ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ പൊതുജീവിതത്തിന്റെ അവശ്യഘടകമായി മാറിയിട്ടുണ്ട്. മിക്കവാറും പൊതുരംഗത്തെ വളരെ പുതിയതും പ്രധാനപ്പെട്ടതുമായ വിഷയങ്ങളാണ് ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്കു പ്രതിഷ്ഠിക്കുന്നത്.
ഇപ്പോള്‍ കണ്ടുവരുന്നതനുസരിച്ച് അവതാരകന്റെ ആമുഖാവതരണശേഷം ഓരോരുത്തരെ പറയാന്‍ ക്ഷണിക്കുകയാണ്. ഒരു ചര്‍ച്ചാപ്പങ്കാളി (അങ്ങനെ ഒരു വാക്കില്ലായിരിക്കും, ക്ഷമിക്കുക), പറഞ്ഞുതുടങ്ങിയാല്‍, അവരെ/അദ്ദേഹത്തെ തടസ്സപ്പെടുത്തുക മാത്രമാണ് ആങ്കറുടെ 'രസം.' ചില അവതാരകര്‍ ആരെയും മിണ്ടാന്‍ അനുവദിക്കുക പോലുമില്ല. ലോകത്തിലെ അറിവിന്റെ കാര്യത്തില്‍ സര്‍വജ്ഞപീഠം കയറാത്ത അവതാരകരില്ല. അവര്‍ പറഞ്ഞുസ്ഥാപിക്കാന്‍ മുതിരുന്നതിനെതിരേ ഒരക്ഷരം ഉരിയാടാന്‍ ചര്‍ച്ചാപ്പങ്കാളിയെ അനുവദിക്കുകയുമില്ല. കേട്ടിരിക്കുന്ന ചിലരെങ്കിലും ടിവി എറിഞ്ഞുടയ്ക്കാത്തത്, സ്വന്തം മുതല്‍ നഷ്ടപ്പെടുമെന്നതുകൊണ്ടാണ്. ഈ അവസ്ഥ ഒട്ടു വളരെപ്പേര്‍ക്കും താങ്ങാനാവുന്നില്ല. ഒരു മാറ്റം നിര്‍ദ്ദേശിക്കാതെ വയ്യ.
ഈ ചര്‍ച്ച ഒരു സെമിനാര്‍ രൂപത്തിലേക്കു മാറ്റുക. ഹ്രസ്വമായി വിഷയം അവതരിപ്പിച്ച് ആങ്കര്‍ പിന്നിലേക്കു മാറട്ടെ. ചര്‍ച്ചക്കാര്‍ക്കു സമയം അനുവദിച്ച് അവരെ സംസാരിക്കാന്‍ അനുവദിക്കുക. ഇടയ്ക്ക് ആങ്കര്‍ ഉള്‍പ്പെടെ ആരും മിണ്ടരുത്.
അനുവാദമില്ലാതെ ഒരാളുടെ സംസാരം തടഞ്ഞ് അവതാരകന്‍ തോന്നുന്നതു പറഞ്ഞുതുടങ്ങുന്നതും സംസാരം തടയുന്നതും ക്ഷണിച്ചുവരുത്തുന്നവരെ അവഹേളിക്കലാണ്.
ഇതുകണ്ട് പ്രേക്ഷകര്‍ രോഷംകൊള്ളാറുണ്ട്. സമയം തീരുന്നതിനു സിഗ്‌നല്‍ കൊടുക്കണം. ചര്‍ച്ചക്കാര്‍ സംസാരിച്ചുകഴിഞ്ഞ്, ആങ്കര്‍ ഒരു മോഡറേറ്ററായി ചര്‍ച്ച ഉപസംഹരിക്കണം.
ഇപ്പോള്‍ നടക്കുന്നത് വെറും ചന്തച്ചര്‍ച്ചയെക്കാള്‍ മോശം കടിപിടിയാണ്. ഇതിന്റെ പ്രധാന കുറ്റക്കാരന്‍ ആങ്കര്‍ മുതലാളിതന്നെ. ചര്‍ച്ച, തന്റെ ചിന്താവഴിക്കു തിരിച്ചുവിടാന്‍ ആങ്കര്‍ക്ക് ഒരവകാശവുമില്ല. അല്ലെങ്കില്‍ ആ കാര്യം നേരത്തേ പറഞ്ഞു ചര്‍ച്ച തുടങ്ങണം.
നാട്ടിലെ ടിവി പ്രേക്ഷകര്‍ ഉണര്‍ന്നു ചിന്തിക്കണം, പ്രതികരിക്കണം. സന്ധ്യാവേളകളിലെ ഈ പേക്കൂത്ത് നിറുത്തണം.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പെരുവ