''അമ്മൂ...നീ ഇതെവിടെയാ...''
''ഞാനിവിടെയുണ്ടമ്മേ...''
മുറ്റത്തെ മൂവാണ്ടന്‍മാവിന്റെ ചുവട്ടില്‍ ഏട്ടന്മാരോടൊപ്പം കണ്ണന്‍ചിരട്ടയില്‍ മണ്ണ് നനച്ചു കുഴച്ച് മണ്ണപ്പം ചുട്ടെടുക്കുന്ന തിരക്കിലായിരുന്നു അമ്മുക്കുട്ടി...
''എന്താ..മ്മേ...വിളിച്ചത്.''
അവള്‍ വീണ്ടും ചോദിച്ചു.
''ഒന്നൂല്യ... അമ്മൂട്ട്യേ.... ഞാന്‍ ഉണ്ണിമോളെ ഉറക്കാന്‍ പോവാ... ദൂരെ എവിടെയും പോകരുത്... കേട്ടോ... ഏട്ടന്മാരോടൊപ്പം ഇവിടെത്തന്നെ ഉണ്ടാവണം...''
''ശരി... അമ്മേ...''
അവള്‍ തലകുലുക്കി സമ്മതിച്ചു.
ചെറിയ മോളെ എടുത്തുകൊണ്ട് സുനന്ദ അകത്തേക്കു നടന്നു.
കട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടക്കുമ്പോള്‍... ചിന്തകള്‍ ഓര്‍മയുടെ പുസ്തകത്താളിലേക്ക് ഊളിയിടുകയായിരുന്നു.
കമ്പോണ്ടര്‍ രാഘവന്‍ നാട്ടുപ്രമാണിയും, പേരുകേട്ട തറവാട്ടിലെ അംഗവുമായിരുന്നു. ആ വലിയ വീട്ടിലെ ജോലിക്കാരിയായിരുന്നു അച്ഛനും അമ്മയും ഇല്ലാത്ത സുനന്ദ.
തൊട്ടടുത്ത ക്ഷേത്രത്തിലെ ദേഹണ്ണപ്പുരയിലെ പാചകക്കാരനായ ബാലന് അവളെ വലിയ കാര്യമായിരുന്നു. അയാള്‍ക്കും പറയത്തക്ക ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന അമ്മകൂടി മരിച്ചപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം.
നിയന്ത്രിക്കാന്‍ ആരുമില്ലാതായതോടെ മദ്യപാനത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന ബാലനെ, സുനന്ദ സ്‌നേഹവാക്കുകളിലൂടെ... നേര്‍വഴിയിലേക്കുകൊണ്ടു വന്നപ്പോള്‍ അതു സുനന്ദയുടെയും ബാലന്റെയും ജീവിതത്തിലെ പ്രണയവസന്തകാലമാവുകയായിരുന്നു.
നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു ബാലന്‍.
എല്ലാവരുടെയും സമ്മതത്തോടെ തൃക്കണ്ടിയൂരമ്പലത്തില്‍വച്ച് സുനന്ദയെ ബാലന്‍ താലിചാര്‍ത്തി കൂടെക്കൂട്ടിയപ്പോള്‍ രണ്ട് അനാഥജന്മങ്ങള്‍ സനാഥമാവുകയായിരുന്നു.
ആ പ്രണയവല്ലരിയില്‍ വിരിഞ്ഞത് നാലു മക്കള്‍.
രണ്ടാണും രണ്ടു പെണ്ണും.
രണ്ടാണ്‍മക്കള്‍ക്കുശേഷം തന്റെ സ്വപ്നസാഫല്യംപോലെ കൈകളിലെത്തിയ പെണ്‍കുഞ്ഞിനെ ബാലന്‍ താഴത്തും തലയിലും വയ്ക്കാതെയായിരുന്നു കൊണ്ടുനടന്നിരുന്നത്.
അമ്മു എന്ന പേരും ചൊല്ലി വിളിച്ചു.
തൃക്കണ്ടിയൂരപ്പന്റെ മുന്നിലെ പ്രാര്‍ത്ഥനയ്ക്ക് ഭഗവാന്‍ തന്ന വരപ്രസാദമാണ് അമ്മുമോളെന്ന് ബാലന്‍ എപ്പോഴും പറയുമായിരുന്നു.
സുനന്ദ നാലാമതും ഗര്‍ഭിണിയായപ്പോള്‍ ചിലരെങ്കിലും ബാലനെ കളിയാക്കിയിരുന്നു.
''ഭഗവാന്‍ തരുന്നത് രണ്ടുകൈയും നീട്ടി വാങ്ങുന്നു... അത്രയേ... ഉള്ളൂ...''
ചെറുചിരിയോടെ ബാലന്റെ മറുപടി ഇങ്ങനെയായിരുന്നു.
