•  25 Apr 2024
  •  ദീപം 57
  •  നാളം 7
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

സ്‌നേഹം തുളുമ്പുന്ന സ്വപ്നക്കൂടാരം

''എന്നതാടീ സ്വപ്‌നേ, നിന്റെ നടത്തത്തിനൊരു ഏനക്കേട്? ക്ഷീണമുണ്ടോ കൊച്ചേ?'' കുര്‍ബാന കഴിഞ്ഞ് തീക്കോയിപ്പള്ളിയുടെ പടികളിറങ്ങുമ്പോള്‍ പിന്നാലെ വന്ന ചേടത്തി സ്വപ്നയോടു ചോദിച്ചു. ''ഓ, സാരമില്ല ചേടത്തീ, ഒത്തെങ്കില്‍ നാളെ കൈയിലൊരു കൊച്ചുമായി കുര്‍ബാനയ്ക്കു വരാം.''
സ്വപ്നയുടെ മറുപടികേട്ട് ചേടത്തി ഞെട്ടിയിട്ടുണ്ടാവണം. പക്ഷേ, കഥാനായിക കൂളായിട്ട് സ്റ്റെപ്പിറങ്ങി വീട്ടിലേക്കു നടന്നുപോയി. അന്നുതന്നെ വൈകുന്നേരം ആശുപത്രിയില്‍പോയി നൈസായിട്ടു പ്രസവിക്കുകേം ചെയ്തു. പെണ്ണുങ്ങടെ വാക്കിനുംവേണ്ടേ ഒരു വില, അല്ലേ?
ഇത് സ്വപ്ന കുര്യന്‍. ഇടമറുക് സെന്റ് ആന്റണീസ് യുപിസ്‌കൂള്‍ അധ്യാപിക. ആറു കുഞ്ഞുങ്ങളെ പ്രസവിച്ച കാര്യം പറയുമ്പോ, ''ഇതൊക്കെയെന്ത്? നിസ്സാരം'' പുഞ്ചിരി തൂകി സ്വപ്നവാചാലയാകും.
പെരിങ്ങുളത്തെ തന്റെ വീട്ടിലെ ഇളയകുട്ടിയായിരുന്നു സ്വപ്ന. മൂത്ത രണ്ടു സഹോദരിമാരും കന്യകാമഠങ്ങളിലേക്കു യാത്രയായപ്പോള്‍ വീട്ടിലെ ഒറ്റക്കുട്ടി. ''ഏകാന്തതയുടെ ആ കാലംമുതല്‍ക്കേ ഒത്തിരി കുഞ്ഞുങ്ങളുള്ള വീട് എന്റെ സ്വപ്നമായിരുന്നു. വിവാഹം കഴിഞ്ഞ് സിബിയുടെ ഭാര്യയായി തൊഴുത്തിങ്കല്‍ വീട്ടിലേക്കു വന്നപ്പോള്‍ കടങ്ങളും കദനങ്ങളും ഒരു കൂനയുണ്ടായിരുന്നു ആ വീട്ടില്‍. സിബിയുടെ സുഖമില്ലാത്ത അമ്മ, രണ്ടു സഹോദരിമാരുടെ വിവാഹം, രണ്ടു പേര്‍ക്കും ശമ്പളമില്ലാതെ കഴിച്ചുകൂട്ടേണ്ടിവന്ന ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍... വലിയ കുടുംബമെന്ന മോഹം അതിമോഹമാകുമോ എന്നൊരു സന്ദേഹം. പ്രാരബ്ധങ്ങളുടെ ആ പാരാവാരം നീന്തിക്കടക്കാന്‍ കൂട്ടായത് ഡാഡിയും മമ്മിയുമാണ്. കുട്ടികളുണ്ടായപ്പോള്‍ അവരെ സംരക്ഷിക്കാന്‍ അവര്‍ പെരിങ്ങുളത്തുനിന്നു തീക്കോയിലേക്കു വന്നു, കൂട്ടായി കൂടെനിന്നു. ഡാഡി എനിക്കു തണലായിരുന്നു.'' 61-ാം വയസ്സില്‍ പെട്ടെന്നൊരു ദിവസം ഇട്ടിട്ടുപോയ ഡാഡിയെപ്പറ്റിപ്പറയുമ്പോള്‍ സ്വപ്നയുടെ ശബ്ദമിടറി.
