•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

പതിനാലാമെടം

അത്തിമരങ്ങള്‍ പൂക്കുന്നു
കല്യാണവീടിന്റെ പിന്‍പുറത്ത് വിരുന്നിനു ക്ഷണിക്കപ്പെടാത്ത നിന്ദിതരുടെയും യാചകരുടെയം മദ്ധ്യേ അനനിയാദ് ഇടറിയ മനസ്സോടെ നിന്നു. അവന് അല്പംപോലും ആത്മനിന്ദ തോന്നിയില്ല. ഒരു ഭിക്ഷക്കാരന്റെ ഭാവം ഒരനിവാര്യതപോലെ അവന്‍ ആത്മാവിലേക്കെടുത്തണിഞ്ഞിരുന്നു.
കല്യാണപ്പന്തലില്‍നിന്ന് വിരുന്നുസദ്യയുടെ ശബ്ദഘോഷങ്ങള്‍. ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരിയുമെല്ലാം തുടരുന്നതു കേട്ടാറെ, പിന്‍പുറത്ത്, സദ്യയുടെ അവസാന ഊഴവുംകാത്തുനിന്ന യാചകര്‍ പിറുപിറുത്തു: 
''എന്തെങ്കിലും കിട്ടുമ്പോഴേക്കും വിശന്നു മരിക്കും.''
സമയം യോര്‍ദാന്‍നദിപോലെ സാവധാനം ഒഴുകിക്കൊണ്ടിരുന്നു. വിരുന്നുണ്ടു പിരിഞ്ഞുപോകുന്നവരെക്കാളധികംപേര്‍ വിരുന്നിനെത്തിക്കൊണ്ടിരുന്നു. ഉടനെയൊന്നും തങ്ങള്‍ക്കുള്ള പന്തി ഒരുക്കപ്പെടുകയില്ലെന്ന് അനനിയാദ് അറിഞ്ഞു. ഒരുപക്ഷേ, ഈ കാത്തിരുപ്പിന്റെ അവസാനം ഒന്നും കിട്ടാതെ മടങ്ങാനും മതി. കാരണം ക്ഷണിക്കപ്പെടാത്തവരുടെ ഗണത്തിലാണല്ലോ താനും.
ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ അനനിയാദിനു മനസ്സുണ്ടായില്ല. വയറിനുള്ളില്‍ വിശപ്പിന്റെ നെരിപ്പോട് എരിഞ്ഞു കത്തുകയാണ്. ശരീരമാകെ ഒരു തളര്‍ച്ച ബാധിക്കുന്നു. അവന്‍ അഗതികളുടെ പയ്യാരംപറച്ചിലുകള്‍ക്കിടയിലൂടെ കുറച്ചുദൂരത്തേക്കു മാറി ഒരു വൃക്ഷത്തില്‍ ചാരി തളര്‍ന്നിരുന്നു. സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞുതുടങ്ങിയിരുന്നു. അവന്റെ മനസ്സും ഓരോരോ ഓര്‍മകളിലേക്കു ചാഞ്ഞുപോയി. കടന്നുപോന്ന സംഭവങ്ങളോരോന്നും ക്ഷുഭിതമായ തിരമാലകള്‍പോലെ അവനിലേക്കു തിക്കിത്തിരക്കി ഇരമ്പിവന്നു.
ഒരുപക്ഷേ, തന്റെ പിതാവും ഭൃത്യന്മാരും മേരിയുടെ ആള്‍ക്കാരും തന്നെ അന്വേഷിക്കുന്നുണ്ടാവും. ഞാനിവിടെ ഈ കാനായിലെ കല്യാണവീട്ടില്‍ സദ്യയുടെ അവസാന ഊഴവും കാത്തുനില്ക്കുന്ന  യാചകരോടൊപ്പമുണ്ടാകുമെന്ന് അവരൊന്നും കരുതാനിടയില്ല. താന്‍ ഹെര്‍മോണിലെ ധനാഢ്യനായ യോവാക്കിമിന്റെ പുത്രനാണെന്ന് ഇവിടെയാരും തിരിച്ചറിയാനുമിടയില്ല. അതായിരുന്നു അനനിയാദിന്റെ അപ്പോഴുള്ള ഏക ആശ്വാസം. പക്ഷേ, ഇനി  എന്താണ്? എവിടേക്കാണ് തന്റെ വഴികള്‍?... എങ്ങനെയാണ് യേശുവിനെ കണ്ടെത്തുക? ഒന്നിനും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.
