•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ഒരു കാറ്റുപോലെ

വാതിലിനു കുറുകെയുള്ള സീനയുടെ കൈയിലേക്കും  അവിടെനിന്ന് സീനയുടെ മുഖത്തേക്കും രോഷ്‌നി നോക്കി. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു:
''ഇതെന്താ ചേച്ചീ ഒരു തടസ്സം?''
''നീയെവിടെ പോയതാ?'' സീനയുടെ മുഖത്ത് ചിരിയൊന്നും വന്നില്ല.
''ഞാന്‍ സനുച്ചേട്ടന്റെ വീട്ടില്.'' ഗൗരവം ഒട്ടും കലര്‍ത്താതെയായിരുന്നു മറുപടി.
''അതു മനസ്സിലായി. എന്തിനാ പോയതെന്ന്...''
''അതു ചേച്ചിക്കറിയില്ലേ. ഭക്ഷണം കൊടുക്കാന്‍. ബ്രേക്ക് ഫാസ്റ്റ്.''
''നിനക്കിത് എന്തിന്റെ സൂക്കേടാ?'' സീനയുടെ സ്വരം പെട്ടെന്ന് ഉയര്‍ന്നു
 ''ഒരു ദിവസമോ രണ്ടു ദിവസമോ ആണോ. ഈ പരിപാടി തുടങ്ങീട്ട് നാളെത്രയായി.. ഇവിടെയെന്താ വല്ല ലോട്ടറീം അടിച്ചോ. ഒരൊറ്റ ആള് കൊണ്ടുവരുന്ന കാശുകൊണ്ടു വേണം ഇവിടെയെല്ലാം നടക്കാന്‍. അതിന്റെ എടേലാ നിന്റെ അയല്‍വക്കസ്‌നേഹം.'' സീനയുടെ വാക്കുകള്‍ക്കു മുമ്പില്‍ രോഷ്‌നി തകര്‍ന്നുപോയി. സീന ഒരിക്കലും ഇങ്ങനെ പ്രതികരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല.
''ചേച്ചീ.'' രോഷ്‌നി അമ്പരപ്പോടെ വിളിച്ചു. അവള്‍ വെറുതെ പിറകിലേക്ക് ശിരസ്സു തിരിച്ചുനോക്കുകയും ചെയ്തു. അന്നാമ്മച്ചിയെങ്ങാനും കേട്ടുകാണുമോയെന്ന്. പിന്നെ അവള്‍ ആശ്വസിച്ചു, രണ്ടു വീടുകളും തമ്മില്‍ ഇത്തിരി അകലമുള്ളതിനാലും കേള്‍വിക്കുറവുള്ളതിനാലും അന്നാമ്മച്ചി അത് കേട്ടുകാണില്ല. എങ്കിലും, 'ഒന്നു പതുക്കെ പറയെന്റെ ചേച്ചീ' യെന്ന് അവള്‍ അടക്കം പറഞ്ഞു.
 ''ഇല്ലാത്തതൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്.'' സീന തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
''എന്താ ഇവിടെ?'' രാവിലെ ഡ്രൈവിങ്ങിനു പോകാനുള്ള ഒരുക്കത്തിലായിരുന്ന റോയി ഷര്‍ട്ടിന്റെ കൈ തെറുത്തുകൊണ്ട് അവിടേക്കു വന്നു.
''ഇവള് കാണിച്ചതു കണ്ടില്ലേ.'' സീന റോയിയുടെ അടുക്കലേക്കു ചെന്നു.
''ഇവിടെയുണ്ടാക്കുന്നതു മുഴുവന്‍ അവള്‍ ആ സനുവിന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുവാ.''
 ''ഓ അതാണോ.'' റോയ് അതിനെ അത്ര ഗൗരവത്തിലെടുത്തില്ല.
''സ്മിതച്ചേച്ചി പോയതോണ്ടല്ലേ. സനുസാറിനാണെങ്കില്‍ അടുക്കളപ്പണി വശോമില്ല.''
