•  23 Sep 2021
  •  ദീപം 54
  •  നാളം 25

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നയം മാറണം


നിങ്ങള്‍ ആകാശത്തിന്റെ അതിര്‍ത്തിയിലേക്കു ചിതറിപ്പോയാലും അവിടെനിന്ന് കര്‍ത്താവ് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും തിരികെക്കൊണ്ടുവരികയും ചെയ്യും. നിയമാവര്‍ത്തനം 30:4

പതിനൊന്നാം ശമ്പളക്കമ്മീഷന്റെ അന്തിമശുപാര്‍ശകള്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാന സര്‍ക്കാരിനുമുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിര്‍ണായകവും കാലാനുസൃതവുമായ പരിഷ്‌കാരങ്ങളടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്

തിനൊന്നാം ശമ്പളക്കമ്മീഷന്റെ അന്തിമശുപാര്‍ശകള്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാന സര്‍ക്കാരിനുമുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിര്‍ണായകവും കാലാനുസൃതവുമായ പരിഷ്‌കാരങ്ങളടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. പല കമ്മീഷനുകളും കമ്മിറ്റികളും ശുപാര്‍ശ ചെയ്തിട്ടും മുന്‍സര്‍ക്കാരുകള്‍ അറച്ചുനിന്ന ഒരുപിടി കാര്യങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരും ഇടതുമുന്നണിയും കൈക്കൊള്ളുന്ന നയസമീപനം കാത്തിരുന്നു കാണേണ്ടതാണ്.

 

