•  21 Oct 2021
  •  ദീപം 54
  •  നാളം 29

കടബാധ്യതയും തൊഴിലില്ലായ്മയും


ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.മത്തായി 7:14

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യത മലയാളിക്കാണെന്നും ഗ്രാമീണമേഖലയിലെ കൃഷിക്കാരും സ്വയംതൊഴിലുകാരുമാണ് അതില്‍ മുന്നിട്ടു നില്ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. അതേസമയം, ആസ്തിമൂല്യത്തില്‍ കേരളം മൂന്നാമതും എത്തിനില്ക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യത മലയാളിക്കാണെന്നും ഗ്രാമീണമേഖലയിലെ കൃഷിക്കാരും സ്വയംതൊഴിലുകാരുമാണ് അതില്‍ മുന്നിട്ടു നില്ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. അതേസമയം, ആസ്തിമൂല്യത്തില്‍ കേരളം മൂന്നാമതും എത്തിനില്ക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കഴിഞ്ഞ  ദിവസമാണ് സംസ്ഥാനത്തെ കടബാധ്യതയുടെ സര്‍വേഫലം കണക്കുകള്‍സഹിതം വെളിപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഗ്രാമീണമേഖലയില്‍ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത് 32.12 ലക്ഷം രൂപയുമാണ്. ആസ്തിമൂല്യത്തില്‍ പഞ്ചാബിനും ഹരിയാനയ്ക്കും പിന്നില്‍ മൂന്നാമതാണു കേരളം.
കേരളത്തില്‍ കടബാധ്യത കൂടുതലുള്ളത് കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കുമാണ്. ഏതെങ്കിലും രീതിയിലുള്ള സ്വയംതൊഴിലെടുത്തു ജീവിക്കുന്നവരാണ് സംരംഭകര്‍. ഗ്രാമീണമേഖലയിലെ കര്‍ഷകകുടുംബങ്ങളില്‍ 57.7 ശതമാനവും കടത്തിലാണ്. 2,60,000 രൂപയാണ് സംസ്ഥാനത്തെ കര്‍ഷകകുടുംബത്തിന്റെ ശരാശരി കടമെന്നു (ആസ്തിയുടെ 7.4 ശതമാനം) സര്‍വേ വെളിപ്പെടുത്തി. കാര്‍ഷികേതരകുടുംബങ്ങളില്‍ 54.5 ശതമാനമാണ് കടബാധ്യതയില്‍ കഴിയുന്നത്. ഈ കുടുംബങ്ങളുടെ ശരാശരി കടം 2,17,000 രൂപയാണ് (ആസ്തിയുടെ 18.3 ശതമാനം). രാജ്യത്തെ ഗ്രാമീണകുടുംബങ്ങളില്‍ 35 ശതമാനവും നഗരകുടുംബങ്ങളില്‍ 22 ശതമാനവും കടബാധ്യതയിലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കടമെടുത്തു ധൂര്‍ത്തടിച്ചതുകൊണ്ടല്ല, ആസ്തിയുണ്ടാക്കിയതുകൊണ്ടാണ് കേരളം കടബാധ്യതയില്‍ മുന്നിട്ടുനില്ക്കുന്നതെന്നുകൂടി മനസിലാക്കണം. കേരളത്തില്‍ പ്രത്യേകിച്ചും ഗ്രാമീണപശ്ചാത്തലത്തില്‍ വ്യക്തിഗതകടബാധ്യതയുടെ ഗ്രാഫ് ഉയര്‍ന്നുനില്ക്കുന്നത്, തൊണ്ണൂറു ശതമാനത്തിലേറെപ്പേര്‍ക്കും വാസയോഗ്യമായ വീടും അനുബന്ധസൗകര്യങ്ങളുമുണ്ട് എന്നതിനാലാണ്. അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗത്തിലും മലയാളി ഒട്ടും പിറകിലല്ല. ഒരു കുടുംബത്തിന്റെ സാമ്പത്തികമൂല്യം എത്രയുണ്ടോ അതെല്ലാം ആസ്തിയുടെ പരിധിയില്‍പ്പെടും. സ്ഥലം, വീട്, കെട്ടിടങ്ങള്‍, വാഹനങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷികേതരസാമഗ്രികള്‍, ബാങ്ക്‌നിക്ഷേപങ്ങള്‍, ഓഹരികള്‍ തുടങ്ങിയവയെല്ലാം കുടുംബത്തിന്റെ ആസ്തിയാണ്. കാര്‍ഷികവിഭവങ്ങള്‍ ഇതില്‍പ്പെടുന്നില്ല. കുടുംബബാധ്യതയുടെ നിര്‍വചനത്തില്‍ തിരിച്ചടയ്ക്കാനുള്ള പണവും വസ്തുക്കളും ഉള്‍പ്പെടുമെങ്കിലും, സര്‍വേയ്ക്കാധാരമായത് തിരിച്ചുനല്‍കാനുള്ള പണം മാത്രമാണ്.
കേരളത്തില്‍ വ്യക്തിഗതകടബാധ്യതയ്‌ക്കൊപ്പം തൊഴിലില്ലായ്മ പെരുകുന്നുവെന്ന യാഥാര്‍ത്ഥ്യവും നിസാരമായി തള്ളാനാവില്ല. കൊവിഡ് വ്യാപനത്തോടെയാണ് സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നത്. യുവാക്കള്‍ മാത്രമെടുത്താലും, എല്ലാ പ്രായവിഭാഗവും ഒന്നിച്ചെടുത്താലും തൊഴിലില്ലായ്മയില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണു കേരളം. ജമ്മു കാശ്മീരാണ് രണ്ടിനത്തിലും ഏറ്റവും മുന്നിലുള്ളത്.
വ്യക്തിഗതവായ്പയിലെ വര്‍ദ്ധനയ്ക്ക് തൊഴില്‍നഷ്ടം മുഖ്യകാരണങ്ങളിലൊന്നാണ്. കൊവിഡ്കാലത്ത് നഗരങ്ങളിലേതിനെക്കാള്‍ ഗ്രാമീണമേഖലയിലാണ് തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ രൂക്ഷമായത്. തൊഴില്‍രഹിതരായവരില്‍ കൂടുതലും സ്ത്രീകളുമത്രേ. ഇത് സാമ്പത്തികഭദ്രതയോടൊപ്പംതന്നെ കുടുംബഭദ്രതയെയും സാരമായി ബാധിച്ചു. വായ്പയെടുത്ത് സമയത്ത് തിരിച്ചടയ്ക്കാന്‍ പറ്റാതെ കടക്കെണിയിലേക്കു വീണു വീര്‍പ്പുമുട്ടുന്ന അനേകരുണ്ടു കേരളത്തില്‍. മാനസികമായി തകര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടിയവരുടെ എണ്ണവും വിരളമല്ല.
കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മപ്രശ്‌നം അതിരൂക്ഷമായത് കൊവിഡ് മൂലം വിദേശവാതിലുകള്‍ അടഞ്ഞുപോയതിനാലാണ്. മഹാമാരിമൂലം നാട്ടിലെത്തിയ പ്രവാസിമലയാളികള്‍ക്ക് വിദേശത്ത് വീണ്ടും ഭദ്രമായ തൊഴിലിടങ്ങള്‍ ഉറപ്പിക്കാനാവുന്നില്ല എന്നതും കേരളത്തിലെ സമ്പദ്ഘടനയെ വരുംനാളുകളില്‍ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.
കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യണം. വ്യവസായികളും നിക്ഷേപകരും സംസ്ഥാനവും രാജ്യവും വിട്ടുപോകുന്നത് സര്‍ക്കാര്‍ സഗൗരവം പരിഗണിക്കുകയും ആവശ്യമായ സമവായച്ചര്‍ച്ചകള്‍ നടത്തി പ്രതിവിധികളുണ്ടാക്കുകയും വേണം. വ്യവസായസൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള തീവ്രപദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി ആസൂത്രണം ചെയ്യുന്നപക്ഷം തൊഴിലില്ലായ്മയും കടക്കെണിയുംമൂലം വീര്‍പ്പുമുട്ടുന്ന അനേകര്‍ക്ക് അതൊരത്താണിയായിത്തീരും.