''അതു ശരി, അപ്പോ ആങ്ങളേം പെങ്ങളുംകൂടി ഒത്തോണ്ടാ? എന്നാപ്പിന്നെ എന്നതാന്നുവച്ചാ ആയിക്കോട്ടെ. നാളെമുതല്‍ നാട്ടുകാര്‍ക്കു മുഴുവന്‍ അന്നദാനം നടത്തിക്കോ.''
സീന ദേഷ്യപ്പെട്ട് പുറംതിരിഞ്ഞു നടന്നുപോയി.
രോഷ്‌നി കരയാന്‍ വിതുമ്പി നില്ക്കുകയായിരുന്നു.
''എന്നതാടീ മോളേ ഇത്.'' റോഷ്‌നിയുടെ തോളത്ത് റോയി കൈവച്ചു. അപ്പോഴേക്കും റോഷ്നിക്ക് കരച്ചില്‍ പൊട്ടി.
''ചേട്ടായീ...'' അവള്‍ അയാളെ കെട്ടിപ്പിടിച്ചു.
''സാരമില്ല.'' അയാള്‍ ശബ്ദം താഴ്ത്തി അവളുടെ ചെവിയില്‍ തുടര്‍ന്നുപറഞ്ഞു:
 ''ഒന്നും പോകരുത്, എല്ലാം ഇങ്ങോട്ടു വേണം. അങ്ങനെയൊരു വിചാരമാ അവളുടേത്. പോട്ടെ. നീ ക്ലാസില്‍ പോകാന്‍ നോക്ക്.''
രോഷ്നി കണ്ണുതുടച്ചുകൊണ്ട് ബാത്ത്റൂമിലേക്ക് പോയി.
ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോഴും പക്ഷേ, അവളുടെ മനസ്സില്‍ സീനയുടെ വാക്കുകളായിരുന്നു. ശരിയാണ്, സ്മിതയുടെ മരണം കഴിഞ്ഞ നാള്‍മുതല്‍ താനാണ് അവിടെ ഭക്ഷണമെത്തിക്കുന്നത്. അത് തന്റെ കടമയായിട്ടാണു തോന്നിയതും. നല്ലൊരു അയല്‍വക്കബന്ധം ഇരുവീട്ടുകാരും തമ്മിലുണ്ടായിരുന്നു. എത്രയോ തവണ തങ്ങള്‍ ആ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചിരിക്കുന്നു. ജോസഫേട്ടനും അന്നാമ്മച്ചിയും പണക്കാരായിരുന്നതുകൊണ്ടായിരുന്നോ അത്. ഒരിക്കലുമല്ല. ഇങ്ങനെ ചിലരുള്ളതുകൊണ്ടാണ് അയല്‍വക്കബന്ധങ്ങള്‍ക്ക് ഇഴയടുപ്പം ഉണ്ടാകുന്നത്. സീനയെപ്പോലെയുള്ളവര്‍ വീടുകളിലേക്കു കയറിവരുമ്പോഴാണ് ചില ബന്ധങ്ങള്‍ തകരുന്നത്. ഉള്ളിലെ സ്വാര്‍ത്ഥത കൊണ്ട് അവര്‍ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവിതങ്ങളിലെയും വെളിച്ചം ഊതിക്കെടുത്തുന്നു. പരദൂഷണം, സ്വാര്‍ത്ഥത, ഇല്ലാക്കഥകള്‍. വിദ്വേഷം. എങ്ങനെയെല്ലാമാണ് ബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത്!
 പെട്ടെന്നാണ് പിറകില്‍നിന്ന് ഒരു ബൈക്ക് രോഷ്നിയുടെ സമീപത്തുവന്നു സ്ലോയായത്. രോഷ്നി ഞെട്ടലോടെ തിരിഞ്ഞുനോക്കി.
സുമന്‍ ആയിരുന്നു അത്. അയാള്‍ അവളെ നോക്കി ചിരിച്ചു. ചിരിച്ചുവെന്നു വരുത്തിക്കൊണ്ട് രോഷ്‌നി മുന്നോട്ടുനടന്നു. അയല്‍വക്കമാണെങ്കിലും ആ കുടുംബത്തോട് അവള്‍ക്ക് അടുപ്പം തോന്നിയിരുന്നില്ല. സ്വാര്‍ത്ഥരായ മനുഷ്യര്‍ എന്നായിരുന്നു അവരെക്കുറിച്ചു പൊതുവേ നാട്ടില്‍ പറയാറുണ്ടായിരുന്നത്. അതുമാത്രമായിരുന്നുവെങ്കില്‍ സാരമില്ലായിരുന്നു. അയല്‍ക്കാരുടെ സ്വത്തുകൂടി കൈയേറാനുള്ള പ്രവണതയും അവര്‍ക്കുണ്ടായിരുന്നു.
