•  25 Apr 2024
  •  ദീപം 57
  •  നാളം 7
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ഞങ്ങള്‍ക്കു വേണ്ടതെല്ലാം സ്വര്‍ഗത്തിലുള്ള അപ്പന്‍ തരും

  • തലകൊണ്ടു ജീവിക്കുന്ന പുരുഷനും ഹൃദയംകൊണ്ടു ജീവിക്കുന്ന സ്ത്രീയും ഒരുമിച്ചൊരുക്കുന്ന ചില ആരാമവസന്തങ്ങള്‍ കണ്ണുകള്‍ക്കു കുളിരും കാതുകള്‍ക്കു തേന്‍മഴയുമാണ്. അങ്ങനെയുള്ള ചില കുടുംബങ്ങളെ കേട്ടെഴുതുകയാണ് ഈ പംക്തിയില്‍.

''ക്രിസ്തു അണിയത്തുണ്ടെങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ വഞ്ചി ഉലയുകതന്നെ ചെയ്യും. പക്ഷേ, തകരാതെ അവിടുന്നു കാക്കും. ഇളയ കുട്ടിക്കു പനിയായി ആശുപത്രിയിലായിരുന്ന സമയത്ത് അഞ്ചാംക്ലാസുകാരിയായ മരിയ എല്ലാക്കാര്യങ്ങളിലും വല്യമ്മച്ചിയെ സഹായിച്ചു.'' ഇതു പറയുമ്പോള്‍ നിഷയുടെ സ്വരത്തിന് അഭിമാനത്തിന്റെ തെളിച്ചമുണ്ടായിരുന്നു; വാത്സല്യത്തിന്റെ തൊങ്ങലും! ''മുതിര്‍ന്ന കുട്ടികള്‍, രണ്ടുപേരും അള്‍ത്താരശുശ്രൂഷകരായിരുന്നു. ഇളയ കുഞ്ഞുങ്ങളുടെ കാര്യങ്ങളൊക്കെ അവര്‍ നോക്കിക്കൊള്ളും. ഭക്ഷണം കൊടുക്കാനും സ്‌കൂളില്‍ പോകുമ്പോള്‍ ഒരുക്കാനും എല്ലാം അവരെപ്പോഴും എനിക്കു സഹായമാണ്.'' പറയുന്തോറും പുഴപോലെ ഒഴുകി അഴകേറുകയാണ് നിഷയുടെ വാക്കുകള്‍ക്ക്. അല്ലെങ്കില്‍ത്തന്നെ മക്കളെപ്പറ്റിപ്പറയുമ്പോള്‍ ഏതമ്മയുടെ നാവാണ് തോരുക, അതും അഞ്ചു മക്കളുള്ള ഒരു കുഞ്ചിയമ്മയാവുമ്പോള്‍.
''എന്റെ അമ്മയുടെ വീട്ടില്‍ അവര്‍ പതിനൊന്നു മക്കളായിരുന്നു. അതുകൊണ്ടായിരിക്കാം, എനിക്ക് നേരത്തേമുതല്‍ കുട്ടികളെ ഒത്തിരി ഇഷ്ടമാണ്.'' കോശി പറഞ്ഞു. കോശിയുടെ ആഗ്രഹങ്ങള്‍ നിഷയുടേതുകൂടിയായപ്പോള്‍ പാലാ ഐങ്കൊമ്പ് പാലത്തിങ്കല്‍ചാലില്‍ കോശിയുടെയും നിഷയുടെയും പ്രണയവല്ലരിയില്‍ വിരിഞ്ഞത് അഞ്ചു പൂക്കള്‍. പ്ലസ്ടൂ വിദ്യാര്‍ത്ഥി ജോസഫ്, പത്താം ക്ലാസുകാരന്‍ ജേക്കബ്, അഞ്ചാം ക്ലാസുകാരി മാഗ്‌ലൈന്‍, രണ്ടാം ക്ലാസുകാരി മരിയ, ഒന്നരവയസ്സുകാരന്‍ ജെറോം.
പാലാ പിഴക് നിര്‍മല പബ്ലിക് സ്‌കൂളിലെ അധ്യാപിക ഇത്ര എളുപ്പത്തില്‍ എങ്ങനെ വളര്‍ത്തിയെടുത്തു ഈ അഞ്ചുകുട്ടികളെ എന്നു വിചാരിക്കും മുമ്പ് നിഷ പറഞ്ഞു: ''കുട്ടികള്‍ക്കൊക്കെ മൂന്നുമാസം തികഞ്ഞപ്പോഴേ ഞാന്‍ ജോലിക്കു പോയിത്തുടങ്ങി. കോശിയുടെ അമ്മച്ചി സെലിനും അപ്പച്ചന്‍ പി.