•  18 Apr 2024
  •  ദീപം 57
  •  നാളം 6
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ഒമ്പതിലും തോല്‍ക്കാത്ത ഒരുമ

വെടിമരുന്ന് നിറച്ചു തീര്‍ന്നുപോയ ഒരു ജീവിതം തിരിച്ചുപിടിക്കാനുള്ള വിഫലമായ ശ്രമത്തിനിടയില്‍, ആശുപത്രിവരാന്തകള്‍ അമ്പിളിക്കു സമ്മാനിച്ചത് ഏകാന്തതയും ഭയവും മാത്രമായിരുന്നു. പപ്പ ചുമച്ചും കിതച്ചും ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞപ്പോള്‍, കൂട്ടിരിക്കാന്‍ ചെന്ന  കൗമാരക്കാരിയായ ആ മകളെ ആസക്തിയോടെ നോക്കിയവരും പ്രലോഭനങ്ങള്‍ വച്ചുനീട്ടിയവരും നിരവധിയായിരുന്നു. ഒരു അനുജത്തിമാത്രം കൂടപ്പിറപ്പായി ഉണ്ടായിരുന്ന ആ പെണ്‍കുട്ടി അന്നു തീരുമാനിച്ചു - ഞങ്ങളനുഭവിച്ച ഒറ്റപ്പെടലിന്റെ വേദന എന്റെ മക്കള്‍ക്കുണ്ടാവാന്‍ പാടില്ല. 'ഒത്തിരി മക്കള്‍ വേണം.'
ഏഴു മക്കളില്‍ മൂന്നാമത്തവനായ അമ്പാറനിരപ്പേല്‍, പുന്നോലിവീട്ടില്‍ ടോമിയും അങ്ങനെ തന്നെ തീരുമാനിച്ചിരുന്നു. കഷ്ടപ്പാടുകള്‍ ഒത്തിരിയുണ്ടാവും. എങ്കിലും മക്കളുടെ എണ്ണത്തില്‍ കോംപ്രമൈസില്ല.
ദര്‍ശനങ്ങളില്‍ വ്യക്തതയും തീവ്രതയും ഉണ്ടായിരുന്ന ആ രണ്ടുപേര്‍, പരസ്പരം ആത്മാര്‍ത്ഥതയോടെ സ്‌നേഹിച്ചപ്പോള്‍ ദൈവം ആ കുടുംബത്തിലേക്കിറങ്ങിവന്നത് ഒന്നും രണ്ടും തവണയല്ല, ഒമ്പതു തവണയാണ്.
കൊവിഡ് സമ്മാനിച്ച കിതപ്പും ക്ഷീണവും അമ്പിളിയുടെ സ്വരത്തിലുണ്ടായിരുന്നെങ്കിലും അധരങ്ങള്‍ സംസാരിച്ചത്, ഹൃദയത്തില്‍നിന്നാണ്:
''ചെറുപ്പത്തിലേ, എന്റെ പപ്പ മരിച്ചു. അയര്‍ക്കുന്നത്തിനടുത്ത് നീറിക്കാട് ആയിരുന്നു ഞങ്ങളുടെ വീട്. അമ്മയും അനുജത്തിയും തനിയെയായതുകൊണ്ട്  ടോമിയുമായുള്ള വിവാഹശേഷവും അവിടെത്തന്നെ സ്‌കൂളില്‍ ടീച്ചറായി ജോലി തുടര്‍ന്നു. പിന്നീട് ആ വീടു വിറ്റ്  കുരുവിനാല്‍ സ്ഥലംവാങ്ങി വീടു പണിതു. പല ഘട്ടമായി പഞ്ചവത്സരപദ്ധതിപോലെയാണു വീടുപണി പൂര്‍ത്തിയായത്. കുട്ടികള്‍ പറയും, ഒരു ട്രെയിന്‍പോലെയാണ് നമ്മുടെ വീട്, നീണ്ടു നീണ്ട്... അതിനിടയില്‍ ടോമിക്കുണ്ടായ രണ്ട് അപകടങ്ങള്‍, കുടുംബത്തെ വല്ലാതെ ഉലച്ചു. വീണ്ടും ആശുപത്രിദിനങ്ങള്‍... ജോലി ചെയ്ത സ്‌കൂളിലെ കുട്ടികളും സിസ്റ്റേഴ്‌സും അയല്‍പക്കക്കാരും ഇടവകക്കാരും എല്ലാം തുണയായി. നടുക്കടലില്‍ മുങ്ങിപ്പോകുമെന്നു വിചാരിക്കുമ്പോഴൊക്കെ ദൈവം അയയ്ക്കുന്ന സ്‌നേഹദൂതന്മാര്‍ വന്ന് ഞങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കും.'' കടലെടുക്കാത്ത ഓര്‍മകളെ നിരത്തിവയ്ക്കുകയാണ് അമ്പിളി.
