•  2 Dec 2021
  •  ദീപം 54
  •  നാളം 35
നോവല്‍

ഒരു കാറ്റുപോലെ

രണശീലുകള്‍ ഇപ്പോഴും ചുമരുകള്‍ക്കിടയില്‍നിന്ന്  ഇടറിയും പതറിയും മുഴങ്ങിക്കേള്‍ക്കുന്നു... ചന്ദനത്തിരിയുടെ ഗന്ധം വിട്ടൊഴിഞ്ഞിട്ടില്ല... മുറിയില്‍നിന്ന് ശവപ്പെട്ടി എടുത്തുമാറ്റിയിരുന്നില്ല. സനലിന് അങ്ങനെയൊക്കെയും തോന്നുന്നുണ്ടായിരുന്നു. സ്മിതയുടെ മരണത്തിന്റെ നടുക്കത്തില്‍നിന്ന് ഉയിര്‍ത്തെണീല്‍ക്കുംമുമ്പേ അന്നാമ്മയുടെ മരണം.
അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു മരണങ്ങള്‍. അതും അപ്രതീക്ഷിതം. അന്നാമ്മയ്ക്ക് ഒരു അപകടം സംഭവിച്ചു. അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു മടങ്ങിവരുമ്പോഴേക്കും മരണം വന്ന് കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. അന്നാമ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതായിരുന്നു. കഞ്ഞിവെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നല്ലോ അന്നാമ്മയുടെ മരണം. ആശുപത്രിയിലായിരുന്നിട്ടുപോലും ജീവന്‍ രക്ഷിക്കാനായില്ലെന്നു പറയുമ്പോള്‍... ജനിക്കുന്ന നിമിഷത്തിനൊപ്പംതന്നെ മരണവും എഴുതിവച്ചിരിക്കുന്ന മനുഷ്യനെ അവന്റെ  വിധിയില്‍നിന്ന് കുറച്ചുനേരത്തേക്കുകൂടി  നീട്ടിക്കൊണ്ടുപോകാന്‍ കഴിയാത്തവിധം വൈദ്യശാസ്ത്രവും മനുഷ്യനും മറ്റു സൗകര്യങ്ങളും നിസ്സാരമാക്കിക്കളയുന്നു.
ജീവിതം എപ്പോഴും നാം വിചാരിക്കാത്തതു കരുതിവയ്ക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അപ്രതീക്ഷിതമായ സംഭവം മരണമാണ്.  ഏറ്റവും ഉറപ്പുള്ള ഒരേയൊരു കാര്യം മരണമാണെങ്കിലും അത് എപ്പോള്‍ വരുമെന്ന് ആരും അറിയുന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതം. എപ്പോള്‍ വരുമെന്ന് അറിഞ്ഞുകൂടാത്ത ഒരു അതിഥിക്കുവേണ്ടിയുള്ള കാത്തിരിപ്പുപോലെയാണ് അത്. അപ്രതീക്ഷിതമായി അതിഥി വരുമ്പോള്‍ പരിഭ്രമിക്കുമോ? അതോ ഒരുങ്ങിയിരിക്കുന്നതുകൊണ്ട് നല്ലതുപോലെ സ്വീകരിക്കാന്‍ കഴിയുമോ? ആര്‍ക്കു കഴിയും അങ്ങനെ? എത്രപേര്‍ക്ക്? അപ്രതീക്ഷിതമായ ആ അതിഥിക്കുമുമ്പില്‍ ഭൂരിപക്ഷവും പതറിപ്പോകും. പക്ഷേ, അന്നാമ്മയ്ക്ക് ആ അതിഥിയെക്കുറിച്ച് എങ്ങനെയോ മുന്നറിയിപ്പു കിട്ടിയിരുന്നു. ആശുപത്രികിടക്കയില്‍ വച്ച് അത്തരം ചില സൂചനകള്‍ അന്നാമ്മ സനലിനു നല്കുകയും ചെയ്തിരുന്നു:
 ''ഒരു പെണ്ണാണ് മോനേ, ഒരു വീടിന്റെ ഐശ്വര്യം. വീട് വീടാകുന്നത്  അവിടെ ഒരു പെണ്ണുള്ളപ്പോഴാണ്. അതുകൊണ്ട് ഞാന്‍ പറയുന്നത് എന്റെ മോന്‍ അനുസരിക്കണം, അനുസരിക്കുമോ.''