സന്തോഷം അലതല്ലിയ കുടുംബജീവിതം കരിനിഴലണിഞ്ഞത് പെട്ടെന്നായിരുന്നു.
ക്യാന്‍സര്‍ എന്ന കൊലയാളി ബാലനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. ജീവിതമെന്ന കളിക്കളത്തിലെ വില്ലനായ വിധി പറക്കമുറ്റാത്ത നാലു മക്കളെയും സുനന്ദയെയും തനിച്ചാക്കി ബാലനെയുംകൊണ്ട് മരണത്തിന്റെ ചിറകിലേറി കടന്നുകളഞ്ഞു.
ജീവിതം വഴിമുട്ടി പിഞ്ചു മക്കളെയുംകൊണ്ട് പകച്ചുനിന്നുപോയി സുനന്ദ.
ബാലേട്ടനില്ലാത്ത മൂന്നാമത്തെ ഓണം. അവളൊന്നു നെടുവീര്‍പ്പിട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷവും പുത്തനുടുപ്പുകളും സദ്യവട്ടങ്ങളും ഒന്നുമില്ലാതെ കടന്നുപോയി... സദ്യയൊരുക്കിയില്ലെങ്കിലും നാളെ ഇത്തിരി ചോറെ ങ്കിലും കൊടുക്കാന്‍... ഒരു മണി അരിയില്ല... ഉണ്ടായിരുന്നത് വേവിച്ചു കഞ്ഞിയാക്കി മക്കള്‍ക്കു കൊടുത്തു. അതുതന്നെ തന്റെ തൃപ്തി എന്ന് അവള്‍ ആശ്വസിച്ചു.
''എന്റെ... തൃക്കണ്ടിയൂരപ്പാ... എന്തേലും ഒരു വഴി കാണിക്കണേ....''
കണ്ണുകള്‍ ഇറുക്കിയടച്ച് സുനന്ദ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
''ടീ...സുനന്ദേ...''
ആരോ വിളിക്കുന്നതുകേട്ട് സുനന്ദ ഉമ്മറത്തേക്കു വന്നു.
പാടവരമ്പത്തുകൂടി പിടഞ്ഞ്...പിടഞ്ഞ്.. നടന്നുവരുന്നു... കല്ലുവേടത്തിയാണ്.
''എന്താ കല്ലുവേട്ത്തീ?''
സുനന്ദ ചോദിച്ചു.
''നിന്നോട്... കക്കുഴിയത്തെ സരോജിനിറ്റീച്ചര്‍ ഒന്ന് അത്രേടംവരെ ചെല്ലാന്‍ പറഞ്ഞു...'' കല്ലുവേടത്തി കിതപ്പടക്കി.
''ഓണല്ലേ... വല്ലോം... തരാനാവും.
വൈകണ്ട... ഇപ്പത്തന്നെ പൊയ്‌ക്കോ...''
നേരം ഉണ്ടായിട്ടല്ല... എന്നോട് പറഞ്ഞപ്പോള്‍, ഇതൊന്ന് ഇവിടെ വന്നു പറയാന്‍വേണ്ടി ഓടി വന്നതാ...
ഇനിയും രണ്ടു വീട്ടിലെ പണി കഴിയാനുണ്ട്... ഞാന്‍ പോവാ...ടീ...''
അതും പറഞ്ഞ് കല്ലുവേട്ത്തി തിരിഞ്ഞുനടന്നു.
തനിക്കിപ്പോള്‍ ആകെ ഒരു ആശ്രയം കല്ലുവേട്ത്തിയാണ്.
ഉത്രാടപ്പാച്ചില്‍ ശരിക്കും പായണത് മൂപ്പത്തിയാരാണ്.
വിറകുപുര കെട്ടാനുള്ള ഓല മെടഞ്ഞു കൊടുത്തതിന്റെ കൂലി അമ്പതുരൂപ തരാനുണ്ട്. അത് തരാനായിരിക്കും...
ഒന്നുപോയി വരാം... അരിയെങ്കിലും വാങ്ങാന്‍ കഴിഞ്ഞാലോ...
അല്ലെങ്കില്‍ തിരുവോണത്തിന് പട്ടിണിക്കിടേണ്ടി വരും ഈ പൈതങ്ങളെ...
'അമ്മൂ... അമ്മ ഇപ്പോ വരാട്ടോ... റ്റീച്ചറമ്മയുടെ വീടുവരെ ഒന്നുപോവാ... ട്ടോ...''
''ഉണ്ണിമോള്‍ ഉറങ്ങിക്കിടക്കുകയാണ്... ഒന്നു ശ്രദ്ധിക്കണേ...''
''ശരി...അമ്മേ...''
സുനന്ദ വേഗം റ്റീച്ചറുടെ വീട്ടിലേക്കു നടന്നു ചെറിയ ഒരു പ്രതീക്ഷയോടെ...
