ഒക്‌ടോബര്‍ 2 ഗാന്ധി ജയന്തി
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന തികച്ചും സാധാരണക്കാരനായ മനുഷ്യനെ അഹിംസയിലൂടെയും ബ്രഹ്‌മചര്യത്തിലൂടെയും സത്യഗ്രഹത്തിലൂടെയും ഊതിക്കാച്ചിയെടുത്തപ്പോള്‍ കിട്ടിയ സൂര്യതേജസ്സാണു ബാപ്പുജി. ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് ക്രിസ്ത്യന്‍മിഷനറിമാരാണ് ആദ്യമായി തന്നില്‍ ഈശ്വരചിന്തയുടെ വിത്തുവിതച്ചതെന്ന് അദ്ദേഹം നന്ദിപൂര്‍വം പറയുന്നുണ്ട്. യേശുവിന്റെ പരിത്യാഗവും ഉത്ഥാനവും ഒന്നുമാത്രമാണ് മനുഷ്യരാശിയുടെ പാപമോചനത്തിന് ആശ്രയമെന്നു പറഞ്ഞുകൊണ്ട് ക്രിസ്തുമതത്തില്‍ വിശ്വസിക്കാന്‍ അവര്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജിയോടു വളരെയേറെ സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ച ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുള്ള കാര്യം അദ്ദേഹം നിരീക്ഷിച്ചു.
തന്റെ സ്വന്തം മതമായ ഹിന്ദുമതത്തെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചു. ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനുമെതിരേ കലഹിക്കാന്‍ അഞ്ചു പ്രാവശ്യമാണ് അദ്ദേഹം കേരളത്തില്‍ വന്നുപോയത്. 1936 ല്‍ തിരുവിതാംകൂറിലെ ക്ഷേത്രവാതിലുകള്‍ ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയെ പ്രേരിപ്പിച്ചത് മഹാത്മാഗാന്ധിയായിരുന്നു. ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോള്‍ തന്റെ കക്ഷികളായ മുസ്ലീംകളുമായി അടുത്തിടപഴകുകയും അവരുടെ മതഗ്രന്ഥങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചുപഠിക്കുകയും ചെയ്തു. സൗരാഷ്ട്രിയന്‍ മതത്തെപ്പറ്റിയും അദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു. പക്ഷേ, മതങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു യുക്തിവാദിയുടെ മനസ്സായിരുന്നു. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഈശ്വരപ്രാപ്തിയാണെന്നും ഈശ്വരന്‍ എന്നാല്‍ സത്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം. അന്നുമുതല്‍ ആ പരമസത്യം തേടിയുള്ള മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ അന്വേഷണങ്ങളാണ് അദ്ദേഹത്തെ ബാപ്പുജിയാക്കി രൂപാന്തരപ്പെടുത്തിയത്.
സത്യസ്വരൂപനായ ഈശ്വരനെ കïെത്തുന്നതിനുള്ള അനിവാര്യമായ മാര്‍ഗം സ്‌നേഹമാണെന്നും സ്‌നേഹമെന്നാല്‍ അഹിംസയാണെന്നും അദ്ദേഹം ചിന്തിച്ചു കണ്ടെത്തി. എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ടികളാണെന്നും സമസ്തസൃഷ്ടികളോടും മനസാ വാചാ കര്‍മണാ അഹിംസ പുലര്‍ത്തണമെന്നും അദ്ദേഹം പഠിപ്പിച്ചു. പശു കര്‍ഷകരുടെ അഭയമാണെന്നും പശുക്കളോട് പ്രത്യേക മമത കാണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം, പശുവിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലി മരിക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗോവധം നിരോധിക്കാനുള്ള ബില്ല് പാസ്സാക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അതിനെ അനുകൂലിക്കാതിരുന്നത്. ഹിന്ദുസഹോദരര്‍ ആദരവോടെ പരിപാലിക്കുന്ന ഗോക്കളെ വധിക്കാതിരിക്കാന്‍ മറ്റു മതസ്ഥര്‍ സന്മനസ്സു കാണിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. മതപ്രബോധനങ്ങളെക്കാള്‍ മഹത്ത്വം മനുഷ്യനന്മയ്ക്കാണെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു. അഹിംസ അജയ്യമാണ്. യുദ്ധങ്ങള്‍കൊണ്ടു നേടാന്‍ കഴിയാത്തത് അഹിംസകൊണ്ടു നേടാന്‍ സാധിക്കുമെന്ന് അദ്ദേഹം സ്വാതന്ത്ര്യസമരത്തിലൂടെ ലോകത്തിനു തെളിയിച്ചുകൊടുത്തു.