''ഞങ്ങളുടെ ജീവിതശൈലി ഒട്ടൊന്നു വേറേയാണ്.'' ടോമി പറഞ്ഞുതുടങ്ങി. ''ആഡംബരം ഒട്ടും പ്രിയമില്ലാത്തയാളാണ് ഞാന്‍. ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം ഇതെല്ലാം മക്കള്‍ക്കു കൊടുക്കണം. അനാവശ്യമായ ആര്‍ത്തി ഒന്നിനോടുമില്ല. ഇന്നത്തെ ലോകത്തിന്റെ മനുഷ്യരാകാന്‍ എളുപ്പമാണ്. മാറിനില്ക്കലാണു ബുദ്ധിമുട്ട്. ഉള്ളതുകൊണ്ടു കഴിയും. നാളെയെപ്പറ്റി അമിതമായി ആകുലപ്പെടാറില്ല. അമ്പിളിയും അങ്ങനെതന്നെയാണ്. കിട്ടുന്നതെല്ലാം ബോണസായി കരുതാനാണിഷ്ടം'' സങ്കടങ്ങളുടെ ലുത്തിനിയ പാടാന്‍ ടോമിച്ചനില്ലെന്നു ചുരുക്കം.
 വീട്ടുജോലികളും കുട്ടികളുടെ പഠനവും എല്ലാമായി അമ്പിളി മടുക്കില്ലേ? പരാതി പറയാറുണ്ടോ?
''ഏയ്, അമ്പിളിയെപ്പോഴും പോസിറ്റീവാണ്. കൊവിഡ് കഴിഞ്ഞ് ഇന്നാണവള്‍ ആദ്യമായി നെഗറ്റീവായത്,'' ചിരിച്ചുകൊണ്ടു ടോമി പറഞ്ഞു. ''അമ്പിളിയുടെ അധ്വാനമാണീ കുടുംബം. കുട്ടികളുടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അവളാണ്. 100 ല്‍ 110 മാര്‍ക്കു കൊടുക്കും ഞാനെന്റെ ഭാര്യയ്ക്ക്.''
  അപ്പോ, മക്കളോ? ഇത്രയുംപേര്‍ ഒരുമിച്ചാവുമ്പോള്‍ ഇന്ന ത്തെ കാലത്ത്, അവര്‍ക്കു പരിഭവങ്ങളില്ലേ?
