•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

സ്‌നേഹത്താല്‍ നിറഞ്ഞ് ശുദ്ധരാകാന്‍

ഒക്‌ടോബര്‍ 31 പള്ളിക്കൂദാശ ഒന്നാം ഞായര്‍
പുറ 40:17-29, 34-38
ഏശ 6:1-8 1  കോറി 13:1-13  മത്താ 16:13-19

ള്ളിക്കൂദാശ എന്നാല്‍ സഭയുടെ പ്രതിഷ്ഠ എന്നാണര്‍ത്ഥം. ഈശോ തന്റെ ശരീരമായ സഭയെ അവസാനവിധിക്കുശേഷം പിതാവിനു സമര്‍പ്പിക്കുന്നതിന്റെ മുന്നാസ്വാദനം, അവിടുത്തെ ശരീരത്തിലെ (സഭയിലെ) അവയവങ്ങളാകുന്ന (അംഗങ്ങളാകുന്ന) നാമോരോരുത്തരും സഭയുടെ ആരാധനക്രമത്തില്‍ അനുഭവിക്കുന്ന ദിനങ്ങളാണിത്. ഈശോയുടെ ശരീരമാകുന്ന സഭ എന്ന തായ്ത്തണ്ടിനോടു ചേര്‍ന്നിരിക്കുന്ന നാം അവസാനവിധിദിനത്തില്‍ പിതാവിന്റെ സന്നിധിയില്‍ സ്വീകരിക്കപ്പെടുമെന്നതാണ് നമ്മുടെ വിശ്വാസവും പ്രത്യാശയും.
സഭ അവസാനവിധിക്ക് ഒരുങ്ങുന്നു എന്ന ഉള്‍ക്കാഴ്ച; ഉയിര്‍പ്പിന്റെ പ്രത്യാശയില്‍ ഈശോയെ സ്‌നേഹിക്കുന്ന, വിശ്വാസത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് ധൈര്യം നല്‍കുന്നു. അതേസമയം, സഭയോടൊപ്പം ദൈവപിതാവിനെ കണ്ടുമുട്ടുന്നതിന് ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
സഭയുടെ മഹത്ത്വവും ഔന്നത്യവും എടുത്തുകാണിക്കുന്നവയാണ് ഇന്നത്തെ വായനകള്‍. കര്‍ത്താവിന്റെ മഹത്ത്വം നിറഞ്ഞുനില്ക്കുന്ന സമാഗമകൂടാരത്തെക്കുറിച്ചാണ് പുറപ്പാട് പുസ്തകം അവസാന അധ്യായം വിവരിക്കുന്നത് (പുറ. 40: 17-29, 34-38). ഉടമ്പടി പത്രിക ഉള്‍ക്കൊണ്ടിരുന്ന പേടകം (40:20), അപ്പം ഒരുക്കിയിരുന്ന മേശ (40:22), വിളക്കുകാല്‍ (40:24), ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം (40:26) എന്നിവയായിരുന്നു സമാഗമകൂടാരത്തില്‍ ഉണ്ടായിരുന്നത്. ദൈവം നിര്‍ദേശിച്ച നിയതമായ രൂപത്തോടെയുള്ള മദ്ബഹ ആയിരുന്നു സമാഗമകൂടാരം. ഈ മദ്ബഹയില്‍ ദൈവത്തിന്റെ മഹത്ത്വം നിറഞ്ഞുനിന്നിരുന്നു. അവിടെ നിയമവും (പേടകം) പ്രകാശവും (വിളക്കുകാല്‍) ഉണ്ടായിരുന്നു. ഉയരുന്ന പ്രാര്‍ത്ഥനകളുടെയും വിശുദ്ധീകരിക്കുന്ന സൗരഭ്യത്തിന്റെയുമായ ധൂപാര്‍പ്പണമുണ്ടായിരുന്നു. മദ്ബഹായെ വേര്‍തിരിച്ചു നിര്‍ത്തുന്ന വിരിയും മോശ സ്ഥാപിച്ചിരുന്നു. കൂടാരത്തിന്റെ വാതില്‍ക്കല്‍ ദഹനബലിപീഠം ഉണ്ടായിരുന്നു. ദൈവാരാധനയും ദൈവത്തിനുള്ള ബലികളും ഏറ്റവും ആദരണീയമായും വിശിഷ്ടമായും നടത്തണമെന്നത് മോശയുടെ തീവ്രാ ഭിലാഷവുമായിരുന്നു.
