പ്ലാസ്റ്റിക് എന്ന മാരകവിപത്തിനെക്കുറിച്ചു പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ദീപനാളം ജൂണ്‍ 17 ലക്കത്തിലെഴുതിയ ലേഖനം സശ്രദ്ധം വായിച്ചു. പ്രകൃതിക്കു ദോഷകരമായ മനുഷ്യസൃഷ്ടിയാണ് പ്ലാസ്റ്റിക്കെന്ന് ലേഖനത്തിലൂടെ സമര്‍ത്ഥിക്കാന്‍ പിതാവിനു കഴിഞ്ഞിട്ടുണ്ട്. പതിവുലേഖനങ്ങളെക്കാള്‍ ചെറുതെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കും പഠിതാക്കള്‍ക്കും കൂടുതല്‍ അറിവു നല്‍കാന്‍ ലേഖനം ഉപകരിക്കും.
യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ പ്ലാസ്റ്റിക് ഭീഷണിയെ അതിജീവിച്ച രാജ്യമാണെന്നു പിതാവ് സൂചിപ്പിച്ചതാണ് ഈ കുറിപ്പെഴുതാന്‍ കാരണമായത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ രണ്ടുതവണ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ പ്ലാസ്റ്റിക്കില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെപ്പറ്റി മുന്‍പൊരിക്കല്‍ 'ദീപനാള'ത്തിലെഴുതിയ ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചതോര്‍ക്കുന്നു. ഇതിന്റെ സാങ്കേതികവിദ്യ എങ്ങനെയെന്നറിയാന്‍ ആഗ്രഹിച്ച വൈ.ജെ. അലക്‌സ് യോഗ്യാവീടിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അന്നു കഴിഞ്ഞതുമില്ല. തുടരന്വേഷണത്തില്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.
പ്ലാസ്റ്റിക്കില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വലിയ വരുമാനം നേടുന്ന രാജ്യമായി സ്വീഡന്‍ മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 900 ഡിഗ്രി സെന്റീഗ്രേഡില്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഊഷ്മാവില്‍ ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇത്രയും ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുമ്പോള്‍ വിഷലിപ്തമായ കാര്‍ബണ്‍ വാതകങ്ങള്‍ മുഴുവന്‍ നശിച്ചുപോകുന്നുവെന്ന് കണെ്ടത്തിയിട്ടുള്ളതിനാല്‍ പുറത്തേക്കു വമിക്കുന്ന പുക അപകടകാരിയല്ലെന്നാണ് സ്വീഡന്റെ അവകാശവാദം. അയല്‍രാജ്യങ്ങളായ ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നും യുകെയില്‍ നിന്നുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്തു ഖജനാവു നിറയ്ക്കാന്‍ സ്വീഡനു കഴിയുന്നു. ഇറക്കുമതി ചെയ്യുന്ന ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തിന് 36 യൂറോ ചെലവാകുമെങ്കിലും ഉത്പാദനത്തിനുശേഷം 50 യൂറോ നേടാന്‍ കഴിയുന്നുണ്ടത്രേ!
ഉറവിടത്തില്‍വച്ചുതന്നെ പ്ലാസ്റ്റിക്കിനെ മറ്റു മാലിന്യങ്ങളില്‍നിന്ന് വേര്‍തിരിച്ച് സംസ്‌കരണപ്ലാന്റുകളിലെത്തിക്കുന്ന സംവിധാനമാണു സ്വീഡനില്‍ കണ്ടത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും വെവ്വേറെ കൂടുകളിലിടുകയും സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവകുപ്പ് സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിക്കുകയുമാണ്. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് അധികം അകലെയല്ലാതെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളോ സംസ്‌കരണപ്ലാന്റുകളോ ക്രമീകരിച്ചിരിക്കുന്നതിനാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് അധികം ആയാസപ്പെടേണ്ടതുമില്ല. ഭക്ഷ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനര്‍സംസ്‌കരിച്ച് പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ശേഷിക്കുന്നവ വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കുകയുമാണു ചെയ്യുക. ആകെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ 30 ശതമാനം പുനര്‍നിര്‍മ്മിക്കുകയും 70 ശതമാനം ഊര്‍ജ്ജോത്പാദനത്തിന് ഫര്‍ണസുകളിലേക്കെത്തിക്കുകയും ചെയ്യുന്നു. വന്‍മുതല്‍മുടക്കുള്ള 34 വൈദ്യുതോത്പാദനനിലയങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു.
പ്ലാസ്റ്റിക്കില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കാന്‍പോലും ആവില്ലെങ്കിലും അതു പരിസ്ഥിതിക്ക് ഏല്പിക്കുന്ന ആഘാതം വലുതാണെന്ന് മുരിക്കന്‍പിതാവിന്റെ ലേഖനത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വായുവിനെയും ജലത്തെയും മണ്ണിനെയും പ്ലാസ്റ്റിക് നശിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമുദ്രജലത്തിലെത്തുന്ന അജൈവമാലിന്യങ്ങള്‍ കാലക്രമത്തില്‍ പൊടിഞ്ഞു ചെറുതാവുകയും ജലജീവികളുടെ ഉള്ളില്‍ ദഹിക്കാതെ കിടന്ന് അവയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും. ഒരു പ്ലാസ്റ്റിക് കൂട് മണ്ണില്‍ ദ്രവിച്ചുതീരാന്‍ 500 വര്‍ഷമെടുക്കുമെന്നാണ് ഗവേഷകര്‍ കണെ്ടത്തിയിട്ടുള്ളത്.
ഈ വര്‍ഷം ജനുവരി മുതല്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തില്‍ത്തന്നെ ഒതുങ്ങിയ മട്ടാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും പുനരുപയോഗിക്കാനും പുനര്‍സംസ്‌കരിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും സ്വീഡന്‍ എന്ന ചെറിയ രാജ്യത്തിനു കഴിയുമെങ്കില്‍ ആ മാതൃക സ്വീകരിക്കാന്‍ ഇവിടത്തെ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം.