•  25 Apr 2024
  •  ദീപം 57
  •  നാളം 7
സിനിമ

കന്നഡയുടെ ഹൃദയതാരകം

താരപ്രൗഢിയുടെയും ആരാധകപിന്തുണയുടെയും ആകാശമട്ടുപ്പാവില്‍ കൈവീശി നിറഞ്ഞുനിന്ന കന്നഡസിനിമയുടെ രാജകുമാരന്‍ പുനീത് പെട്ടെന്നാണു മറഞ്ഞുപോയത്. ആകസ്മികമായ ആ വേര്‍പാടില്‍ തകര്‍ന്നുടഞ്ഞത് കന്നഡസിനിമയുടെ ഹൃദയംതന്നെയായിരുന്നു. കന്നഡസിനിമാസാമ്രാജ്യത്തിലെ ഇതിഹാസനായകനായിരുന്ന രാജ്കുമാറിന്റെ പുത്രന്‍ 46-ാം വയസ്സിന്റെ ചെറുപ്പത്തിലാണു കുടുംബത്തിനും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി, ഓര്‍മയായത്. 29-ാം തീയതി വെള്ളിയാഴ്ച രാവിലെ വ്യായാമത്തിനിടെ ഉണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. കര്‍ണാടകം മുഴുവനും, പ്രത്യേകിച്ച്, ബംഗളുരൂനഗരം അസ്തപ്രജ്ഞമായി എന്നു പറയാം. ഒക്ടോബര്‍ 31 ഞായറാഴ്ച സംസ്‌കാരം നടന്നു. അനേകായിരങ്ങളാണ് പുനീതിനെ അവസാനമായി ഒന്നു കാണാന്‍ ഒഴുകിയെത്തിയത്. ബംഗളുരു കാന്തീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാര്‍  അന്ത്യനിദ്രകൊള്ളുന്നതിനു സമീപത്താണ് സിനിമാപ്രേമികള്‍ അപ്പു എന്നു വിളിക്കുന്ന പുനീതിനെ അടക്കം ചെയ്തത്.
കന്നഡസിനിമയുടെ മഹാരാജന്‍ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനായ ലോഹിത് ആണ് ആരാധകരുടെ 'പവര്‍ സ്റ്റാര്‍' ആയ പുനീത് രാജ്കുമാറായത്. ആറുമാസം പ്രായമുള്ളപ്പോള്‍, 'പ്രേമദ കാണിക്കൈ' എന്ന അച്ഛന്റെ സിനിമയിലൂടെയാണ് (1976) പുനീതിന്റെ മുഖം പ്രേക്ഷകര്‍ കണ്ടുതുടങ്ങുന്നത്. 1985 ല്‍ 'ബെട്ടര്‍ ഹൂ വൂ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡു നേടിയ പുനീത് തുടര്‍ച്ചയായി രണ്ടു വര്‍ഷം ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരവും നേടിയിരുന്നു.
2002 ല്‍ അപ്പു എന്ന ചിത്രത്തിലൂടെ നായകനായെത്തിയ പുനീത് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. ആരാധകര്‍ യുവരത്‌നയെന്നും പവര്‍ സ്റ്റാര്‍ എന്നും പുനീതിനെ വിളിച്ചുവന്നു. 46 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. മൈത്രി എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്ത് അഭിനയിച്ചു.
സിനിമാനിര്‍മാതാവും വസ്ത്രാലങ്കാരവിദഗ്ധയുമായ അശ്വിനി രേവന്താണ് പുനീതിന്റെ ഭാര്യ. മക്കള്‍ ദ്രിതി, വന്ദിത. കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍, നടനും നിര്‍മാതാവുമായ രാഘവേന്ദ്ര രാജ്കുമാര്‍, പൂര്‍ണിമ, ലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നും രാജ്കുമാറിന്റെ കുടുംബത്തിന്റെ ഭാഗംതന്നെയായിരുന്നു. പുനീതും അതേ വഴിയിലൂടെ സഞ്ചരിച്ചു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റപ്പെടുമ്പോഴും ആ മനസ്സലിവാണ് തെളിഞ്ഞുവരുന്നത്.
