തിയുമാണ് പ്രശ്‌നങ്ങള്‍. പരസ്യകലയുടെ പിന്‍ബലത്തില്‍ കൃത്രിമാവശ്യങ്ങള്‍ സൃഷ്ടിച്ച് മനുഷ്യനെ ഉപഭോഗജീവിയാക്കി മാധ്യമങ്ങള്‍ മാറ്റുന്നില്ലേ? യഥാര്‍ത്ഥത്തില്‍ സാമൂഹികപ്രതിബദ്ധത വളര്‍ത്തുകയല്ലേ മാധ്യമങ്ങള്‍ ചെയ്യേണ്ടത്?
നാം ചെയ്യേണ്ടത്
മാധ്യമങ്ങളുടെ ഉപയോഗത്തില്‍ വിവേകവും വിവേചനവും അനുവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടിയും രഹസ്യ അജണ്ടകള്‍ക്കു വേണ്ടിയും നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് സമൂഹം വിലയിരുത്തേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ മതേതരമൂല്യങ്ങള്‍ക്കും ഉന്നമനത്തിനും തുരങ്കം വയ്ക്കുന്ന, വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും വിരളമല്ല. ഭരണകൂടത്തിന്റെ ദൗര്‍ബല്യങ്ങളും അപചയങ്ങളും മൂടിവയ്ക്കാന്‍ ഭരണകൂടസ്തുതികള്‍ പാടുന്ന മാധ്യമങ്ങളും, തീവ്രവാദപ്രവര്‍ത്തനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്ന വര്‍ഗീയമാധ്യമങ്ങളും, ജനതയുടെ ജീവല്‍പ്രശ്‌നങ്ങളെ തമസ്‌കരിക്കുന്ന മാധ്യമങ്ങളും, അഴിമതിക്കും ചൂഷണത്തിനും കുടപിടിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനമേഖലയിലെ ജീര്‍ണതകളായിത്തുടരും.
ഈ അവസ്ഥയില്‍ മാധ്യമങ്ങളെ എങ്ങനെ ഗുണപരമായി അഭിമുഖീകരിക്കാം? മാധ്യമങ്ങളെ മനസ്സിലാക്കുക എന്നതാണ് ആവശ്യം. മാധ്യമങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങളെയും അസ്തിത്വത്തെയും മനസ്സിലാക്കുക. ഓരോന്നിന്റെയും ലക്ഷ്യങ്ങളെ അറിയുക, സാമൂഹിക - രാഷ്ട്രീയ വ്യവസ്ഥിതികളില്‍ അവയുടെ നിലപാടുകളെയും അറിയാന്‍ ശ്രമിക്കുക. ഓരോ മാധ്യമത്തിനും തങ്ങളുടെതായ അജണ്ടകള്‍ ഉണ്ട്.
ക്രിയാത്മകമായ വിമര്‍ശനബുദ്ധിയോടെ മാത്രമേ മാധ്യമങ്ങളെ സ്വീകരിക്കാവൂ. പലവിധ മൂല്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഒരു സങ്കരവ്യവസ്ഥിതിയാണ് പലപ്പോഴും മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. തന്മൂലം ജനമനസ്സില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കുതന്നെ വ്യക്തവും പക്വവുമായ വിവേചനാശക്തി ഉണ്ടാവണം. മാധ്യമങ്ങളോടുള്ള ബന്ധത്തില്‍ കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനുമുള്ള മനസ്സാണ് നാം രൂപവത്കരിക്കേണ്ടത്.
മാധ്യമങ്ങളുടേത് എന്നതിനെക്കാള്‍ ഉപരിയായി സ്വന്തമായ ഒരു വീക്ഷണശൈലി ഓരോരുത്തരും രൂപവത്കരിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ പറയുന്നതും അവതരിപ്പിക്കുന്നതും മാത്രമല്ല സത്യം എന്നു നാം തിരിച്ചറിയണം. സാഹചര്യങ്ങളെയും സംഭവങ്ങളെയും വ്യക്തികളെയും വിലയിരുത്തുന്ന മാധ്യമശൈലി പലപ്പോഴും പൂര്‍ണമല്ല, അപക്വമാണുതാനും. പത്രങ്ങളും സോഷ്യല്‍മീഡിയയും ടെലിവിഷന്‍ ചാനലുകളും പങ്കുവയ്ക്കുന്ന അര്‍ദ്ധസത്യങ്ങളും അബദ്ധങ്ങളും അപക്വവസ്തുതകളും സാമൂഹികവ്യവസ്ഥിതിയില്‍തന്നെ അപകടകരമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍, മാധ്യമങ്ങള്‍ നല്‍കുന്നതിനെക്കാള്‍ ശക്തവും വ്യക്തവുമായ ബോധ്യങ്ങള്‍ നമുക്കു സ്വന്തമായി ഉണ്ടായിരിക്കട്ടെ.
ഉറവിടങ്ങളില്‍നിന്നുതന്നെ അറിവു ശേഖരിക്കുവാന്‍ ശ്രമിക്കുക. ആധുനികയുഗത്തില്‍ അറിവും ജ്ഞാനവും നേടാന്‍ ഒത്തിരിയേറെ സാധ്യതകള്‍ നമുക്കു മുന്നിലുണ്ട്. മാധ്യമങ്ങള്‍ വളച്ചൊടിച്ച അറിവുകള്‍ പകര്‍ന്നാലും ഉറവിടങ്ങളില്‍നിന്ന് അറിവു ശേഖരിക്കാനുള്ള മനഃസ്ഥിതി നമുക്കുണ്ടാവണം.
ആര്‍ജിക്കുന്ന അറിവിനെയും മാധ്യമസ്വാധീനങ്ങളെയും
കുടുംബത്തിലും കൂട്ടുകുടുംബത്തിലും കൂട്ടായ്മയിലും ഗുരുജനങ്ങളുടെ മുന്നിലും അവതരിപ്പു വിലയിരുത്തുക. ശരിയായ അറിവ് നേടാനുള്ള ഉത്തമമാര്‍ഗമാണിത്.