അന്നാമ്മ തന്നോടു ചോദിച്ചതും ആ ആശുപത്രിമുറിയും സനലിന്റെ ഓര്‍മയില്‍നിന്ന് മായുന്നുണ്ടായിരുന്നില്ല.
 ''അമ്മച്ചി പറ, അമ്മച്ചി പറയുന്നതല്ലേ ഞാന്‍ അനുസരിച്ചിട്ടുള്ളൂ.''
''അതെനിക്കറിയാം മോനേ. ചോദ്യം ചെയ്യാതെ നീയെല്ലാം അനുസരിച്ചതോണ്ടാണോ നിന്റെ ജീവിതം ഇങ്ങനെയായിപ്പോയതെന്നാ എന്റെ സംശയം.''
''അമ്മച്ചി അതൊന്നും മറന്നിട്ടില്ലേ. ഞാന്‍ അപ്പഴത്തെ ഒരു ദേഷ്യത്തിനും സങ്കടത്തിനും.''
''അതൊക്കെ ഞാന്‍ മറന്നെടാ കുഞ്ഞേ.. അല്ലെങ്കിലും അമ്മമാര്‍ക്ക് മക്കളോടു പിണങ്ങിയിരിക്കാന്‍ കഴിയുമോ.'' അന്നാമ്മ ചിരിച്ചു.
''ഞാന്‍ പറയാന്‍ വന്നത് അതൊന്നുമല്ല. നിനക്ക് ആരുമില്ലാതെ പോകുന്നതോര്‍ത്താ എന്റെ സങ്കടം.''
''എനിക്കതിന് ആരാ ഇല്ലാത്തത്. ചാച്ചനും അമ്മച്ചിയുമില്ലേ, പിള്ളേരില്ലേ.''
''ഞാനും നിന്റെ അപ്പനുമൊക്കെ ഇന്നോ നാളെയോ എന്നു പറഞ്ഞു പോകാനുള്ളവരാ. നിനക്ക് ഞങ്ങളൊന്നും കൂട്ടായിട്ടുണ്ടാവില്ല. നിന്റെ പിള്ളേരുടെ കാര്യോം അങ്ങനെതന്നെയാ. ഒരു പ്രായം കഴിഞ്ഞാ അവരും ഓരോ വഴിക്കു പോകും. നീയൊറ്റയ്ക്കാകും. അതുകൊണ്ടാ ഞാന്‍ പറഞ്ഞത് നിനക്കൊരു കൂട്ടുവേണമെന്ന്. പിള്ളേരെ വളര്‍ത്തിക്കൊണ്ടുവരാനും ഒരാളു വേണ്ടേ?''
''അമ്മച്ചിയെന്നതാ ഇപ്പറയുന്നെ. എനിക്കൊന്നും മനസ്സിലാകുന്നില്ല.''
''മനസ്സിലാക്കാന്‍ ഇത്രയുമേയുള്ളൂ മോനേ. നീയൊരു പെണ്ണു കെട്ടണം. പത്തുനാല്പത് വയസെന്നു പറയുന്നത് ഇന്നത്തെ കാലത്ത് ഒരു പ്രായമൊന്നുമല്ല.  പിള്ളേര്‍ക്ക് നല്ലൊരു അമ്മ.  അങ്ങനെയൊരാളെ വേണം. നിന്നെ സ്നേഹിക്കുന്ന, ഒരു അമ്മയെപ്പോലെ നിന്നെ നോക്കുന്ന നല്ലൊരു പെണ്ണ്.. അതു കണ്ടിട്ടുവേണം എനിക്കു കണ്ണടയ്ക്കാന്‍. ഇല്ലെങ്കീ എനിക്കു സമാധാനത്തോടെ മരിക്കാനാവില്ല.''
