ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി വീണ്ടും പുതിയ വെല്ലുവിളികളും വ്യതിയാനങ്ങളും പ്രതിസന്ധികളും അവസരങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ചൈനയെ സംശയത്തോടെ കാണുന്നതിലെ കൂടുതല്‍ വസ്തുതകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
അമേരിക്കയും യുഎസ്എസ്ആറും ഇരുചേരികളിലായി ലോകരാജ്യങ്ങളെ നിയന്ത്രിച്ചിരുന്ന കാലം പഴങ്കഥയായി. അമേരിക്കയും ചൈനയുമാണ് ഇപ്പോള്‍ ലോകപോലീസ് കളിക്കുന്നത്. റഷ്യ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താനുള്ള മല്‍സരത്തിലുമാണ്. സമ്പന്ന രാജ്യങ്ങളുടെ ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) ഉച്ചകോടി അടക്കമുള്ള പ്രധാന ഗ്രൂപ്പുകളും ലോകഗതി തീരുമാനിക്കുന്നതില്‍ വളരെയേറെ സ്വാധീനിക്കും.
* ചൈനയെ നേരിടാനും റഷ്യ വേണ്ട
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ചൈനയുടെ മേധാവിത്വം നേരിടുന്നതില്‍ ഏഴംഗ ഗ്രൂപ്പിന് കാര്യമായ പ്രസക്തിയുണ്ട്. റഷ്യയെ കൂടി ഉള്‍പ്പെടുത്തി ജി8 ആക്കണമെന്ന നിര്‍ദേശം 2014 മുതല്‍ ചര്‍ച്ച ചെയ്‌തെങ്കിലും ബ്രിട്ടണ്‍, കാനഡ തുടങ്ങിയവരുടെ എതിര്‍പ്പിനേ തുടര്‍ന്ന് യാഥാര്‍ഥ്യമായിട്ടില്ല. റഷ്യയെ ക്ഷണിക്കുന്നതിനെ വീറ്റോ ചെയ്യുമെന്നു വരെ ഇരുരാജ്യങ്ങളും ഭീഷണി മുഴക്കിയിരുന്നു.
പ്രത്യേക ക്ഷണിതാക്കാളായ ഇന്ത്യയും ഓസ്‌ട്രേലിയയും പോലെയുള്ള രാജ്യങ്ങള്‍ക്കു ചൈനയാണു മുഖ്യഭീഷണി. ബ്രിട്ടണ്‍ ആതിഥേത്വം വഹിച്ച യുകെയിലെ കോണ്‍വാളിലുള്ള കാര്‍ബിസ് ബേയില്‍ കഴിഞ്ഞ ദിവസം സമാപിച്ച 47ാമത് ജി7 ഉച്ചകോടി ഇന്ത്യയ്ക്കും ലോകത്തിനും വലിയ പ്രതീക്ഷകള്‍ വെല്ലുവിളികളും നല്‍കുന്നു. കോവിഡിനെ തുടര്‍ന്ന് 2020ലെ ജി7 ഉച്ചകോടി റദ്ദാക്കിയിരുന്നു. കോവിഡ് ഭീഷണി തുടരുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ ത്രിദിന ഉച്ചകോടി സമ്മേളനത്തിന്റെ പ്രസക്തി കൂടിയതും സ്വാഭാവികം.
ജ7 ഉച്ചകോടിയില്‍ ക്ഷണിതാവായിട്ടും ഇത്തവണ നേരിട്ടു പങ്കെടുക്കാന്‍ കഴിയാതെ പോയ ഏക രാഷ്ട്രത്തലവനാണ് നരേന്ദ്ര മോദി. ഇന്ത്യയിലെ കോവിഡ് സ്ഥിതി വഷളായതാണു കാര്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെ പക്ഷേ മോദി പങ്കെടുത്തു. ഔട്ട്‌റീച്ച് രാഷ്ട്രങ്ങളായി ക്ഷണിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയിന്‍ എന്നിവര്‍ ഉച്ചകോടിക്കായി ബ്രിട്ടണിലെത്തി.
ജി7 നേതാക്കളായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രഖി, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ജിഏഴിന്റെ ഭാഗമായ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ദേര്‍ ലെയേണും ഇയു കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളും ഉച്ചകോടിയില്‍ സജീവമായി പങ്കെടുത്തു.
* ദ്രരിദ്രര്‍ക്ക് വൈകി ചില്ലറ സഹായം
ദരിദ്ര രാജ്യങ്ങള്‍ക്ക് ഒരു ബില്യണ്‍ (നൂറു കോടി) കോവിഡ് 19 വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും വികസ്വര രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വളര്‍ത്താന്‍ സഹായിക്കുമെന്നുമാണ് 2021ലെ ജി7 ഉച്ചകോടിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍. കോവിഡെന്ന മഹാവിപത്തിനെതിരെ ലോകം ഒന്നിച്ചു പോരാടി ജയിക്കണമെന്ന ആഹ്വാനവും ഉച്ചകോടി നടത്തി.
ചൈനയുടെ വിപണനേതര സാമ്പത്തിക രീതികളെ വെല്ലുവിളിക്കാനും സിന്‍ജിയാങ്ങിലെയും ഹോങ്കോങ്ങിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു ബെയ്ജിംഗിനെ പ്രതിഷേധം അറിയിക്കാനും നേതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ ചെറുഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന തിരിച്ചടിയിലൂടെയാണ് ചൈന ഇതിനോടു പ്രതികരിച്ചത്.
