•  2 May 2024
  •  ദീപം 57
  •  നാളം 8
സഞ്ചാരം

ദൈവസംരക്ഷണത്തിന്റെ അദ്ഭുതവഴികള്‍

ദൈവം പറഞ്ഞു: ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊത്ത് നീ ജനത്തിനുമുമ്പേ പോകുക. ചെങ്കടലിന്റെമേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും എടുത്തുകൊള്ളുക. ഇതാ നിനക്കുമുമ്പില്‍ ഹോറേബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറമേല്‍ അടിക്കണം. അപ്പോള്‍ ആ പാറയില്‍നിന്ന് ജലം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ മോശ തന്റെ വടികൊണ്ട് പാറമേല്‍ അടിച്ചു. പാറയില്‍നിന്ന് വെള്ളമൊഴുകി.
രാത്രി ഞങ്ങളുടെ വാഹനം കടന്നുപോയ ചില സ്ഥലങ്ങള്‍ ഇസ്രായേല്‍ക്കാരുടെ കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ വളരെ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളാണ്. ഇസ്രായേല്‍ജനം സീന്‍ മരുഭൂമിയില്‍ എത്തിയപ്പോള്‍ അവര്‍ മോശയ്ക്കും അഹറോനുമെതിരേ പിറുപിറുക്കാന്‍ തുടങ്ങി. ഈജിപ്തിലെ ഇറച്ചിക്കറിയെപ്പറ്റിയും രുചികരമായ അപ്പത്തെപ്പറ്റിയുമായി അവരുടെ സംസാരം. ഇവിടെ സമൂഹം മുഴുവന്‍ പട്ടിണികിടന്നു നരകിക്കുന്നതിനെക്കാള്‍ ഭേദം ഈജിപ്തില്‍ കിടന്നു മരിക്കുന്നതായിരുന്നു എന്ന് അവര്‍ പരസ്പരം പറഞ്ഞു (പുറ 16:2-3). ഈ പിറുപിറുപ്പിന്റെ സ്വരം കര്‍ത്താവു കേട്ടു. അപ്പോള്‍ കര്‍ത്താവിന്റെ സ്വരം മോശയുടെ കാതുകളില്‍ മുഴങ്ങി. ''അവരോടു പറയുക. സായംകാലത്ത് നിങ്ങള്‍ മാംസം ഭക്ഷിക്കും. പ്രഭാതത്തില്‍ തൃപ്തിയാകുവോളം അപ്പവും ഭക്ഷിക്കും. കര്‍ത്താവായ ഞാനാണ് നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും (പുറ 16:11-12).
സന്ധ്യയായപ്പോള്‍ പക്ഷികളുടെ കളകളാരവം അന്തരീക്ഷത്തില്‍ മുഴങ്ങി. ലക്ഷക്കണക്കിനു കാടപ്പക്ഷികള്‍ താഴ്ന്നുപറന്ന് പാളയം മൂടി. ജനം പക്ഷികളെപ്പിടിച്ച് ഇഷ്ടംപോലെ മാംസം ഭക്ഷിച്ചു. പിറ്റേദിവസം പ്രഭാതത്തില്‍ പാളയത്തിനുചുറ്റും വീണുകിടന്ന വെളുത്തുരുണ്ട് ലോലമായ ഒരു വസ്തു ജനം കണ്ടു. അവര്‍ തങ്ങളുടെ മാതൃഭാഷയില്‍ പരസ്പരം ചോദിച്ചു: ''മന്നു'' ഇതെന്താണ്? അതില്‍നിന്നാണ് മന്നാ എന്ന വാക്കുണ്ടായത്. ദൈവം ഇസ്രായേല്‍ജനത്തിനായി ആകാശത്തുനിന്നു പൊഴിച്ച വിശിഷ്ടമായ ഭക്ഷണമായിരുന്നു അത്. മോശ നല്‍കിയ നിര്‍ദ്ദേശങ്ങളനുസരിച്ച് അവര്‍ മന്ന ശേഖരിച്ചു. അതുപയോഗിച്ച് അപ്പമുണ്ടാക്കി ഭക്ഷിച്ചു. ''അത് കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.'' ഇസ്രായേല്‍ കാനാന്‍ദേശത്ത് എത്തുന്നതുവരെ എല്ലാ ദിവസവും മന്നാ ഭക്ഷിച്ചു (പുറ. 16:35).