പെട്ടെന്നാണ് വലിയൊരു വേദന അന്നാമ്മയിലുണ്ടായതും എന്റെ ചങ്ക് പൊട്ടുന്നേ എന്ന് അന്നാമ്മ നിലവിളിച്ചതും. പ്രാണന്‍ പിരിയുന്നതുപോലെയുള്ള വേദനയായിരുന്നു. ആ വേദനയില്‍ അന്നാമ്മ ഒരു കൈകൊണ്ട് നെഞ്ച് അമര്‍ത്തുകയും സനലിന്റെ കരത്തില്‍ പിടിമുറുക്കുകയും ചെയ്തു.
 ഇപ്പോഴും ആ കരം തന്നെ മുറുകെപ്പിടിച്ചിരിക്കുന്നതുപോലെ സനലിനു തോന്നി. അയാള്‍ തന്റെ കൈത്തണ്ടയിലേക്കു നോക്കി. അമ്മയുടെ അവസാനസ്പര്‍ശം..
''സനുച്ചേട്ടാ... സനുച്ചേട്ടാ...  കട്ടിലില്‍ ഇരിക്കുകയായിരുന്ന സനല്‍ മുഖമുയര്‍ത്തിനോക്കി.  തൊട്ടുമുമ്പില്‍ രോഷ്‌നി.
രോഷ്നി സഹതാപത്തോടെയും സ്‌നേഹത്തോടെയും സനലിനെ നോക്കി. മഴ നനഞ്ഞ് വിറച്ചിരിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെയാണ് അവള്‍ക്കപ്പോള്‍ ഓര്‍മ വന്നത്. തള്ളപ്പക്ഷിയില്ലാത്ത, കൂട്ടില്‍ തനിച്ചിരിക്കേണ്ടിവന്ന ഒരു ചെറുപക്ഷി. ദൈവം എന്തിനാണ് ചില മനുഷ്യര്‍ക്കു മാത്രം കൂടുതല്‍ സഹനങ്ങളും അടിക്കടിയുളള വേദനകളും നല്കുന്നത്? നടന്നുപോകുന്ന മണ്ണിനെപ്പോലും വേദനിപ്പിക്കരുതെന്ന മട്ടില്‍ ജീവിച്ചുപോകുന്ന സനലിന്റെ ജീവിതത്തില്‍ എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചില സഹനങ്ങള്‍ അനുവദിക്കുന്നത്? ദൈവം താന്‍ സ്നേഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ സഹനങ്ങള്‍ നല്കുന്നതെന്ന ചില വ്യാഖ്യാനങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണെന്ന് രോഷ്‌നിക്കു തോന്നി. മകനെ അടിച്ചു വേദനിപ്പിക്കുന്ന ഒരു അപ്പന്റെ സ്നേഹം സംശയിക്കേണ്ടതല്ലേ? ചിലര്‍ക്കൊന്നും വേദനകളില്ല. പ്രശ്നങ്ങളില്ല. സന്തോഷവും സുഖങ്ങളും മാത്രം. മറ്റു ചിലര്‍ക്കെന്നും കഷ്ടപ്പാടുകളും ദുരിതങ്ങളും... ദൈവത്തിന്റെ ചില ഇടപെടലുകളെക്കുറിച്ച് മനുഷ്യന്റെ ബുദ്ധികൊണ്ടോ യുക്തികൊണ്ടോ നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും അവള്‍ക്ക് തോന്നി.
എന്തായാലും സനലിന്റെ ജീവിതം വല്ലാത്ത കഷ്ടംതന്നെ. രോഷ്നിക്ക് അക്കാര്യത്തില്‍ സംശയമൊന്നും തോന്നിയില്ല. അവള്‍ ഹൃദയഭാരത്തോടെ നെടുവീര്‍പ്പിട്ടു.