നിര്‍ഭയത്വത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയത് ഭഗവദ്ഗീതയില്‍നിന്നാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഒരു സദസ്സില്‍ ഒരു ലഘുപ്രസംഗം നടത്താന്‍ കഴിവില്ലാതെ സഭാകമ്പംമൂലം നിരുദ്ധകണ്ഠനായി ഇറങ്ങിപ്പോന്ന സംഭവം ഗാന്ധിജി ഓര്‍മിക്കാറുണ്ട്. അതേ ഗാന്ധിജിയാണ് തന്റെ അനര്‍ഗളമായ വാക്‌ധോരണിയിലൂടെ മണിക്കൂറുകളോളം പുരുഷാരങ്ങളെ പിടിച്ചിരുത്തിയത്. ആ പരിണാമത്തിനു പിന്നില്‍ അനിര്‍വചനീയമായ അഭ്യാസങ്ങളുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.
റേയ്ചന്ദ്ബായിയുമായുള്ള സംഭാഷണങ്ങളില്‍നിന്നാണ് ഗാന്ധിജി ആത്മനിയന്ത്രണത്തിലേക്കും ക്രമേണ 1906 ല്‍ ബ്രഹ്‌മചര്യവ്രതത്തിലേക്കും ചുവടുവച്ചത്. സത്യസാക്ഷാത്കാരത്തിനു ബ്രഹ്‌മചര്യം കൂടിയേ തീരൂ. ബ്രഹ്‌മചര്യമെന്നാല്‍ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണമാണ്. കണ്ണിനും കാതിനും നാക്കിനും മൂക്കിനും ത്വക്കിനും നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മാത്രമേ സത്യസാക്ഷാത്കാരം ലഭിക്കുകയുള്ളൂ. ബ്രഹ്‌മചര്യത്തിലൂടെ ആന്തരികശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി. അതുപോലെ,
ഭക്ഷണനിയന്ത്രണവും ബ്രഹ്‌മചര്യപാലനത്തിന് അത്യന്താപേക്ഷിതമാണ്. ''എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍'' എന്ന ആത്മകഥയുടെ മുപ്പതാമത്തെ അധ്യായത്തില്‍ അദ്ദേഹം ശരീരത്തെയും മനസ്സിനെയും വരുതിയില്‍ കൊïുവരുന്നതിന് അവലംബിച്ച മാര്‍ഗങ്ങള്‍ വിവരിക്കുന്നുണ്ട്. അദ്ദേഹവും കുടുംബവും ശുദ്ധസസ്യാഹാരം മാത്രം ശീലിച്ചു. കസ്തൂര്‍ബായ്ക്ക് ഗുരുതരമായ രോഗം ബാധിച്ചപ്പോള്‍ ധാന്യങ്ങളും ഉപ്പും വര്‍ജിച്ച് പഴവര്‍ഗങ്ങള്‍ മാത്രമാണ് ആഹാരമാക്കിയത്. തന്റെ സത്യാന്വേഷണപരീക്ഷണങ്ങളില്‍ ഏറ്റവും കഠിനമായത് ബ്രഹ്‌മചര്യവ്രതമായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ആത്മനിയന്ത്രണങ്ങളുടെ ഒരു സ്വാഭാവികപരിണാമമായിരുന്നു. ലൗകികജീവിതത്തിലെ സകല പ്രലോഭനങ്ങള്‍ക്കുമെതിരേയുള്ള പടച്ചട്ടയാണു ബ്രഹ്‌മചര്യം. തന്റെ 56-ാമത്തെ വയസ്സിലും ബ്രഹ്‌മചര്യം പാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യ