സൂപ്പര്‍താരകുടുംബത്തിലെ ഓമനയും കന്നഡസിനിമയില്‍ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന നായകനുമായിരുന്നെങ്കിലും ചലനങ്ങളിലും രൂപഭാവങ്ങളിലും എന്നും സാധാരണക്കാരനായി നിന്നു പുനീത് രാജ്കുമാര്‍. അടുപ്പക്കാര്‍ക്കും ആരാധകര്‍ക്കുമെല്ലാം 'ഏറ്റവും നല്ല മനുഷ്യനാ'യിരുന്നു പുനീത്. അമ്മ പാര്‍വതമ്മവഴിയാണ് ജീവകാരുണ്യപ്രവര്‍ത്തനം സ്വന്തം ഉത്തരവാദിത്വമായി കരുതാന്‍ പഠിച്ചതെന്ന് പുനീത് പറഞ്ഞിട്ടുണ്ട്. കൊവിഡ് കാലത്തും പ്രളയസമയത്തുമൊക്കെ കര്‍ണാടകസര്‍ക്കാരുമായി ചേര്‍ന്ന് അനവധി ധനസഹായപദ്ധതികള്‍ക്കു മുന്നിട്ടിറങ്ങി. സ്‌കൂളുകള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും രോഗികള്‍ക്കുമൊക്കെ നേരിട്ടും ഫാന്‍സ് അസോസിയേഷന്‍ മുഖേനയും ധനവും സൗകര്യങ്ങളും എത്തിക്കുന്നതില്‍ എപ്പോഴും ശ്രദ്ധവച്ചു. മൈസുരുവിലെ ശക്തിധാമ ആശ്രമത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു അദ്ദേഹം. പാട്ടുകാരനായ പുനീത് തന്റെ ഗാനങ്ങള്‍ക്കുള്ള പ്രതിഫലമെല്ലാം സേവനവും സഹായങ്ങളുമായി നല്‍കി.
'സാന്‍ഡല്‍ വുഡ് ' എന്നറിയപ്പെടുന്ന കന്നഡസിനിമാലോകം പുനീതിനെ ജെന്റില്‍മാന്‍ സ്റ്റാര്‍ എന്നു വിളിച്ചതും ഇതുകൊണ്ടൊക്കെയാവാം.
ഡോ. രാജ്കുമാറും കുടുംബവും കന്നഡക്കാരുടെ പൊതുവികാരമാണ്. കന്നഡസിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറും രാജ്കുമാര്‍തന്നെ. സമ്മര്‍ദതന്ത്രമായി 2000 ത്തില്‍ കാട്ടുകള്ളന്‍ വീരപ്പന്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയപ്പോള്‍  കന്നടനാടാകെ കണ്ണീരണിഞ്ഞു. അദ്ദേഹം തടവിലായ 108 ദിവസവും അവര്‍ ഉത്കണ്ഠകൊണ്ടു വീര്‍പ്പുമുട്ടി. വിട്ടയച്ചപ്പോള്‍ ഓരോ കന്നഡക്കാരനും ആനന്ദക്കണ്ണീര്‍ പൊഴിച്ചതും ചരിത്രം. അത്രമേല്‍ സ്‌നേഹിച്ച രാജ്കുമാറിന്റെ മക്കളെയും അവര്‍ കൈനീട്ടി സ്വീകരിച്ചു. പുനീതിന് അച്ഛന്റെ അഭിനയത്തികവും പാട്ടുമൊക്കെ ഒത്തുകിട്ടിയപ്പോള്‍ സിനിമാലോകം അദ്ദേഹത്തെ ഏറെ ഉയരത്തില്‍ പ്രതിഷ്ഠിച്ചുവെന്നതും നേരാണ്. നൃത്തവും പാട്ടും ആക്ഷനും എല്ലാം അദ്ദേഹത്തിനു വഴങ്ങുമായിരുന്നു.
കന്നഡസിനിമ കണ്ണീര്‍ക്കടലിലായ സമയമാണിത്. ചിരഞ്ജീവി സര്‍ജയും ദേശീയ പുരസ്‌കാരജേതാവ് സഞ്ചാരി വിജയ്‌യും അപ്രതീക്ഷിതമായി യാത്ര പറഞ്ഞതിനു പിന്നാലെയാണ് പുനീതിന്റെ വിടവാങ്ങല്‍. കൂടുതല്‍ വൈകാരികമായി സിനിമയെ സമീപിക്കുകയും അഭിനേതാക്കളെ അകമഴിഞ്ഞു സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക് ഇതൊരു തീരാനഷ്ടമാണ്. ആടിയും പാടിയും അനീതിക്കെതിരേ പടവെട്ടിയും അവരുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച നായകന്‍മാര്‍ അരങ്ങൊഴിഞ്ഞ വേദന ഏറെക്കാലം അവര്‍ക്കൊപ്പമുണ്ടാകും.

 

Login log record inserted successfully!