കേരളത്തിലെ കത്തോലിക്കാസഭയും അല്മായസംഘടനകളും ന്യൂനപക്ഷക്ഷേമപദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നാശ്യപ്പെട്ടുവന്നത് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. യുക്തിയുടെയും സാമാന്യബോധത്തിന്റെയും അടിസ്ഥാനത്തിലായിരുന്നില്ല കേരളത്തില്‍ ന്യൂനപക്ഷക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിരുന്നത് എന്ന് ഹൈക്കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ നടപ്പിലാക്കിവരുന്ന വിവിധ ന്യൂനപക്ഷക്ഷേമപദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്ന ഏറ്റവും ന്യായമായ ആവശ്യമാണ് സഭാവിശ്വാസികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും ആവശ്യം ന്യായമാണ് എന്ന് ഇപ്പോള്‍ നീതിപീഠം വിധിയെഴുതിയിരിക്കുന്നതും.
ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സഭാപിതാക്കന്മാരും സമുദായസംഘടനകളും ഏറ്റവും മാന്യമായ രീതിയില്‍ ആവശ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ വര്‍ഗീയതയുടെ കണ്ണിലൂടെ നോക്കിക്കാണാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതിവിധിയെപ്പോലും ചട്ടുകമാക്കിക്കൊണ്ട് സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും, വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലവിലിരിക്കുന്ന സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധങ്ങളെ തകര്‍ക്കുന്നതിനും കേരളത്തെ കൂടുതല്‍ വര്‍ഗീയവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇത്തരം ശ്രമങ്ങള്‍ കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കി മാറ്റുമെന്നതില്‍ സംശയമില്ല. ഇത്തരം വര്‍ഗീയവത്കരണശ്രമങ്ങള്‍ക്കെതിരേ കേരളത്തിലെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതും പ്രതിരോധം തീര്‍ക്കേണ്ടതുമാണ്.
ഇപ്പോഴത്തെ കോടതിവിധിക്കു കാരണമായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. ന്യൂനപക്ഷവിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ ആദ്യമായി കേരളത്തില്‍ ഉയര്‍ന്നുതുടങ്ങിയത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച പാലോളി മുഹമ്മദുകുട്ടി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയതോടെയാണ്. ഇതിനുമുമ്പ് കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നതും ഇപ്പോള്‍ നടപ്പിലാക്കുന്നതുമായ മറ്റെല്ലാ ന്യൂനപക്ഷപദ്ധതികളും ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്യുന്നത്. ഉദാഹരണമായി, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്,
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, ബഹുതലവികസന പദ്ധതി (MSDP) തുടങ്ങിയവയെല്ലാം 2001 ലെ ജനസംഖ്യ അനുസരിച്ചാണ് വിതരണം ചെയ്യുന്നത്.
എന്നാല്‍, മുസ്ലീംവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് കേരളത്തില്‍ രൂപീകരിക്കപ്പെട്ട പാലോളി
മുഹമ്മദുകുട്ടി കമ്മറ്റി ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒരു പ്രത്യേക മതന്യൂനപക്ഷവിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചത്. മുസ്ലീംപെണ്‍കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ്, ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്‍ എന്നിവ വേണമെന്നായിരുന്നു പാലോളി മുഹമ്മദുകുട്ടി കമ്മിറ്റിയുടെ മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി മാറ്റിവയ്ക്കുന്നു എന്നതായിരുന്നു ഉയര്‍ന്ന പ്രധാനപ്പെട്ട വിമര്‍ശനം. ഇതിനു മറുപടിയായി ഉയര്‍ന്ന വാദം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലീംമതന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുവേണ്ടി മാത്രമാണ്, അതിനാല്‍, അതിന്റെ അടിസ്ഥാനത്തില്‍ രൂപംകൊï പാലോളി മുഹമ്മദുകുട്ടി കമ്മിറ്റിയുടെ ശിപാര്‍ശയും അതിനുവേണ്ടിമാത്രമാണ് എന്നുമായിരുന്നു. പക്ഷേ, സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പരിഗണനകള്‍ നല്‍കുന്നതിനു തടസ്സമില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും ന്യൂനപക്ഷക്ഷേമത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ വിഹി
തവും ഉള്‍പ്പെടുത്തിയിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന വസ്തുതയും, കൂടാതെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ല തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളും വിസ്മരിച്ചു
കൊണ്ടാണ് പാലോളി മുഹമ്മദുകുട്ടി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അന്നത്തെ ഇടതുപക്ഷസര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍, നടപ്പിലാക്കുന്ന പദ്ധതികള്‍ വിവേചനപരമാണെന്നു സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ടതുകൊണ്ടാണ് ഫെബ്രുവരി 22 ന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുപ്രകാരം (ഉത്തരവ് നമ്പര്‍ 57/2011) മുസ്ലീംപെണ്‍കുട്ടികള്‍ക്കു മാത്രമായുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പില്‍ ഇരുപതു ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍, ലത്തീന്‍ എന്നീ വിഭാഗങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, ന്യൂനപക്ഷക്ഷേമത്തിനുവേണ്ടിയുള്ള മറ്റു പദ്ധതികളിലും 80:20 അനുപാതം നടപ്പിലാക്കിത്തുടങ്ങി. ന്യൂനപക്ഷക്ഷേമപദ്ധതികളുടെ അനുപാതത്തിലെ വിവേചനമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ കത്തോലിക്കാസഭകള്‍ ചോദ്യം
ചെയ്തുവന്നിരുന്നത്. ന്യൂനപക്ഷക്ഷേമവകുപ്പ് ചെലവിടുന്ന തുകയുടെ 80 ശതമാനം ഒരു ന്യൂനപക്ഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണ് എന്നായിരുന്നു സഭകളുടെവാദം. പാലോളി മുഹമ്മദുകുട്ടി കമ്മിറ്റിയുടെ കണ്ടെത്തല്‍പ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിനു മാത്രമാെണന്ന തെറ്റായ നിഗമനത്തില്‍നിന്നാണ് 80 ശതമാനം സഹായം ഈ വിഭാഗത്തിനും
20 ശതമാനം ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ചു വിഭാഗങ്ങള്‍ക്കുമെന്ന ഫോര്‍മുല നിര്‍ണയിക്കപ്പെട്ടത്. ഈ നടപടി ജനാധിപത്യവിരുദ്ധവും മതേതരമൂല്യങ്ങ
ള്‍ക്കു നിരക്കാത്തതുമാണെന്നും അതിനാല്‍ നീതി ഉറപ്പുവരുത്തണമെന്നും കത്തോലിക്കാസഭയിലെ ബിഷപ്പുമാരുടെ സിനഡുതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
ന്യൂനപക്ഷാനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭ്യമാക്കണമെന്നും, പിഎസ്‌സി, യുപിഎസ്‌സി,ബാങ്ക്, റെയില്‍വേ തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യകോച്ചിങ് സെന്ററുകള്‍ സര്‍ക്കാര്‍ ചെലവില്‍ ന്യൂനപക്ഷവകുപ്പിനു കീഴില്‍ നടത്തുന്ന കേരളത്തിലെ നാല്പത്തഞ്ചിലധികം വരുന്ന കേന്ദ്രങ്ങള്‍ എല്ലാംതന്നെ ഒരു വിഭാഗത്തിനു മാത്രമായി നല്‍കിയിരിക്കുന്നുവെന്നും, ജില്ലാതല ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റികളില്‍ നിലവിലുള്ള 39 കമ്മിറ്റിയംഗങ്ങളില്‍ മുപ്പതുപേരും ഒരേ സമുദായത്തില്‍നിന്നായത് വിവേചനപരമാണെന്നുമുള്ള അഭിപ്രായം സമൂഹത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. ഇത് സാമൂഹികനീതിക്കു നിരക്കാത്തതാണെന്ന വികാരമാണ് പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.