•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

ചിത്തക്ഷതങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍

                 
ബൗണ്‍സ് ബോള്‍ ഗെയിമില്‍ പന്തിനെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതാണ് പോയിന്റ് നേടുന്നതിനുള്ള വ്യവസ്ഥ. എന്നാല്‍, പന്തു നീങ്ങുന്നവഴി അത്ര സുഗമമല്ല. വഴി നിറയെ ഡേഞ്ചര്‍ ബ്ലോക്കുകള്‍ പതിയിരിക്കുന്നു. അതില്‍ തട്ടാതെ വേണം ലക്ഷ്യത്തിലേക്കു കുതിക്കുവാന്‍. ഇനി എങ്ങാനും തട്ടിയാലോ? അതുവരെയുള്ള നമ്മുടെ മുഴുവന്‍ ശ്രമങ്ങളും പരാജയപ്പെടും.
ഒരു വ്യക്തിയില്‍ രൂപപ്പെടാവുന്ന ചിത്തക്ഷതങ്ങള്‍ - അവിശ്വാസം, ഭയം, കുറ്റബോധം, അപകര്‍ഷത, നിരാശ, അലസത എന്നിവയാണെന്നു മുമ്പു കാണുകയുണ്ടായി. എല്ലായ്‌പോഴും ഇവ ഒരുമിച്ച് ഒരു വ്യക്തിയില്‍ കാണപ്പെടണമെന്നില്ല. ഒറ്റയ്‌ക്കോ, പലവിധത്തില്‍ സംയോജിച്ചോ അതുണ്ടാകാം. ചിത്തക്ഷതങ്ങള്‍ ഒരു വ്യക്തിയില്‍ ഇല്ലാതിരിക്കുക എന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കാര്യമായിരിക്കും.
ഭാര്യ ഉത്കണ്ഠയുള്ള ആളാണ് (ഭയം). ഏതു കാര്യവും പരിഹരിക്കാനാവാത്ത ഒരു ഇടങ്ങേടായി മാറുമോ എന്നാണ് ആശങ്ക.
ഭര്‍ത്താവാകട്ടെ സ്മാര്‍ട്ടാണ്. നല്ല ആത്മവിശ്വാസമുള്ള പ്രകൃതം. പുതിയ അറിവുകള്‍, അനുഭവങ്ങള്‍ - അയാള്‍ക്കു ഹരമാണ്. ഇരുവരുടെയും സംഗമവേദിയായ കുടുംബത്തില്‍ എന്തൊക്കെ സംഭവിക്കുന്നുണ്ടായിരിക്കും? 
അവള്‍ക്കെപ്പോഴും ടെന്‍ഷനാണ്. കുട്ടികള്‍ സ്‌കൂളില്‍നിന്നു താമസിച്ചുവന്നാല്‍ (എന്തോ അരുതാത്ത പണിക്കു പോയി?) നേരത്തേ വന്നാല്‍ (ക്ലാസ് കട്ട് ചെയ്‌തോ?) ഒക്കെ ടെന്‍ഷന്‍. രാത്രി ഉറക്കമിളച്ചു പഠിച്ചാല്‍ ആരോഗ്യം നഷ്ടപ്പെടുമോ എന്നു വേവലാതി. കളിക്കാന്‍ പോയാല്‍ പഠനം ഉഴപ്പുമെന്ന് ഉറപ്പ്! 
ഇതെല്ലാം കണ്ടും കേട്ടും സഹിച്ചു നില്‍ക്കുന്നതിനു പുറമേ, ഭര്‍ത്താവിന് സ്‌പെഷ്യലായി വേറെയുമുണ്ട് ചുമടുകള്‍. പച്ചക്കറി വാങ്ങിയാല്‍ വിഷത്തെക്കുറിച്ച്, ടെന്‍ഷന്‍, ലോണെടുത്താല്‍ ജപ്തിയെക്കുറിച്ചു ടെന്‍ഷന്‍, ബിസിനസ് തുടങ്ങിയാല്‍ പരാജയത്തെക്കുറിച്ചു ടെന്‍ഷന്‍... ഇങ്ങനെ പോകുന്നു. 
