•  2 Dec 2021
  •  ദീപം 54
  •  നാളം 35
സിനിമ

ഭ്രമങ്ങളില്‍ രമിക്കുന്ന മനുഷ്യര്‍

യുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തേ തുടങ്ങിയവര്‍ അഭിനയിച്ച ബോളിവുഡ് ബ്ലോക്ബസ്റ്റര്‍ ചിത്രം ''അന്ധാദുന്‍'' മലയാളത്തില്‍ റീമേക്ക് ചെയ്തതാണ് ''ഭ്രമം'' എന്ന പൃഥ്വിരാജ് ചിത്രം.
അത്യാര്‍ത്തിയും ആവേശവുമാണ് ഭ്രമം എന്ന വാക്കുകൊണ്ടുള്ള സൂചന. ഭ്രമങ്ങള്‍ക്കടിപ്പെട്ട് അതില്‍ അഭിരമിക്കാന്‍ ഏതു കുതന്ത്രങ്ങളും (ക്രൂരത പോലും) പയറ്റുന്ന മനുഷ്യനാണ് കഥയുടെ കാതല്‍. ചിലപ്പോള്‍ പ്രണയമാവും ഭ്രമമായി മാറുന്നത്. സമ്പത്ത്, പ്രശസ്തി തുടങ്ങിയ മറ്റു പലതും നമ്മെ ഭ്രമിപ്പിക്കുന്നു. ഈ അടക്കമില്ലാത്ത മോഹങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അന്ധനായ സംഗീതജ്ഞന്‍ റേ മാത്യൂസാണ് ഭ്രമത്തിലെ നായകന്‍. ആദ്യം അന്ധത അഭിനയിക്കുന്ന അയാള്‍ക്ക് കാഴ്ച നഷ്ടമാവുകയും പിന്നീട് വീണ്ടും അയാളുടെ കണ്ണുകള്‍ വെളിച്ചം കാണുകയും ചെയ്യുന്നുണ്ട് ചിത്രത്തില്‍. അന്ധനായ പിയാനോയിസ്റ്റായി അഭിനയിച്ച് ആളുകളെ കബളിപ്പിച്ച് യൂറോപ്പില്‍ പോയി പേരും പ്രശസ്തിയും പണവും സമ്പാദിക്കലാണ് അയാളുടെ ലക്ഷ്യം.  ആകസ്മികമായി ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടിവന്ന അയാള്‍ പിന്നീട് കുറ്റകൃത്യപരമ്പരയുടെതന്നെ ഭാഗമാവുകയാണ്. പഴയകാല സിനിമാനടനായ ഉദയകുമാറിന്റെ കൊലപാതകം കാണേണ്ടിവന്ന അയാള്‍ക്ക് വീണ്ടും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ പങ്കുചേരേണ്ടിവരുന്നു. അന്ധാദുന്‍ കണ്ട ഏറെപ്പേര്‍ക്കും ഭ്രമത്തില്‍ ഒരുപാടു ഭ്രമിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്നത് ഒരു ചോദ്യമാണ്. ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് ഒ.ടി.ടി. വഴി സിനിമകള്‍ കാണാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരു റീമേക്ക് ചിത്രത്തിന്റെ പ്രസക്തി എന്തെന്നും ചോദ്യമുണ്ടാവാം. കഥയില്‍ വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും അഭിനേതാക്കളുടെയും ഭാഷയുടെയും വ്യത്യാസം കൗതുകമുണര്‍ത്തുന്നു. ആയുഷ്മാന്‍ ഖുറാനയുടെ ദേശീയ അവാര്‍ഡ് നേടിയ അഭിനയത്തോളമെത്തുന്നില്ല എങ്കിലും കഴിയുന്നത്ര പരിശ്രമിച്ചിട്ടുണ്ട് പൃഥ്വിരാജ്. സംവിധായകന്‍ രവി കെ. ചന്ദ്രനും ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ശങ്കര്‍, അനന്യ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങിയവരെല്ലാം മികവു പുലര്‍ത്തി. മോഹന്‍ലാലിനൊപ്പം മലയാളസിനിമയിലെത്തിയ നടന്‍ ശങ്കറിനെ അപ്രതീക്ഷിതമായി കാണുന്നത് പ്രേക്ഷകര്‍ക്ക് കൗതുകംതന്നെയാണ്. വില്ലത്തി പരിവേഷമുള്ള നായികയായി വരുന്ന മമ്തയുടേത് ധീരമായ പ്രകടനംതന്നെ.
തിരക്കഥയും സംഭാഷണവും ശരത് ബാലന്‍. എ.പി. ഇന്റര്‍നാഷണല്‍, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമം നിര്‍മിച്ചത്. ഏതു കുറുക്കുവഴിയും കൂരിരുട്ടുമുപയോഗിച്ചാലും സ്വന്തം ഭ്രമങ്ങള്‍ നേടിയെടുക്കാനുള്ള മനുഷ്യത്വരയുടെ ചിത്രീകരണമാണീ സിനിമ. ഇതിലെ നൂലാമാലകള്‍ സംഭവ്യമാണോ, ഇതിലെന്തെങ്കിലുമൊക്കെ ലോജിക്കുണ്ടോ എന്നൊന്നും തലപുണ്ണാക്കിയിട്ടു കാര്യമില്ല. ലോകത്ത് ഇന്നതൊക്കെ മാത്രമേ സംഭവിക്കൂ എന്നു തീര്‍ച്ചപ്പെടുത്താനല്ലല്ലോ നമ്മള്‍ സിനിമ കാണുന്നത്! ഏതായാലും പ്രണയഭാവേന തുടങ്ങി ക്രൈം ത്രില്ലറെന്ന മുഖഭാവമണിയുന്ന സിനിമയാണ് 'ഭ്രമം' എന്നു പറയാം.