•  25 Apr 2024
  •  ദീപം 57
  •  നാളം 7
സിനിമ

പുതുവസന്തം വിരിയിച്ച് മാറുന്ന മലയാളസിനിമ.

ഴിഞ്ഞ വര്‍ഷത്തെ മികച്ച ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിളംബരം ചെയ്യപ്പെട്ടു. മികവേറിയ ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത ''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'' തിരഞ്ഞെടുക്കപ്പെട്ടു. പ്രജേഷ്‌സെന്‍ സംവിധാനം ചെയ്ത ''വെള്ള''ത്തിലെ ഉജ്ജ്വലമായ അഭിനയപ്പകര്‍ച്ചയിലൂടെ ജയസൂര്യ മികച്ച നടനായി. ''കപ്പേള''യിലെ പ്രകടനമികവിലൂടെ അന്ന ബെന്‍ ഒന്നാമത്തെ നടിയുമായി. സംവിധായക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് സിദ്ധാര്‍ത്ഥ ശിവ (ചിത്രം - ''എന്നിവര്‍'').
എം. ജയചന്ദ്രന്‍, സൂഫിയും സുജാതയും എന്ന സിനിമയിലൂടെ പശ്ചാത്തലസംഗീതത്തിനും ഗാനസംവിധാനത്തിനുമുള്ള അംഗീകാരം ഒരുമിച്ചു സ്വന്തമാക്കി. 'വാതുക്കല് വെള്ളരിപ്രാവ്' എന്ന ഗാനമാണ് എം.ജയചന്ദ്രനെ മുന്നിലെത്തിച്ചത്. ഈ ഗാനം ആലപിച്ച നിത്യ മാമ്മനാണ് മികച്ച ഗായിക. വെള്ളത്തിലെ 'ആകാശമായവളെ', ഹലാല്‍ ലവ് സ്റ്റോറിയിലെ, 'സുന്ദരനായവനേ' എന്നീ ഗാനങ്ങളിലൂടെ ഷഹബാസ് അമന്‍ ഗായകരില്‍ മുമ്പനായി. അന്തരിച്ച സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' കലാമേന്മയിലും ജനപ്രീതിയിലും മുന്നിലെത്തി.
അവാര്‍ഡുവിവരങ്ങള്‍ പുറത്തുവന്നതോടൊപ്പം മലയാളസിനിമാരംഗത്തുണ്ടായ മാറ്റങ്ങളും ശ്രദ്ധാര്‍ഹമാണ്. ലോകം വീടുകളിലേക്കൂ ചുരുങ്ങിപ്പോയ കൊവിഡ് സാഹചര്യങ്ങളാണ് ഈ വലിയ മാറ്റങ്ങള്‍ക്കായി സിനിമയെ ഒരുക്കിയത്. ആളും ബഹളവും സന്നാഹങ്ങളും ലൊക്കേഷന്‍ കോലാഹലങ്ങളുമില്ലാതെയും നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ച കാലമാണിത്. മൊബൈല്‍ ഫോണില്‍ മുഴുവനായി ചിത്രീകരിച്ച ചിത്രങ്ങള്‍ അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചതും പ്രതിഭയുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേറ്റുന്നു. കയറ്റം എന്ന സിനിമയിലൂടെ ഛായാഗ്രാഹകന്റെ അവാര്‍ഡ് നേടിയ ചന്ദ്രു സെല്‍വരാജ് ഉയര്‍ന്നുനില്‍ക്കുന്ന പ്രതീകമായി. മൊബൈല്‍ ഫോണായിരുന്നു ഈ ചിത്രത്തില്‍ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുത്തത്. മഹേഷ് നാരായണന്‍ മികച്ച എഡിറ്റിങ്ങിനുള്ള അംഗീകാരം നേടിയെടുത്ത 'സീ യൂ സൂണ്‍' ചിത്രീകരിച്ചതും മൊബൈല്‍ ഫോണില്‍ത്തന്നെ. സിനിമാ സ്വപ്നങ്ങള്‍ മനസ്സിലിട്ടു നടക്കുന്നവര്‍ക്ക് ആഹ്‌ളാദമേകുന്ന അവാര്‍ഡുനേട്ടങ്ങളാണിത്.
അതുപോലെ ജയസൂര്യയും അന്ന ബെന്നും. 2019 ല്‍ ഫുട്‌ബോള്‍ ഇതിഹാസം വി.പി. സത്യനെയും ഇപ്പോള്‍  വെള്ളത്തിലെ മദ്യപനായ മുരളിയെയും സണ്ണിയെയും അവതരിപ്പിച്ചതിനാണ് ജയസൂര്യ മികച്ച നടനായത്. പ്രജേഷ് സെന്‍ എന്ന സംവിധായകനും അഭിമാനിക്കാം, തന്റെ രണ്ടു ചിത്രങ്ങളിലെയും നായക കഥാപാത്രങ്ങള്‍ അവാര്‍ഡ് നേടിയതില്‍. കൊവിഡുകാല അടച്ചിടലിനുശേഷം തീയേറ്ററിലെത്തിയ ആദ്യസിനിമയായിരുന്നു വെള്ളം. ബിജു മേനോനും ഫഹദ് ഫാസിലുമാണ് ജയസൂര്യയോടൊപ്പം അവാര്‍ഡുനിര്‍ണയത്തില്‍ മല്‍സരിച്ചത് എന്നു കേള്‍ക്കുന്നു. ട്രാന്‍സ് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം തകര്‍പ്പനായിരുന്നുവെന്നു പറയാതിരിക്കാനും വയ്യ.
