•  23 Sep 2021
  •  ദീപം 54
  •  നാളം 25
വചനനാളം

സ്വര്‍ഗരാജ്യം സമീപത്താണ്

  • സെപ്റ്റംബര്‍ 19  ഏലിയ സ്ലീവാ മൂശ  നാലാം ഞായര്‍
  • നിയ 8:11-20  ഏശ 33:13-24
  • ഫിലി 2:1-11  മത്താ 4:12-17

ക്രിസ്ത്യാനികളുടെ കുരിശുകേന്ദ്രീകൃതമായ വിശ്വാസജീവിതയാത്രയിലെ വിസ്മരിക്കപ്പെടാനാവാത്ത ചില വസ്തുതകളിലേക്കുള്ള അടിയന്തരക്ഷണം ഈ കാലത്തിന്റെ സവിശേഷതയാണ്. വിശ്വാസികളുടെ അസ്തിത്വത്തെയും അതിജീവനത്തെയും സംബന്ധിക്കുന്ന അടിസ്ഥാനബോധ്യങ്ങളുടെ വിസ്മൃതി വിനാശകരമാണെന്ന വിലയിരുത്തല്‍ വിചിന്തനത്തിനായുള്ള വചനഭാഗങ്ങളില്‍ ആദ്യന്തമുണ്ട്.
ഒന്നാം വായനയിലെ ചിന്തകള്‍ കര്‍ത്താവു കാണിച്ച കരുണയെയും അവിടുന്നരുളിയ കണക്കറ്റ കൃപകളെയും കൈവിരലുകളിലെണ്ണി കൃതജ്ഞതാപൂര്‍വം കഴിയാനുള്ള നമ്മുടെ കടമയെപ്പറ്റിയുള്ളതാണ്. സമൃദ്ധി സമ്മാനിക്കുന്നവനും പൈദാഹങ്ങളകറ്റി പരിപാലിക്കുന്നവനുമായ സര്‍വശക്തനെ സദാ സ്മരിക്കാന്‍ നമുക്കു സാധിക്കണം. ദൈവകല്പനകളുടെ ലംഘനം ദൈവവിസ്മൃതിയിലേക്കു നമ്മെ വലിച്ചിഴയ്ക്കും. വിശ്വാസജീവിതത്തില്‍ വിസ്മൃതി മൃതിക്കു സമമാണെന്ന സത്യം നാം മറക്കരുത്. നമ്മെ നിരന്തരം നിനവില്‍ സൂക്ഷിക്കുന്ന പരാശക്തിയെ പരിത്യജിച്ചുകൊണ്ടുള്ള പ്രയാണം പരാജയങ്ങളുടെയും പരിദേവനങ്ങളുടെയും പടുകുഴിയിലാകും നമ്മെ പതിപ്പിക്കുക. ആകയാല്‍, ദൈവവിചാരത്തിന്റെ വിളക്ക് നമ്മുടെ വ്യക്തി, വിശ്വാസ, കുടുംബജീവിതങ്ങളില്‍ കെടാതെ കാക്കാന്‍ നാം അത്യധികം ശ്രദ്ധിക്കണം.
രണ്ടാം വായനയിലെ ചിന്തകള്‍ കര്‍ത്താവു പ്രതാപത്തോടെ വസിക്കുകയും വാഴുകയും ചെയ്യുന്ന സെഹിയോനു തുല്യമാക്കി നമ്മുടെ ജീവിതങ്ങളെ മാറ്റാന്‍ പ്രചോദിപ്പിക്കുന്നവയാണ്. കര്‍ത്താവിന്റെ സഹവാസവും അവിടുത്തെ വാഴ്ചയുടെ വിശിഷ്ടഫലങ്ങളും ആസ്വദിക്കാന്‍ സകലവിധ അകൃത്യങ്ങളില്‍നിന്നും നാം അകന്നുനില്ക്കണം. സത്യം, സാഹോദര്യം, നീതി, നിഷ്‌കളങ്കത, ആത്മാര്‍ത്ഥത ആദിയായ അനശ്വരമൂല്യങ്ങളെ മുറുകെപ്പിടിക്കണം.
 അപ്പോള്‍, ഭൂമിയിലെ നമ്മുടെ ആയുഷ്‌കാലം ഉന്നതമായ ഉത്സവങ്ങളുടെയും സ്വര്‍ഗീയമായ സന്തോഷങ്ങളുടെയും ദിനങ്ങള്‍കൊണ്ടു നിറയും. സീയോന്‍പുരി അന്വേഷിച്ചു പിന്നോട്ടു പോകേണ്ടതില്ല. മുന്നിലുള്ള നാളുകളില്‍ സ്വന്തം ജീവിതകൂടാരത്തെ ദൈവഗൃഹമാക്കി മാറ്റുക. പെരുങ്കാറ്റില്‍ പറന്നുപോകാതെ കര്‍ത്താവ് അതിനെ കാത്തുകൊള്ളും. ഓര്‍ക്കണം, കൂടെയുണ്ടാകേണ്ടവനെ ഇനിയും കൂടെക്കൂട്ടിയില്ലെങ്കില്‍ നമ്മുടെ കൂടാരങ്ങള്‍ക്ക് എന്തു പ്രസക്തി?