ഒ. ജോസഫും എപ്പോഴും കുഞ്ഞുങ്ങള്‍ക്കു കരുതലായി കൂടെയുണ്ടായിരുന്നു. കുട്ടികളുടെ എണ്ണം കൂടിയപ്പോഴും അമ്മച്ചി ഒരു പരാതിയും പറഞ്ഞില്ല, സന്തോഷത്തോടെ എല്ലാവരെയും വളര്‍ത്തി.'' പത്തു സഹോദരങ്ങളുടെ ഇടയില്‍ അടിച്ചു കളിച്ചു വളര്‍ന്ന സെലീനാമ്മയോടാണോ കളി അല്ലേ? അല്ലെങ്കിലും പതറാതെ സഹിക്കാനുള്ള കൃപ എല്ലാവര്‍ക്കും ലഭിക്കാറില്ലല്ലോ. ''ഇന്ന് ഈ അഞ്ചുമക്കള്‍ ഇത്രമേല്‍ സ്‌നേഹം പകരുമ്പോള്‍ അപ്പച്ചനും അമ്മച്ചിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഞാന്‍ നന്ദി പറയേണ്ടത്?'' നിഷ ചോദിക്കുന്നു.  മാതാപിതാക്കളുടെ വന്‍മരത്തണലുകളില്‍ ജീവിതത്തിന്റെ ഊടും പാവും നെയ്‌തെടുക്കുന്നവര്‍ക്ക്, എല്ലാം അനുഗ്രഹമായി മാറുകയാണ്.
കുട്ടികള്‍ പരാതി പറയാറുണ്ടോ കുറവുകളെപ്പറ്റി, ഇല്ലായ്മകളെപ്പറ്റി, അവകാശങ്ങളെപ്പറ്റി?  
''ഒരിക്കലുമില്ല. രണ്ടു കുട്ടികള്‍ മാത്രമായിരുന്നെവെങ്കില്‍, എന്തൊക്കെ അവര്‍ക്കു കിട്ടിയിരിക്കുമോ, അതൊക്കെ ഇപ്പോഴും അവര്‍ക്കു കിട്ടുന്നുണ്ട്.'' ചോദ്യത്തിനുള്ള നിഷയുടെ ഉത്തരം പെട്ടെന്നായിരുന്നു. ''എല്ലാക്കാര്യങ്ങളും മുകളിലുള്ളവന്‍ ക്രമീകരിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണമേറുമ്പോള്‍, കൂടുതല്‍ കരുതാന്‍ അവന്‍ മറക്കുന്നില്ല. അതുകൊണ്ടുതന്നെ സമ്പത്തിന്റെ അളവുകോലുകള്‍ ഞങ്ങളെ ആകുലരാക്കുന്നതേയില്ല.'' കുടുംബനാഥന്റെ വാക്കുകള്‍ക്ക് ആത്മീയതയുടെ നിറവും ഉറപ്പും. മഴയത്തും വെയിലത്തും ബസ് കാത്തുനില്‍ക്കുമ്പോള്‍, ടൂവീലറില്‍ യാത്ര ചെയ്യുമ്പോള്‍, നമ്മളെന്താ ഒരു കാറ് വാങ്ങാത്തത് എന്നു മക്കള്‍ ചോദിക്കും. അപ്പോള്‍ കോശി പറയും: ''എന്നോടു പറഞ്ഞിട്ടെന്തു കാര്യം? സ്വര്‍ഗത്തിലുള്ള അപ്പനോടു പറയൂ. നിങ്ങള്‍ക്കു വേണ്ടതാണെങ്കില്‍ അവിടുന്നു തരും. ഇല്ലെങ്കില്‍ നമുക്കതാവശ്യമില്ലെന്നു കരുതണം. ചില കുറവുകളും എളിമകളും തന്നില്ലെങ്കില്‍ നമ്മള്‍ ചീത്തയായിപ്പോയാലോ?'' കോശി ചിരിക്കുകയാണ്.
കോശിച്ചേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലേക്കു വന്നത് കബീറിന്റെ വരികളാണ്; ''പ്രഭോ, എനിക്കിത്ര മതി. കുടുംബവും ഞാനും, പശിയടക്കാന്‍; പിന്നെ, ഭിക്ഷ യാചിക്കുന്നോന് കൊടുത്തിടാനും.
ഈ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ കൈയില്‍ ബസ് മാത്രമല്ല, കുടുംബവും ഭദ്രമാണ്.  അല്ലെങ്കില്‍ത്തന്നെ, ഇടത്തോട്ടു തിരിയുമ്പോഴും വലത്തോട്ടു തിരിയുമ്പോഴും ഇതാ, നിന്റെ വഴി എന്നു മന്ത്രിക്കാന്‍ ക്രിസ്തു കൂടെയുണ്ടെങ്കില്‍ പേടിയെന്തിന്?

 

Login log record inserted successfully!