സത്യത്തില്‍ താന്‍ എന്തിനാണ് യേശുവിനെ അന്വേഷിക്കുന്നത്? അറിഞ്ഞുകൂടാ. എങ്കിലും ആ മനുഷ്യനെ കണ്ടെത്തിയേ മതിയാകൂ. നസ്രായനായ ആ മനുഷ്യന്‍ ദിവ്യത്വത്തിന്റെ മൂര്‍ത്തരൂപമായി അനനിയാദിന്റെയുള്ളില്‍ നിലകൊണ്ടു. യോര്‍ദാന്റെ തീരത്തെ സ്‌നാപകന്റെ വാക്കുകളും യേശുവിന്റെ അമ്മ മറിയത്തിന്റെ വാക്കുകളും അവന്‍ ഓര്‍മിച്ചു. 
''നീ അന്വേഷിക്കുക, കണ്ടെത്തും.''
അതെ, അന്വേഷിക്കുക തന്നെ. അത് തന്റെ നിയോഗമാണെന്ന് അനനിയാദ് നിനച്ചു. തീര്‍ച്ചയായും അവനെ കണ്ടെത്താതിരിക്കില്ല. 
പെട്ടെന്നായിരുന്നു കല്യാണവീട്ടില്‍ ഒരു നിശ്ശബ്ദത പടര്‍ന്നത്.  പൊട്ടിച്ചിരിയും സന്തോഷത്തിന്റെ ശബ്ദകോലാഹലങ്ങളുംകൊണ്ട് മുഖരിതമായിരുന്ന കല്യാണവീട്ടില്‍ പൊടുന്നനെ പടര്‍ന്ന മൂകതയുടെ ആവരണം അനനിയാദിനെയും വന്നുമൂടി.
''എന്താ സംഭവിച്ചത്?'' അവന്‍ അല്പമകലെ നിന്നവരോടു തിരക്കി.
''എല്ലാം തീര്‍ന്നുകാണും.'' ഒരാള്‍ നിരാശയോടെ പറഞ്ഞു. ''നാശം, വെറുതെ കാത്തിരുന്നതു മിച്ചം...'' അയാള്‍ സ്വയമെന്നോണം പിറുപിറുത്തു. 
അനനിയാദിനു നിരാശ തോന്നിയില്ല. അവിടെ എന്താണു സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷ അവനില്‍ പടര്‍ന്നു. പക്ഷേ, കല്യാണപ്പന്തലിലേക്കു ചെന്ന് അതെന്താണെന്ന് അന്വേഷിക്കാന്‍ അവനു കഴിയുമായിരുന്നില്ല. കാരണം അവന്‍ ക്ഷണിക്കപ്പെടാത്തവനും യാചകരുടെ കൂട്ടത്തിലുള്ളവനുമായിരുന്നല്ലോ. 
തിരയടങ്ങിയ കടല്‍പോലെ കല്യാണവീടിനെ ഗ്രസിച്ച നിശ്ശബ്ദത കുറെനേരം നീണ്ടുനിന്നു. വേലക്കാര്‍ കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടുപോകുന്നതു കണ്ടു, ചിലരാകട്ടെ, യഹൂദരുടെ ശുദ്ധീകരണത്തിന് വെള്ളം നിറയ്ക്കുന്ന കല്‍ഭരണികള്‍ കഴുകിക്കൊണ്ടു പോകുന്നു. 
അനനിയാദിന് ഒന്നും മനസ്സിലായില്ല. ഒരുതരം കൗതുകത്തോടെ അവന്‍ അതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. താമസിയാതെ കല്യാണവീട് പൂര്‍വാധികം സന്തോഷത്തിലേക്കു മടങ്ങിവരുന്നതു തെല്ല് അദ്ഭുതത്തോടെ അനനിയാദ് അറിഞ്ഞു.
കല്യാണവീട്ടിലേക്കുള്ള അതിഥികളുടെ വരവ് ഒട്ടൊക്കെ നിലച്ചിരുന്നു. വിരുന്നിനു വന്നവര്‍ മടങ്ങിക്കൊണ്ടിരുന്നു. കാത്തുകാത്തിരുന്ന് അനനിയാദ് മയക്കത്തിലേക്കു വീണുപോയി. പിന്നെയെപ്പോഴോ ആരോ അവനെ ഉണര്‍ത്തുകയായിരുന്നു.
''വരൂ നമുക്കുള്ള ഊഴമായി...''