ചെറിയ പെണ്‍കുട്ടി ആയിരുന്നിട്ടും വഹിച്ച വലിയ 'വേഷ'ങ്ങളാണ് അന്നയെ സമ്മാനിതയാക്കിയത്. മൂന്നു ദിവസം തിയേറ്ററുകളില്‍ കളിച്ചിട്ട് ഒ.ടി.ടി.യിലൂടെ പ്രേക്ഷകര്‍ കണ്ട സിനിമയായിരുന്നു കപ്പേള. മികച്ച നടിക്കുള്ള മല്‍സരം വളരെ കടുത്തതായിരുന്നുവെന്നാണ് ജൂറി അധ്യക്ഷ സുഹാസിനി പറഞ്ഞത്. മഞ്ജു വാര്യരും നിമിഷ സജയനും റിമി കല്ലുങ്കലുമടക്കം ആറു പേരോടാണ് അന്ന ബെന്‍ മല്‍സരിച്ചതത്രേ.
വ്യവസ്ഥാപിത നായികാനായക സങ്കല്പനങ്ങളെ മറികടന്ന്, പുതിയ ഭാവുകത്വപരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡുകളെല്ലാം. അതുപോലെ ജൂറി ചെയര്‍പേഴ്‌സണായി സുഹാസിനി മണിരത്‌നം എത്തിയതും  അവാര്‍ഡു നിര്‍ണയത്തിനു തിളക്കമേറ്റി.
പ്രധാന ചലച്ചിത്രസമ്മാനങ്ങളെല്ലാംതന്നെ സ്ത്രീപക്ഷ ആഭിമുഖ്യമുള്ള സിനിമകള്‍ നേടിയെന്നതും ശ്രദ്ധേയമാണ്. കുടുംബത്ത് സ്ത്രീകള്‍ക്കു നിഷേധിക്കപ്പെടുന്ന ജനാധിപത്യാവകാശങ്ങളെ ചൂണ്ടിക്കാട്ടിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും, തിങ്കളാഴ്ചനിശ്ചയവും മികച്ച ചിത്രങ്ങളായി. അന്ധമായ ആണധികാരങ്ങളാണ് ഇവയുടെ ഇതിവൃത്തം. ഇതില്‍ ഇന്ത്യന്‍ അടുക്കള വര്‍ണിക്കുന്ന ജിയോ ബേബിച്ചിത്രം സര്‍വത്ര ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. അട്ടപ്പാടി ഊരിലെ ഗോത്രസംഗീതംകൊണ്ട് നാട്ടാരെയെല്ലാം ഏറ്റു പാടിച്ച നാഞ്ചിയമ്മയുടെ 'കളക്കാത്ത സന്ദനമേരം' പ്രത്യേക ജൂറി പുരസ് കാരം നേടിയെടുത്തതും ശ്രദ്ധാര്‍ഹമായി. സാമൂഹിക മുഖംമൂടികള്‍ തുറന്നുകാട്ടിയ  നളിനി ജമീലയുടെ ഭാവനാസമ്പന്നതയും സമ്മാനാര്‍ഹമായി. വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക അംഗീകാരപരാമര്‍ശം അവര്‍ നേടിയെടുത്തപ്പോള്‍, സര്‍ഗാത്മകതയ്ക്ക് 'ആരും അന്യരല്ല' എന്ന നല്ല സന്ദേശമാണു പകരാനായത്. ലൈംഗികത്തൊഴിലാളിയുടെ ജീവിതം പറഞ്ഞ 'ഭാരതപ്പുഴ'യിലെ നായികയുടെ വസ്ത്രങ്ങള്‍ മെനഞ്ഞത് നളിനിയുടെ മാര്‍ഗനിര്‍ദേശങ്ങളോടെയായിരുന്നു. ഈ ചിത്രത്തില്‍ നായികയായെത്തിയ സിജി പ്രദീപും പ്രത്യേക പുരസ്‌കാരം നേടി.
മികച്ച സ്വഭാവനടനായി സുധീഷ് തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയം. (എന്നിവര്‍, ഭൂമിയിലെ മനോഹരസ്വകാര്യം).
സിനിമയുടെ വ്യത്യസ്ത മേഖലകളിലെ മികവിനു അംഗീകാരം നേടിയവര്‍ ഇനിയും ഏറെയുണ്ട്
പറഞ്ഞുവരുമ്പോള്‍ മികച്ച സംവിധായകന്റെ ചിത്രം മികച്ചതായില്ല, ഏറ്റം നല്ല നടിയോ നടനോ അതില്‍നിന്നുമല്ല എന്നൊക്കെത്തുടങ്ങി പരിദേവനങ്ങള്‍ വേണമെങ്കില്‍ ഉയര്‍ത്താം. ജൂറി അംഗീകരിച്ച, തിരഞ്ഞെടുത്ത പ്രകടനങ്ങളാണ് അവാര്‍ഡ് നേടിയത്. അതിലൊക്കെ രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്നൊന്നും തര്‍ക്കമാക്കുന്നില്ല. മലയാളസിനിമയില്‍ വ്യത്യസ്തത പൂക്കുന്ന കാലമാണിപ്പോള്‍. സിനിമയിലെ മാറിവരുന്ന കലയും സങ്കല്പങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ട് എന്നതാണു പ്രധാനം. കൊട്ടിഘോഷങ്ങളും എഴുന്നള്ളിപ്പുകളും പിന്നിലേക്കു മാറിയിട്ട് വസന്തം വിടര്‍ത്താന്‍ കഴിയുന്നവര്‍ മുന്നേറട്ടെ. പുതിയ സിനിമാ സംസ്‌കൃതി കലയുടെ അടയാളമാവട്ടെ.

 

Login log record inserted successfully!