മല്ലെന്നു തോന്നിയിട്ടുള്ളതായി അദ്ദേഹം തന്റെ ആത്മകഥയില്‍ തുറന്നുപറയുന്നുണ്ട്. ബ്രഹ്‌മചര്യവ്രതത്തിനു ബാഹ്യമായ ഒരു സഹായിയാണ് ഉപവാസം. ഇന്ദ്രിയങ്ങളെ നാനാവശത്തുനിന്നും മുകളില്‍നിന്നും താഴെനിന്നും കീഴടക്കുന്നതിന് ഉപവാസം ആവശ്യമാണ്. ഇതിനു മാനസിക ഉപവാസവും കൂടിയേ തീരൂ. എല്ലാറ്റിനുംപുറമേ ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസവും അത്യാവശ്യമാണ്. ഈശ്വരന്‍ സത്യമാണെന്നും സത്യം അന്തരാത്മാവിന്റെ ശബ്ദമാണെന്നും അദ്ദേഹം അനുഭവിച്ചറിഞ്ഞു. സത്യഗ്രഹം എന്ന വാക്ക് അദ്ദേഹത്തിന്റെ സ്വന്തം സംഭാവനയാണ്. സത്യഗ്രഹം എന്നാല്‍ സത്യത്തെ മുറുകെപ്പിടിക്കുക എന്നാണ്.
ശുചിത്വം ദൈവത്തോട് ഏറ്റവുമടുത്തു നിലകൊള്ളുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. ദക്ഷിണാഫ്രിക്കയില്‍ പ്ലേഗ് അനേകരുടെ ജീവന്‍ കവര്‍ന്നപ്പോള്‍ ഗാന്ധിജി പിന്നാക്കജാതിക്കാരുടെ കോളനികളില്‍പ്പോയി ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സ്വന്തം കൈയില്‍ ബക്കറ്റും ചൂലുമേന്തി അദ്ദേഹം അവിടത്തെ കക്കൂസുകള്‍ കഴുകി വൃത്തിയാക്കി.
സ്വന്തം സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ ശരീരവും മനസ്സും സ്ഫുടം ചെയ്‌തെടുത്ത ബാപ്പുജി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍നിന്നു വ്യത്യസ്തനാണ്. ''മഹാത്മാ'' എന്ന പേര് ബാപ്പുജിക്ക് എത്രയോ യോജ്യമാണ്. ലക്ഷോപലക്ഷങ്ങള്‍ക്ക് അദ്ദേഹം ദൈവമാണ്. ജീവിതത്തിന്റെ എല്ലാ മേഖ
ലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചിക്കൂട്ടുകളും നിശാക്ലബുകളും തേടിനടക്കുന്ന പുതിയ തലമുറയ്ക്ക് ഗാന്ധിമാര്‍ഗം പ്രായോഗികമാണോ എന്ന സംശയമുണ്ടായേക്കാം. അതിനുള്ള മറുപടിയാണ് അദ്ദേഹം കാലേകൂട്ടി പറഞ്ഞത്: ''എന്റെ ജീവിതമാണ് എന്റെ സന്ദേശം.'' ആ സൂര്യതേജസ്സ് എരിഞ്ഞടങ്ങിയിട്ട് 75 വര്‍ഷം
തികയുന്ന ഈയവസരത്തില്‍ മഹാനായ ആല്‍ബര്‍ട്ട്
ഐന്‍സ്റ്റീന്‍ പറഞ്ഞ കാര്യം അനുസ്മരിക്കാം: ''രക്തവും മാംസവുമുള്ള ഇത്തരമൊരു മനുഷ്യന്‍ ഈ മണ്ണില്‍ ചവിട്ടി നടന്നിരുന്നുവെന്നു വിശ്വസിക്കാന്‍ വരുംതലമുറ പ്രയാസപ്പെട്ടേക്കാം.''