- വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെയും നുണക്കഥകളുടെയും സംഘടിത അജണ്ടകളുടെയും പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടന്ന മലബാര്‍ കലാപത്തെയും അതില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയാന്‍ ദേശീയബോധമുള്ള ഒരാള്‍ക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നതു മഹത്തായ ആ ചരിത്രത്തോടു കാണിക്കുന്ന വഞ്ചനയാണ്.
ദേശീയവാദികള്‍ മലബാര്‍ കലാപമെന്നും ബ്രിട്ടീഷുകാര്‍ മാപ്പിള ലഹളയെന്നും വിളിച്ച 1921 ലെ ചരിത്രസംഭവം നൂറു വര്‍ഷം പിന്നിടുകയാണ്. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 387 പേരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തില്‍നിന്നു നീക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നതോടെ കലാപത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കനക്കുകയാണ്. രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്ത് ചരിത്രത്തെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ചരിത്രത്തില്‍ സംഭവിച്ച തെറ്റു തിരുത്താനുള്ള ശ്രമമാണെന്നു മറുവിഭാഗം വാദിക്കുന്നു. മലബാര്‍ കലാപം ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗം സമര്‍ത്ഥിക്കുമ്പോള്‍ അങ്ങനെയല്ലായെന്നു മറുവിഭാഗം വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു മലബാര്‍ കലാപം?
1921 ലെ മലബാര്‍ കലാപത്തെക്കു
റിച്ചു നിരവധി ചരിത്രപഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആധികാരികമായ ചരിത്രരേഖകളുടെ അഭാവത്തില്‍ അവയൊക്കെ അപൂര്‍ണങ്ങളാണെന്നു പറയേണ്ടിവരും. അതുകൊണ്ട് ഇരുപക്ഷവും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് കലാപത്തിലെ സംഭവങ്ങളെ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നതും. കലാപത്തെക്കുറിച്ച് ലഭ്യമായവയില്‍ ഏറെയും അക്കാലത്തെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഔദ്യോഗികരേഖകളാണ്. അവയൊക്കെ ഏകപക്ഷീയമാണുതാനും. സര്‍ മാല്‍ക്കം വോയ്ലി രേഖപ്പെടുത്തിയിരിക്കുന്നത് 2339 ആളുകള്‍ കലാപത്തില്‍ വെടിയേറ്റു മരിച്ചുവെന്നാണ്. 11562 ആളുകള്‍ക്കു പരുക്കേല്‍ക്കുകയും 39348 ആളുകള്‍ തടവിലാക്കപ്പെടുകയും 24167 ആളുകള്‍ ശിക്ഷിക്കപ്പെടുകയും 12177 ആളുകള്‍ ആന്‍ഡമാനിലേക്കു നാടുകടത്തപ്പെടു
കയും 308 ആളുകളെ തൂക്കിലേറ്റുകയും 38 ആളുകളെ വധശിക്ഷ വിധിച്ചു വെടിവച്ചു കൊല്ലുകയും ചെയ്തതായി ഔദ്യോഗിക ബ്രിട്ടീഷ് രേഖകളിലുണ്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന്റെ എത്രയോ ഇരട്ടിയാണ് ഉണ്ടായ നഷ്ടങ്ങള്‍!