''ഞാന്‍ അമ്മച്ചിയോട് അന്നു ദേഷ്യപ്പെട്ടു. അതാ ഇതിനെല്ലാം കാരണം. ഇല്ലായിരുന്നെങ്കി അമ്മച്ചിയിപ്പോഴും ഇവിടെ എന്റെയൊപ്പം കാണുമായിരുന്നു.''
സനല്‍ കുറ്റബോധത്തോടെ പറഞ്ഞു.
അന്നാമ്മ മരിച്ചപ്പോള്‍ മുതല്‍ ആ മരണത്തിന്റെ ഉത്തരവാദിത്വം സനല്‍ ഏറ്റെടുത്തിരുന്നു. താന്‍ അന്ന് അമ്മയോടു ദേഷ്യപ്പെട്ടു സംസാരിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നാണ് അയാള്‍ വിചാരിക്കുന്നത്. ആ കുറ്റബോധം മരണംവരെ തന്നെ പിന്തുടരുമെന്നും സനലിനറിയാമായിരുന്നു.
''സനുച്ചേട്ടാ എന്തായിത്? ഇതൊക്കെ നമ്മള്‍ വിചാരിക്കുന്നതുപോലെയാണോ, നമ്മള്‍ എന്തെങ്കിലും ചെയ്തിട്ടോ ചെയ്യാത്തതുകൊണ്ടോ ആണോ?''
രോഷ്നി ചോദിച്ചു.
''സംഭവിക്കേണ്ടതൊക്കെ സംഭവിച്ചെന്നിരിക്കും. നമ്മള് വെറും നിസ്സാരരല്ലേ ചേട്ടാ...''
''അതേ,'' സനല്‍ അതു സമ്മതിച്ചു, മനുഷ്യന്‍ നിസ്സാരനാണ്. ഒരുപക്ഷേ, ഈ ലോകത്തിലെ ഏറ്റവും നിസ്സാരനായ വ്യക്തി താന്‍ തന്നെയായിരിക്കും. നിസ്സഹായനും.
''ദൈവം എന്നെ ശിക്ഷിച്ചിരിക്കുകയാ. എനിക്കങ്ങനെയാ തോന്നുന്നെ. ഞാന്‍ ശരിയല്ല. അതാ.''
 സനല്‍ ആത്മനിന്ദയുടെ വലിയൊരു കയത്തിലാണെന്ന് രോഷ്നിക്കു തോന്നി. അവിടെ കിടന്ന് അയാള്‍ കാലിട്ടടിക്കുകയാണ്.
''സനുച്ചേട്ടനെപ്പോലെ ഒരു പാവം ഈ നാട്ടില്‍ ആരെങ്കിലുമുണ്ടോ?  ഗുണമല്ലാതെ ആര്‍ക്കെങ്കിലും ദോഷം ഉണ്ടായിട്ടുണ്ടോ? ഇല്ലല്ലോ. എന്നിട്ടാണോ ഇങ്ങനെയൊക്കെ പറയുന്നെ?'' രോഷ്നി ദേഷ്യം ഭാവിച്ചു.
''എനിക്കാരുമില്ല. ആരും.'' സനല്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞുപോയി. ഈ ദിവസമത്രയും അയാള്‍ വാവിട്ടുനിലവിളിക്കുകയോ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം തുറക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ ഇപ്പോള്‍.
അവനെന്നും സ്നേഹവും സാന്ത്വനവുമായിരുന്നു രോഷ്നി.  അവളുടെ മുമ്പില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തതുപോലെ. ഇനിയും കരഞ്ഞില്ലെങ്കില്‍ താന്‍ ചങ്കു പൊട്ടി മരിക്കുമെന്ന് അവനു തോന്നി. താങ്ങാനാവാത്തത്ര ഭാരം അയാളുടെ നെഞ്ചിലുണ്ടായിരുന്നു.