ക്ഷണിക്കപ്പെടാത്തവര്‍ക്കും ഭിക്ഷാടകര്‍ക്കുമുള്ള പന്തിയില്‍ ആര്‍ത്തിയോടെ അനനിയാദും ഇടംതേടി. സദ്യയ്ക്കായി ഒരുക്കിയ എല്ലാ വിഭവങ്ങളും അവിടെ വിളമ്പിയില്ല. വിശിഷ്ടങ്ങളായ ഭോജ്യങ്ങള്‍ക്ക് അവര്‍ യോഗ്യരായിരുന്നില്ലല്ലോ...?
അനനിയാദ് മുന്നില്‍ കിട്ടിയതൊക്കെ രുചിയറിയാതെ തിന്നു. ഇടയ്ക്ക് വീഞ്ഞുകോപ്പകളില്‍ വീഞ്ഞെത്തി. ഭക്ഷണത്തിനിരുന്ന അവസാനക്കാര്‍ അദ്ഭുതപ്പെട്ടു. 
''തങ്ങള്‍ക്കും വീഞ്ഞോ?''
അങ്ങനെ ഒരു പതിവില്ലായിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു വീഞ്ഞ് പതിവ്.
വീഞ്ഞു രുചിച്ച അനനിയാദ് ആശ്ചര്യപ്പെട്ടു. എന്തെന്നാല്‍ നാളിതുവരെ ഇത്രയും രുചിയും വീര്യവുമുള്ള വീഞ്ഞ് കുടിച്ചിട്ടില്ല. തന്റെ പിതാവിന്റെ ഭവനത്തിലും അനേകം വിരുന്നു സത്കാരങ്ങളിലും മഗ്ദലേനയിലെ മേരിയുടെ മണിമേടയിലും ഇത്തരം വീഞ്ഞ് അനുഭവിച്ചിട്ടില്ല. വിളമ്പുകാരോട് അനനിയാദ് തിരക്കി:
''ഇത്ര രുചിയുള്ള വീഞ്ഞ് എവിടെനിന്ന്? ആരുടെ തോട്ടത്തില്‍ വിളഞ്ഞ മുന്തിരിയില്‍നിന്ന്?''
''അതല്ലേ അദ്ഭുതം'' വിളമ്പുകാരന്‍ ശബ്ദം താഴ്ത്തി ഒരു രഹസ്യംപോലെ പറഞ്ഞു. അനനിയാദ് കാതു കൂര്‍പ്പിച്ചു.
''വിരുന്നിനിടയില്‍ വീഞ്ഞു തീര്‍ന്നുപോയിരുന്നു. അപ്പോഴല്ലേ ആ തച്ചന്റെ മകന്‍ അവന്റെ അമ്മയുടെ ആവശ്യപ്രകാരം ആറ് കല്‍ഭരണി പച്ചവെള്ളം വീഞ്ഞാക്കിയത്. അദ്ഭുതം തന്നെ.''
''ആര് യേശുവോ?'' അനനിയാദ് ചോദിച്ചു. 
''അതെ, അവനും ശിഷ്യന്മാരും അവന്റെ അമ്മ മറിയവും കല്യാണത്തിനു ക്ഷണിക്കപ്പെട്ടവരായിരുന്നു.''
''എന്നിട്ട് അവനെവിടെ?'' അനനിയാദ് ചാടിയെഴുന്നേറ്റു.
''എപ്പഴേ അവനും കൂട്ടരും ഇവിടം വിട്ടുപോയി.''
''എവിടേക്ക്?''
'''അത് ഞാനെങ്ങനറിയും...'' അയാള്‍ നിസ്സഹായപ്പെട്ടു.
അനനിയാദ് ഭക്ഷണം പൂര്‍ത്തിയാക്കാതെ പന്തിയില്‍നിന്നെഴുന്നേറ്റു. കല്യാണവീട്ടില്‍ കണ്ടവരോടൊക്കെ യേശു എവിടേക്കാണു പോയതെന്ന് അന്വേഷിച്ചു. ആര്‍ക്കും അറിവില്ലായിരുന്നു. മണവാളനോ മണവാട്ടിക്കോ യേശുവിനെയും ശിഷ്യന്മാരെയും ക്ഷണിച്ച മണവാളന്റെ പിതാവിനോ അവന്‍ എവിടേക്കാണു പോയതെന്ന് നിശ്ചയമുണ്ടായിരുന്നില്ല.