കാടപ്പക്ഷിയുടെയും മന്നായുടെയും അദ്ഭുതത്തെപ്പറ്റി ബൈബിള്‍പണ്ഡിതന്മാര്‍ നല്കുന്ന ഒരു വ്യാഖ്യാനമുണ്ട്. ഈ രണ്ട് അദ്ഭുതസംഭവങ്ങളിലും ദൈവം പ്രകൃതിയിലെ ചില പ്രതിഭാസങ്ങളെ ഇസ്രായേല്‍ജനത്തിനുവേണ്ടി ഉപയോഗിച്ചു എന്നാണ് ആ വ്യാഖ്യാനം. വിന്ററിന്റെ ആരംഭത്തിലും വസന്തകാലത്തും ആഫ്രിക്കയിലും അറേബ്യയുടെ ചില ഭാഗങ്ങളിലും ജീവിക്കുന്ന കാടപ്പക്ഷികള്‍ മിതമായ ശീതോഷ്ണാവസ്ഥയും ഭക്ഷ്യലഭ്യതയുംനോക്കി മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തേക്കു ദേശാടനം നടത്തുന്ന പതിവുണ്ട്. ഇപ്രകാരം ദേശാടനം നടത്തുന്ന പക്ഷികള്‍ ഇടയ്ക്ക് സീനായ് ഉപദ്വീപിന്റെ തീരദേശങ്ങളില്‍ വിശ്രമിക്കാറുണ്ട്. താഴ്ന്നുപറന്ന് ക്ഷീണമകറ്റാനും അനുയോജ്യമായ സ്ഥലങ്ങളില്‍ തങ്ങി ഭക്ഷണം തേടാനും അവയ്ക്കു സാധിക്കുന്നു. ഇപ്പോള്‍പ്പോലും ഈ പക്ഷികളെ തദ്ദേശവാസികള്‍ പിടിച്ചെടുക്കാറുണ്ട്. മന്നായുടെ കാര്യത്തിലും ഇതുപോലെ പ്രകൃതിയുടെ ഒരു പ്രതിഭാസത്തെ ഉപയോഗപ്പെടുത്തിയതാണത്രേ. സീനായ് ഉപദ്വീപിന്റെ ചില ഭാഗങ്ങളില്‍ വളരുന്ന ഒരിനം ടാമരിക്ക് മര(Tameric mannifera)മുണ്ട്. ആറേഴുമീറ്റര്‍വരെ ഉയരത്തില്‍ അതു വളരും. ചില സ്ഥലങ്ങളില്‍ അവ വനംപോലെ ഇടതൂര്‍ന്നു വളരും. മേയ് മാസത്തിനും ഓഗസ്റ്റുമാസത്തിനുമിടയില്‍ അവയുടെ ഇളംശിഖരങ്ങളില്‍ വെളുത്ത ഒരു ദ്രാവകം ഊറിവരും. അതു വായുവുമായുള്ള സമ്പര്‍ക്കത്തില്‍ ഘനീഭവിച്ച് മല്ലിയുടെ ആകൃതി സ്വീകരിക്കും. അതു തേന്‍പോലെ മധുരിക്കുന്നതും പോഷകസമൃദ്ധവും ആസ്വാദ്യവുമാണ്. മരുഭൂമിയിലെ ഉയര്‍ന്ന ചൂടില്‍ സൂര്യപ്രകാശം പരക്കുന്നതോടെ അവ ഉരുകി അപ്രത്യക്ഷമാകും. അതുകൊണ്ടായിരിക്കണം എല്ലാ ദിവസവും പ്രഭാതത്തില്‍ത്തന്നെ അതു ശേഖരിക്കുവാന്‍ മോശ നിര്‍ദ്ദേശിച്ചത്. ഇസ്രായേല്‍ജനം ജറീക്കോയില്‍ക്കൂടി കാനാന്‍ദേശത്തു പ്രവേശിക്കുന്നതുവരെ മന്നാ ഭക്ഷിച്ചു. ദൈവത്തിന്റെ അദ്ഭുതകരമായ സംരക്ഷണത്തെപ്പറ്റി ഓര്‍ക്കുവാനായി കുറേ മന്നാ എടുത്ത് മോശ വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചു.