ശമ്പളക്കമ്മീഷന്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളില്‍ ശ്രദ്ധാവിഷയമായിരിക്കുന്ന ഒന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ല്‍നിന്ന് 57 ആക്കണമെന്നത്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവജനങ്ങള്‍ തൊഴില്‍രഹിതരായുള്ള സംസ്ഥാനത്ത് പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്ന നയസമീപനത്തെ ഇടത്, വലതു വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി - യുവജനസംഘടനകള്‍ നഖശിഖാന്തം എതിര്‍ത്തുകഴിഞ്ഞു. അതേസമയം, മിക്ക സംസ്ഥാനത്തും 58 വയസ്സും കേന്ദ്രത്തില്‍ 60 വയസ്സുമാണ് പെന്‍ഷന്‍പ്രായം. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണമെന്ന സര്‍വീസ് സംഘടനകളുടെ കൂടക്കൂടെയുള്ള ആവശ്യം അവഗണിക്കാനും സര്‍ക്കാരിനു താത്പര്യമില്ല. ഏതായാലും സമവായചര്‍ച്ചയിലൂടെ മാത്രമേ പെന്‍ഷന്‍പ്രായക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാനാവൂ.
സര്‍വീസിലിരിക്കേ മരിക്കുന്നവരുടെ ആശ്രിതര്‍ക്കു ജോലി നല്‍കുന്ന പദ്ധതിവഴി സര്‍ക്കാര്‍ സര്‍വീസിന്റെ കാര്യക്ഷമതയില്‍  ഇടിവു വരുന്നതായുള്ള ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയ്ക്ക് സാമൂഹികപ്രസക്തിയുണ്ട്. മെറിറ്റുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നതുമാത്രമല്ല, ജോലി പിന്തുടര്‍ച്ചാവകാശത്തിന്റെപേരില്‍ മാത്രം നല്‍കുന്ന രീതി യുക്തിരഹിതവും അനൗചിത്യവുമാണ്. കൂടാതെ, മൗലികാവകാശങ്ങളില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ പതിനാറിന്റെ അന്തസ്സത്ത ലംഘിക്കുന്നതുമാണെന്നാണ് നിരീക്ഷണം.
അഥവാ, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ആശ്രിതനിയമനം നല്‍കേണ്ടി വന്നാല്‍ത്തന്നെ, അതു സ്‌ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം. അതായത്, ഉയര്‍ന്ന ഗ്രേഡുകളിലേക്ക് യാതൊരു മെറിറ്റും നോക്കാതെ സ്വാഭാവികമെന്നോണം സ്ഥാനക്കയറ്റം നല്‍കി ഉദ്യോഗത്തിന്റെ അന്തസ്സു നശിപ്പിക്കരുതെന്നു സാരം. മാത്രമല്ല, ആശ്രിതനിയമനംവഴി ജോലിക്കു കയറുന്ന ഒരാള്‍ക്ക് പി.എസ്.സി. വഴി ജോലി ലഭിക്കുന്നതിനെക്കാള്‍ സ്ഥാനക്കയറ്റവും മറ്റും ലഭിക്കും. ആശ്രിതര്‍ക്ക് മികച്ച സാമ്പത്തികാനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നല്‍കി സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുകയാണു വേണ്ടത്. ആശ്രിതനിയമനം ഒഴിവാക്കണമെന്ന കമ്മീഷന്‍ നിര്‍ദേശത്തെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുമെന്നിരിക്കെ, ആശ്രിതനിയമനം പാടേ നിഷേധിക്കാതെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരിക്കും സാധ്യത.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണമെന്ന നിര്‍ദേശം മാനേജുമെന്റുകള്‍ക്കു കടിഞ്ഞാണിടുന്നതാണ്. എയ്ഡഡ് കോളജുകളില്‍ സര്‍ക്കാരിന്റെ പ്രതിനിധിയും  വിഷയവിദഗ്‌നുമടങ്ങുന്ന ബോര്‍ഡ് അഭിമുഖം നടത്തി മെറിറ്റടിസ്ഥാനത്തില്‍ യോഗ്യതാലിസ്റ്റു തയ്യാറാക്കി മാനേജുമെന്റിന്റെ നിര്‍ദേശാനുസൃതം നിയമനം നടത്തുന്ന രീതിയാണുള്ളത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം മാനേജുമെന്റും ശമ്പളം സര്‍ക്കാരും എന്നു വ്യവസ്ഥ ചെയ്യുന്ന കരാര്‍, കാലങ്ങളായി മാനേജുമെന്റും സര്‍ക്കാരും തമ്മിലുണ്ട്.  ഇതിലെന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ത്തന്നെ  അതു നിയമനിര്‍മാണത്തിലൂടെ മാത്രമേ പറ്റൂ.
സംസ്ഥാനസര്‍വീസിലേക്കുള്ള നിയമനങ്ങളില്‍ മറ്റു പിന്നാക്കക്കാര്‍ക്കുള്ള സംവരണങ്ങളില്‍നിന്ന് ഇരുപതുശതമാനം അതതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവയ്ക്കണമെന്ന നിര്‍ദേശവും നയപരിശോധനയ്ക്കു വിധേയപ്പെടേണ്ടതാണ്. സംവരണാനുകൂല്യമുള്ള വിഭാഗങ്ങളുടെ അഭിപ്രായംകൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
പ്രവൃത്തിദിവസം അഞ്ചാക്കുക, ജോലി സമയം ഒരു മണിക്കൂര്‍ കൂട്ടുക, ജോലിക്ക് വൈകിയെത്തുന്ന ഓരോ മണിക്കൂറിനും ശമ്പളത്തില്‍നിന്ന് ഒരു ശതമാനംവീതം വെട്ടിക്കുറയ്ക്കുക എന്നിങ്ങനെ കുറെയേറെ പ്രസക്തമായ നിര്‍ദേശങ്ങളും ശമ്പളക്കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
വര്‍ക്ക് ഫ്രം ഹോം എന്നത് ലോകമെമ്പാടും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസുരഹിതമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  വേതനപരിഷ്‌കാരത്തോടൊപ്പം സേവനം മെച്ചപ്പെടുത്താനാവശ്യമായ ഏതാനും പ്രായോഗികവും കാര്യക്ഷമവുമായ നിര്‍ദേശങ്ങളുംകൂടി എത്രയുംവേഗം നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയട്ടെ. ജനങ്ങളുടെ ക്ഷേമവും നന്മയും ഉറപ്പാക്കുന്ന വിപ്ലവകരമായ നയംമാറ്റത്തിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാവട്ടെ.