അനനിയാദ് കല്യാണവീട്ടില്‍നിന്നു പുറത്തുകടന്ന് വഴിയിലെത്തി. നിരത്തില്‍ കണ്ടവരോടൊക്കെ കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയ യേശു എവിടേക്കാണു പോയതെന്ന് അന്വേഷിച്ചു. എന്നാല്‍, ആരുംതന്നെ അങ്ങനെയൊന്നു കേട്ടവരായിരുന്നില്ല. അവനെ കേട്ടവരൊക്കെ അവനെ പരിഹസിച്ചു.
''വെള്ളം വീഞ്ഞാക്കിയെന്നോ, നീ ഭ്രാന്ത് പറയുന്നു. ഞങ്ങളും കല്യാണവീട്ടിലുണ്ടായിരുന്നു. അവിടെ ആരും വെള്ളം വീഞ്ഞാക്കിയില്ല. ഒരദ്ഭുതവും പ്രവര്‍ത്തിച്ചില്ല. ഞങ്ങള്‍ അവിടം വിട്ടുപോരുന്നതുവരെ.''
അനനിയാദ് പിന്നെ ഒന്നും ചോദിച്ചില്ല. അവരെക്കടന്ന് അവന്‍ വേഗത്തില്‍ നടന്നു. അപ്പോള്‍ പിന്നില്‍നിന്നാരോ പറയുന്നതു കേട്ടു: ''ഭ്രാന്താണെന്നു തോന്നുന്നു...''
അപ്പോള്‍ അനനിയാദ് ഇപ്രകാരം ചിന്തിച്ചു: ''അതേ, തനിക്കു ഭ്രാന്താണ്. സത്യം കണ്ടെത്താനുള്ള ഭ്രാന്ത്... ഇതാ ലോകത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാന്‍ വിശേഷിപ്പിച്ച യേശു സത്യംതന്നെയാണ്. അതിന് ഇനി തനിക്കാരുടെയും സാക്ഷ്യം വേണ്ട. അവനുവേണ്ടിയുള്ള അന്വേഷണം ഭ്രാന്താണെങ്കില്‍ തനിക്കു ഭ്രാന്തു തന്നെയാണ്. 
അനനിയാദ് മമ്പോട്ടു തന്നെ പോയിക്കൊണ്ടിരുന്നു. നാടും നഗരിയും കടന്ന്, മലകളും സമതലങ്ങളും കടന്ന് അവന്റെ അന്വേഷണം നീണ്ടു. രാവുകളും പകലുകളും മഞ്ഞും മഴയും വെയിലുമെല്ലാം അവന്റെ കാല്ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്നു.
അനനിയാദ് ആളാകെ മാറിപ്പോയിരുന്നു. അവന്റെ ശരീരം ക്ഷീണിക്കുകയും രോഗാതുരമാകുകയും ചെയ്തു. അവന്റെ താടിയും മുടിയും നീണ്ടിരുന്നു. കീറിപ്പോയ കുപ്പായത്തിന്റെ ഒരുഭാഗംകൊണ്ട് അവന്‍ നാണം മറച്ചു. 
യാത്രയില്‍ കിട്ടിയതെന്തും അവന്‍ തിന്നു. കുടിച്ചു. കണ്ടിടത്തൊക്കെ ഇരുന്നും കിടന്നും പിന്നെ നടന്നും അവന്‍ ദിവസങ്ങള്‍ തള്ളി. അവന്റെ മുഖത്തെ യൗവനത്തിന്റെ വര്‍ണങ്ങള്‍ മാഞ്ഞുപോയി. പാഴും ശൂന്യവുമായ ഒരു മരുഭൂമിപോലെയായിത്തീര്‍ന്നു അവന്റെ ജീവിതം. അവന്‍ എന്തന്വേഷിക്കുന്നുവോ അതവന് എത്രയോ കാതങ്ങള്‍ക്കപ്പുറമായിരുന്നു.
അവനു  സഞ്ചരിക്കാനുള്ള വഴികള്‍ നിശ്ചയമേതുമില്ലാതായി... അവന്റെ പകലുകള്‍ ഉഷ്ണം വമിക്കുന്നവയായി. രാത്രികള്‍ ശീതളിമ നഷ്ടപ്പെട്ടതായി. അവന്റെ ചിന്തകള്‍ അരൂപങ്ങളായി. സ്വപ്നങ്ങള്‍ ഭീതിദങ്ങളായി. അവനാകെ ചിതറിയവനായി...
അന്തമില്ലാതൊഴുകുന്ന കാലത്തിന്റെയും ലോകത്തിന്റെയും ഏതോ ദശാസന്ധിയില്‍ വച്ച് അനനിയാദ് തന്റെ അന്വേഷണത്തിനു വിരാമമിട്ടു.