ഏശയ്യാ കാണുന്ന ദര്‍ശനം (രണ്ടാം വായന (ഏശ. 6:1-8) ദൈവാലയത്തില്‍ (സഭയില്‍, പള്ളിയില്‍) നിറഞ്ഞിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചാണ്. ദൈവാലയം നിറഞ്ഞുനില്ക്കുന്ന വസ്ത്രാഞ്ചലമായി ദൈവസാന്നിധ്യത്തെ ഏശയ്യ ദര്‍ശിക്കുന്നു. ഭയവും ഭക്തിയും ജനിപ്പിക്കുന്ന ദര്‍ശനാന്തരീക്ഷത്തില്‍, എളിമയുടെ വാക്കുകള്‍ ഉരുവിട്ടുകൊണ്ട് പ്രവാചകന്‍ തന്റെ ബലഹീനതയെ ഏറ്റുപറയുന്നു: ''ഞാന്‍ അശുദ്ധമായ അധരമുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്'' (6:5). എന്നാല്‍, പരിശുദ്ധമായ ദൈവസാന്നിധ്യം ഏശയ്യായുടെ അശുദ്ധമായ അധരങ്ങളെ ശുദ്ധമാക്കുന്നു, മാലിന്യങ്ങളെ തുടച്ചുനീക്കുന്നു, പാപങ്ങളെ ക്ഷമിക്കുന്നു. കര്‍ത്താവിന്റെ ശരീരമാകുന്ന പരിശുദ്ധ സഭയില്‍ നടക്കുന്ന രക്ഷാകരരഹസ്യത്തിന്റെ തീവ്രമായ വെളിപാടാണത്. പരിശുദ്ധ കുര്‍ബാനയില്‍ നടക്കുന്നതും ഇതേ പ്രക്രിയതന്നെയാണെന്നു നാം ഓര്‍ക്കേണ്ടതുണ്ട്. 'എന്റെ അധരങ്ങള്‍ അശുദ്ധമാകുന്നു. അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ ഞാന്‍ വസിക്കുകയും ചെയ്യുന്നു' എന്ന് ഏറ്റുപറഞ്ഞുകൊണ്ട് ദിവ്യരഹസ്യങ്ങളുടെ പരികര്‍മം നടത്തുന്ന  വിശ്വാസിസമൂഹം പരിശുദ്ധ കുര്‍ബാനയാകുന്ന 'തീക്കനല്‍' കൊണ്ട് വിശുദ്ധീകരിക്കപ്പെടുകയാണ്.
സ്‌നേഹത്തിന്റെ ഉത്കൃഷ്ടതയെ വാഴ്ത്തുന്ന പൗലോസ്  ശ്ലീഹായുടെ വാക്കുകള്‍ (ലേഖനം 1 കൊറി. 13:1-13) സഭാ ജീവിതത്തിന്റെ കേന്ദ്രബിന്ദുവിനെയാണു ചൂണ്ടിക്കാണിക്കുന്നത്. സ്‌നേഹത്താല്‍ പരസ്പരം ബന്ധിതമാകുകയും ആ സ്‌നേഹത്തിന്റെ പുറത്തേക്കുള്ള പ്രവാഹത്തില്‍ സൃഷ്ടികളുമായി നിരന്തരബന്ധത്തില്‍ ആയിരിക്കുകയും ചെയ്യുന്ന പരിശുദ്ധത്രിത്വത്തിന്റെ ജീവിതംപോലെ, വിശ്വാസികളുടെ സഭയിലെ ജീവിതം സ്‌നേഹത്താല്‍ ബന്ധിതമാകുകയും നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാകണം സഭയുടെ ഏറ്റവും നല്ല ഒരു നിര്‍വചനം നല്‍കിയശേഷം പൗലോസ്ശ്ലീഹാ സ്‌നേഹത്തെക്കുറിച്ചുള്ള പ്രസ്തുത വര്‍ണന നടത്തുന്നത്. ''നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്''   (1 കൊറി. 12:27).
പഴയനിയമത്തില്‍, നിയമകാലത്ത് മോശയും പ്രവാചകന്മാരുടെ കാലത്ത് ഏശയ്യായും യഥാക്രമം ഭൗതികവും ആത്മീയവുമായ ദൈവാലയനിര്‍മാണത്തിനു നേതൃത്വം വഹിച്ചതുപോലെ പുതിയ നിയമത്തില്‍ ഈശോയുടെ ശരീരമാകുന്ന സഭയെ പണിതുയര്‍ത്താനുള്ള  ദൗത്യം അപ്പസ്‌തോലന്മാരുടേതായിരുന്നു. ബലഹീനതകളുടെ മനുഷ്യനായിരുന്നുവെങ്കിലും, മനുഷ്യസഹജമായ ബലഹീനതകളും സഭയുടെ ഭാഗമാണ് എന്നു സൂചിപ്പിക്കാനാകണം, ഈശോ പത്രോസിനെത്തന്നെ, സഭയുടെ, അപ്പസ്‌തോലന്മാരുടെ നേതൃത്വം ഏല്പിക്കുന്നത്. (മത്താ. 