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഇരുനൂറ്റിയിരുപതോളം ഗ്രാമങ്ങളില്‍
കാട്ടുതീപോലെ പടര്‍ന്നുപിടിച്ച കലാപം വെറും വര്‍ഗീയകലാപം മാത്രമായിരുന്നുവെന്നു പറഞ്ഞൊഴിയുന്നത് ഒരിക്കലും സാമാന്യയുക്തിക്കു ചേരുന്നതല്ല. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയകലാപങ്ങള്‍ക്കും എരിതീയില്‍ എണ്ണയൊഴിച്ചുകൊടുത്തുകൊണ്ടു പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷു
കാര്‍ മലബാര്‍ കലാപത്തെ എത്ര ക്രൂരമായാണ് അടിച്ചമര്‍ത്തിയതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളില്‍ത്തന്നെയുള്ള നരവേട്ടകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറനാടന്‍ - വള്ളുവനാടന്‍ താലൂക്കുകളില്‍നിന്ന് ഏകദേശം ഒരു വര്‍ഷത്തോളം നിഷ്‌കാസനം ചെയ്ത് സ്വതന്ത്രസമാന്തരഭരണം പ്രഖ്യാപിച്ച മലബാര്‍ കലാപത്തെ വെറും വര്‍ഗീയകലാപമായും ഹിന്ദു - മുസ്ലീം ലഹള മാത്രമായും ചിത്രീകരിക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ ആദ്യകാലംമുതല്‍തന്നെ ഉണ്ടായിരുന്നു. അതിനു മുന്നില്‍നിന്നതു മുഴുവന്‍ ബ്രിട്ടീഷ് പക്ഷവാദികളായിരുന്നു. കലാപകാലത്ത് ചില പ്രദേശങ്ങളിലെങ്കിലും ഉണ്ടായ ആസൂത്രിതമായ വര്‍ഗീയചേരിതിരിവുകളെയും വേട്ടയാടലുകളെയും അതിക്രമങ്ങളെയും മറയാക്കി കലാപത്തെയാകെ വര്‍ഗീയവത്കരിക്കാനുള്ള ഗൂഢശ്രമം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ആദ്യം മുതല്‍തന്നെ നടത്തിയിരുന്നു. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ ഇന്ത്യയില്‍ ഏതെങ്കിലും ഒരു പ്രദേശത്തുനിന്നു ബ്രിട്ടീഷുകാരെ തത്കാലത്തേക്കെങ്കിലും പുറത്താക്കി അവിടെ സ്വാതന്ത്ര്യവും സമാന്തരഭരണവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് മലബാര്‍ കലാപകാലത്തു മാത്രമാണ്.
ഈ ചരിത്രമാണ് ബ്രിട്ടീഷുകാരെ എന്നും അലോസരപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാരോടു ചേര്‍ന്നു സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെയൊക്കെ എന്നും അസ്വസ്ഥതപ്പെടുത്തുന്നതും ഈ ചരിത്രമാണ്.
മലബാര്‍ കലാപത്തെ വര്‍ഗീയകലാപമായി മുദ്രകുത്തി ചരിത്രത്തെ വളച്ചൊടിക്കാന്‍ നേതൃത്വം നല്‍കിയ മലബാറിലെ പോലീസ് സൂപ്രണ്ടായി
രുന്ന ബ്രിട്ടീഷുകാരനായ റോബര്‍ട്ട്
ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയത്, ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടില്‍ കുഞ്ഞഹമ്മദു ഹാജിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടമാണ് എന്നാണ്. ഹിച്ച്‌കോക്ക് തുടരുന്നു: മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം ചെലവഴിച്ച പണവും സമയവും കണക്കെടുത്താല്‍ മാത്രം മതി ഈ ലഹളക്കാരന്‍ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ (റോബര്‍ട്ട് ഹിച്ച്‌കോക്ക്. മലബാര്‍ കലാപത്തിന്റെ ചരിത്രം എന്ന പുസ്തകത്തില്‍നിന്ന്). 1921 ഓഗസ്റ്റ് 20 ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയില്‍ വച്ച് കലാപകാരികളോടു തോറ്റോടിയപ്പോള്‍ ലïന്‍ ടൈംസ് എഴുതിയത്, 'മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു' എന്നായിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന മലബാര്‍ കലാപത്തില്‍ ഒറ്റുകാരെയും
രാജ്യദ്രോഹികളെയും ബ്രിട്ടീഷുകാരുടെ സില്‍ബന്ധികളെയും മതം നോക്കാ
തെതന്നെ കലാപകാരികള്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തിയതു കാണാം. ഇതിന് മതം ഒരിക്കലും തടസ്സമായിരുന്നില്ല. ബ്രിട്ടീഷ് അനുകൂലികളായിരുന്ന പൂക്കോട്ടൂര്‍ കോവിലകം ആക്രമിച്ച കലാപകാരികള്‍ സ്വത്തുക്കള്‍ കവര്‍ന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാര്‍ക്കു വീതിച്ചുനല്‍കി.