യേശുവിനെ വൃഥാ എത്രകാലം തിരയും? അതിനു തക്കവണ്ണമുള്ള കരുത്ത് തന്നില്‍ ശേഷിക്കുന്നില്ല. അധികം അകലത്തല്ലാതെ തന്റെ മരണം അവന്‍ കണ്ടു. 
അവന്റെ വായില്‍ വ്യാജം കലര്‍ന്നൊരു കരച്ചില്‍ നിറഞ്ഞു. അവനില്‍ അശുദ്ധാത്മാവ് ആവസിച്ചു... അവന്‍ പൂര്‍വകാലങ്ങളിലേക്കു തിരിഞ്ഞു... പാപത്തിന്റെ കനിയിലേക്ക്... മഗ്ദലേനയിലേക്ക്...
തിരിച്ചുനടത്തത്തിന്റെ മൂന്നാം രാത്രിയിലാണ് അനനിയാദ് മഗ്ദലേനയിലെത്തിയത്. രാത്രിക്ക് ഒരുതരം കാഠിന്യമുണ്ടായിരുന്നു. കാറ്റുറഞ്ഞുപോയ രാത്രിയിലെ വിളറിയ നിലാവില്‍ സൈത്തുമരച്ചില്ലകള്‍ മൗനംകൊണ്ടുനിന്നു.
മഗ്ദലേനയിലെ തെരുവില്‍ ഒരു ദുരന്തംപോലെ അര്‍ദ്ധനഗ്നനായ അനനിയാദ് നിന്നു. തെരുവോരങ്ങളിലെ മണിമേടകളില്‍ റാന്തലുകള്‍ മിഴിയടച്ചിരുന്നു. ദൂരെ മേരിയുടെ മണിമാളികയുടെ മട്ടുപ്പാവില്‍ വെള്ളിച്ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്ക് അണഞ്ഞിട്ടുണ്ടാകുമോ? ഈ രൂപത്തില്‍ മേരിയുടെ ഭവനത്തിലേക്കുള്ള പ്രവേശനകവാടത്തിലെ കാവല്‍ക്കാരന്‍ തന്നെ തിരിച്ചറിയാതിരിക്കുമോ?
അങ്ങനെ സംഭവിക്കില്ലെന്ന് അനനിയാദ് ആശ്വസിച്ചു. മേരി നല്ലവളാണ്. സ്‌നേഹമുള്ളവള്‍. അതുകൊണ്ടുതന്നെ വീണ്ടും സ്വീകരിക്കാതിരിക്കുകയുമില്ല. സത്യത്തില്‍ തന്റെ തിരിച്ചുവരവ് അവളെ ആഹ്ലാദിപ്പിക്കുകയും അവളത് ആഘോഷിക്കുകയും ചെയ്യും.
അനനിയാദ് അപ്പോഴും നഷ്ടമാകാതെ അരപ്പട്ടയില്‍ സൂക്ഷിച്ചിരുന്ന കുഴലെടുത്ത് ചുണ്ടോടു ചേര്‍ത്തു. നിര്‍ജീവമായ നിലാവിലൂടെ അനനിയാദിന്റെ കുഴല്‍പ്പാട്ട് സാവധാനം ഒഴുകിക്കൊണ്ടിരുന്നു.
ആ പാട്ട് ഒറ്റപ്പെട്ടുപോയ, പീഡിതനായ, ഒരാത്മാവിന്റെ വിലാപംപോലുണ്ടായിരുന്നു. 
ദൂരെനിന്നേ അനനിയാദ് കണ്ടു. വെള്ളികൊണ്ട് മേല്‍ക്കൂര തീര്‍ത്തപോലെ മേരിയുടെ മണിമേട. അവന്‍ സൂക്ഷിച്ചുനോക്കി. മട്ടുപ്പാവിലെ വിളക്ക് അണച്ചു കളഞ്ഞിരുന്നു.
മഗ്ദലേനയ്‌ക്കൊപ്പം മേരിയും ഉറങ്ങിയിട്ടുണ്ടാകും. മേരിയുടെ കൊട്ടാരം മുഴുവനും ഉറങ്ങിയിട്ടുണ്ടാകും. 
എന്നിരുന്നാലും തന്റെ പാട്ട് അവളെയും അവളുടെ ഭവനത്തെയും ഉണര്‍ത്താതിരിക്കില്ല.