ബാലേട്ടന്റെ മരണശേഷം മക്കളെ നോക്കി വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെടുമ്പോഴും റ്റീച്ചറെപ്പോലുള്ളവരുടെ കരുതലും, സ്‌നേഹവും ഉള്ളതുകൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്.
റ്റീച്ചറിന് തന്നെയും മക്കളെയും വലിയ കാര്യമാണ്.
ഓരോന്നാലോചിച്ച് റ്റീച്ചറുടെ വീട് എത്തിയതറിഞ്ഞില്ല.
''റ്റീച്ചറേ...'' വരാന്‍ പറഞ്ഞൂന്ന് കല്ലുവമ്മ വന്നു പറഞ്ഞു.''
''നീ... ഇങ്ങു കേറിവാ... സുനന്ദേ...''
ആ... വിളിക്ക്, സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്തുപിടിക്കലിന്റെ ഗന്ധമുണ്ടായിരുന്നു.
''ഓണമല്ലേ മോളെ... ഇത് നിനക്കും, കുട്ടികള്‍ക്കും വേണ്ടി വാങ്ങിയതാ...''
ഒരു കവര്‍ അവള്‍ക്കു നേരേ നീട്ടിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു.
പിന്നെ കുറച്ച് അരിയും പച്ചക്കറിയും സാധനങ്ങളും. ആ കയ്യിങ്ങോട്ട് കാണിച്ചേ.. ഇതും കൂടി വച്ചോളൂ... കണക്കൊന്നും നോക്കീട്ടല്ലാ... ട്ടോ... കൊണ്ടുപോയിട്ട് കുട്ടികള്‍ക്ക് നല്ലൊരു ഓണസദ്യ ഉണ്ടാക്കിക്കൊടുക്ക്...''
സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി...
മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലാതെ ചുണ്ടുകള്‍ വിറകൊണ്ടു.
''അയ്യേ... എന്താ ഇത് കരയാ...
ഒന്നും... സാരല്യ കുട്ട്യേ...
വിധിച്ചതെന്താന്നു വെച്ചാല്‍ അനുഭവിക്കാതെ പറ്റുമോ....
നീ ചെല്ല്... കുട്ടികള്‍ അവിടെ തനിച്ചല്ലേ ഉള്ളൂ...''
അറിയാതെ കുമ്പിട്ട് സുനന്ദ ആ കാല്‍ക്കല്‍ തൊട്ടു നമസ്‌കരിച്ചു.
അവളെ പിടിച്ചെഴുന്നേല്പിച്ചു മാറോടുചേര്‍ത്തു റ്റീച്ചര്‍ സമാധാനിപ്പിച്ചു.
''പോയിട്ട് വാ മോളെ...''
കയ്യില്‍ നിറയെ സാധനങ്ങളുമായി വീടിന്റെ പടികയറുമ്പോള്‍...
മക്കളെല്ലാം ഓടിയണഞ്ഞു.
ഓണക്കോടി അവരുടെ കൈകളിലേക്കുവച്ചു കൊടുത്തപ്പോള്‍ അവരുടെ സന്തോഷം കണ്ട് സുനന്ദയുടെ കണ്ണുനിറഞ്ഞു.
അവരുടെ മുഖത്ത് മുറ്റത്തെ പൂക്കളത്തിലെപ്പോലെ വര്‍ണ വിസ്മയം തെളിഞ്ഞുകണ്ടു.
ആ സമയം അറിയാതെ നോട്ടം ചെന്നു പതിച്ചത് ഉമ്മറഭിത്തിയിലെ ബാലേട്ടന്റെ ഫോട്ടോയിലായിരുന്നു. തന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചപോലെ തോന്നി.
നാളെ നല്ല ഒരു സദ്യ ഉണ്ടാക്കി മക്കള്‍ക്കു കൊടുക്കണം... ട്ടോ...
ഒപ്പം ഒരു നാക്കിലയില്‍ എനിക്കും വിളമ്പണം...
നിങ്ങളുടെകൂടെ ആ ഓണസദ്യ കഴിക്കാന്‍ ഞാനും ഉണ്ടാവും...
ബാലേട്ടന്‍ അങ്ങനെയല്ലേ... പറയുന്നത്?
ആ മുഖത്തുനിന്ന് അങ്ങനെ വായിച്ചെടുക്കാന്‍ തോന്നി...
കൈകൂപ്പി തൃക്കണ്ടിയൂരപ്പനെ മനസ്സില്‍ ധ്യാനിച്ചപ്പോള്‍...
തൃക്കണ്ടിയൂരപ്പന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവത്തിന്...
സരോജിനിറ്റീച്ചറുടെ മുഖച്ഛായയുള്ളപ്പോലെ...!