''ഇന്നും ക്ലാസ് ഉണ്ടോ?''
സുമന്‍ അവള്‍ക്കൊപ്പം ബൈക്ക് ഉരുട്ടി.
''ഉം.''
 ''ബാങ്ക് കോച്ചിങ്ങിനു നല്ല സ്‌കോപ്പാ. അതു നോക്കാന്‍ മേലായിരുന്നോ?''
കോ- ഓപ്പറേറ്റീവ് ബാങ്കിലെ  ഉദ്യോഗസ്ഥനാണ് സുമന്‍.
''എനിക്കു കണക്കും കാര്യങ്ങളും തീരെ ഇഷ്ടമില്ല.'' രോഷ്‌നി പറഞ്ഞു.
''ഉടനെയെങ്ങാനും പിഎസ്‌സി വിളിച്ചിട്ടുണ്ടോ?''
 ''അറിയില്ല.''
സംസാരം നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ലാത്തതുപോലെ രോഷ്‌നി പറഞ്ഞു.
''ഇതെന്താ രോഷ്നി ഇങ്ങനെ? ഞാനെന്തു ചോദിച്ചാലും രോഷ്‌നീടെ മറുപടി ഇല്ല, ഉണ്ട്, ഇല്ല ഉണ്ട്. ഇതില്‍ക്കൂടുതല്‍ എന്നോടു സംസാരിക്കില്ല എന്ന് വാശിയിലാണോ?''
''വാശിയോ, എന്തിന്?'' രോഷ്‌നി ചോദിച്ചു.
''നിങ്ങളുടെ മറുപടി അതെയെന്നോ അല്ലായെന്നോ ആയിരിക്കട്ടെ എന്നല്ലേ ബൈബിള്‍ പറയുന്നത്?''
 ''ആണോ. എനിക്കത് അത്ര പരിചയമില്ലാത്ത ബുക്കാ.'' സുമന്‍ സമ്മതിച്ചു.
 ''എങ്കില്‍ അങ്ങനെയാണ്. അതുകൊണ്ട് സുമന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം എന്റെ മറുപടി അങ്ങനെയായിരിക്കും.''
''ഇതുമതി ഇതുമതി.'' സുമന്‍ ചിരിച്ചു.
''രോഷ്‌നി ഇത്രയും പറഞ്ഞാല്‍ മതി. എനിക്കു സന്തോഷമായി. നമ്മള്‍ തൊട്ടടുത്ത അയല്‍ക്കാരായിട്ടും രോഷ്‌നി ഇത്രയും എന്നോടു സംസാരിച്ചിട്ടേയില്ല. എനിക്കു സന്തോഷമായി.''
സുമന്‍ ചിരി തുടര്‍ന്നു. അപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയതായി രോഷ്നിക്കു തോന്നിയത്. സുമനോട് യാതൊരുതരത്തിലുള്ള അടുപ്പവും രോഷ്‌നിക്കു തോന്നിയിരുന്നില്ല. എന്നാല്‍, സുമന് തന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് അവള്‍ക്കു വ്യക്തമായ ധാരണയുമുണ്ടായിരുന്നു.  പക്ഷേ, അതൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല സുമനില്‍നിന്നു പരമാവധി ഒഴിഞ്ഞുനില്ക്കാനാണ് അവള്‍ ശ്രമിച്ചിരുന്നതും. അവള്‍ അകന്നുപോകാന്‍ ശ്രമിക്കുമ്പോള്‍ അവളോട് കൂടുതല്‍ ചേര്‍ന്നുനില്ക്കാനാണ് സുമന്‍ ശ്രമിച്ചിരുന്നത്.
''എനിക്കു വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങിയിട്ടുണ്ട്.''
സുമന്‍ അറിയിച്ചു.