എല്ലാം മറന്ന് അവന്‍ കുഴലൂതാന്‍ തുടങ്ങി. അവന്റെ നൊമ്പരങ്ങളത്രയും അവന്റെ  സ്വപ്നങ്ങളത്രയും ശോകസാന്ദ്രമായ ഒരു കുഴല്‍പ്പാട്ടായി മഗ്ദലേനയ്ക്കു മുകളിലൂടെ അലഞ്ഞു.
അവനപ്പോള്‍ മേരിയുടെ ഭവനത്തിലേക്കുള്ള പ്രവേശനകവാടത്തുനടുത്തെത്തിയിരുന്നു. അടഞ്ഞുകിടന്നിരുന്ന കവാടത്തിനരികെനിന്ന് അവന്‍ കുഴല്‍ വായിച്ചു. പെട്ടെന്ന് പ്രവേശനകവാടം തുറക്കപ്പെട്ടു. കാവല്‍ക്കാരന്‍ കുഴല്‍വിളി കേട്ടിരുന്നു. തങ്ങളുടെ യജമാനനാണെന്നു കരുതി വാതില്‍ തുറന്ന ഭൃത്യന് തനിക്കു തെറ്റുപറ്റിയെന്നു മനസ്സിലായി. ഇത് യജമാനനല്ല. ഏതോ ഒരു ഭിക്ഷക്കാരന്‍. പക്ഷേ, ഈ കുഴല്‍പ്പാട്ട്... അയാള്‍ വിളക്കുയര്‍ത്തി തന്റെ മുമ്പില്‍ നില്ക്കുന്ന രൂപത്തെ നോക്കി. എന്നിട്ടു ചോദിച്ചു:
''ഈ രാത്രിയില്‍ നിനക്കെന്തു വേണം?''
ആ ചോദ്യത്തിന് ഒരു ഉത്തരം അനനിയാദിനു സാധ്യമായില്ല. എന്താണു പറയേണ്ടതെന്ന് അവനു നിശ്ചയമില്ലായിരുന്നു. അവന്റെ മൗനം കണ്ടിട്ട് ഭൃത്യന്‍ വീണ്ടും ചോദിച്ചു:
''ഈ കുഴല്‍ നിനക്കെവിടുന്നു കിട്ടി?''
''ഇത് എന്റേതാണ്...'' അവന്‍ പറഞ്ഞു.
ഭൃത്യന്‍ അതുകേട്ട് അവന്റെ മുഖത്തേക്ക് വീണ്ടും വിളക്കുയര്‍ത്തി. പിന്നെ പ്രാകൃതമായ ആ രൂപത്തിനുള്ളില്‍നിന്നു അനനിയാദിനെ വേര്‍തിരിച്ചെടുത്തു.
''യജമാനനോ?'' അവന്‍ നടുക്കത്തോടെ ചോദിച്ചു.
''അതെ....''
ഭൃത്യന്‍ അവനെ അകത്തേക്കു നയിച്ചു. പ്രവേശനകവാടത്തില്‍നിന്ന് അകത്തേക്കുള്ള ദൂരമത്രയും ചെത്തിമിനുക്കിയ കല്പടവുകള്‍ക്കു മുകളില്‍ മങ്ങിയ നിലാവ് ഉറഞ്ഞ മൗനംപോലെ നിശ്ചലം കിടന്നു. മേരിയുടെ മേടയുടെ പ്രവേശനകവാടത്തില്‍ അനനിയാദിന്റെ പാദം ആരും കഴുകിയില്ല. ആളനക്കമില്ലാതെ മേരിയുടെ ഭവനം നിശ്ശബ്ദതയുടെ മഹാസമുദ്രംപോലെ ചലനമറ്റുകിടന്നു.
''മേരി എവിടെ?'' അനനിയാദ് തിരക്കി. ഒരു നിമിഷം ഭൃത്യന്‍ മൗനം പൂണ്ടു. പിന്നെ ഒരു വിങ്ങലോടെ പറഞ്ഞു:
''അവര്‍ പിടിച്ചുകൊണ്ടുപോയി. ഇവിടെയുള്ള സമ്പത്തെല്ലാം കൊള്ള ചെയ്തുകൊണ്ടുപോകുകയും ചെയ്തു.''
അനനിയാദിനെ ഒരു നടുക്കംവന്ന് പിടികൂടി. ചുഴലിയില്‍പ്പെട്ട വടവൃക്ഷംപോലെ അനനിയാദ് ആടിയുലഞ്ഞു.
(തുടരും)

 

Login log record inserted successfully!