''ഡാഡി എപ്പോഴും പറയും, ഒരിക്കലും സിബിയെ വിഷമിപ്പിക്കരുത്, നീ ജീവനോടെ ഇരിക്കുന്നിടത്തോളം നിന്റെ ഭര്‍ത്താവ് ആരുടെയും മുന്നില്‍ തലകുനിക്കാന്‍ പാടില്ല.'' ഓരോ കട്ടയും പെറുക്കിവച്ച് ഒരു കുടുംബം കെട്ടിയുയര്‍ത്തുന്ന മകള്‍ക്ക് ചാന്തു ചേര്‍ത്തുകൊടുക്കുന്ന ഒരപ്പന്‍... എത്ര സുന്ദരമായ കാഴ്ചയാണത്...
''അവളൊത്തിരി കഷ്ടപ്പെട്ടു. മരിക്കുന്നതുവരെ എന്റെ അമ്മയെ ഒരു കുഞ്ഞിനെപ്പോലെ ശുശ്രൂഷിച്ചു. സ്വപ്നയുടെ ദൈവവിശ്വാസം എനിക്കെപ്പോഴും കരുത്താണ്. കൂടുതല്‍ കുട്ടികള്‍ വേണമെന്ന് എപ്പോഴും അവളാഗ്രഹിച്ചു. മടുപ്പില്ലാതെ, കുടുംബത്തെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതും സ്വപ്നയാണ്.'' ഭാര്യയെക്കുറിച്ച് അഭിമാനിക്കുന്ന ഭര്‍ത്താവാണ് സിബി.
 ''പരാതീം പരിഭവോം ഒക്കെയുണ്ടാവും. സ്വാഭാവികം. പക്ഷേ, അല്പനേരത്തെ ആയുസ്സേ അതിനൊക്കെയുള്ളൂ. എനിക്കു ദേഷ്യം വന്നാല്‍ പിടിച്ചാക്കിട്ടാന്‍ ഇത്തിരി പാടാണ്. തീക്കോയിപ്പള്ളീലെ വിശുദ്ധനാന്നാ വിചാരം, കാര്യം എനിക്കല്ലേ അറിയൂ എന്നു പറഞ്ഞ് സ്വപ്ന കളിയാക്കാറുണ്ട്. മക്കളെപ്പോഴും അഭിമാനമാണ്. ഒരു കുറവും മക്കളുണ്ടായതില്‍പ്പിന്നെ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. മക്കള്‍ക്കൊപ്പം അവര്‍ക്കാവശ്യമുള്ളതെല്ലാം ദൈവം തരുന്നുണ്ട്. ഇപ്പോഴിതാ ഈ വീടും'' എണ്ണിയാല്‍ത്തീരാത്ത കൃപകള്‍ക്കുമുന്നില്‍ ശിരസ്സു നമിക്കുകയാണ് സിബി.