മറ്റൊരു ബ്രിട്ടീഷ് അനുകൂലിയായിരുന്ന മണ്ണാടന്‍ മൊയ്തീന്‍ കുട്ടിയുടെ ഭവനം ആക്രമിച്ച കലാപകാരികള്‍ ഭക്ഷ്യവിഭവങ്ങള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങള്‍മാരെ ആക്രമിച്ചതാണു മറ്റൊരു പ്രധാന സംഭവം. ബ്രിട്ടീഷ് പക്ഷക്കാരായ ഒറ്റുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരേ നടന്ന ആക്രമണങ്ങളില്‍ ശ്രദ്ധേയമാണ് ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിന്റെ വധം. ബ്രിട്ടീഷ് അനുകൂലിയായ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് മഞ്ചേരിപ്പട്ടണത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണു കലാപകാരികള്‍ ചെയ്തത്.
മലബാര്‍ കലാപത്തെക്കുറിച്ച് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകള്‍, കെ. മാധവന്‍നായര്‍ എഴുതിയ മലബാര്‍ കലാപം എന്നീ പുസ്തകങ്ങളില്‍ കലാപത്തിന്റെ പൊതുസ്വഭാവം എന്തായിരുന്നുവെന്നതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേലാറ്റൂരിലെ നായര്‍ജന്മിമാര്‍ ഖിലാഫത്ത് പ്രവര്‍ത്തകരോട് അനുഭാവം പുലര്‍ത്തിയവരായിരുന്നു. ബ്രിട്ടീഷ് അനുകൂലികള്‍ ഖിലാഫത്ത് വേഷത്തില്‍ അവരെ ആക്രമിക്കാനിടയുണ്ടെന്ന ഭീതിയില്‍ മേലാറ്റൂരില്‍ ശക്തമായ പാറാവ് ഏര്‍പ്പെടുത്താന്‍ കലാപകാരികളുടെ നേതാവായിരുന്ന കുഞ്ഞഹമ്മദ് ഹാജി നിര്‍ദേശിച്ചിരുന്നതായി ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് ഖിലാഫത്ത് സ്മരണകളില്‍ പറയുന്നു. ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളിലൂടെ സാമ്രാജ്യത്വവിരുദ്ധനീക്കത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ച ബ്രിട്ടീഷ് ആശ്രിതരായ ജന്മിമാരെ ശിക്ഷിച്ചുകൊണ്ടാണ് ഹാജി അത്തരം നീക്കങ്ങളെ തകര്‍ത്തതെന്നും ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നു. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതില്‍നിന്നു സംരക്ഷിച്ചതും, പുല്ലൂര്‍ നമ്പൂതിരിയുടെ ബാങ്ക് കൊള്ളചെയ്ത കൊള്ളക്കാരെക്കൊണ്ട് അതു തിരിച്ചുകൊടുപ്പിച്ചതും നമ്പൂതിരിക്കു നഷ്ടപരിഹാരമായി ഖജാനയില്‍നിന്നു പണം നല്‍കിയതും ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ പുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട് .
മതസ്പര്‍ദ്ധയിലൂടെ വിപ്ലവം വഴിതിരിച്ചുവിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി നിലമ്പൂര്‍ കോവിലകത്തിനു കലാപകാരികള്‍ കാവല്‍നിന്ന ചരിത്രം കെ മാധവന്‍ നായര്‍ മലബാര്‍ കലാപത്തില്‍ വിവരിക്കുന്നുണ്ട്. വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവര്‍ പണവും ഭൂമിയും ഭക്ഷണവും നല്‍കി കലാപകാരികളെ സഹായിച്ചതായും മാപ്പിളമാരോടൊപ്പം കീഴാളരും അഞ്ഞൂറോളം ഹിന്ദുക്കളും കലാപകാരികളുടെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായും ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. 