ഞങ്ങള്‍ രാത്രിയില്‍ കടന്നുപോയ റഫീദിമില്‍ ഇസ്രായേല്‍ജനം ദൈവത്തിന്റെ കരങ്ങള്‍ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു കണ്ട ഒരു സ്ഥലമാണ്. ഇസ്രായേല്‍ജനം വരണ്ടുണങ്ങിയ റഫീദിമില്‍ വെള്ളം കിട്ടാതെ വലഞ്ഞു. ഞങ്ങള്‍ക്കു വെള്ളംതരൂ എന്ന് അവര്‍ മുറവിളിച്ചു. ചെറിയ മരുപ്പച്ചയിലും കുന്നിന്‍ചെരുവുകളിലുമെല്ലാം തേടിയെങ്കിലും ഒരു തുള്ളി വെള്ളംപോലുമില്ല എന്ന് അവര്‍ മനസ്സിലാക്കി. മോശ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു. ഈ ജനത്തോട് ഞാനെന്താണു ചെയ്യുക? ഏറെത്താമസിയാതെ അവര്‍ എന്നെ കല്ലെറിയും. ദൈവം പറഞ്ഞു: ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊത്ത് നീ ജനത്തിനുമുമ്പേ പോകുക. ചെങ്കടലിന്റെമേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും എടുത്തുകൊള്ളുക. ഇതാ നിനക്കുമുമ്പില്‍ ഹോറേബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ ആ പാറമേല്‍ അടിക്കണം. അപ്പോള്‍ ആ പാറയില്‍നിന്ന് ജലം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ മോശ തന്റെ വടികൊണ്ട് പാറമേല്‍ അടിച്ചു. പാറയില്‍നിന്ന് വെള്ളമൊഴുകി. ഇസ്രായേല്‍ മക്കളും അവരുടെ ആടുമാടുകളും അതില്‍നിന്ന് മതിവരെ കുടിച്ചു. ഇസ്രായേല്‍ക്കാര്‍ എന്നും അനുസ്മരിച്ചിരുന്ന ഒരു സംഭവമാണിത്. അവരുടെ പ്രാര്‍ത്ഥനാഗീതമായ സങ്കീര്‍ത്തനങ്ങളില്‍ ഈ സംഭവം അനുസ്മരിച്ച് ദൈവത്തെ സ്തുതിക്കുന്നതു കാണാം.
''മരുഭൂമിയില്‍ പാറ തുറക്കുകയും
ആഴത്തില്‍നിന്ന് എന്ന പോലെ
അവര്‍ക്കു ജലം നല്‍കുകയും ചെയ്തു.
