കൊടിയ ദുരിതത്തിലുള്ള സാധാരണക്കാരന്റെമേല്‍ തുള്ളിതുള്ളിയായി കേന്ദ്രസര്‍ക്കാര്‍ ദുരിതം സമ്മാനിക്കുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ കഴിഞ്ഞ ജൂണ്‍ ഏഴിനുശേഷം 22 തവണയാണു കൂട്ടിയത്. അതും അന്താരാഷ്ട്രവിപണിയില്‍ എണ്ണവില താരതമ്യേന വളരെ കുറഞ്ഞുനില്‍ക്കുമ്പോള്‍. കോവിഡും ലോക്ഡൗണുംമൂലം കഷ്ടതയനുഭവിക്കുന്നവരുടെ മേലാണ് ഇടിത്തീപോലെ ഇന്ധനവിലകൂട്ടലിന്റെ ഭാരവും അടിച്ചേല്പിക്കുന്നത്.
കേരളത്തില്‍ ബസ് ചാര്‍ജ് കൂട്ടിക്കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഇതു പ്രതികൂലമായി ബാധിക്കുക. അരിയും ധാന്യങ്ങളും തുടങ്ങിയ അവശ്യസാധനങ്ങള്‍ മുതല്‍ പാലും മുട്ടയും മത്സ്യമാംസാദികളും പച്ചക്കറികളും പഴങ്ങളുംവരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില കൂടുന്നു. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ഒഴിവാക്കാനാവാത്ത ഒട്ടേറെ ചെലവുകളും ദിനംപ്രതി ഉയരുകയാണ്. റബര്‍ അടക്കമുള്ള കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കു പിന്നാലെ നീണ്ടുനിന്ന ലോക്ഡൗണും സാധാരണക്കാരുടെ ജീവിതം പൊറുതിമുട്ടിക്കുന്നതിനു പുറമേയാണ് ഇന്ധനവിലയിലെ കൊടുംക്രൂരത.
പ്രയാസം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കേണ്ട സര്‍ക്കാര്‍ പക്ഷേ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന ഒരുതരം സാഡിസ്റ്റ് മനോഭാവത്തിലാണ്. വൈദ്യുതിബില്ലുകള്‍കൊണ്ട് കേരളസര്‍ക്കാര്‍ ഷോക്കടിപ്പിക്കുന്നതിന്റെകൂടെയുള്ള ഇന്ധനവിലകൂട്ടല്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജൂണ്‍ ഏഴു മുതല്‍ 22 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 8.28 രൂപയും ഡീസലിന് 10.34 രൂപയുമാണു കൂട്ടിയത്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ശരാശരി വില ഇതോടെ 80 രൂപയ്ക്കു മുകളിലായി.
ക്രൂഡ് ഓയില്‍
വിലയിലെ കുറവ്
അന്താരാഷ്ട്രവിപണിയിലെ അസംസ്‌കൃത എണ്ണവില മുന്‍കാലങ്ങളിലേക്കാള്‍ കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പനവില കൂട്ടുന്നത്. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഏപ്രില്‍ 28ന് ബാരലിന് 16.19 ഡോളറായി കുറഞ്ഞു. ഏപ്രിലില്‍ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 19.9 ഡോളറായിരുന്നു. മേയ് മാസത്തില്‍ ഇത് ശരാശരി 30.60 ഡോളറായിരുന്നു. ജൂണ്‍ 25ന് വില ബാരലിന് 40.66 ഡോളറായിരുന്നു വില. അപ്പോഴും അസംസ്‌കൃതഎണ്ണവില മുന്‍വര്‍ഷങ്ങളിലേക്കാള്‍ വളരെയേറെ താഴെയാണ്.
നികുതി കൂട്ടി തുടരുന്ന കൊള്ള
പക്ഷേ, ഇക്കാലയളവില്‍ രണ്ടു തവണയായി കേന്ദ്രം പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്‌സൈസ് തീരുവ കൂട്ടിയത്. ഇതിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ നേടിയത്. സംസ്ഥാനസര്‍ക്കാരുകളുടെ നികുതി പുറമേയും. അടിസ്ഥാനപരമായി, ഉപഭോക്താവിന് ആനുകൂല്യങ്ങള്‍ കൈമാറാതെ കേന്ദ്രസര്‍ക്കാര്‍ വിലക്കുറവിന്റെ ഗുണഫലം മുഴുവന്‍ കവര്‍ന്നെടുത്തു.
ഇതിനിടെ 2017 ഒക്ടോബറില്‍ രണ്ടു രൂപയും 2018 ല്‍ ഒന്നര രൂപയും നികുതി കുറച്ചെങ്കിലും 2019 ജൂലൈയില്‍ വീണ്ടും രണ്ടു രൂപയും 2020 മാര്‍ച്ചില്‍ മൂന്നു രൂപയും കൂട്ടി. തുടര്‍ന്നുള്ള മാര്‍ച്ചില്‍ ലിറ്ററിന് മൂന്നു രൂപ കൂട്ടി. ഫലത്തില്‍ നികുതി വീണ്ടും ഉയര്‍ത്തി. ഡോളര്‍ കണക്കില്‍ നോക്കിയാലും നിലവില്‍ എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 32.98 ഡോളറും ഡീസലിന് 31.83 ഡോളറുമാണ്.