'ഒറ്റുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാര്‍ വകവരുത്തിയിട്ടുണ്ട്. അവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. അതേസമയം, ഹിന്ദുവീടുകള്‍ക്ക് മുസ്ലീങ്ങള്‍ കാവല്‍നിന്നിരുന്നു. ഖിലാഫത്തുകാര്‍ ഹിന്ദുസ്ത്രീകളെ മഞ്ചലില്‍ എടുത്ത് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്ത സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട് എന്നാണ് 'കഴിഞ്ഞ കാലം' എന്ന തന്റെ ആത്മകഥയില്‍ കെ.പി. കേശവേമനോന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ആര്‍.എച്ച്. ഹിച്ച്‌കോക്ക് 1924 ല്‍ പ്രസിദ്ധീകരിച്ച 'എ ഹിസ്റ്ററി ഓഫ് മലബാര്‍ റിബല്യന്‍' (മലബാര്‍ കലാപത്തിന്റെ ചരിത്രം) എന്ന പുസ്തകത്തിലൂടെയാണ് മലബാര്‍ കലാപത്തെ വര്‍ഗീയവത്കരിക്കാനുള്ള ആദ്യശ്രമങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ അവമതിക്കാനും തങ്ങളുടെ ക്രൂരതകളെ വെള്ളപൂശാനും നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍.എച്ച്. ഹിച്ച്‌കോക്കിന്റെ പുസ്തകം പുറത്തുവരുന്നത്. മലയാളരാജ്യം എന്നു പേരിട്ടുവിളിച്ച കലാപകാരികളുടെ സമാന്തരരാജ്യത്തെയും ഭരണകൂടത്തെയും വര്‍ഗീയമായി ആദ്യം ചിത്രീകരിക്കുന്നതും ആര്‍.എച്ച്. ഹിച്ച്‌കോക്കാണ്. തങ്ങളുടെ ക്രൂരതകള്‍ മറച്ചുവയ്ക്കാനും മലബാര്‍ കലാപത്തെ ഇകഴ്ത്താനുമുള്ള ബ്രിട്ടീഷ് കുതന്ത്രമാണ് എ ഹിസ്റ്ററി ഓഫ് മലബാര്‍ റിബല്യന്‍ എന്ന പുസ്തകം. മലബാര്‍ കലാപം തെറ്റിദ്ധരിക്കപ്പെടുന്നതില്‍ ഈ പുസ്തകം വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വളരെ ക്രൂരമായാണ് ബ്രിട്ടീഷുകാര്‍ മലബാര്‍ കലാപത്തെ അടിച്ചമര്‍ത്തിയത്. കലാപത്തെ നേരിടാന്‍ മാത്രമായി ഹിന്ദുക്കളായ പടയാളികളെ ഉള്‍പ്പെടുത്തി മലബാര്‍ സ്‌പെഷ്യല്‍ ആംഡ് ഫോഴ്സ് ഉണ്ടാക്കിയത് കലാപത്തെ വര്‍ഗീയമായി ഉപയോഗിക്കാനും ചിത്രീകരിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ തന്ത്രത്തിന് ഉദാഹരണമാണ്. മലബാറിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് കലാപത്തെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. ആലി മുസലിയാരെ പ്പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ നേതാക്കളെ വെടിവച്ചുകൊന്നു. 1921 നവംബര്‍ 17 നു നടന്ന വാഗണ്‍ ട്രാജഡി മാത്രം മതി കലാപകാരികളോടുള്ള ബ്രിട്ടീഷുകാരുടെ സമീപനം മനസ്സിലാക്കാന്‍. പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ധീര ദേശാഭിമാനിയായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ 'മാപ്പിള ലഹള' എന്ന് ബ്രിട്ടീഷുകാര്‍ പേരുവിളിച്ച് അധിക്ഷേപിച്ച സ്വാതന്ത്ര്യസമരമുന്നേറ്റത്തെ ആദ്യമായി മലബാര്‍ കലാപം എന്ന പേരു നല്‍കി പ്രകീര്‍ത്തിച്ചത്. ചരിത്രകാരന്‍മാരായ കെ.കെ.എന്‍. കുറുപ്പ്, കെ.എന്‍. പണിക്കര്‍ തുടങ്ങിയവരൊക്കെ സ്വീകരിച്ചിരിക്കുന്ന നിലപാടും ഇതുതന്നെയാണ്. മലബാറില്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയവരായ കെ. മാധവമേനോന്‍, കെ.പി. കേശവമേനോന്‍, ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്, കെ. കേളപ്പന്‍, ഏകെജി, ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുടെയെല്ലാം പൊതുനിലപാടും മലബാര്‍ കലാപം ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്നാണ്.