''മക്കള്‍ക്കറിയാമല്ലോ കുടുംബത്തിന്റെ അവസ്ഥ. മൂത്ത കുട്ടികളെല്ലാം അതറിഞ്ഞു പെരുമാറും. കൊച്ചുകുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കോ മറ്റോ കൊതി പറഞ്ഞാലായി. നേരത്തേ ഞാന്‍ മദ്യപിച്ചിരുന്നു. അപകടശേഷം അതു പൂര്‍ണമായും നിറുത്തി. അല്പം ആരോഗ്യക്കുറവുണ്ട്.  എങ്കിലും കൂടുതല്‍ കുഞ്ഞുങ്ങളുള്ള കോഴി കൂടുതല്‍ ദൂരത്തില്‍ ചികയേണ്ടേ? അധ്വാനിക്കുകയാണ്, ആവുംപോലെ.'' ടോമി പറഞ്ഞു നിറുത്തിയിടത്തുനിന്ന് അമ്പിളി തുടങ്ങി:
''ഞാനും മക്കളും വൈകിട്ട് പപ്പാ വരാന്‍ നോക്കിയിരിക്കും, പകലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറയാന്‍. ടോമി കുട്ടികളെ അങ്ങനെയിങ്ങനെയൊന്നും വഴക്കുപറയുകയോ അടിക്കുകയോ ഇല്ല. അതുകൊണ്ടവര്‍ ടോമിയോട് എല്ലാം തുറന്നു പറയും.
പുറത്തുപോയുള്ള ആഘോഷങ്ങളില്‍ വലിയ താത്പര്യമില്ല. ഞാനും കുഞ്ഞുങ്ങളും പോകുന്നതില്‍ വിരോധവുമില്ല.''
സ്ത്രീയും പുരുഷനും പരാതികളില്ലാതെ പരസ്പരപൂരകങ്ങളാവുന്നത് എത്ര സുന്ദരമായ കാഴ്ചയാണല്ലേ?
''ഒന്‍പതു കുഞ്ഞുങ്ങള്‍ എനിക്കൊരിക്കലും ഭാരമായി തോന്നിയിട്ടേയില്ല. കൊവിഡ് വന്നു തളര്‍ന്നുകിടന്നപ്പോള്‍ മൂത്തമോന്‍ അപ്പു (മാത്യു) വീട്ടിലെ എല്ലാക്കാര്യങ്ങളും നോക്കിനടത്തി. ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സ്, ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയ്‌ക്കൊരുങ്ങുകയാണവന്‍. കുഞ്ഞുങ്ങളെ കൈ കഴുകിച്ച്, ഒരുമിച്ചിരുത്തി അവന്‍ ഭക്ഷണം വിളമ്പിക്കൊടുക്കും. രണ്ടാമത്തെ മോന്‍ റോയി വീടൊക്കെ വൃത്തിയാക്കി വയ്ക്കും. ആന്‍മരിയയും തോമസും ജോസഫും ഏഞ്ചലും ജോര്‍ജും കൂടെക്കൂടും. അംഗന്‍വാടിക്കാരന്‍ ഡേവിഡും ഒന്നരവയസുകാരന്‍ മൈക്കിളും മൂത്തവരുടെ ചുവടുപിടിച്ച് നടന്നുകൊള്ളും. കുഞ്ഞുങ്ങളെന്തിനെങ്കിലും വാശിപിടിച്ചാല്‍ ഞാന്‍ പറയും അപ്പുച്ചേട്ടനു ജോലി കിട്ടുമ്പോ വാങ്ങിത്തരുമെന്ന്. അപ്പോ അവര്‍ ശാന്തരാകും.''
'ഒരുമയ്ക്ക് ഒന്‍പതു വര്‍ക്കത്താ' എന്നു കാര്‍ന്നോന്മാരു പറഞ്ഞിരുന്നത് പുന്നോലില്‍ വീട്ടില്‍ സത്യമാവുകയാണ്.
''പപ്പാ, പത്താമത്തെയാള്‍ വേണ്ടേ? എന്നാ ഇനി?'' 21 വയസ്സുകാരന്‍ അപ്പു അപ്പനോടു ചോദിക്കയാണ്. വലിയ  കുടുംബങ്ങളില്‍ വിരിയുന്ന വസന്തത്തിന്റെ സുഗന്ധമളക്കാന്‍ മറ്റെന്തുവേണം തെളിവിനായി?

 

Login log record inserted successfully!