സമ്പന്ന രാജ്യങ്ങളുടെ വൈകിയുള്ള നൂറു കോടി ഡോസ് വാക്‌സിന്‍ വാഗ്ദാനം തീര്‍ത്തും അപര്യാപതമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ ആവശ്യത്തിനും ലോകമുതലാളിമാര്‍ വഴങ്ങിയിട്ടില്ല. നമ്മുടെ കാലത്തെ ഏറ്റവും വലിയ ആഗോള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ ഇടപെടലും പിന്തുണയും ഇല്ലാതെ കഴിയില്ലെന്നു മോദി പറഞ്ഞു.
നികുതി വെട്ടിപ്പിനായി കോര്‍പറേറ്റ് കുത്തകകള്‍ നികുതി താവളങ്ങളായി ചില രാ്ജ്യങ്ങളെ ഉപയോഗിക്കുന്നതു തടയുന്നതിനായി വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുറഞ്ഞത് 15 ശതമാനമെങ്കിലും നികുതി നിശ്ചയിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് ആവശ്യത്തിനും ഉച്ചകോടി പിന്തുണ നല്‍കി.
സ്വേച്ഛാധിപത്യത്തിനും തീവ്രവാദത്തിനുമെതിരേ ലോകത്തിന്റെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ധാര്‍മികതയുടെ ഭാഗമാണെന്നു ഉച്ചകോടിയിലെ സമ്മേളനത്തില്‍ പ്രസംഗിക്കവേ ഓര്‍മിപ്പിച്ചു. ചെനയെപ്പോലുള്ള സ്വേച്ഛാധിപത്യ എതിരാളികളേക്കാള്‍ ദരിദ്ര രാജ്യങ്ങള്‍ക്കു ജി 7 രാജ്യങ്ങള്‍ നല്ല സുഹൃത്താണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍ പറഞ്ഞു.
* വാക്കും പ്രവര്‍ത്തിയും ചേരാതെ മോദി
ഏകാധിപത്യത്തിനെതിരേ മാത്രമല്ല, ജനാധിപത്യം, പൗര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്ക്കായി പ്രധാനമന്ത്രി മോദി വാദിച്ചതാണു ശ്രദ്ധേയമായത്. ജനാധിപത്യ മൂല്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു വേദിയാണ് സൈബര്‍സ്‌പേസ് എന്നും ഇത് അട്ടിമറിക്കരുതെന്നും മോദി പറഞ്ഞു. ജനാധിപത്യത്തെ ബഹുമാനിക്കുന്ന നയം ആകണം സൈബര്‍ ഇടങ്ങള്‍. സാമൂഹ്യമാധ്യമങ്ങളുടെ പരിധി ലംഘിക്കല്‍ നിയന്ത്രിക്കണമെന്നു പറയാനും മോദി മറന്നില്ല. പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മര്യാദകളാണ് ഇന്ത്യയുടെ അടിസ്ഥാനം. ജനാധിപത്യവിരുദ്ധമായ ഭരണരീതികളെ പ്രോത്സാഹിപ്പിക്കുന്നതല്ല ഇന്ത്യയുടെ നയം. ജനാധിപത്യവും സ്വാതന്ത്ര്യവും ആണ് ഇന്ത്യ വിലമതിക്കുന്ന പ്രധാന ഘടകങ്ങളെന്നും മോദി വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതിനെതിരേയും സ്വന്തം രാജ്യത്തു നടക്കുന്ന വിവാദങ്ങളെക്കുറിച്ചു മൗനം പാലിച്ചുകൊണ്ടായിരുന്നു മോദിയുടെ ലോകത്തോടുള്ള ഉപദേശം. പക്ഷേ ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ചായിരുന്നു ജി 7 രാഷ്ട്രനേതാക്കള്‍ക്ക് ആശങ്ക.
* പരിസ്ഥിതിയും ആരോഗ്യവും പ്രധാനം
ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പുനരുദ്ധാരണം തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ ആഗോള ഐക്യദാര്‍ഢ്യത്തിനായി ഇന്ത്യ വാദിച്ചു. പാരീസ് ഉടമ്പടി പൂര്‍ണമായും നടപ്പാക്കുമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കി. കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിനു വികസിത രാജ്യങ്ങള്‍ ശ്രദ്ധിക്കണംയ നല്‍കണം. പരിസ്ഥിതി പൊതുവായതാണെന്ന സങ്കല്‍പം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകണം. കാലാവസ്ഥ സംരക്ഷണത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വിപുലമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ഐക്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദേശത്തിന് ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചു.
ഭീകരവാദം, അക്രമാസക്ത തീവ്രവാദം, തെറ്റായ വിവരങ്ങള്‍, സാമ്പത്തിക ബലാല്‍ക്കാരം എന്നിവയില്‍ നിന്നുണ്ടാകുന്ന ഭീഷണികള്‍ പ്രതിരോധിക്കുന്നതില്‍ ജി 7 രാജ്യങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. എന്നാല്‍ ഭീകരതയ്ക്കും മതമൗലിക വാദത്തിനുമെതിരേ കൂടുതല്‍ ശക്തവും ഏകോപിതവുമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ സമ്പന്ന രാഷ്ട്രനേതാക്കള്‍ക്കു കഴിഞ്ഞില്ല. ഭീകരതയും തീവ്രവാദവും വളര്‍ത്താന്‍ പല സമ്പന്ന രാജ്യങ്ങളും പിന്നാമ്പുറത്ത് കളിക്കുന്നുവെന്നതും ആരോപണം മാത്രമാകില്ല.