അയാള്‍ കരയട്ടേയെന്ന് രോഷ്‌നി  തീരുമാനിച്ചു. അതു കണ്ടുനില്ക്കുമ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. അമ്മയെ കാണാതെ പെരുന്നാള്‍പ്പറമ്പില്‍ ഒറ്റപ്പെട്ടുപോയ ഒരു ആറുവയസുകാരന്‍. രോഷ്നിയുടെ മനസ്സിലേക്ക് അങ്ങനെയൊരു ചിത്രവും കടന്നുവന്നു. വിവാഹം കഴിഞ്ഞിട്ടും മക്കളുണ്ടായിട്ടും അന്നാമ്മച്ചിയുടെ മടിയില്‍ തലവച്ചുറങ്ങുകയും അന്നാമ്മച്ചിയെ കെട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടായിരുന്ന സനലിന്റെ ചിത്രങ്ങള്‍ രോഷ്നിയുടെ ഓര്‍മയിലേക്കെത്തി. ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമാണ് അവന്റെ അമ്മ. അമ്മയോട് അടുപ്പം കാണിക്കുന്ന ഭര്‍ത്താവിനെ വെറുപ്പോടെ വീക്ഷിക്കുന്ന ഭാര്യമാരുടെ നാടാണ് ഇത്.
തനിക്ക് അര്‍ഹതപ്പെട്ട സ്‌നേഹം തട്ടിയെടുക്കുന്നുവെന്നു തെറ്റിദ്ധരിച്ച് അമ്മായിയമ്മമാരോടു ശത്രുത വച്ചുപുലര്‍ത്തുന്ന ഭാര്യമാരാണ് കൂടുതലും. അതുകൊണ്ടുതന്നെ അമ്മയില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റിക്കൊണ്ടുപോകാന്‍ അവര്‍ ഏതു തന്ത്രവും മെനയും. നാളെ താനും ഒരു ആണ്‍കുട്ടിയുടെ അമ്മയാകേണ്ടിവന്നേക്കാമെന്നോ തനിക്കും ഇതേ അവസ്ഥയാണ് ഉണ്ടാകുകയെന്നോ മനസ്സിലാക്കാതെയായിരിക്കും അവരുടെ പ്രതികരണങ്ങള്‍. ആ പ്രതികരണം ചിലപ്പോഴെങ്കിലും സഭ്യതയുടെ അതിര്‍വരമ്പുകള്‍പോലും കടക്കാറുണ്ട് എന്നതും യാഥാര്‍ത്ഥ്യം.
എന്നാല്‍, സ്മിത അങ്ങനെയൊന്നുമായിരുന്നില്ലെന്ന് രോഷ്നിക്കറിയാമായിരുന്നു. വ്യക്തിപരമായ ചില കാര്യങ്ങളില്‍, അന്നാമ്മയുടെ രീതികളില്‍ സ്മിതയ്ക്കു വിയോജിപ്പുകള്‍ ഉണ്ടായിരുന്നിരിക്കാം, ചിലപ്പോള്‍  ദേഷ്യപ്പെട്ടിട്ടുണ്ടാകാം. ചില തര്‍ക്കുത്തരങ്ങള്‍ പറഞ്ഞിട്ടുമുണ്ടാവാം. എന്നാല്‍, അതൊക്കെ അടുത്ത നിമിഷം മാറിപ്പോയിരുന്നു. പരസ്പരം വെറുക്കാത്ത, പരസ്പരം ശത്രുതയില്ലാത്ത അമ്മായിയമ്മയും മരുമകളും. അതായിരുന്നു അന്നാമ്മയും സ്മിതയും. രാവിലെ എന്തെങ്കിലും കാരണത്തിന്റെ പേരില്‍ ദേഷ്യപ്പെട്ടാലും വൈകുന്നേരം വരുമ്പോള്‍ അതിനു ക്ഷമ ചോദിച്ച് വീണ്ടും രമ്യതയിലാവാനും കഴിയുന്ന തുറവും സഹിഷ്ണുതയും