മന്നിതിലേറ്റം വലുതു വിത്തം
എന്നുള്ള ചിന്തയില്‍ വാണിടുന്നോര്‍
ഒന്നിനും കൊള്ളാതെയുള്ള മര്‍ത്യന്‍
ഇന്നിവിടേറിടുന്നെന്തു കഷ്ടം!
മെയ്യനങ്ങീടാതെ സ്വത്തുകൂട്ടാന്‍
പായുന്നനേകര്‍ മാര്‍ഗങ്ങള്‍ തേടി
ചെയ്യും കുതന്ത്രം മറ്റുള്ളവന്റെ
കൈയിലെ സമ്പത്തു സ്വന്തമാക്കാന്‍.
പെണ്ണുകെട്ടുന്നു പണത്തില്‍ മാത്രം
കണ്ണുവച്ചെത്രയോ പാഴ്ജന്മങ്ങള്‍
എണ്ണിപ്പറഞ്ഞങ്ങു വാങ്ങിടുന്നു
സ്വര്‍ണവും കാറും പണവുമെല്ലാം.
പൊന്നുപോല്‍ നോക്കുമര്‍ദ്ധാംഗിനിയെ
എന്ന വിശ്വാസത്തിലെത്തിടുമ്പോള്‍
പിന്നെയും പിന്നെയും കാശിനായി-
ട്ടെന്നും വഴക്കടിക്കുന്നു ദുഷ്ടര്‍.
കല്യാണം കാശിനായുള്ള മാര്‍ഗം
അല്ലെന്നുറച്ച വിശ്വാസമുള്ളോര്‍
നല്ലപാതിക്കൊപ്പം മാതൃകയാ-
യല്ലലില്ലാതെ കഴിഞ്ഞിടുന്നു.