''ഉം.'' രോഷ്‌നി വീണ്ടും പഴയതുപോലെയായി.
''ഞാന്‍ റോയിച്ചനോട് നമ്മുടെ കാര്യം പറയട്ടെ.''
നമ്മുടെ കാര്യമോ, എന്തുകാര്യം?
''വിവാഹക്കാര്യം.'' സുമന്‍ പറഞ്ഞു. രോഷ്നി ഞെട്ടിയില്ല. അവള്‍ അങ്ങനെയൊരു പ്രതികരണം അയാളില്‍നിന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
''എനിക്ക് രോഷ്‌നിയെ ഇഷ്ടമാണ്. പണ്ടു സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടുതന്നെ. എന്നെ കല്യാണം കഴിക്കുവാണേല്‍ രോഷ്‌നിക്ക് ഈ നാടും വീടും വിട്ടുപോകേണ്ട കാര്യോം വരുന്നില്ല.  എന്താ രോഷ്നിക്ക് ഇഷ്ടമല്ലേ എന്നെ കല്യാണം കഴിക്കാന്‍?''
 ''ഒരു കാര്യം. രോഷ്‌നി  സുമനു നേരേ  ചൂണ്ടുവിരലുയര്‍ത്തി.
''സുമന്‍ മേലില്‍ എന്നോട് ഇക്കാര്യം സംസാരിക്കരുത്. സുമന്റെ പെരുമാറ്റത്തില്‍നിന്ന് എനിക്കു പലപ്പോഴും ഇങ്ങനെയൊരു സംശയം തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാനൊരിക്കലും സംസാരിച്ചു നീട്ടി അതിനെ പ്രോത്സാഹിപ്പിക്കാതിരുന്നത്.''
''രോഷ്നിക്ക് എന്നെ ഇഷ്ടമില്ലേ?'' സുമന്‍ സംശയിച്ചു. അവഗണിക്കപ്പെട്ടു പോകുന്ന സ്നേഹത്തിന്റെ വേദന അയാളുടെ സ്വരത്തിലുണ്ടായിരുന്നു.
''സുമന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഇഷ്ടം എനിക്കൊരിക്കലും തോന്നിയിട്ടില്ല.''
''രോഷ്നിക്കെന്താ എന്നെ ഇഷ്ടപ്പെട്ടാല്‍.'' സുമന്റെ സ്വരം ഉയര്‍ന്നു.
 ഇപ്പോള്‍ രോഷ്നിയുടെ മുഖത്ത് ചിരി പരന്നു.
അങ്ങനെ  ചോദിക്കുന്നതു തന്നെ ബാലിശമല്ലേ? ഒരാള്‍ക്കു വേറൊരാളോട് ഇഷ്ടം തോന്നുന്നതൊക്കെ ആരെങ്കിലും പറഞ്ഞിട്ടോ ബലം പിടിച്ചിട്ടോ ആണോ? അത് സ്വാഭാവികമായി സംഭവിക്കുന്നതല്ലേ? എന്തായാലും എനിക്കു സുമനോട് ഒരിക്കലും അങ്ങനെയൊരു ഇഷ്ടം തോന്നില്ല.''
''എനിക്കെന്താ ഒരു കുറവ്.. ആരോഗ്യമില്ലേ, സൗന്ദര്യമില്ലേ , സാമ്പത്തികമില്ലേ, ജോലിയില്ലേ. സുമന്‍ ചോദിച്ചു. അയാളുടെ ഗുണഗണങ്ങളെക്കുറിച്ച് താന്‍ എന്തിന് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യണം എന്ന് രോഷ്നിക്കു തോന്നി.  അല്ലെങ്കിലും സൗന്ദര്യമെന്നത് വ്യക്തിപരമല്ലേ? കാണുന്നവന്റെ കണ്ണിലാണല്ലോ സൗന്ദര്യം.
 ''പ്ലീസ്, മേലില്‍ ഇക്കാര്യം സംസാരിച്ചുകൊണ്ട് എന്റെ പുറകേ വരരുത്.''
 രോഷ്നി  അങ്ങനെ പറഞ്ഞിട്ട് മുന്നോട്ടുനടന്നു.