ഭയം പ്രണയത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തും. ഇവിടെയും അതാണുണ്ടായത്. തന്റെ എത്ര നല്ല തീരുമാനത്തെയും, ഉപദ്രവത്തിനുള്ള ആയുധമാക്കുകയാണവള്‍. ആ ബോധ്യം നാള്‍ക്കുനാള്‍ രൂഢമൂലമായി. ഒരു ദിവസം സഹികെട്ടു പറയേണ്ടി വന്നു: ''ജീവിതം നശിപ്പിക്കാന്‍ ഓരോന്നു വന്നോളും.''
അതു കേട്ടതോടെ അവളുടെ സകല പ്രതീക്ഷയും തകര്‍ന്നു. തന്റെ ഭയാശങ്കകള്‍ക്ക് അത്താണിയായിരുന്നയാള്‍, തന്നെക്കൊണ്ടു മടുത്തിരിക്കുന്നു! ഇവിടെ ഒരു ദൂഷിതവലയം രൂപപ്പെടുകയായി. ഇനി അവര്‍ പരസ്പരം തകര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ആക്കം കൂട്ടും. അതായത്, അയാളുടെ ഓരോ വാക്കും അവളുടെ ഭയമെന്ന ചിത്തക്ഷതത്തെ വ്രണപ്പെടുത്തിക്കൊണ്ടിരിക്കും. അതിനുള്ള അവളുടെ പ്രതികരണം, അയാളുടെ നിരാശയെയും. 
കസിന്റെ ബൈക്കില്‍ അയാളുടെ പിന്നിലിരുന്നു യാത്ര ചെയ്ത ഭാര്യയെക്കുറിച്ച് അറിയുന്ന ഭര്‍ത്താവ് (അവിശ്വാസം), ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകന്‍ ഒരുക്കിയ പാര്‍ട്ടിയില്‍ വീര്‍പ്പുമുട്ടിയ വീട്ടമ്മയായ ഭാര്യ (അപകര്‍ഷത), ഒരു പരിധിവിട്ട് കഷ്ടപ്പെടാന്‍ വൈമുഖ്യമുള്ള ഭാര്യയെ ആദായം കിട്ടാന്‍ ആടു വളര്‍ത്തലിനു നിര്‍ബന്ധിക്കുന്ന ഭര്‍ത്താവ് (അലസത), എത്ര നന്നായി പാചകം ചെയ്താലും അമ്മായിയമ്മയുടെ പഴി കേള്‍ക്കുന്ന ഭാര്യ (നിരാശ) - ഇവരൊക്കെ പ്രണയത്തിന്റെ പ്രതിരോധശക്തി ചോര്‍ന്നു പോയവരല്ലേ?
ചിത്തക്ഷതപീഡയനുഭവിക്കുന്ന പങ്കാളിയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണം? കരുണ വേണം. അതാണല്ലോ പ്രണയത്തിന്റെ സി.പി.യു. അതില്‍നിന്ന് അടിയന്തരമായി രൂപപ്പെടേണ്ടത് വിശ്വസ്തതയാണ്. നമ്മില്‍ വിശ്വസ്തത യഥാര്‍ത്ഥത്തില്‍ ഉണെ്ടങ്കില്‍, പങ്കാളി നമ്മെ വിശ്വാസത്തില്‍ എടുത്തുകൊള്ളും. ഏതു ചിത്തക്ഷതത്തിലും പങ്കാളിയുടെ വിശ്വസ്തതാപൂര്‍ണ്ണമായ പിന്തുണ സമാനതകളില്ലാത്ത പ്രത്യൗഷധമാണ്.
ഇണയെ പഠിക്കുന്ന പങ്കാളി ഒരു പരമാര്‍ത്ഥം തിരിച്ചറിയണം. അവളുടെ ചിത്തക്ഷതങ്ങള്‍ അവളുടെ തന്നെ ബോധപൂര്‍വ്വമായ സൃഷ്ടികളല്ല. ബൗണ്‍സ് ബോള്‍ ഗെയിം പോലെ ജീവിതയാത്രയില്‍ അവളുടെ കരംപിടിക്കുക; കരുതലോടെ.
അവളെ നിരാലംബയാക്കുന്ന സകലതിനുമെതിരേ വിശ്വസ്തതയുടെ ചുറ്റുമതില്‍ ഉയരണം, അവിടെയാണ് അവളുടെ/ അവന്റെ ക്ഷതങ്ങള്‍ സൗഖ്യപ്പെടുക.

 

Login log record inserted successfully!