''എല്ലാ ദിവസവും പള്ളീപ്പോയിട്ടൊന്നും കാര്യമില്ല. കൈയില്‍ കാശില്ലെങ്കില്‍ എന്തിനു കൊള്ളാം? ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഒത്തിരി കേട്ടിട്ടുണ്ട്. എങ്കിലും എന്നും രാവിലെ മൂന്നു മണിക്കെഴുന്നേറ്റ് വീട്ടുജോലികള്‍ മുഴുവന്‍ തീര്‍ത്ത് മക്കളെയുംകൂട്ടി പള്ളിയില്‍പ്പോകും. തിരിച്ചുവന്ന് അമ്മച്ചിയുടെ കാര്യങ്ങള്‍ നോക്കും. പിന്നെ സ്‌കൂളിലേക്ക്, അതായിരുന്നു പതിവ്. കൊവിഡ് ശീലങ്ങളെല്ലാം മാറ്റിമറിച്ചില്ലേ? ഇപ്പോള്‍ വീട്ടില്‍ 24 മണിക്കൂറും മേളമാണ്. ആറുവയസ്സുകാരന്‍ ക്രിസ്റ്റോയ്ക്ക് പതിനെട്ടു വയസ്സുകാരന്‍ സിറിള്‍ ചേട്ടനാകുമ്പോള്‍, പതിനേഴുകാരി അല്‍മയും പന്ത്രണ്ടു വയസ്സുകാരി മരിയയും പതിനൊന്നു വയസ്സുകാരന്‍ കുര്യനും ഒമ്പതു വയസുകാരി അല്‍ഫോന്‍സയും കട്ടയ്ക്കു കൂടെ നില്‍ക്കും. തള്ളാനും കൊള്ളാനും താങ്ങാനും തലോടാനും എല്ലാം. 'എന്നെ വിശുദ്ധനാക്കണേ' എന്ന് ഓരോരുത്തരും പ്രാര്‍ത്ഥിക്കുമ്പോഴും കുറുമ്പു കാട്ടുമ്പോഴും കൂവിയാര്‍ക്കുമ്പോഴുമെല്ലാം മനസ്സു നിറയും. എന്റെ കുടുംബത്തിലൂടെ ദൈവത്തിന്റെ മഹത്ത്വം ലോകം അറിയണേയെന്നു പ്രാര്‍ത്ഥിക്കും'' സ്വപ്ന പറഞ്ഞു.
''ആറാമത്തെ കുഞ്ഞിനെ പ്രഗ്നന്റ് ആയ സമയത്ത്, ഒരു മാസം കഴിഞ്ഞപ്പോ എനിക്കും വീട്ടിലെല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് വന്നു. മരുന്നുകളൊന്നും കഴിച്ചിരുന്നില്ല. ഡോക്‌ടേഴ്‌സ് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നതാണു നല്ലതെന്നഭിപ്രായപ്പെട്ടു. കുഞ്ഞിനു വൈകല്യങ്ങളുണ്ടാവും എന്നു പേടിപ്പിച്ചു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. എപ്പോഴും എന്നെ ഉള്ളംകൈയില്‍ കാക്കുന്നവന്‍ കൂടെയുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം? ക്രിസ്റ്റോ, ദേ മിടുക്കനായി ഇവിടെ ഓടിനടക്കുന്നു... ഏഴാമതൊരു കുഞ്ഞിനെക്കൂടി ദൈവം തന്നതാണ്. പക്ഷേ, മൂന്നു മാസമായപ്പോള്‍ അവനിലെ ജീവന്റെ തുടിപ്പിനെ ഈശോ തിരിച്ചെടുത്തു. അറിഞ്ഞില്ല. എന്റെയുള്ളില്‍ 15 ദിവസത്തോളം എന്റെ കുഞ്ഞ് നിശ്ചലമായിക്കിടന്നു. ജീവന്റെ ഒരംശമെങ്കിലും  അവനില്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ ഞാനവനെ പൊന്നുപോലെ നോക്കിയേനെ. എന്തൊക്കെ കുറവുകളുണ്ടെങ്കിലും...''
അമ്മമാരുടെ ഗര്‍ഭപാത്രങ്ങളെ 'പെറുന്ന മെഷീനെ'ന്ന് വിളിച്ചാക്ഷേപിക്കുന്നവര്‍, എത്ര മക്കള്‍ക്കും ഒരേപോലെ പകുക്കാനുള്ള സ്‌നേഹം തുളുമ്പുന്ന അവരുടെ ഹൃദയങ്ങളെ കാണാതെ പോകുന്നതെന്തുകൊണ്ടാണ്? സ്വപ്നറ്റീച്ചര്‍ താന്‍ സ്വപ്നം കണ്ട 'കിനാശ്ശേരി' പടുത്തുയര്‍ത്തട്ടെ. നമുക്കു മാറിനിന്ന് കരങ്ങള്‍ കൂപ്പാം.

 

Login log record inserted successfully!