പെട്ടെന്ന് പിറകില്‍നിന്ന് സുമന്‍ വിളിച്ചുപറഞ്ഞു:
''എനിക്കറിയാമെടീ, നിന്റെ മനസ്സില്‍ മറ്റവനാണെന്ന്.'' മുറിവേറ്റവന്റെ സ്വരമായിരുന്നു അത്. അതില്‍ പകയും വെറുപ്പും വിദ്വേഷവും ഉണ്ടായിരുന്നു.
മുന്നോട്ടുപോയ രോഷ്‌നിയുടെ കാലുകള്‍ നിശ്ചലമായി. അവള്‍ വലതുചുമലിലൂടെ ശിരസ്സുതിരിച്ചു ചോദ്യഭാവത്തില്‍  അയാളെ നോക്കി.
 ''ആ തൈക്കിളവന്‍. പണ്ടുമുതലേ അവനുമായി നീ ലോഹ്യത്തിലല്ലായിരുന്നോടീ. ഇപ്പോ കെട്ട്യോളുംകൂടി ഇല്ലാത്തപ്പോ രണ്ടുപേര്‍ക്കും  കൂടുതല്‍ സൗകര്യമായി. ഞാനിതൊക്കെ എത്ര നാളായി കാണാന്‍ തുടങ്ങീട്ട്. ഒരു സനുച്ചേട്ടന്‍. ത്ഫൂ...''
 സുമന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി അവളെ പകയോടെ നോക്കി കടന്നുപോയി.  മാലിന്യം ദേഹത്തേക്ക് അപ്രതീക്ഷിതമായി തെറിച്ച ഭാവത്തില്‍ വഴിയരികില്‍ രോഷ്‌നി ഒറ്റയ്ക്കു നിന്നു.
 ഈ സമയം സനല്‍ ക്ലാസെടുക്കാനായി പ്രവേശിക്കുകയായിരുന്നു.
''ഗുഡ് മോണിങ് സര്‍.'' കുട്ടികള്‍ ഒന്നടങ്കം എണീറ്റ് അയാളെ അഭിവാദ്യം ചെയ്തു.
''ഗുഡ് മോണിങ്'' അയാള്‍ പ്രത്യഭിവാദ്യം ചെയ്തു. കുട്ടികളെ നോക്കി നിന്നപ്പോള്‍ സനലിനു വല്ലാത്തൊരു തളര്‍ച്ച അനുഭവപ്പെട്ടു. തന്നെ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന കുട്ടികള്‍. എന്താണ് അവരോടു സംസാരിക്കേണ്ടത്? എന്താണ് താന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്? സനലിന് ഒന്നും ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞില്ല. തലയ്ക്കുള്ളില്‍ ഒരു ശൂന്യത വന്നുനിറയുന്നതുപോലെ. എന്നിട്ടും അയാള്‍ ടെക്സ്റ്റ് കൈയിലെടുത്തു. ഏതോ ഒരു പാഠഭാഗം നിവര്‍ത്തി. പക്ഷേ, ഒരു അക്ഷരവും അയാള്‍ക്കു മുമ്പില്‍ തെളിഞ്ഞുവന്നില്ല. സനല്‍ നിസ്സഹായനായി പാഠപുസ്തകം മടക്കി. പിന്നെ യുദ്ധക്കളത്തില്‍ പോരാടാന്‍ കരുത്തില്ലാതെ പിന്മാറുന്ന ഒരു ഭടനെപ്പോലെ അയാള്‍ ക്ലാസിനു പുറത്തേക്കു നടന്നു.  സനലിന്റെ ക്ലാസ് നിരീക്ഷിക്കാന്‍ വരാന്തയില്‍ നില്ക്കുകയായിരുന്ന ഫാ. സെബാസ്റ്റ്യന്‍ അതു കണ്ടു.
 ഈ മനുഷ്യന്റെ ഉള്ളിലെ സങ്കടത്തിന് എങ്ങനെയാണെന്റെ കര്‍ത്താവേ, അവസാനമുണ്ടാവുകയെന്ന് അച്ചന്‍ ഉള്ളില്‍ നെടുവീര്‍പ്പിട്ടു.  

 

Login log record inserted successfully!