ആനുകൂല്യം കൈമാറാതെ പിഴിച്ചില്‍
നരേന്ദ്രമോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തി അധികം വൈകാതെ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും തീരുവ കൂട്ടിയിരുന്നു. 2016 ജൂലൈ വരെയുള്ള 15 മാസത്തിനിടെ പെട്രോള്‍ ലിറ്ററിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് നികുതിയിനത്തില്‍ മാത്രം കൂട്ടിയത്. ഇതിലൂടെ അന്നുമുതല്‍ നികുതിവരുമാനത്തില്‍ വലിയ കൊള്ളലാഭമാണ് സര്‍ക്കാര്‍ നേടിയത്.
2014-15 ല്‍ എക്‌സൈസ് വരുമാനം 99,000 കോടിയായിരുന്നത് 2016-17 ല്‍ 2,42,000 കോടി രൂപയായാണു കുത്തനെ ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ പലതവണ നികുതി കൂട്ടിയതാണു പ്രധാന കാരണം. 2013-14 ല്‍ ഇന്ധനനികുതിയിലൂടെ നേടിയ പണം 46,386 കോടി രൂപയായിരുന്നു. ഇത് 2017-18 ഓടെ 2,23,922 കോടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ സ്വരൂപിച്ച മൊത്തനികുതിവരുമാനം മൊത്തആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 9.98 ശതമാനത്തില്‍നിന്ന് 2017-18ല്‍ 11.22 ശതമാനമായി ഉയര്‍ന്നു.
അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഇന്ധനനികുതി പതിവായി വര്‍ധിപ്പിച്ചു. ഈ സമവാക്യം കണെ്ടത്തിയശേഷം, സാമ്പത്തികപ്രവര്‍ത്തനവും എണ്ണവിലയും തകര്‍ക്കാന്‍ ഇതു വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി. സാധാരണ ജനങ്ങളെ സര്‍ക്കാര്‍തന്നെ കൊള്ളയടിച്ചു പണം സമ്പാദിക്കുന്നു.
പിടിപ്പുകേടും തെറ്റായ നയങ്ങളും
സര്‍ക്കാരിന്റെ തെറ്റായ നടപടികളുടെയും പിടിപ്പുകേടിന്റെയും ഫലമായുണ്ടായ തകര്‍ച്ചയാണ് ഇന്ധനവില കൂട്ടി ജനങ്ങളെ പിഴിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. നോട്ട് അസാധുവാക്കലും മോശമായി നടപ്പിലാക്കിയ ചരക്കുസേവനനികുതിയും (ജിഎസ്ടി) സാമ്പത്തികത്തകര്‍ച്ചയിലേക്കു രാജ്യത്തെ നയിച്ചു. പൊതുവേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയുമെന്നപോലെയായിരുന്നു കോവിഡ്-19 എത്തിയത്. അശാസ്ത്രീയമായി തിരക്കിട്ട് മാര്‍ച്ച് 24 മുതല്‍ നടപ്പാക്കിയ ലോക്ഡൗണ്‍ സ്ഥിതി വഷളാക്കുകയും ചെയ്തു.
കൊറോണവൈറസ്‌വ്യാപനം തടയാനുള്ള നടപടികള്‍ക്കു പ്രാമുഖ്യം നല്‍കാതെ രാഷ്ട്രീയക്കളികളില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രത്തിലെ ഭരണകക്ഷിയും മുഴുകിയെന്നതാണു സ്ഥിതിഗതികള്‍ അതീവ ഗുരുതരമാക്കിയത്.
പ്രതിസന്ധിയിലും രാഷ്ട്രീയക്കളികള്‍
ചൈനയിലെ വുഹാനില്‍നിന്ന് കേരളത്തിലെത്തിയ ആള്‍ക്ക് ജനുവരി 30ന് കോവിഡ് സ്ഥിരീകരിച്ചതാണ്. പക്ഷേ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫെബ്രുവരി അവസാനം ഗുജറാത്തില്‍ വന്‍ സ്വീകരണം ഒരുക്കാനായിരുന്നു പ്രധാനമന്ത്രിയും കേന്ദ്രവും സമയവും പണവും ചെലവിട്ടത്. തുടര്‍ന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായുള്ള രാഷ്ട്രീയകുതിരക്കച്ചവടമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപിയുടെ സര്‍ക്കാരിനെ മാര്‍ച്ച് 24ന് മധ്യപ്രദേശില്‍ അധികാരത്തിലേറ്റി.
തുടര്‍ന്ന് മേയ്മാസത്തില്‍ ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനും ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റി രാജ്യസഭാ തിരഞ്ഞെടുപ്പിലെ കളികള്‍ക്കുമായിരുന്നു ബിജെപിയുടെ ശ്രദ്ധ. ജൂണിലും ബീഹാറില്‍ ആര്‍ജെഡി എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചു.
രാജ്യത്ത് കോവിഡ്‌വ്യാപനം ആറു ലക്ഷത്തോട് അടുക്കുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന ഇന്ത്യന്‍ മണ്ണിലേക്കു കടന്നുകയറിയ ഭീഷണി ഒഴിയുന്നില്ല. സാമ്പത്തികമേഖലയിലെ തകര്‍ച്ച ദൂരവ്യാപകദുരിതമാകും സമ്മാനിക്കുക. ഇതിനിടയിലും ഇന്ധനവില തുടര്‍ച്ചയായി കൂട്ടി ജനത്തെ പിഴിയാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.