മൂന്നാം വായനയിലെ ചിന്തകള്‍ സ്വയം ശൂന്യവത്കരണത്തിന്റെ പരകോടി പ്രദര്‍ശിപ്പിച്ച യേശുവിനെ പൊതിഞ്ഞുനില്ക്കുന്നു. എല്ലാവര്‍ക്കും എല്ലാമായതിന്റെ ഒടുക്കം ഒന്നുമില്ലാത്തവനായി കുരിശുമരത്തിന്റെ ശിഖരങ്ങളില്‍ത്തൂങ്ങി അവന്‍ കിടന്നു. സ്വാര്‍ത്ഥത്തെ സമാധിചെയ്യലാണ് ശരിക്കുള്ള ശൂന്യമാക്കല്‍. സ്വന്തമായതൊക്കെയും വെടിഞ്ഞ് അന്യരുടെ അവസ്ഥകളെയും ആവശ്യങ്ങളെയും സ്വന്തമാക്കുന്ന മഹത്തായ മനോഭാവമാണത്. നാളിന്നോളം നസ്രായനു മാത്രമേ അതു നൂറു ശതമാനം പ്രസംഗിക്കാനും പ്രായാഗികമാക്കാനും സാധിച്ചിട്ടുള്ളൂ. കാരണം, അധഃപതിച്ചവര്‍ക്കും അപരാധികള്‍ക്കുമൊക്കെ അതിഥിക്കടുത്ത ആദരവും അംഗീകാരവും അവന്‍ കൊടുത്തു. ഈ ക്രിസ്തുഭാവം ക്രിസ്തുശിഷ്യര്‍ക്കും ഉണ്ടാകണം. മറ്റുള്ളവരുടെ മേന്മയ്ക്കായി ചില ഒന്നുമില്ലായ്മകളെയും ഇഷ്ടപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടെങ്കില്‍ സ്ലീവാപ്പാതയിലൂടെയാണു നമ്മുടെ സഞ്ചാരമെന്ന കാര്യത്തില്‍ സംശയം വേണ്ടാ.
സുവിശേഷത്തിലെ ചിന്തകള്‍ നമ്മുടെ കര്‍ത്താവിന്റെ ദൗത്യത്തുടക്കത്തെക്കുറിച്ചുള്ളവയാണ്. നസറത്തു വിട്ട് വിജാതീയരുടെ നാട്ടില്‍ ചെന്നു പാര്‍ക്കുകയും അവിടെനിന്ന് സുവിശേഷപ്രഘോഷണം സമാരംഭിക്കുകയും ചെയ്യുന്ന ക്രിസ്തു വര്‍ഗഭേദങ്ങളുടെ വരമ്പുകളോ വകതിരിവുകളോ ഇല്ലാത്ത വയലായ, സകലര്‍ക്കും സമീപസ്ഥമായ സ്വര്‍ഗരാജ്യത്തിന്റെ സ്വരൂപമാണ്. വലിപ്പവ്യത്യാസമോ വര്‍ണാന്തരമോ നോക്കാതെ സര്‍വതിനെയും വാരിക്കൂട്ടുന്ന കടലിലെറിയപ്പെട്ട കണ്ണിവലയാണവന്‍. തമസ്സിലും മരണത്തിന്റെ താഴ്‌വരയിലും കഴിഞ്ഞിരുന്നവര്‍ക്കായി ഉന്നതത്തില്‍നിന്നു വീശിയ ഉദയരശ്മി. വിജാതീയരിലേക്കുപോലും വ്യാപിച്ച വിമോചനത്തിന്റെ വെട്ടം. വാഴ്‌വിലേക്കു താഴ്ന്നിറങ്ങിയ സ്വര്‍ഗദേശം. അവന്റെ സാമീപ്യം ദൈവരാജ്യത്തിന്റെ സ്പര്‍ശനാനുഭവം ഏവര്‍ക്കുമരുളി. നമ്മുടെ ജീവിതത്തില്‍, നസ്രായന്‍ നാളിന്നുവരെ നടന്നെത്തിയിട്ടില്ലാത്ത 'വിജാതീയ ഇടങ്ങളെ' നാം വിവേചിച്ചറിഞ്ഞിട്ടുണ്ടോ? കര്‍ത്താവിനെ ഇനിയും കടത്തിവിടാന്‍ നാം മടിക്കുന്ന ചില 'കഫര്‍ണാമുക'ളെ കണ്ടെത്തിയിട്ടുണ്ടോ?  ദൈവരാജ്യം അന്വേഷിച്ചലയേണ്ട. അകലെ എവിടെയോയുള്ള അജ്ഞാതമായ ഒരു അദ്ഭുതദ്വീപല്ല; മറിച്ച്, തികച്ചും വ്യക്തിപരമായ ഒരു അവസ്ഥയും  അനുഭവവുമാണ് ക്രിസ്തുവിലായിരിക്കുന്ന അവസ്ഥയും, ക്രിസ്തു കൂടെയുള്ള  അനുഭവവും. വയലേലകളെപ്പോലെ തുറവുള്ള ഹൃദയങ്ങള്‍ക്ക് അതു സ്വന്തമാക്കാന്‍ കഴിയും. മാനസാന്തരത്തിന്റെ 'സൂചിക്കുഴ'യിലൂടെ മാത്രമേ മനുഷ്യന് അത്തരമൊരു വിശാലതയിലേക്കു കടക്കാനൊക്കൂ. ക്രിസ്തു കുത്തിക്കൊള്ളുന്ന ഒരു മുള്ളാകണം. പാപസുഖമുള്ള ചില ഇരിപ്പിടങ്ങളില്‍നിന്നു ചാടിയെഴുന്നേല്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന 'മാര്‍ദവമുള്ള മുള്ള്.'