പാറയില്‍നിന്ന് അരുവികള്‍ ഒഴുകി
അവിടെനിന്ന് നദികള്‍ പുറപ്പെട്ടു'' (സങ്കീ. 78:19-20)
ദൈവത്തിന്റെ അദ്ഭുതകരങ്ങള്‍ പ്രവര്‍ത്തിച്ച പാറയെ സംബന്ധിച്ച് നിലനില്ക്കുന്ന ഒരു ഐതിഹ്യമുണ്ട്. ആ പാറ ഇസ്രായേല്‍ജനം സഞ്ചരിച്ചിടത്തെല്ലാം അവരോടൊപ്പം സഞ്ചരിച്ചുവെന്നാണ് ഐതിഹ്യം. 'ഇസ്രായേലിന്റെ പാറ' എന്ന് ദൈവത്തെ ഇസ്രായേലിലെ വേദപണ്ഡിതന്മാര്‍ വിളിച്ചത് ഇക്കാരണത്താലാണ്. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ആദ്യലേഖനത്തില്‍ ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്: ''എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച ആത്മീയശിലയില്‍നിന്നാണ് അവര്‍ പാനം ചെയ്തത്. ആ ശില ക്രിസ്തുവാണ്'' (1 കോറി. 10:4). മരുഭൂമിവാസികളായ ബെഡൂയിനുകള്‍ ഇസ്രായേലിനുവേണ്ടി വെള്ളം പുറപ്പെടുവിച്ച പാറ എന്നു പറഞ്ഞ് ഹെസി എല്‍ കത്താത്തിന്‍ ((Hesi el Katatin)) എന്ന സ്ഥലത്ത് ഒരു പാറ ചൂണ്ടിക്കാണിക്കുന്നു. ആ പാറയുടെ മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ഒരു പുഷ്പത്തിന്റെ പ്രതീകമായി ഒരു ചെറിയ കല്ല് സമര്‍പ്പിക്കുന്ന പതിവുണ്ട്. പാറയില്‍നിന്ന് അദ്ഭുതകരമായ വെള്ളം ഒഴുകിയ സ്ഥലത്തിന് മോശ, 'മാസ്സാ' എന്നു പേരുവിളിച്ചു. മാസ്സായുടെ അര്‍ത്ഥം പരീക്ഷിക്കല്‍ എന്നാണ്. ദൈവം ഞങ്ങളോടൊപ്പമുണേ്ടാ എന്നു ചോദിച്ച് ദൈവത്തെ പരീക്ഷിച്ച സ്ഥലമായതുകൊണ്ടാണ് ഈ പേരു കൊടുത്തത്. സീനാമലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുടെ താഴെയും ചെമന്ന ഒരു കല്ല് കിടപ്പുണ്ട്. നടുവേ പിളര്‍ന്നതുപോലെ ഒരു പാട് ആ കല്ലിലുണ്ട്. സീനായിലുള്ള സന്ന്യാസികള്‍ പറയുന്നത് ഇസ്രായേല്‍ ജനത്തെ പിന്‍തുടര്‍ന്ന പാറയാണിത് എന്നാണ്.
ഇന്നത്തെ ഞങ്ങളുടെ യാത്രാലക്ഷ്യം സീനാമലയുടെ താഴെയുള്ള 'മോര്‍ഗന്‍ ലാന്‍ഡ് ഹോട്ട'ലാണ്. ബസ് സീനാ മലയോട് അടുക്കുകയാണ്. പുറമേ നോക്കിയിട്ട് ഒന്നും കാണാന്‍ കഴിയുന്നില്ല. അകലെയുള്ള മലകളില്‍ നേരിയ വെളിച്ചം പരത്തുന്ന ഒന്നോ രണേ്ടാ വിളക്കുകള്‍ കണ്ടു. 
ഏകാന്തവാസികളായ സന്ന്യാസിമാരുടെ ഗുഹകളോ കുടിലുകളോ ആകാം. കെയ്‌റോയില്‍നിന്ന് ഞങ്ങള്‍ 560 കിലോമീറ്ററുകള്‍ സഞ്ചരിച്ചുകഴിഞ്ഞു. സീനാമലയുടെ സമീപത്തുകൂടി കടന്നുപോകുകയാണ്. നേരേ അത്താഴത്തിനായി ഹോട്ടലിലേക്കു നീങ്ങി. തുടര്‍ന്നു താമസസ്ഥലത്തേക്ക്. അപ്പോഴേക്കും ഞങ്ങളുടെ ഗ്രൂപ്പ്‌ലീഡറുടെ അനൗണ്‍സ്‌മെന്റ് ഉണ്ടായി. സീനാമലയില്‍ കയറാന്‍ താത്പര്യമുള്ളവര്‍ ഒരു മണിക്കൂറിനുള്ളില്‍ തയാറെടുപ്പുകളോടെ ഹോട്ടലിന്റെ മുമ്പില്‍ ഒന്നിച്ചുകൂടേണ്ടതാണ് എന്നായിരുന്നു അറിയിപ്പ്.

 

(തുടരും)

Login log record inserted successfully!