16:13-19). നിയമത്തിന്റെ കൈകാര്യത്തിന് മോശയ്ക്കും ദൈവവചനത്തിന്റെ പ്രഘോഷണത്തിന് ഏശയ്യായ്ക്കും ശക്തിനല്കി വിശുദ്ധീകരിച്ചതുപോലെ സഭയുടെ സ്ഥാപനത്തിന് പത്രോസിനെയും സഹപ്രവര്‍ത്തകരെയും ഈശോ ബലപ്പെടുത്തി ശക്തരാക്കുന്നു. നിയമവും പ്രവാചകന്മാരുമെല്ലാം ദൈവജനത്തെ മിശിഹായിലേക്കു നയിച്ചെങ്കില്‍ ശ്ലീഹന്മാര്‍ മിശിഹായെത്തന്നെ ജനപദങ്ങളിലേക്കു പകര്‍ന്നുനല്കുന്നു; മാമ്മോദീസായിലൂടെ ജനങ്ങളെ ഈശോയുടെ ശരീരത്തിലെ (സഭയിലെ) അവയവങ്ങളാക്കി മാറ്റുന്നു.
കര്‍ത്താവിന്റെ വസ്ത്രാഞ്ചലം ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്നു (ഏശ. 6:1). അരൂപിയായ ദൈവത്തിന്റെ വസ്ത്രം സ്‌നേഹമാണ്. ദൈവാലയവും പ്രപഞ്ചവുമെല്ലാം   (ഏശ. 6:3) ദൈവസ്‌നേഹത്താല്‍ പൊതിയപ്പെട്ടിരിക്കുന്നു. ഈ ചിന്തതന്നെ ഭൂമിയില്‍ ജീവിക്കുന്ന സൃഷ്ടികളായ നമ്മില്‍ ഭയവും ഭക്തിയും ജനിപ്പിക്കുന്നു. അനുദിനം, അനുനിമിഷം ദൈവസ്‌നേഹത്താല്‍ പൊതിയപ്പെട്ടവരാണ് എന്ന ചിന്ത ഏശയ്യായെപ്പോലെ നമ്മുടെ അശുദ്ധിയെ, കുറവുകളെ, ബലഹീനതകളെ ഓര്‍മിപ്പിക്കും. ഏളിയവരായി ദൈവതിരുമുമ്പില്‍ നില്ക്കാനും സഭയില്‍നിന്നു ശുദ്ധീകരണം സ്വീകരിക്കാനും നാം പ്രാപ്തരാകണം. സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സഭാശരീരത്തിലെ അംഗങ്ങളാകുന്ന നാമോരോരുത്തരും പരിശുദ്ധ കുര്‍ബാനയാകുന്ന തീക്കനലിനാല്‍ വിശുദ്ധീകരിക്കപ്പെടുന്നു. ഈ വിശുദ്ധീകരണം സ്വര്‍ഗരാജ്യത്തിന്റെ പ്രവേശനമാര്‍ഗങ്ങള്‍ (താക്കോലുകള്‍) നമുക്കു പ്രദാനം ചെയ്യുന്നു. വിഭജനശുശ്രൂഷയുടെ ആരംഭത്തില്‍ പരിശുദ്ധ കുര്‍ബാന ഉയര്‍ത്തിക്കൊണ്ട് കാര്‍മികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന സഭയില്‍ സാധ്യമാകുന്ന രക്ഷയുടെ വലിയ രഹസ്യത്തെയാണു പ്രഘോഷിക്കുന്നത്. 'സജീവവും ജീവദായകവുമായ ഈ അപ്പം ... ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല; പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.'
സഭയെ കര്‍ത്താവിന്റെ ശരീരമായി മനസ്സിലാക്കുമ്പോള്‍ സഭ എന്ന പദത്തിന്റെ അര്‍ത്ഥം വലിയ രഹസ്യാത്മകതലത്തിലേക്ക് ഉയരുകയും ഈശോയുടെ രക്ഷയില്‍ നിരന്തരം പങ്കുപറ്റുന്നവളായി അവള്‍ മാറുകയും ചെയ്യുന്നു. ആ സഭയുടെ (കര്‍ത്താവിന്റെ ശരീരത്തിലെ) അവയവങ്ങള്‍ എന്ന നിലയില്‍ മാമ്മോദീസ സ്വീകരിച്ചു, വിശ്വാസികളായ നാമോരോരുത്തരും ഈശോയുടെ രക്ഷയില്‍ പങ്കുചേരുകയും ചെയ്യുന്നു.

 

Login log record inserted successfully!