•  21 Oct 2021
  •  ദീപം 54
  •  നാളം 29
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ചോര വാര്‍ക്കുന്ന ജീവിതം

''ഏതു യാതനയും നമുക്കു സഹിക്കാം, പങ്കുവയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍. ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്‌കരമാണെന്നോ? വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും. പങ്കുവയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍നിന്നു നുരയുകയും ചെയ്യും. സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം. നമുക്കു നേരേ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം. ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക, അല്ലെങ്കില്‍ ആത്മഹത്യയില്‍. ഏകാന്തതടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'' (ആടുജീവിതം)
മലയാളസാഹിത്യചരിത്രത്തില്‍ വായനയുടെ സമാനതകളില്ലാത്ത വസന്തം സൃഷ്ടിച്ച കൃതിയാണ് ആടുജീവിതം. നജീബിന്റെ ജീവിതത്തില്‍നിന്നു ചീന്തിയെടുത്ത ഒരേടല്ല; മറിച്ച്, ചോരവാര്‍ക്കുന്ന ജീവിതമാണ് ബെന്യാമിന്റെ ആടുജീവിതം. ജീവിതത്തിന്റെ സമസ്തതലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല; മറിച്ച്, ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന് നജീബാവുകയാണു ചെയ്തിട്ടുള്ളത്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്‌കരിച്ച ബെന്യാമിന്‍ ഗള്‍ഫ് പ്രത്തിന്റെ നമ്മള്‍ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തി.
ഈ നോവല്‍ വായിക്കുന്നതിനു മുമ്പുതന്നെ ബെന്യാമിന്‍ വായനക്കാരനോടു പറയുന്ന ഒരു കാര്യമുണ്ട്: ''നമ്മള്‍ അനുഭവിക്കാത്ത ജീവിതം എന്നും നമുക്കൊരു കെട്ടുകഥ മാത്രമാണ്.'' കാരണം, മരുഭൂമിയിലെ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നവരെ മാത്രം കാണുന്ന നമുക്ക് ഇത് ഒരു കെട്ടുകഥയായിത്തോന്നും.ഒരു കെട്ടുകഥപോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോഴാണ് നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്നു തോന്നിപ്പോകുന്നത്.
അതുകൊണ്ട് വായനക്കാര്‍ ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണിത്.നമുക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരുമ്പോള്‍, ജീവിതം ദുസ്സഹമാണെന്നു തോന്നിത്തുടങ്ങുമ്പോള്‍, ശമ്പളം പോരെന്നും മേലുദ്യോഗസ്ഥന്റെ കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവില്ലെന്നുമൊക്കെയുള്ള തോന്നലുകള്‍ തള്ളിത്തള്ളി വരുമ്പോള്‍ ആടുജീവിതം കൈയിലെടുക്കുക, ഒരാവൃത്തി ആ പേജുകളിലൂടെ കടന്നുപോകുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും അതോടെ പരിഹാരമുണ്ടാകും. കാരണം, നാമാരും നജീബ് നയിച്ചതുപോലുള്ള ഒരു ആടുജീവിതമല്ല നയിക്കുന്നത്.
കേരളത്തില്‍ ഒരു മണല്‍വാരല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധുവഴി കിട്ടിയ തൊഴില്‍ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കുതന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദില്‍ വിമാനം ഇറങ്ങിയ അവര്‍ വിമാനത്താവളത്തില്‍ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്‌പോണ്‍സറാണെന്ന് (അറബാബ് അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവര്‍ എത്തിപ്പെട്ടത് മസറ എന്നറിയപ്പെടുന്ന രണ്ടു വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയില്‍ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോള്‍ അവിടെ മറ്റൊരു വേലക്കാരന്‍കൂടി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അടിമപ്പണി അയാളെ ഒരു 'ഭീകരരൂപി' ആക്കി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. തുടര്‍ന്ന് മസറയിലെ മുഴുവന്‍ ജോലികളും നജീബിനുതന്നെ ചെയ്യേണ്ടിവന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബിറൊട്ടിയും, ചുരുങ്ങിയ അളവില്‍ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാന്‍ മുറിയോ കിടക്കയോ വസ്ത്രമോ കുളിക്കുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ഏറെ അകലെയല്ലാത്ത മറ്റൊരു മസറയില്‍ അതേ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നത് അറബാബിനു ഇഷ്ടമായിരുന്നില്ല. മര്‍ദ്ദനം സ്ഥിരമായിരുന്നു.
ആടുകള്‍ക്ക് നാട്ടിലെ കഥകളിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകള്‍ നല്‍കി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതയ്ക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയില്‍ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരന്‍കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാര്‍ത്തിരുന്ന ഹക്കീമും ഖാദരിയും നജീബും രണ്ടു മസറകളിലേയും മുതലാളിമാര്‍, അവരില്‍ ഒരാളുടെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ അവസരം മുതലാക്കി ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന പലായനത്തില്‍ ദിശനഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പുംകൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ഖാദരിയും നജീബും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറച്ചുദിവസം തങ്ങിയശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെനിന്ന് ഒരു അറബി അയാളെ തന്റെ കാറില്‍ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്ഹയില്‍ എത്തിച്ചു.
ബത്ഹയില്‍ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേക്കു മടങ്ങാന്‍വേണ്ടി പോലീസില്‍ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങള്‍ക്കു ശേഷം നജീബിന്റെ അറബി ജയിലില്‍ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ച് കൊണ്ടുപോയില്ല. കാരണം, നജീബ് അദ്ദേഹത്തിന്റെ വിസയിലുള്ള ആളായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി നല്‍കിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടില്‍ തിരിച്ചെത്തുന്നു. 'കിഴവനും കടലും' എന്നതിലെ നായകനെ കൊണ്ട് ഹെമിങ് പറയിക്കുന്ന വാചകമുണ്ട്: ''നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും, എന്നാല്‍ എന്നെ തോല്‍പ്പിക്കാനാവില്ല''. ഇതുതന്നെയാണ് ആടുജീവിതത്തിലെ നജീബും പറയാതെ പറയുന്നത്.