കേന്ദ്രീകൃതസ്വഭാവവും കൃത്യമായ നിര്‍ദേശങ്ങളും ലക്ഷ്യങ്ങളുമില്ലാതെ മുന്നേറിയ കലാപത്തില്‍ പ്രാദേശികമായി ചിലയിടങ്ങളിലെങ്കിലും മതപരമായ വിദ്വേഷത്തിലേക്കും ആക്രമണത്തിലേക്കും സമരം വഴിമാറിയിട്ടുണ്ട് എന്ന വസ്തുത പൂര്‍ണമായും നിരാകരിച്ചുകൊണ്ടല്ല മലബാര്‍ കലാപത്തെ ഇവിടെ ന്യായീകരിക്കുന്നത്. മലബാറിലെ അക്രമങ്ങളെക്കുറിച്ച് ആനി ബസന്റ് നല്‍കിയ റിപ്പോര്‍ട്ട് ഗാന്ധിയെ വ്രണിതഹൃദയനാക്കിയെങ്കിലും ആ റിപ്പോര്‍ട്ട് അദ്ദേഹം പൂര്‍ണമായും അംഗീകരിച്ചില്ല. കാരണം, ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച നുണകള്‍ മറ്റ് ആരേക്കാളും അദ്ദേഹം മനസ്സിലാക്കിയിരുന്നു. മലബാറിലെ ദേശീയവാദികള്‍ അന്നു സ്വീകരിച്ച പൊതുനിലപാടും കലാപത്തിലെ അക്രമങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇതിനെ സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായി അംഗീകരിക്കുക എന്നതായിരുന്നു. ഈ നിലപാടുകളുടെ തുടര്‍ച്ചയായാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനികളായും അംഗീകരിച്ചത്.
മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ടു തികയുമ്പോള്‍ കലാപത്തിനിടയിലുണ്ടായ ചില അപഭ്രംശങ്ങളുടെ പേരില്‍ കലാപത്തെയാകെ തള്ളിക്കളയുന്നതു ശരിയല്ല. മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിസ്സഹകരണസമരത്തിന്റെ ഭാഗമായിരുന്നു ഖിലാഫത്ത് സമരവും മലബാര്‍ കലാപവുമെല്ലാം. വൈദേശികഭരണത്തിനെതിരേ നടന്ന പോരാട്ടങ്ങള്‍ എന്ന നിലയില്‍ ഇവയെല്ലാം സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗംതന്നെയാണ്. സാമ്രാജ്യത്വവിരുദ്ധസമരമായി ആരംഭിച്ച മലബാര്‍ കലാപത്തിന്റെ ഒരു ഭാഗം ജന്മിത്വവിരുദ്ധകലാപമായും മറ്റൊരു ഭാഗം ചില പ്രദേശങ്ങളിലെങ്കിലും വര്‍ഗീയകലാപമായും മാറിയിട്ടുണ്ടെന്നതു വസ്തുതയാണ്. എങ്കില്‍പ്പോലും കലാപത്തിന്റെ പൊതുസ്വഭാവമായ സാമ്രാജ്യത്വവിരുദ്ധതയെ തള്ളിക്കളയാന്‍ ചരിത്രകാരന്മാര്‍ക്കു കഴിയില്ല. മലബാര്‍ കലാപത്തെ നിഷ്പക്ഷമായും സത്യസന്ധമായും വിലയിരുത്താന്‍ ശ്രമിച്ച ദേശീയവാദികളും പില്‍ക്കാല ചരിത്രകാരന്മാരും എത്തിനില്‍ക്കുന്നത് ഈ നിഗമനങ്ങളിലാണ്. മലബാര്‍ കലാപത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും ചരിത്രപണ്ഡിതനുമായ ഡോ. എം.ജി.എസ്. നാരായണനും നടത്തിയിട്ടുള്ളത് ഇതേ നിരീക്ഷണമാണ്. വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെയും നുണക്കഥകളുടെയും സംഘടിത അജണ്ടകളുടെയും പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടന്ന മലബാര്‍ കലാപത്തെയും അതില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയാന്‍ ദേശീയബോധമുള്ള ഒരാള്‍ക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നതു മഹത്തായ ആ ചരിത്രത്തോടു കാണിക്കുന്ന വഞ്ചനയാണ്.