ദിവ്യമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിയോഗം ഓരോ ക്രിസ്ത്യാനിയിലും നിക്ഷിപ്തമാണ്. കര്‍ത്താവിന്റെ ജോര്‍ദാനിലെ ജ്ഞാനസ്‌നാനംപോലെ നമ്മുടെ മാമ്മോദീസയും ഒരു ദൗത്യയാത്രയുടെ ആരംഭമായിരുന്നു. നമ്മുടെ സാക്ഷ്യജീവിതംവഴി സ്വര്‍ഗരാജ്യത്തിന്റെ സാമീപ്യം ചുറ്റുമുള്ളവര്‍ക്കും അനുഭവവേദ്യമാക്കി മാറ്റാനുള്ള കടമയാണത്. വളര്‍ന്നുവന്ന നാളുകളിലും പിന്നിട്ട പാതകളിലുമൊക്കെ ഈയൊരു ഓര്‍മ ഒപ്പമുണ്ടായിരുന്നോ? ഓര്‍ക്കണം, വൃഥാ കഴിയാനും വ്യര്‍ഥമായി കൈകാര്യം ചെയ്യാനുമുള്ളതല്ല ക്രിസ്തുശിഷ്യത്വം. മറിച്ച്, അതാവശ്യപ്പെടുന്ന അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും കഠിനപരിശ്രമവുമൊക്കെ ഉള്‍ക്കൊണ്ട്, ക്രിസ്തുവിന്റെ പാദമുദ്രകളിലൂടെ ചരിക്കാനുള്ള വിളിയാണ്. വന്നുപോയ വിസ്മൃതികള്‍ക്കും പിണഞ്ഞുപോയ പാളിച്ചകള്‍ക്കും പൊറുതിയിരന്നുകൊണ്ട്, ലക്ഷ്യബോധത്തോടും ദൃഢവിശ്വാസത്തോടുംകൂടി ചുവടുകള്‍ മുന്നോട്ടുവയ്ക്കാം. താനിരുന്ന 'മരത്തണലി'ലേക്കു പരന്നുവന്ന ക്രിസ്തു എന്ന രക്ഷയുടെ രജതശോഭയിലേക്കു ചുവടുവയ്ക്കാന്‍ ചങ്കൂറ്റം കാണിച്ച  ചുങ്കക്കാരന്‍ മത്തായി ശ്ലീഹാ നമുക്കു പ്രചോദനമാകണം. താന്‍ സ്വന്തമാക്കിയ സ്വര്‍ഗനാടിന്റെ സുവാര്‍ത്ത വിദൂരസ്ഥര്‍ക്കും സമീപസ്ഥമാക്കാനായി  അയാള്‍ അന്നോളം കുടിശ്ശികകള്‍ കൂട്ടിയെഴുതിയിരുന്ന  തന്റെ വെറും തൂലികയെ കടങ്ങള്‍ എഴുതിത്തള്ളുന്ന കര്‍ത്താവിന്റെ കനിവെഴുന്ന കര്‍മങ്ങളെയും കഥനങ്ങളെയും മറക്കാതെ കുറിക്കാനുള്ള വിശ്വാസതൂലികയാക്കി. മത്തായിയുടെ ശിഷ്യത്വവഴിയിലെ  കൃത്യതയും വ്യക്തതയും നമുക്കും സ്വായത്തമാക്കാം. അനുദിനജീവിതത്തില്‍ നമ്മുടെ  സമീപത്തുള്ള സ്വര്‍ഗരാജ്യത്തെ തിരിച്ചറിയാനും സ്വാംശീകരിക്കാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.