സ്മിതയ്ക്ക് സ്വന്തമായുണ്ടായിരുന്നു. ഇപ്പോഴത്തെ കാലത്തെ ഭൂരിപക്ഷം മരുമക്കള്‍ക്കും ഇല്ലാത്ത ഗുണം. അന്നാമ്മയ്ക്ക് മകന്‍ എന്ന നിലയില്‍ സനല്‍ കൊടുക്കേണ്ട ഒരു സ്ഥാനവും സ്മിത കൈവശപ്പെടുത്തിയിരുന്നില്ല. അമ്മയുമായി സ്‌നേഹം പങ്കുവയ്ക്കുന്നതില്‍ അവള്‍ ഒരിക്കലും അസഹിഷ്ണുവുമായിരുന്നുമില്ല.  പപ്പായെപ്പോലെ നല്ലൊരു മോന്‍ ആകണം കേട്ടോ എന്നായിരുന്നു അവള്‍ ബെഞ്ചമിനു നല്കിയിരുന്ന നിര്‍ദേശവും. അങ്ങനെയുളള സനലിന് അന്നാമ്മയുടെ മരണം എത്രത്തോളം ആഘാതമായിരിക്കും നല്കുകയെന്ന് മറ്റാരെക്കാളും രോഷ്‌നിക്കറിയാമായിരുന്നു. ഒരുപക്ഷേ, സ്മിത ഉണ്ടായിരുന്നെങ്കില്‍ വേദനയോടെയാണെങ്കിലും സനല്‍ ഈ മരണത്തെ നേരിടുമായിരുന്നു. പക്ഷേ, സ്നേഹിക്കുവരുടെ അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു മരണങ്ങള്‍... അതാണ് സനലി നെ തകര്‍ത്തുകളഞ്ഞത്. അവനെ ആശ്വസിപ്പിക്കേണ്ടതും അവന് ധൈര്യം കൊടുക്കേണ്ടതും തന്റെ കടമയാണെന്ന് രോഷ്‌നിക്കു തോന്നി. ഒരു കൂട പ്പിറപ്പിന്റെ കടമ.
''സനുച്ചേട്ടന്‍ കരയരുത്. സനുച്ചേട്ടന് ഞാനുണ്ട്.''
രോഷ്നി ഇടര്‍ച്ചയോടെ പറഞ്ഞു. അവള്‍ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
 സുഖദമായ ഒരു കാറ്റ് തന്നെ സ്പര്‍ശിക്കുന്നതുപോലെയാണു സനലിനു തോന്നിയത്. സാന്ത്വനത്തിന്റെ കാറ്റ്. സ്നേഹത്തിന്റെ കാറ്റ്. അയാള്‍ പെട്ടെന്ന് രോഷ്നിയെ അരക്കെട്ടിലൂടെ കൈകള്‍ ചുറ്റി തന്നോടു ചേര്‍ത്തടുപ്പിച്ചു. അവളുടെ ഉദരത്തിലേക്ക് മുഖം ചേര്‍ത്ത് അയാള്‍ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുതുടങ്ങി. രോഷ്‌നി വിറങ്ങലിച്ചു നില്ക്കുകയായിരുന്നു. അയാളെ കരയാന്‍ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് അവള്‍ക്കറിയാമായിരുന്നു. കരയട്ടെ. അയാള്‍ കരയട്ടെ. അവള്‍ തീരുമാനിച്ചു. പെട്ടെന്നാണ് മുറിയുടെ വാതില്ക്കല്‍നിന്ന് ഒരു അലര്‍ച്ച മുഴങ്ങിയത്: ''എടാ...'' രോഷ്നിയും സനലും ഒരുമിച്ചാണ് വാതില്ക്കലേക്കു നോക്കിയത്.
റോയ്.
''എടാ പട്ടീ...''  ഒരു കൊടുങ്കാറ്റായി പാഞ്ഞുവന്ന് റോയ് സനലിന്റെ കവിളത്ത് ആഞ്ഞടിച്ചു.
(തുടരും)